മലയാളം

നമ്മുടെ കർത്താവിന്റെ മാംസം

2023 ഏപ്രിൽ 27
ഉയിർപ്പുകാലം മൂന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാണ്; ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ മാംസമാണ്.” യോഹന്നാൻ 6:51

ജനക്കൂട്ടത്തിലെ ചിലരുടെ വികാരങ്ങളെ യേശുവിന്റെ വാക്കുകൾ ഇളക്കിമറിക്കാൻ തുടങ്ങിയിരുന്നു. താൻ “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം” ആണെന്ന് പറഞ്ഞതിനാൽ അവർ അവിടുത്തെ പരിഹസിക്കാൻ തുടങ്ങി. അങ്ങനെ, അത്ഭുതകരമായി ഒരിക്കൽക്കൂടി സൗജന്യഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ യേശുവിനെ അന്വേഷിച്ചെത്തിയ പലരും പരസ്പരം പിറുപിറുക്കുകയും അവിടുത്തെ പരിഹസിക്കുകയും ചെയ്തു. അതിനാൽ, യേശു കൂടുതൽ വ്യക്തമായും അവരെ ഞെട്ടിക്കുംവിധവും സംസാരിക്കാൻ തുടങ്ങി. തുടർന്ന് അവിടുന്ന് ഒരുപടികൂടി കടന്ന്, താൻ “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം” ആണെന്നു മാത്രമല്ല, “എന്നേക്കും ജീവിക്കാൻ” ആഗ്രഹിക്കുന്നവർ തന്റെ “മാംസം” ഭക്ഷിക്കണമെന്നും പറഞ്ഞു.

ആ ജനക്കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരുന്നെങ്കിൽ, ഇത്തരമൊരു പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുമായിരുന്നു? അപ്പവും മീനും വർധിപ്പിച്ച അത്ഭുതം തൊട്ടുമുമ്പ് നിങ്ങൾ സ്വന്തം കണ്ണുകളാൽ കണ്ടിട്ടുണ്ടാകുമെന്ന കാര്യം പരിഗണിക്കുക. അതിനാൽ, ഏറ്റവും കുറഞ്ഞപക്ഷം, യേശു അസാധാരണനായ ഒരാളാണെന്നെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകുമായിരുന്നു. എന്നാൽ, “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ മാംസമാണ്” എന്ന യേശുവിന്റെ പ്രസ്താവന അന്ന് കേട്ടിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രബോധനത്തോട് ഇപ്പോൾ നിങ്ങൾക്കുള്ള അതേ പ്രതികരണം തന്നെയായിരുന്നിരിക്കാം അന്നും നിങ്ങളുടേത്.

യേശു ഇങ്ങനെ സംസാരിക്കുന്നതു കേട്ട പലരും, ഇത് അല്പം അസാധാരണമായ ഒരു പ്രസ്താവനയാണെന്ന് കരുതിയിരിക്കാം. ചിലർ ശക്തമായി പ്രതികരിച്ചിരിക്കാം; മറ്റുചിലർ നിസ്സംഗതയോടെയും. എന്നാൽ ചിലരുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നിരിക്കാം. പുതിയതും ഞെട്ടിക്കുന്നതുമായ ഈ വാക്കുകൾ യേശു പറയുന്നതു കേട്ടപ്പോൾ, അവിടുന്ന് ഉദ്ദേശിച്ചത് പൂർണമായി മനസ്സിലായില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാം; എങ്കിലും വിശ്വാസമെന്ന ദാനത്താൽ അവർ ആഴമായി വിശ്വസിച്ചിരിക്കാം. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നവൻ യഥാർഥത്തിൽ ജീവന്റെ അപ്പമായതിനാൽ അവിടുത്തെ മാംസം തങ്ങൾ ഭക്ഷിക്കേണ്ടതുണ്ടെന്ന് ഏതോ വിധത്തിൽ തങ്ങളുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ അവർ അറിഞ്ഞിരിക്കാം.

വിശുദ്ധ കുർബാനയിൽ വിശ്വസിക്കാൻ—കാണാനും സ്പർശിക്കാനും കഴിയുന്ന തിരുവോസ്തിയും അമൂല്യരക്തവുമാകുന്ന ഈ ദാനങ്ങൾ യഥാർഥത്തിൽ ദൈവത്തിന്റെ നിത്യപുത്രന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവുമാണെന്ന സത്യത്തിൽ വിശ്വസിക്കാൻ—നമ്മുടെ അന്തരംഗത്തിൽ പ്രവർത്തിക്കുകയും നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസമെന്ന ദാനത്തിലൂടെ മാത്രമേ കഴിയൂ. അല്ലാതെ എങ്ങനെയാണ് ഇത്തരമൊരു പ്രബോധനം നിങ്ങൾക്ക് വിശ്വസിക്കാനാവുക? ഇന്നത്തെ സുവിശേഷത്തിലെ ഈ വാക്കുകൾ യാഥാർഥ്യമായിത്തീർന്നിരിക്കുന്നുവെന്ന് മറ്റെങ്ങനെ നിങ്ങൾക്ക് വിശ്വസിക്കാനാവും? പരിശുദ്ധ കുർബാന സ്വീകരിക്കുന്നത് നിത്യജീവനിലേക്കുള്ള വഴിയാണെന്നും എങ്ങനെ വിശ്വസിക്കാനാവും? ഈ വിശുദ്ധ സുവിശേഷത്തിൽ നമ്മുടെ കർത്താവ് അരുളിച്ചെയ്തത് മനസ്സിലാക്കാനും അംഗീകരിക്കാനും ആഴമായി വിശ്വസിക്കാനുമുള്ള ഏകമാർഗം പരിശുദ്ധ കുർബാനയിലുള്ള വിശ്വാസമെന്ന ദാനമാണ്.

“…ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ മാംസമാണ്” എന്ന പരിപാവനമായ ഈ വാക്കുകൾ യേശു ആദ്യമായി അരുളിച്ചെയ്യുന്ന രംഗത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പ്രാർഥനാപൂർവം ഈ വാക്കുകളെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നിങ്ങൾ അവ എത്ര ആഴത്തിൽ വിശ്വസിക്കുന്നുവെന്ന് ചിന്തിക്കുക. പരിശുദ്ധ കുർബാനയിലുള്ള നിങ്ങളുടെ വിശ്വാസം എത്ര ആഴമുള്ളതാണ്? ഈ വചനഭാഗത്തിന്റെ പൂർത്തീകരണമാണ് വിശുദ്ധ കുർബാന. തന്റെ വിശുദ്ധ വാക്കുകളിൽ വിശ്വസിക്കാൻ മാത്രമല്ല, നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുന്നതിലും അപ്പുറമായി നിങ്ങളെ രൂപാന്തരപ്പെടുത്താൻ ഈ സത്യത്തെ അനുവദിക്കാനും നമ്മുടെ ദിവ്യനാഥൻ നിങ്ങളെ ക്ഷണിക്കുന്നു.

വിശുദ്ധ കുർബാനയിൽ സന്നിഹിതനായ എന്റെ കർത്താവേ, അങ്ങ് യഥാർഥത്തിൽ ജീവന്റെ അപ്പമാണ്. അങ്ങയുടെ മാംസം ഭക്ഷിക്കുകയും അങ്ങയുടെ രക്തം പാനം ചെയ്യുകയും ചെയ്യുന്ന എല്ലാവരും നിത്യജീവൻ അവകാശമാക്കും. പ്രിയ കർത്താവേ, ഞാൻ ഇത് വിശ്വസിക്കുന്നു. അങ്ങയുടെ വിശുദ്ധജീവനിൽ എനിക്കു പങ്കുചേരാനായി എനിക്കു നൽകപ്പെടുന്ന പരിശുദ്ധ കുർബാന അങ്ങുതന്നെയാണെന്നും അതിൽ അങ്ങയുടെ ആത്മാവും ദൈവത്വവും ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ നിത്യരാജ്യത്തിന്റെ ആനന്ദങ്ങളിലേക്ക് ഞാൻ കൂടുതൽ പൂർണമായി ആകർഷിക്കപ്പെടേണ്ടതിന്, പരിശുദ്ധ കുർബാനയിലുള്ള എന്റെ വിശ്വാസം ആഴപ്പെടുത്താൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: ക്രിസ്തു പ്രസംഗിക്കുന്നു (നൂറ് ഗിൽഡറിന്റെ അച്ചുചിത്രം), രചന: റെംബ്രാന്റ്, വിക്കിമീഡിയ കോമൺസ് വഴി,