ഫെബ്രുവരി 18, 2023
ആണ്ടുവട്ടത്തിലെ ആറാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട്, അവർ മാത്രമായി ഒരു ഉയർന്ന മലയിലേക്കു പോയി. അവിടുന്ന് അവരുടെ മുമ്പിൽവച്ച് രൂപാന്തരപ്പെട്ടു. അവിടുത്തെ വസ്ത്രങ്ങൾ ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയാത്തവിധം തിളങ്ങുന്ന വെള്ളനിറമായി. മർക്കോസ് 9:2–3
രൂപാന്തരീകരണത്തിന്റെ സന്ദേശം നമ്മിൽ ഓരോരുത്തർക്കും ജീവിതത്തിലുടനീളം ആഴമായ പ്രത്യാശ പകരുന്ന സന്ദേശമായി മാറണം. ഈ സംഭവത്തിലൂടെ ദൈവത്തിന്റെ മഹത്വം വെളിപ്പെട്ടു, മോശയുടെയും പ്രവാചകന്മാരുടെയും പ്രബോധനങ്ങൾ സ്ഥിരീകരിക്കപ്പെട്ടു, നാം മനസ്സിലാക്കേണ്ട ഒരേയൊരു സന്ദേശം പിതാവ് നൽകി: “ഇവൻ എന്റെ പ്രിയപുത്രനാണ്. ഇവനെ ശ്രവിക്കുവിൻ.” ഈ സത്യം മനസ്സിലാക്കാനും ഈ കല്പന അനുസരിക്കാനും നമുക്കു കഴിഞ്ഞാൽ, രൂപാന്തരീകരണത്തിൽ വെളിപ്പെട്ട മഹത്വത്തിൽ നാം നിത്യമായി പങ്കുചേരും.
ആദ്യം ഈ കാര്യം പരിചിന്തനം ചെയ്യുക: യേശുവിന്റെ മനുഷ്യശരീരമാകുന്ന മറ നീക്കപ്പെട്ട ഈ വെളിപാട് പത്രോസിനെയും മറ്റു ശിഷ്യന്മാരെയും വിശുദ്ധമായ വിസ്മയഭരിതാവസ്ഥയിലാക്കി. രൂപാന്തരപ്പെട്ട തന്റെ കർത്താവിനോടൊപ്പം ആ മലയിൽ എന്നേക്കും കഴിയാൻ പത്രോസ് ആഗ്രഹിച്ചു. എന്നാൽ യേശു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഓടിപ്പോകാനും, പിന്നീട് യേശുവിനെ അറിയുകപോലുമില്ലെന്നു തള്ളിപ്പറയാനും അദ്ദേഹം തീരുമാനിച്ചു. ഈ രണ്ടു പ്രതികരണങ്ങളും തമ്മിൽ താരതമ്യം ചെയ്യുക. യേശുവിന്റെ ത്യാഗം ആരംഭിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം ഓടിയൊളിച്ചു. എന്നാൽ ഇവിടെ, യേശുവിന്റെ മഹത്വം കാണുമ്പോൾ, അവിടുത്തോടൊപ്പം എന്നേക്കും കഴിയാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
ത്യാഗത്തെക്കാൾ മഹത്വത്തെ സ്വീകരിക്കുന്നത് വളരെ എളുപ്പമാണെന്നതാണ് ഈ ഭാഗത്തുനിന്നു നമുക്കു പഠിക്കാവുന്ന ആദ്യപാഠം. ഭയവും ആശയക്കുഴപ്പവും ഉളവാക്കുന്നതിനെക്കാൾ ആശ്വാസം നൽകുന്നതിനെ തിരഞ്ഞെടുക്കുക വളരെ എളുപ്പമാണ്. പാപത്തിൽ വീണ മനുഷ്യപ്രകൃതിയുടെ കാഴ്ചപ്പാടിൽ ഇത് മനസ്സിലാക്കാവുന്നതാണെങ്കിലും, പത്രോസ് ഒടുവിൽ തന്റെ ജീവിതത്തിൽ തിരുത്തിയതുപോലെ, നമ്മുടെ ആത്മീയജീവിതത്തിലും ഇതു തിരുത്താൻ നാം തീർച്ചയായും പരിശ്രമിക്കണം.
ത്യാഗപൂർണമായ ഒരു ജീവിതം സ്വീകരിക്കാൻ പിതാവ് ഈ ശിഷ്യന്മാരെ ക്ഷണിക്കുമ്പോൾ, മുന്നോട്ടുള്ള യാത്രയിൽ അവരെ സഹായിക്കുക എന്നതും അവർക്ക് രൂപാന്തരീകരണദർശനം നൽകപ്പെട്ടതിന്റെ ഒരു ലക്ഷ്യമായിരുന്നു. ഒടുവിൽ അവർ സ്വന്തം കുരിശുകളെ നേരിടേണ്ടിവരും; സ്നേഹത്തെപ്രതി ആ കുരിശുകൾ സ്വീകരിക്കുമോ എന്നു തീരുമാനിക്കേണ്ടിയും വരും. ത്യാഗം എന്നതിന്റെ അർഥം അതുതന്നെയാണ്: സ്നേഹത്തെപ്രതി സഹനം സ്വീകരിക്കുക. ത്യാഗപൂർണമായ സ്നേഹം തിരഞ്ഞെടുക്കാൻ ഒരാളെ സഹായിക്കുന്ന ഒരു കാര്യം, ആ ത്യാഗം എന്തു ഫലം നൽകുമെന്ന അറിവാണ്. രൂപാന്തരീകരണം നൽകിയതും അതുതന്നെയാണ്. രൂപാന്തരപ്പെട്ട യേശുവിന്റെ മഹത്വം കണ്ടതിലൂടെ, യേശു മുൻകൂട്ടി അറിയിച്ച ത്യാഗം ആത്യന്തികമായി നിത്യമഹത്വത്തിൽ കലാശിക്കുമെന്ന് മനസ്സിലും ഹൃദയത്തിലും ഗ്രഹിക്കാൻ പത്രോസിനും യാക്കോബിനും യോഹന്നാനും കാലക്രമേണ കഴിഞ്ഞു.
രൂപാന്തരപ്പെട്ട യേശുവിന്റെ മഹത്വം സ്വന്തം കണ്ണുകളാൽ കാണുന്ന അനുഭവം മിക്കവാറും നിങ്ങൾക്ക് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ലെങ്കിലും, ജീവിതത്തിലെ വിവിധ അവസരങ്ങളിൽ ആത്മീയ ആശ്വാസങ്ങൾ ലഭിച്ചിട്ടുള്ളവർ അനേകരാണ്. അങ്ങനെ സംഭവിക്കുമ്പോൾ, ആ ആശ്വാസങ്ങൾ നിലനിൽക്കാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ അപൂർവമായേ അവ നിലനിൽക്കാറുള്ളൂ. പകരം, ദൈവം തന്റെ മഹത്വത്തിന്റെ ഒരു മിന്നൊളി മാത്രം നമുക്കു നൽകുന്നു. ആ ഓർമ മുറുകെപ്പിടിക്കാനും, ഏറ്റവും ആവശ്യമുള്ളപ്പോൾ അതിനെ പ്രയോജനപ്പെടുത്താനും വേണ്ടിയാണത്. പിതാവിന്റെ സ്വരം ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ അത്തരം അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരും. “ഇവൻ എന്റെ പ്രിയപുത്രനാണ്. ഇവനെ ശ്രവിക്കുവിൻ.”
ഇപ്പോൾ മഹത്വത്തിൽ വസിക്കുന്ന യേശു ഈ ഭൂമിയിൽ നടന്ന അതേ യേശുതന്നെയാണെന്ന വസ്തുത ഇന്ന് പരിചിന്തനം ചെയ്യുക. വിശുദ്ധ ഗ്രന്ഥത്തിൽ പ്രബോധനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന അതേ യേശുവാണ് അവിടുന്ന്. അനീതി സഹിച്ച അതേ യേശു. വിജയശ്രീലാളിതനായി ഉയിർത്തെഴുന്നേറ്റ അതേ യേശു. യേശുവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതവും അനേകം അനുഭവങ്ങൾ നിറഞ്ഞതാണ്. അതിനാൽ, ജീവിതത്തിലെ നമ്മുടെ എല്ലാ അനുഭവങ്ങളെയും ഒരുമിപ്പിക്കാനുള്ള ഏകമാർഗം പിതാവിന്റെ കല്പന അനുസരിക്കുക എന്നതാണ്. “ഇവനെ ശ്രവിക്കുവിൻ.” രക്ഷകന്റെ സ്വരം ശ്രവിക്കുക. ആശ്വാസത്തിന്റെ മലയിലേക്ക് അവിടുത്തെ അനുഗമിക്കുക. ഓരോ സഹനത്തിലൂടെയും കുരിശിലൂടെയും കടന്നുപോകുമ്പോൾ അവിടുത്തോടൊപ്പം നിലനിൽക്കുക. അവിടുന്ന് പഠിപ്പിക്കുന്നതെല്ലാം ശ്രവിക്കുക. അങ്ങനെ ചെയ്താൽ, ഒരുനാൾ മഹത്വത്തിൽ അവിടുത്തോടൊപ്പം എന്നേക്കും വസിക്കാൻ നിങ്ങൾ തീർച്ചയായും ക്ഷണിക്കപ്പെടും.
രൂപാന്തരപ്പെട്ട കർത്താവേ, പത്രോസിനോടൊപ്പം ഞാനും അങ്ങയോടുകൂടെ എന്നേക്കും കഴിയാൻ ആഗ്രഹിക്കുന്നു. അങ്ങ് എവിടേക്കു നയിച്ചാലും, എന്നും അങ്ങയോടൊപ്പം നിലനിൽക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. അർപ്പിക്കാൻ എന്നോട് ആവശ്യപ്പെടുന്ന ഓരോ ത്യാഗത്തിലും, ഞാൻ സഹിക്കുന്ന ഓരോ സഹനത്തിലും, എന്റെ ആത്മാവിനെ അനുഗ്രഹിക്കുന്ന ഓരോ ആശ്വാസത്തിലും ഞാൻ അങ്ങയോടൊപ്പം നിലനിൽക്കുമാറാകട്ടെ. ഞാൻ എപ്പോഴും അങ്ങയെ ശ്രവിക്കുകയും അങ്ങയുടെ വിശുദ്ധ വചനം അനുസരിക്കുകയും ചെയ്യുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: കർത്താവിന്റെ രൂപാന്തരീകരണം, flickr വഴി





