മലയാളം

ദൈവഹിതത്തിന്റെ “പ്രസവവേദനകൾ”

മേയ് 19, 2023
ഉയിർപ്പുകാലത്തിലെ ആറാം ഞായറാഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“ഒരു സ്ത്രീ പ്രസവിക്കുമ്പോൾ, തന്റെ സമയം വന്നതിനാൽ അവൾ വേദനിക്കുന്നു; എന്നാൽ കുഞ്ഞിനെ പ്രസവിച്ചുകഴിയുമ്പോൾ, ഒരു ശിശു ലോകത്തിൽ ജനിച്ചതിലുള്ള സന്തോഷം നിമിത്തം അവൾ ആ വേദന പിന്നെ ഓർക്കുന്നില്ല.”  യോഹന്നാൻ 16:21

നല്ലൊരു കാരണത്തിനുവേണ്ടി നാം അനുഭവിക്കുന്ന ഏതൊരു വേദനയ്ക്കും ഈ സത്യം തീർച്ചയായും ബാധകമാണ്. പ്രസവവേളയിൽ അനുഭവിക്കുന്ന വേദന നല്ലതും വിശുദ്ധവുമായ ഒരു കാരണത്തിനുവേണ്ടിയുള്ളതാണെന്ന് ശ്രദ്ധിക്കുക. അതിനാൽ, അമ്മ തന്റെ നവജാതശിശുവിനെ കാണുകയും കൈകളിലെടുക്കുകയും ചെയ്യുമ്പോൾ ഒരർഥത്തിൽ ആ വേദന മറന്നുപോകുന്നു. ഒരു കുഞ്ഞിന്റെ ജനനത്തിലൂടെ ആ സഹനം സന്തോഷമായി രൂപാന്തരപ്പെടുന്നു എന്ന അർഥത്തിലാണ് അത് മറന്നുപോകുന്നത്.

ജീവിതത്തിൽ വേദനയുളവാക്കുന്ന പലതുമുണ്ട്. ഇന്നത്തെ സുവിശേഷത്തിൽ യേശു തന്റെ ശിഷ്യന്മാരോട് തുടർന്ന് പറയുന്നു: “അതുപോലെ നിങ്ങളും ഇപ്പോൾ വേദനയിലാണ്.” താൻ പിതാവിന്റെ അടുക്കലേക്കു പോകാനിരിക്കുന്നതിനെക്കുറിച്ചും പീഡനങ്ങളുടെ രൂപത്തിൽ അവരെല്ലാവരും അനുഭവിക്കാനിരിക്കുന്ന സഹനങ്ങളെക്കുറിച്ചും അവരോടു സംസാരിച്ചുകഴിഞ്ഞതുകൊണ്ടാണ് അവിടുന്ന് ഇങ്ങനെ പറയുന്നത്. എന്നാൽ, താൻ പോയിക്കഴിഞ്ഞ് അവർ തന്നെ കാണാതാകുമെങ്കിലും പിന്നീട് അവർ തന്നെ വീണ്ടും കാണുമെന്നും സന്തോഷിക്കുമെന്നും അവിടുന്ന് അവരോടു പറയുന്നു. തുടർന്ന് അവിടുന്ന് പറയുന്നു: “അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല.” മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വാക്യമാണിത്.

മനോവേദനയോ മറ്റേതെങ്കിലും തരത്തിലുള്ള സഹനമോ നമ്മുടെ ജീവിതത്തെ ചോദ്യം ചെയ്യാനും ദൈവത്തെപ്പോലും ചോദ്യം ചെയ്യാനും നമ്മെ പ്രേരിപ്പിച്ചേക്കാം. യേശു വധിക്കപ്പെട്ടതിനുശേഷം ശിഷ്യന്മാർ എല്ലാറ്റിനെയും ചോദ്യം ചെയ്തുവെന്നത് വ്യക്തമാണ്. അവർ ആശയക്കുഴപ്പത്തിലും ഭയത്തിലുമായിരുന്നു. എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. പിന്നീട്, യേശു സ്വർഗാരോഹണം ചെയ്തതിനുശേഷവും പരിശുദ്ധാത്മാവിനെ അയയ്ക്കുന്നതിനുമുമ്പും, അത്രത്തോളമില്ലെങ്കിലും ശിഷ്യന്മാർ ആശയക്കുഴപ്പം അനുഭവിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് യേശു അവരെ വിട്ടുപോയത്? എന്തുകൊണ്ടാണ് അവിടുന്ന് കൂടുതൽ കാലം അവരോടൊപ്പം കഴിയാതിരുന്നത്? ഇനി അവരെ ആര് നയിക്കും? ഇവയും ഇതുപോലുള്ള മറ്റു പല ചോദ്യങ്ങളും അവരുടെ മനസ്സിൽ ഉയർന്നിട്ടുണ്ടാകാം.

നമ്മുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാം. കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടക്കാതിരിക്കുമ്പോഴോ നമ്മുടെ ജീവിതത്തിൽ വേദനാജനകമായ വഴിത്തിരിവുകൾ ഉണ്ടാകുമ്പോഴോ, ദൈവത്തിന്റെ പരിപൂർണമായ പദ്ധതിയെ നാം ഉടനെ ചോദ്യം ചെയ്യുകയും സംശയിക്കുകപോലും ചെയ്യുകയും ചെയ്തേക്കാം. നമ്മുടെ പാപം മൂലമാണ് കാര്യങ്ങൾ തകർന്നുപോകുന്നതെങ്കിൽ, അതിനുള്ള പരിഹാരം മാനസാന്തരമാണ്. എന്നാൽ ജീവിതം ദുഷ്കരമാകുന്നു എന്ന അർഥത്തിലാണ് കാര്യങ്ങൾ തകരുന്നതെങ്കിൽ, ഇന്നത്തെ യേശുവിന്റെ വാക്കുകൾ നാം പ്രത്യേകം ശ്രദ്ധിക്കണം.

ദൈവഹിതം നിറവേറ്റുന്നതുകൊണ്ടാണ് ജീവിതത്തിൽ വേദനയുണ്ടാകുന്നതെങ്കിൽ, അതിനെ അതിലും വലിയൊരു നന്മയിലേക്കുള്ള മാർഗമായി നാം കാണണം. പ്രസവവേദന ഒരു കുഞ്ഞെന്ന ദാനത്തിലേക്കു നയിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിൽ ദൈവഹിതം സഫലമാക്കുന്നതിനുള്ള വേദനകൾ ദൈവത്തിന്റെതന്നെ സാന്നിധ്യത്തിലേക്കു നയിക്കും. ക്ഷമയോടെയുള്ള സഹനം ഈ സാഹചര്യത്തിൽ പ്രത്യേകം പ്രധാനപ്പെട്ട ഒരു പുണ്യമാണ്. ഉദാഹരണത്തിന്, ഒരു ആസക്തിയെ അതിജീവിക്കുന്നതിലെ വേദനയോ, പ്രാർഥിക്കാൻ തോന്നാത്തപ്പോൾ പ്രാർഥിക്കുന്നതിലെ വേദനയോ, നമ്മെ വേദനിപ്പിച്ച ഒരാളോടു ക്ഷമിക്കുന്നതിലെ വേദനയോ എല്ലാം മനോവേദന അനുഗ്രഹമായി മാറുന്നതിന്റെ ഉദാഹരണങ്ങളാണ്. നമ്മുടെതന്നെ സ്വാർഥമായ ഇച്ഛയ്‌ക്കെതിരെ പോരാടുന്നത് പലപ്പോഴും ദുഷ്കരമാണ്. എന്നാൽ നമ്മുടെ ഉള്ളിൽ അത്തരമൊരു പോരാട്ടത്തിൽ ഏർപ്പെടുന്നതിന്റെ ഫലം സന്തോഷമാണ്. പാപത്തെ ജയിക്കുന്നതിൽ സന്തോഷമുണ്ട്. പ്രാർഥനയിൽ സ്ഥിരതയോടെ തുടരുന്നതിൽ സന്തോഷമുണ്ട്. ദൈവരാജ്യത്തിനുവേണ്ടി നാം സഹിക്കുന്ന ഓരോ ബുദ്ധിമുട്ടിലും സന്തോഷമുണ്ട്. എന്നാൽ സന്തോഷമായിരിക്കണമെന്നില്ല എല്ലായ്പ്പോഴും നമ്മുടെ ആദ്യത്തെ അനുഭവം. ആ സാഹചര്യത്തെ ക്ഷമയോടെ സഹിക്കുമ്പോൾ മാത്രമാണ് അത് അനുഭവപ്പെടുന്നത്.

ദൈവമഹത്വത്തിനായി നിങ്ങൾ ഇപ്പോൾ സഹിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വേദനയെക്കുറിച്ചോ, ചെയ്യാൻ ബുദ്ധിമുട്ടാണെന്നു തോന്നുന്നതിനാൽ നിങ്ങൾ ഇപ്പോൾ ഒഴിവാക്കുന്ന ഏതെങ്കിലും കാര്യത്തെക്കുറിച്ചോ ഇന്ന് വിചിന്തനം ചെയ്യുക. ഈ ബുദ്ധിമുട്ടുകളിൽനിന്ന് ഒഴിഞ്ഞുമാറരുത്. മഹത്വപൂർണമായ ഒരു ലക്ഷ്യത്തിലേക്കുള്ള മാർഗമായി അവയെ കാണുക. ദൈവം നിങ്ങളെ വിളിക്കുന്ന ശുദ്ധീകരണത്തിന്റെയും ദൗത്യത്തിന്റെയും “പ്രസവവേദനകൾ” സഹിക്കുക. തുടക്കത്തിൽ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കപ്പുറത്തേക്കു നോക്കുക; അപ്പോൾ നിങ്ങളെ കാത്തിരിക്കുന്ന അന്തിമഫലം നിങ്ങൾക്കു കാണാനാകും.

മഹത്വപൂർണനായ എന്റെ കർത്താവേ, പരിപൂർണമായ പുണ്യത്തോടെ അങ്ങ് പീഡാസഹനം ഏറ്റെടുത്തു. പിതാവിന്റെ ഹിതം നിറവേറ്റുന്നതിൽനിന്ന് അങ്ങ് ഒരിക്കലും വ്യതിചലിച്ചില്ല; അങ്ങയുടെ സ്ഥിരോത്സാഹത്തിന്റെ ഫലം ഉത്ഥാനത്തിന്റെ മഹത്വമായിരുന്നു. എന്റെ ജീവിതത്തിലെ കുരിശുകൾ ക്ഷമയോടെ സഹിക്കാൻ എന്നെ സഹായിക്കണമേ. അവയിൽനിന്ന് നിത്യാനന്ദമെന്ന നല്ല ഫലം അങ്ങ് പുറപ്പെടുവിക്കുമെന്നു കാണാനുള്ള പ്രത്യാശയും എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
ഒന്നാം ദിവസം – വെള്ളിയാഴ്ച, മേയ് 19

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ മുഖ്യചിത്രം: ഉണ്ണിയേശുവിനെ കൈകളിലേന്തിയിരിക്കുന്ന കന്യകാമറിയത്തെ ചിത്രീകരിക്കുന്ന വർണച്ചില്ലുചിത്രം, flickr മുഖേന