2023 ഫെബ്രുവരി 3
ആണ്ടുവട്ടത്തിലെ നാലാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ബ്ലാസിയൂസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം
വിശുദ്ധ അൻസ്ഗാർ, മെത്രാൻ—ഐച്ഛിക അനുസ്മരണം

യോഹന്നാൻ നീതിമാനും വിശുദ്ധനുമായ മനുഷ്യനാണെന്ന് അറിഞ്ഞിരുന്നതിനാൽ ഹേറോദേസ് അവനെ ഭയപ്പെടുകയും തടവിൽ സൂക്ഷിക്കുകയും ചെയ്തു. അവൻ സംസാരിക്കുന്നത് കേട്ടപ്പോൾ ഹേറോദേസ് വളരെ ആശയക്കുഴപ്പത്തിലായി; എങ്കിലും അവനെ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നു. മർക്കോസ് 6:20
സുവിശേഷം പ്രസംഗിക്കപ്പെടുകയും ഒരാൾ അത് സ്വീകരിക്കുകയും ചെയ്യുമ്പോൾ, അത് സ്വീകരിക്കുന്നയാൾ ആനന്ദവും ആശ്വാസവും മാറ്റത്തിനുള്ള ആഗ്രഹവുംകൊണ്ട് നിറയുക എന്നതാണ് ഉണ്ടാകേണ്ട ഫലം. സുവിശേഷം യഥാർഥത്തിൽ കേൾക്കുകയും ഉദാരമനസ്സോടെ പ്രതികരിക്കുകയും ചെയ്യുന്നവരെ അത് രൂപാന്തരപ്പെടുത്തുന്നു. എന്നാൽ ഉദാരമനസ്സോടെ പ്രതികരിക്കാത്തവരുടെ കാര്യമോ? സുവിശേഷം അവരിൽ എന്തു ഫലമാണ് ഉളവാക്കുന്നത്? ഇന്നത്തെ സുവിശേഷം അതിനുള്ള ഉത്തരം നൽകുന്നു.
വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരച്ഛേദനത്തെക്കുറിച്ചുള്ള വിവരണത്തിൽനിന്നാണ് മുകളിലെ വാക്യം എടുത്തിരിക്കുന്നത്. ഈ സംഭവത്തിലെ ദുഷ്പ്രവൃത്തികൾക്കു പിന്നിലുള്ളവർ ഹേറോദേസും, നിയമവിരുദ്ധമായി അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഹേറോദിയായും, ഹേറോദിയായുടെ മകളും (പാരമ്പര്യമനുസരിച്ച് സലോമി എന്നു പേരുള്ളവൾ) ആണ്. “നിന്റെ സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല” എന്ന് യോഹന്നാൻ ഹേറോദേസിനോടു പറഞ്ഞതിനാലാണ് അദ്ദേഹം യോഹന്നാനെ തടവിലാക്കിയത്. എന്നാൽ ഈ സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, യോഹന്നാൻ തടവിലായിരിക്കുമ്പോഴും ഹേറോദേസ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമായിരുന്നു എന്നതാണ്. പക്ഷേ, യോഹന്നാന്റെ പ്രസംഗം ഹേറോദേസിനെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനുപകരം അദ്ദേഹത്തെ “ആശയക്കുഴപ്പത്തിലാക്കി”.
യോഹന്നാന്റെ പ്രസംഗത്തോടുള്ള ഏക പ്രതികരണം “ആശയക്കുഴപ്പം” ആയിരുന്നില്ല. ഹേറോദിയായുടെ പ്രതികരണം വെറുപ്പായിരുന്നു. ഹേറോദേസുമായുള്ള അവളുടെ “വിവാഹത്തെ” യോഹന്നാൻ അപലപിച്ചത് അവളുടെ ഹൃദയത്തിൽ തറച്ചതുപോലെ തോന്നി. തുടർന്ന് യോഹന്നാന്റെ ശിരച്ഛേദനത്തിനു പിന്നിൽ ചരടുവലിച്ചതും അവൾതന്നെയായിരുന്നു.
അങ്ങനെ, വിശുദ്ധ സുവിശേഷത്തിന്റെ സത്യം പ്രസംഗിക്കപ്പെടുമ്പോൾ അതിനോടുണ്ടാകുന്ന സാധാരണമായ മറ്റു രണ്ടു പ്രതികരണങ്ങളെക്കുറിച്ച് ഈ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ഒന്ന് വെറുപ്പും മറ്റൊന്ന് ആശയക്കുഴപ്പവുമാണ്. വെറുപ്പ്, കേവലം ആശയക്കുഴപ്പത്തിലാകുന്നതിനെക്കാൾ വളരെ മോശമാണെന്നത് വ്യക്തമാണ്. എന്നാൽ ഇവ രണ്ടും സത്യത്തിന്റെ വചനങ്ങളോടുള്ള ശരിയായ പ്രതികരണമല്ല.
സുവിശേഷം പൂർണമായി പ്രസംഗിക്കപ്പെടുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്? നിങ്ങളെ അസ്വസ്ഥരാക്കുന്ന വശങ്ങൾ സുവിശേഷത്തിലുണ്ടോ? നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ കോപത്തിലേക്കു നയിക്കുകയോ ചെയ്യുന്ന പ്രബോധനങ്ങൾ നമ്മുടെ കർത്താവിന്റേതായി ഉണ്ടോ? ഹേറോദേസിന്റെയും ഹേറോദിയായുടെയും പ്രതികരണങ്ങൾക്കു സമാനമായ പ്രതികരണം നിങ്ങളിലും ഉണ്ടാകുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ആദ്യം സ്വന്തം ഹൃദയത്തിലേക്കു നോക്കുക. തുടർന്ന്, സുവിശേഷത്തിന്റെ സത്യത്തോട് ലോകം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചിന്തിക്കുക. അനേകം ഹേറോദേസുമാരും ഹേറോദിയാമാരും ഇന്നും ജീവിച്ചിരിക്കുന്നതായി കാണുന്നതിൽ നാം ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
ഏതെങ്കിലും തലത്തിൽ സുവിശേഷം നിരസിക്കപ്പെടുന്നതായി നിങ്ങൾ കാണുന്ന വിവിധ രീതികളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സ്വന്തം ഹൃദയത്തിൽ ഇത് അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ സർവശക്തിയോടുംകൂടെ അനുതപിക്കുക. മറ്റെവിടെയെങ്കിലും ഇത് കാണുന്നുവെങ്കിൽ, ആ ശത്രുത നിങ്ങളെ ഉലയ്ക്കാനോ ആശങ്കപ്പെടുത്താനോ അനുവദിക്കരുത്. നിങ്ങളുടെ മനസ്സും ഹൃദയവും സത്യത്തിൽ ഉറപ്പിച്ചുനിർത്തുക; എന്തു പ്രതികരണം നേരിട്ടാലും അചഞ്ചലരായി നിലകൊള്ളുക.
സർവസത്യത്തിന്റെയും നാഥനായ എന്റെ കർത്താവേ, അങ്ങയുടെ വചനം, അങ്ങയുടെ വചനം മാത്രം, കൃപയും രക്ഷയും നൽകുന്നു. അങ്ങയുടെ വചനം എപ്പോഴും ശ്രവിക്കാനും പൂർണഹൃദയത്തോടെ ഉദാരമായി അതിനോടു പ്രത്യുത്തരിക്കാനും എനിക്കാവശ്യമായ കൃപ നൽകണമേ. അങ്ങയുടെ വചനത്തിലൂടെ എനിക്കു പാപബോധം ലഭിക്കുമ്പോൾ ഞാൻ അനുതപിക്കുകയും പൂർണഹൃദയത്തോടെ അങ്ങയിലേക്കു മടങ്ങിവരുകയും ചെയ്യട്ടെ. മറ്റുള്ളവർ അങ്ങയുടെ സത്യം നിരസിക്കുമ്പോൾ എനിക്കു ധൈര്യവും, ആ വചനം സ്നേഹത്തോടെ എങ്ങനെ പങ്കുവയ്ക്കണമെന്നറിയാൻ ജ്ഞാനവും നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ –
വിശുദ്ധ ബ്ലാസിയൂസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം
വിശുദ്ധ അൻസ്ഗാർ, മെത്രാൻ—ഐച്ഛിക അനുസ്മരണം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




