മലയാളം

സ്വർഗീയ രഹസ്യങ്ങൾ ഗ്രഹിക്കുക

ഫെബ്രുവരി 14, 2023
ആണ്ടുവട്ടക്കാലം ആറാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

സന്ന്യാസിയായ വിശുദ്ധ സിറിലും മെത്രാനായ വിശുദ്ധ മെത്തോഡിയസും—ഓർമ്മ

വീഡിയോ

“നിങ്ങൾ ഇനിയും മനസ്സിലാക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങൾ കഠിനമായിരിക്കുന്നുവോ? കണ്ണുകളുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ, ചെവികളുണ്ടായിട്ടും കേൾക്കുന്നില്ലേ?” മർക്കോസ് 8:17–18

യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ച ഈ ചോദ്യങ്ങൾ നിങ്ങളോടാണു ചോദിച്ചിരുന്നതെങ്കിൽ നിങ്ങൾ എങ്ങനെ ഉത്തരം നൽകുമായിരുന്നു? നിങ്ങൾ ഇനിയും മനസ്സിലാക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും, നിങ്ങളുടെ ഹൃദയം വാസ്തവത്തിൽ കഠിനമായിരിക്കുന്നുവെന്നും, ദൈവം വെളിപ്പെടുത്തിയതെല്ലാം കാണാനും കേൾക്കാനും നിങ്ങൾക്കു കഴിയുന്നില്ലെന്നും സമ്മതിക്കാൻ വിനയം ആവശ്യമാണ്. തീർച്ചയായും ഈ പോരാട്ടങ്ങൾക്ക് വിവിധ തലങ്ങളുണ്ട്; അതിനാൽ ഇവ നിങ്ങളെ ഗുരുതരമായ തോതിൽ അലട്ടുന്നില്ലെന്നു പ്രത്യാശിക്കാം. എന്നാൽ, ഒരു പരിധിവരെ ഈ പോരാട്ടങ്ങൾ നിങ്ങൾക്കുമുണ്ടെന്ന് വിനയത്തോടെ ഏറ്റുപറയാൻ കഴിയുമെങ്കിൽ, ആ വിനയവും സത്യസന്ധതയും നിങ്ങൾക്കു ധാരാളം കൃപ നേടിത്തരും.

ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിമാവിനെക്കുറിച്ചുള്ള ചർച്ചയുടെ വിശാലമായ പശ്ചാത്തലത്തിലാണ് യേശു തന്റെ ശിഷ്യന്മാരോട് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. ഈ നേതാക്കന്മാരുടെ “പുളിമാവ്” മറ്റുള്ളവരെ ദുഷിപ്പിക്കുന്ന പുളിപ്പുപോലെയാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. അവരുടെ സത്യസന്ധതയില്ലായ്മയും അഹങ്കാരവും ബഹുമതികൾക്കായുള്ള മോഹവും മറ്റും മറ്റുള്ളവരുടെ വിശ്വാസത്തെ വളരെ ദോഷകരമായി ബാധിച്ചിരുന്നു. അതിനാൽ, മേൽപ്പറഞ്ഞ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ഈ തിന്മയുടെ പുളിമാവ് തിരിച്ചറിയാനും അതിനെ തിരസ്കരിക്കാനും യേശു തന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തു.

സംശയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും വിത്തുകൾ നമുക്കു ചുറ്റുമുണ്ട്. ഇക്കാലത്ത് ലൗകികലോകം പ്രോത്സാഹിപ്പിക്കുന്ന മിക്കവാറും എല്ലാം ഏതെങ്കിലും വിധത്തിൽ ദൈവരാജ്യത്തിനു വിരുദ്ധമാണെന്നു തോന്നുന്നു. എന്നിട്ടും, ഫരിസേയരുടെയും ഹേറോദേസിന്റെയും തിന്മയുടെ പുളിമാവ് കാണാൻ ശിഷ്യന്മാർക്കു കഴിയാതിരുന്നതുപോലെ, നമ്മുടെ സമൂഹത്തിനുള്ളിലെ തിന്മയുടെ പുളിമാവ് കാണുന്നതിൽ നാമും പലപ്പോഴും പരാജയപ്പെടുന്നു. പകരം, അനേകം തെറ്റുകൾ നമ്മെ ആശയക്കുഴപ്പത്തിലാക്കാനും ലൗകികവാദത്തിന്റെ വഴിയിലൂടെ നയിക്കാനും നാം അനുവദിക്കുന്നു.

ഇതിൽനിന്ന് നാം പഠിക്കേണ്ട ഒരു കാര്യമുണ്ട്: ഒരാൾക്ക് സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള അധികാരമോ ശക്തിയോ ഉണ്ടെന്നതുകൊണ്ടുമാത്രം ആ വ്യക്തി സത്യസന്ധതയും വിശുദ്ധിയുമുള്ള നേതാവാണെന്ന് അർഥമില്ല. മറ്റൊരാളുടെ ഹൃദയത്തെ വിധിക്കാൻ നമുക്ക് ഒരിക്കലും അവകാശമില്ലെങ്കിലും, നമ്മുടെ ലോകത്തിൽ നല്ലതെന്ന പേരിൽ ഉയർത്തിക്കാട്ടപ്പെടുന്ന അനേകം തെറ്റുകൾ തിരിച്ചറിയാൻ നമുക്ക് തീർച്ചയായും “കേൾക്കാൻ ചെവികളും” “കാണാൻ കണ്ണുകളും” ഉണ്ടായിരിക്കണം. ദൈവത്തിന്റെ നിയമങ്ങൾ “മനസ്സിലാക്കാനും ഗ്രഹിക്കാനും” നാം നിരന്തരം ശ്രമിക്കുകയും ലോകത്തിലെ അസത്യങ്ങളെ ചെറുക്കാൻ അവയെ വഴികാട്ടിയായി സ്വീകരിക്കുകയും വേണം. ഇതു നന്നായി ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ഒരു പ്രധാന മാർഗം, സത്യത്തിനു നേരെ നമ്മുടെ ഹൃദയങ്ങൾ ഒരിക്കലും കഠിനമാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ്.

നമ്മുടെ കർത്താവിന്റെ ഈ ചോദ്യങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക; പ്രത്യേകിച്ച് സമൂഹത്തെ മുഴുവനായി ഉൾക്കൊള്ളുന്ന വിശാലമായ പശ്ചാത്തലത്തിൽ അവ പരിശോധിക്കുക. നമ്മുടെ ലോകവും അധികാരസ്ഥാനങ്ങളിലുള്ള അനേകരും പഠിപ്പിക്കുന്ന വ്യാജമായ “പുളിമാവിനെക്കുറിച്ച്” ചിന്തിക്കുക. ഈ തെറ്റുകളെ തിരസ്കരിക്കുകയും സ്വർഗത്തിന്റെ വിശുദ്ധ രഹസ്യങ്ങളെ പൂർണമായി സ്വീകരിക്കാൻ വീണ്ടും സ്വയം സമർപ്പിക്കുകയും ചെയ്യുക. അങ്ങനെ ആ സത്യങ്ങളും അവ മാത്രം തന്നെയും നിങ്ങളുടെ അനുദിന വഴികാട്ടിയായിത്തീരട്ടെ.

എന്റെ മഹത്വപൂർണനായ കർത്താവേ, എല്ലാ സത്യത്തിന്റെയും കർത്താവ് അങ്ങാണെന്നതിനാൽ ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എനിക്കു ചുറ്റുമുള്ള ദുഷിച്ച പുളിമാവ് കാണാൻ കഴിയേണ്ടതിന്, അനുദിനം എന്റെ കണ്ണുകളും കാതുകളും ആ സത്യത്തിലേക്കു തിരിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങയുടെ വിശുദ്ധ ജീവിതത്തിന്റെ രഹസ്യങ്ങളിൽ മുഴുകാൻ എനിക്കു കഴിയേണ്ടതിന് ജ്ഞാനവും വിവേചനവരവും എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – സന്ന്യാസിയായ വിശുദ്ധ സിറിലും മെത്രാനായ വിശുദ്ധ മെത്തോഡിയൂസും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: അപ്പസ്തോലന്മാർക്കുള്ള പ്രബോധനം. രചന: ജെയിംസ് ടിസോ, വിക്കിമീഡിയ കോമൺസ് വഴി