മലയാളം

നിത്യതയ്ക്കായുള്ള ആഹാരം

2023 ഏപ്രിൽ 24
ഉയിർപ്പുകാലം മൂന്നാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

സിഗ്മറിങ്ങനിലെ വിശുദ്ധ ഫിദേലിസ്, വൈദികനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

വീഡിയോ

“റബ്ബീ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്?” യേശു അവരോടു മറുപടി പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ്. നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടി അധ്വാനിക്കുവിൻ. അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും.” യോഹന്നാൻ 6:25–27

ജീവിതത്തിൽ നിങ്ങൾ എന്തിനുവേണ്ടിയാണ് അധ്വാനിക്കുന്നത്? ഒടുവിൽ നശിച്ചുപോകുന്നവയ്ക്കുവേണ്ടിയോ? അതോ നിത്യമായവയ്ക്കുവേണ്ടിയോ? ആത്മാർഥമായി ഉത്തരം നൽകേണ്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. നിത്യതയെ സംബന്ധിച്ചിടത്തോളം കാര്യമായ മൂല്യമില്ലാത്തവയ്ക്കുവേണ്ടി നമ്മുടെ സമയത്തിന്റെയും ഊർജത്തിന്റെയും ഭൂരിഭാഗവും ചെലവഴിച്ചുകൊണ്ടാണ് പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഏറിയ പങ്കും കടന്നുപോകുന്നത്.

മുകളിൽ ഉദ്ധരിച്ച സംഭാഷണത്തിന്റെ തലേദിവസം യേശു അപ്പവും മീനും വർധിപ്പിച്ച് അയ്യായിരം കുടുംബങ്ങളെ ഭക്ഷിപ്പിച്ചിരുന്നു. അതിൽ ജനങ്ങൾ വളരെയേറെ മതിപ്പുളവാക്കിയതിനാൽ, പിറ്റേന്ന് വീണ്ടും വിശന്നപ്പോൾ അവർ യേശുവിനെ അന്വേഷിച്ചെത്തുകയും തടാകത്തിന്റെ മറുകരയിൽ അവിടുത്തെ കണ്ടെത്തുകയും ചെയ്തു. തീർച്ചയായും യേശു ഉടൻതന്നെ സാഹചര്യം മനസ്സിലാക്കുന്നു. തന്നെ കണ്ടെത്തിയ ജനക്കൂട്ടത്തിന് നിത്യമായ ആത്മീയാഹാരത്തെക്കാൾ താത്പര്യം ഒരിക്കൽക്കൂടി ഭക്ഷണം ലഭിക്കുന്നതിലാണെന്ന് അവിടുന്ന് തിരിച്ചറിയുന്നു. അതിനാൽ, ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നതിനെക്കുറിച്ച് ഈ ചെറിയ പാഠം സൗമ്യമായി അവർക്കു നൽകാൻ യേശു ആ അവസരം ഉപയോഗിക്കുന്നു. “നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരം” ആത്യന്തികമായി യേശുവിലുള്ള വിശ്വാസമാണ്.

അപ്പവും മീനും വർധിപ്പിച്ച അത്ഭുതത്തിനു നേരിട്ടു സാക്ഷ്യം വഹിച്ചവരിൽ ഒരാളായിരുന്നു നിങ്ങളെന്ന് സങ്കല്പിക്കുക. അത് നിങ്ങളിൽ എന്തു സ്വാധീനമായിരിക്കും ചെലുത്തിയിരിക്കുക? ദൈവപുത്രനായ യേശുവിലുള്ള ആഴമായ വിശ്വാസത്തിലേക്ക് അതു നിങ്ങളെ നയിക്കുമായിരുന്നോ? അതോ സൗജന്യമായി, അത്ഭുതകരമായി ലഭിച്ച ഭക്ഷണമായിരിക്കുമോ നിങ്ങളിൽ കൂടുതൽ മതിപ്പുളവാക്കിയത്? ശ്രദ്ധേയമായ കാര്യം ഇതാണ്: അയ്യായിരം പേർ ഭക്ഷണം പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതിരിക്കുമ്പോഴാണ് യേശു അവരെ ഭക്ഷിപ്പിക്കുന്നത്. എന്നാൽ പിറ്റേന്ന് അവർ അത് പ്രതീക്ഷിച്ചും ആഗ്രഹിച്ചും വരുമ്പോൾ അവിടുന്ന് നിരസിക്കുന്നു. നിത്യമായ യാഥാർഥ്യത്തിലേക്ക് കൂടുതൽ ആഴത്തിൽ നോക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് യേശു മറ്റൊരു അത്ഭുതം പ്രവർത്തിക്കാൻ വിസമ്മതിക്കുന്നത്.

നമ്മുടെ ജീവിതത്തിലും കൂടുതൽ ആഴമുള്ളതും നിത്യവുമായ യാഥാർഥ്യത്തിന് പ്രഥമസ്ഥാനം നൽകി ജീവിക്കുക എന്നത് പലപ്പോഴും ദുഷ്കരമാണ്. ജീവിതത്തിലെ ഉപരിപ്ലവവും പ്രാധാന്യം കുറഞ്ഞതുമായ കാര്യങ്ങളിൽ ദൃഷ്ടി പതിപ്പിച്ചിരിക്കാൻ എളുപ്പമാണ്. എനിക്ക് എങ്ങനെ കൂടുതൽ പണം സമ്പാദിക്കാം? അല്ലെങ്കിൽ ഒരു പുതിയ കാർ വാങ്ങാം? അല്ലെങ്കിൽ കൂടുതൽ വിശിഷ്ടമായ ഒരു ഭക്ഷണം കഴിക്കാം? എനിക്ക് എങ്ങനെ കൂടുതൽ വിനോദം കണ്ടെത്താം? ഏതു പുതിയ വസ്ത്രമാണ് ഞാൻ വാങ്ങേണ്ടത്? ഇങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. തീർച്ചയായും ഇവയൊന്നും തിന്മയല്ല. എന്നാൽ ഇവയെല്ലാം കടന്നുപോകുന്നവയാണ്; നമ്മുടെ നിത്യമായ ആത്മാവിൽ അവയ്ക്ക് ഒരു ഫലവും ഉണ്ടാകുകയില്ല. വാസ്തവത്തിൽ, ജീവിതത്തിലെ ഉപരിപ്ലവവും തീരെ പ്രാധാന്യം കുറഞ്ഞതുമായ കാര്യങ്ങളിൽ നാം അമിതശ്രദ്ധ ചെലുത്തിയാൽ, ഏറ്റവും പ്രധാനപ്പെട്ടതിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിയാൻ അവ ഇടയാക്കും.

യേശു ഉയർത്തുന്ന ഈ വെല്ലുവിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നശിച്ചുപോകുന്നവയ്ക്കുവേണ്ടി അധ്വാനിക്കരുത്; നിത്യമായവയ്ക്കുവേണ്ടി അധ്വാനിക്കുക. ജീവിതത്തിലെ നിങ്ങളുടെ മുൻഗണനകൾ പരിശോധിക്കുക. നിങ്ങളുടെ ശ്രദ്ധ എവിടെയാണ്? ഓരോ ദിവസവും നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് എന്തിലാണ്? ദൈവപുത്രനിലുള്ള വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുക എന്നതായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ താത്പര്യം. നിത്യമായ പരസ്നേഹം ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ അഭിലാഷം. നിങ്ങളുടെ ജീവിതത്തെയും ലക്ഷ്യങ്ങളെയും സത്യസന്ധമായി പരിശോധിക്കുമ്പോൾ ഈ ലോകത്തിലെ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അമിതമായി വ്യാകുലപ്പെടുന്നതായി കാണുന്നുവെങ്കിൽ, നമ്മുടെ കർത്താവിന്റെ ഈ വാക്കുകൾ നിങ്ങളോടു നേരിട്ടു സംസാരിക്കാൻ അനുവദിക്കുക. അങ്ങനെ നിത്യജീവനുവേണ്ടി സമ്പത്ത് ശേഖരിക്കുന്നവരായിത്തീരാൻ നിങ്ങൾക്കു സാധിക്കും.

മഹത്വപൂർണനായ എന്റെ കർത്താവേ, അങ്ങാണ് നിത്യമായ ആഹാരം. നിത്യജീവനുവേണ്ടിയുള്ള ആഹാരം അങ്ങാണ്. പ്രിയ കർത്താവേ, ഈ ലോകത്തിലെ കടന്നുപോകുന്നവയും തീരെ പ്രാധാന്യം കുറഞ്ഞവയുമായ കാര്യങ്ങളിൽനിന്ന് എന്റെ ദൃഷ്ടി തിരിച്ച്, പകരം നിത്യമായവയിലേക്കു പതിപ്പിക്കാൻ എനിക്കാവശ്യമായ ജ്ഞാനം നൽകണമേ. അങ്ങിൽ ദൃഷ്ടി പതിപ്പിച്ചിരിക്കാനും അങ്ങിലുള്ള എന്റെ വിശ്വാസത്താൽ പോഷിപ്പിക്കപ്പെടാനും എനിക്കിടയാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – സിഗ്മറിങ്ങനിലെ വിശുദ്ധ ഫിദേലിസ്, പുരോഹിതനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: മലയിലെ പ്രസംഗം. ചിത്രകാരൻ: കൊസിമോ റോസെല്ലി, വിക്കിമീഡിയ കോമൺസ് വഴി