മാർച്ച് 5, 2023
നോമ്പുകാലത്തിലെ രണ്ടാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

യേശു പത്രോസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി, അവരെ മാത്രമായി ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി. അവരുടെ മുമ്പിൽവച്ച് അവിടുന്ന് രൂപാന്തരപ്പെട്ടു; അവിടുത്തെ മുഖം സൂര്യനെപ്പോലെ പ്രകാശിക്കുകയും വസ്ത്രങ്ങൾ പ്രകാശംപോലെ വെളുത്തതാകുകയും ചെയ്തു. അപ്പോൾ ഇതാ, മോശയും ഏലിയായും അവിടുത്തോടു സംസാരിച്ചുകൊണ്ട് അവർക്കു പ്രത്യക്ഷപ്പെട്ടു. മത്തായി 17:1–3
ദൈവപുത്രൻ ഒരു ഉയർന്ന മലയിൽവച്ച് മോശയോടും ഏലിയായോടും സംസാരിക്കുന്നത് ഇതാദ്യമായിരുന്നില്ല. നാൽപ്പതു പകലും നാൽപ്പതു രാവും കർത്താവിനോടൊപ്പം ആയിരിക്കാൻ മോശ സീനായ് മലയിലേക്ക് (ഹോറെബ് എന്നും അറിയപ്പെടുന്നു) വിളിക്കപ്പെട്ടത് ഓർക്കുക. ആ സമയത്ത് ദൈവത്തിന്റെ വിരൽ പലകകളിൽ നിയമം എഴുതി; ജനത്തിനു നൽകാനായി അവ മോശയ്ക്കു കൊടുക്കപ്പെട്ടു. അന്ന് ഇസ്രായേൽക്കാർ മലയുടെ അടിവാരത്തുനിന്ന് കൊടുമുടി അഗ്നിയിൽ മൂടിയിരിക്കുന്നതു കണ്ടു. അതുപോലെ, മഹാപ്രവാചകനായ ഏലിയായും കർത്താവിനെ കണ്ടുമുട്ടാൻ അതേ മലയിലേക്കു വിളിക്കപ്പെട്ടു. അദ്ദേഹം ഒരു ഗുഹയിൽ പ്രവേശിച്ചു കാത്തിരുന്നു. തുടർന്ന് ഏലിയാ ശക്തവും ഉഗ്രവുമായ കാറ്റും ഭൂകമ്പവും അഗ്നിയും അനുഭവിച്ചു. എന്നാൽ അവയിലൊന്നിലും ദൈവം ഉണ്ടായിരുന്നില്ല. പിന്നെ ഏലിയാ ശാന്തമായ ഒരു നേർത്ത ശബ്ദം, ഒരു മൃദുമന്ത്രണം കേട്ടു. കർത്താവ് തന്നോടു സംസാരിച്ചപ്പോൾ ആദരവോടെ അദ്ദേഹം തന്റെ മുഖം മറച്ചു.
ഇന്നു നാം ധ്യാനിക്കുന്ന രൂപാന്തരീകരണാനുഭവത്തിൽ, ഇപ്പോൾ മനുഷ്യശരീരം ധരിച്ചിരിക്കുന്ന ദൈവപുത്രൻ തന്റെ മഹത്ത്വം ഒരിക്കൽക്കൂടി പ്രകാശിക്കാൻ അനുവദിച്ചു. അങ്ങനെ ചെയ്യുമ്പോൾ, തന്റെ മൂന്നു ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ അവിടുന്ന് മോശയോടും ഏലിയായോടും സംസാരിച്ചു. സീനായ് മലയിൽവച്ച് ആദ്യമായി ദൈവത്തെ കണ്ടുമുട്ടിയപ്പോൾ മോശയും ഏലിയായും വിസ്മയഭരിതരായതുപോലെ ഈ ശിഷ്യന്മാരും വിസ്മയഭരിതരായി. പഴയനിയമത്തിലെ ഈ രണ്ടു മഹാവ്യക്തികളും ഇപ്പോൾ ദൈവത്തിന്റെ ചുരുളഴിയുന്ന പദ്ധതിയുടെ സാക്ഷികളായി നിൽക്കുന്നു. തങ്ങളുടെ ജീവിതകാലത്ത് പഠിപ്പിക്കാൻ തങ്ങളെ ഭരമേൽപ്പിച്ച എല്ലാറ്റിന്റെയും പൂർത്തീകരണം യേശുവാണെന്ന് അവർ തങ്ങളുടെ സാന്നിധ്യത്താൽ വെളിപ്പെടുത്തുന്നു.
മലയിൽവച്ച് മോശ ദൈവത്തെ കണ്ടുമുട്ടിയത് ഇസ്രായേൽ ജനതയുടെ നിയമത്തിന് അടിത്തറയായി. ഈ നിയമം നൂറ്റാണ്ടുകളോളം അവരെ നയിക്കുകയും ഒടുവിൽ യേശുവിൽ പൂർത്തിയാവുകയും ചെയ്തു. അവിടുന്ന് കൃപയാലും കരുണയാലും നിയമത്തെ രൂപാന്തരപ്പെടുത്തി ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. മലയിൽവച്ച് ഏലിയാ ദൈവത്തെ കണ്ടുമുട്ടിയപ്പോൾ, ജനത്തെ നയിക്കാൻ രാജാക്കന്മാരെ അഭിഷേകം ചെയ്യാനും തന്റെ പിൻഗാമിയായ പ്രവാചകനായി ഏലീശായെ അഭിഷേകം ചെയ്യാനും അദ്ദേഹത്തിനു നിർദേശം ലഭിച്ചു. ദൈവം ജനവുമായി ചെയ്ത ഉടമ്പടിയോടുള്ള വിശ്വസ്തതയിലേക്കു മടങ്ങിവരാൻ അവരെ ആഹ്വാനം ചെയ്തുകൊണ്ട് ഏലിയായും ഏലീശായും നിരന്തരം അവരോടു പ്രസംഗിച്ചു.
രൂപാന്തരീകരണത്തിന്റെ മലയിൽവച്ച്, മോശയിലൂടെ താൻ ആരംഭിക്കുകയും ഏലിയായിലൂടെ തുടരുകയും ചെയ്ത ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ യേശു മൂന്നു പുതിയ ശിഷ്യന്മാരെ ഒരുക്കി. താൻ സ്ഥാപിക്കാൻ വന്ന കൃപയുടെയും കരുണയുടെയും പുതിയ നിയമം യേശു ഈ ശിഷ്യന്മാർക്കു നൽകി. മാനസാന്തരത്തിലേക്കും ഉടമ്പടിയോടുള്ള വിശ്വസ്തതയിലേക്കും ജനത്തെ വിളിക്കാനുള്ള ഏലിയായുടെ പ്രവാചകദൗത്യവും ശിഷ്യന്മാരെ ഭരമേൽപ്പിച്ചു.
പണ്ടത്തെ ഈ മഹാദാസന്മാർക്കു നൽകിയതും ഇപ്പോഴും തുടരുന്നതുമായ ദൗത്യം ഭരമേൽപ്പിക്കാനായി, ഇന്ന് നമ്മുടെ കർത്താവ് തന്റെ വിശ്വസ്തദാസരെയെല്ലാം തന്നോടൊപ്പം ഒരു ആത്മീയമലയിലേക്കു വിളിക്കുന്നു. ആ യാത്ര നടത്താൻ നാം സന്നദ്ധരാണെങ്കിൽ, പ്രാർഥനയിലൂടെ ദൈവം നമുക്ക് ഓരോരുത്തർക്കും തന്റെ ദിവ്യസാന്നിധ്യം വെളിപ്പെടുത്തും. അങ്ങനെ ചെയ്യുമ്പോൾ, അവിടുന്ന് തന്റെ പുതിയ നിയമം നമ്മെ ഏൽപ്പിക്കുകയും അതു നമ്മുടെ ഹൃദയങ്ങളിൽ എഴുതുകയും ചെയ്യും. ദൈവസ്നേഹത്തിന്റെ പൂർണത ഉൾക്കൊള്ളാനും മറ്റുള്ളവരോടു കരുണ കാണിക്കാനും അവിടുന്ന് നമ്മോടു കല്പിക്കും. മറ്റുള്ളവരെ ദൈവത്തിലേക്കു തിരികെ വിളിക്കുന്ന പ്രവാചകദൗത്യം അവിടുന്ന് നമ്മെ ഭരമേൽപ്പിക്കുകയും തന്റെ പരിപൂർണമായ തിരുഹിതത്തിന് അനുസൃതമായി ആ ദൗത്യം നിറവേറ്റാൻ നമുക്കു ശക്തി നൽകുകയും ചെയ്യും.
രൂപാന്തരീകരണത്തിന്റെ ഈ മഹത്ത്വപൂർണമായ ദൃശ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കാലങ്ങളിലുടനീളമുള്ള ദൈവത്തിന്റെ സമഗ്രമായ പദ്ധതിയെക്കുറിച്ച് ഈ ദൃശ്യം നമ്മെ പഠിപ്പിക്കുന്നു. പ്രാർഥനയുടെയും ആത്മനിയന്ത്രണത്തിന്റെയും സുകൃതത്തിന്റെയും വിശുദ്ധിയുടെയും മലയിലേക്കുള്ള ദുഷ്കരമായ യാത്ര നടത്താൻ യേശു നിങ്ങളെ ക്ഷണിക്കുന്നു എന്ന ചിന്ത പ്രാർഥനാപൂർവം മനസ്സിൽ ആഴപ്പെടുത്തുക. അവിടുത്തെ മഹത്ത്വം കാണാൻ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടുന്നതിനും, വളരെക്കാലം മുമ്പ് ആരംഭിച്ച ദൈവത്തിന്റെ ദൗത്യം നിറവേറ്റിക്കൊണ്ടിരിക്കാൻ ഈ അനുഭവം നിങ്ങൾക്കു പ്രചോദനവും ശക്തിയും നൽകുന്നതിനും വേണ്ടി പ്രാർഥിക്കുക. കാലത്തിന്റെ അന്ത്യത്തിൽ അവിടുന്ന് മടങ്ങിവരുമ്പോൾ ആ ദൗത്യം പൂർത്തിയാകുന്നതുവരെ അതു തുടരാൻ പ്രാർഥിക്കുക.
രൂപാന്തരപ്പെട്ട എന്റെ കർത്താവേ, പണ്ടത്തെ മഹാനേതാക്കളോട് ഒരു ഉയർന്ന മലയിൽവച്ച് അങ്ങയുടെ ദിവ്യഹിതം അങ്ങ് അരുളിച്ചെയ്തു. ഒരു വിശുദ്ധമലയിൽവച്ച് അങ്ങയുടെ ദൗത്യം ശിഷ്യന്മാരെയും അങ്ങ് ഭരമേൽപ്പിച്ചു. അങ്ങ് എനിക്കു നൽകുന്ന ദൗത്യം എന്നെയും ഭരമേൽപ്പിക്കേണ്ടതിന്, അങ്ങയോടൊപ്പം പ്രാർഥനയുടെ മലയിലേക്കു യാത്രചെയ്യാൻ എനിക്കും ആവശ്യമായ കൃപയും ദൃഢനിശ്ചയവും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
ഒൻപതാം വിചിന്തനം – ലോകം സ്വാഗതം ചെയ്യാത്തവൻ
(നോമ്പുകാലം രണ്ടാം ഞായർ)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




