2023 മേയ് 23
ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

“അങ്ങ് എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി ഞാൻ ഭൂമിയിൽ അങ്ങയെ മഹത്വപ്പെടുത്തി. പിതാവേ, ലോകം ഉണ്ടാകുന്നതിനുമുമ്പ് അങ്ങയോടുകൂടെ എനിക്കുണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അങ്ങയുടെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ.” യോഹന്നാൻ 17:4–5
ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് തന്റെ ആത്മീയ മാസ്റ്റർപീസായ ആത്മീയ അഭ്യാസങ്ങൾ എന്ന കൃതിക്ക് അടിസ്ഥാനമാക്കുന്നത് ഈ ഒരു തത്ത്വമാണ്: നമ്മുടെ കർത്താവായ ദൈവത്തെ സ്തുതിക്കാനും വണങ്ങാനും സേവിക്കാനും അതുവഴി സ്വന്തം ആത്മാവിനെ രക്ഷിക്കാനുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ “തത്ത്വവും അടിത്തറയും” എന്ന് ഇഗ്നേഷ്യസ് വിശേഷിപ്പിക്കുന്നതിന്റെ സാരാംശം ഇതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ജീവിതലക്ഷ്യം രണ്ടുവിധമാണ്: ഒന്നാമതായി, നമ്മുടെ ജീവിതത്തിലൂടെ ദൈവത്തിന് സാധ്യമായ ഏറ്റവും വലിയ മഹത്വം നൽകാൻ നാം പരിശ്രമിക്കണം. രണ്ടാമതായി, ഈ ഏകാഗ്രമായ ലക്ഷ്യത്തിന്റെ ഫലമാണ് നമ്മുടെ ആത്മാക്കളുടെ രക്ഷ.
മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തിൽ, സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തിക്കൊണ്ട് ഭൂമിയിലെ തന്റെ മനുഷ്യജീവിതം പൂർണ്ണമായി നിറവേറ്റിയതിനെക്കുറിച്ച് യേശു സംസാരിക്കുന്നു. പൂർത്തിയാക്കാൻ പിതാവ് തന്നെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചുകൊണ്ടാണ് അവിടുന്ന് ഇത് ചെയ്തത്.
നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യം തേടുകയാണെങ്കിലോ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിലോ, ഇനി മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. മുകളിലുള്ള യേശുവിന്റെ വാക്കുകൾ നിങ്ങളുടെ ജീവിതത്തിന് ഏറ്റവും ഉത്തമമായ “തത്ത്വവും അടിത്തറയും” നൽകുന്നു. നമ്മുടെ കർത്താവിന്റെ ഈ സന്ദേശത്തെ മൂന്നു പാഠങ്ങളായി തിരിക്കാം.
ഒന്നാമതായി, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പിതാവിന് തീർച്ചയായും ഒരു പദ്ധതിയുണ്ട്. ആ പദ്ധതി കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിന് ഒരു ദൈവിക പദ്ധതിയുണ്ടെന്ന് അറിയുന്നതാണ് അത് നിറവേറ്റുന്നതിലേക്കുള്ള ആദ്യപടി. ദൈവത്തിന്റെ പദ്ധതി അറിയില്ലെങ്കിൽ, അത് നിറവേറ്റുക പ്രയാസമായിരിക്കും. അതിനാൽ, ഓരോ ദിവസവും ഈ പദ്ധതി വിവേചിച്ചറിയാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?
രണ്ടാമതായി, അനുദിനജീവിതത്തിൽ ദൈവം നിങ്ങളിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് വിവേചിച്ചറിയുമ്പോൾ, അവിടുത്തെ ഹിതം നിങ്ങൾ നിറവേറ്റണം. ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നതിന്റെ ഒരു ഭാഗം മാത്രം നിറവേറ്റാൻ ശ്രമിക്കുന്ന കെണിയിൽ ചിലപ്പോൾ നാം വീഴാറുണ്ട്. ഈ സമീപനത്തിലെ പ്രശ്നം ഇതാണ്: നാം യഥാർത്ഥത്തിൽ നിറവേറ്റുന്നത് ദൈവഹിതത്തിന്റെ “ഒരു ഭാഗം” മാത്രമായിരിക്കാം. എന്നാൽ അതു മതിയാകില്ല. നാം പൂർണ്ണത ലക്ഷ്യമാക്കണം. നമ്മുടെ ജീവിതത്തിൽ ദൈവഹിതം സമ്പൂർണ്ണമായി നിറവേറ്റാൻ നാം പരിശ്രമിക്കണം.
മൂന്നാമതായി, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം ഓരോ ദിവസവും യഥാർത്ഥത്തിൽ നിറവേറ്റാൻ നമുക്കു കഴിയുമെങ്കിൽ, നമ്മുടെ ജീവിതം സാധ്യമായ എല്ലാ വിധത്തിലും ദൈവത്തെ മഹത്വപ്പെടുത്തുക മാത്രമല്ല, ദൈവത്തിന്റെ മഹത്വത്തിൽ പങ്കുചേരാനുള്ള അനുഗ്രഹവും നമുക്കു ലഭിക്കും. ദൈവത്തിന്റെ മഹത്വത്തിൽ പങ്കുചേരുക എന്നത് ദൈവത്തിന്റെ തന്നെ ജീവനിൽ പങ്കുചേരുക എന്നതാണ്. ദൈവം നമ്മിൽ ജീവിക്കുമെന്നും നാം സ്വർഗത്തിലെ ആനന്ദങ്ങളിൽ പങ്കുകാരാകുമെന്നും അതിനർത്ഥം. അത് ഇവിടെ ഭൂമിയിൽത്തന്നെ ആരംഭിക്കുകയും ചെയ്യും. ഈ ലോകത്തിൽ നമുക്ക് സങ്കൽപ്പിക്കാനാകുന്നതിലും അപ്പുറമുള്ള ആനന്ദങ്ങളിൽ പങ്കുചേരാൻ നാം വിളിക്കപ്പെട്ടിരിക്കുമ്പോൾ, എന്തിന് ഭൗമികമായ “സന്തോഷങ്ങളിലും” സുഖങ്ങളിലും മാത്രം നാം തൃപ്തിപ്പെടണം?
തന്റെ മനുഷ്യസ്വഭാവത്തിൽ പിതാവിന്റെ ഹിതം പൂർണ്ണമായി നിറവേറ്റിയ യേശുവിന്റെ പ്രവൃത്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ കർത്താവ് ദൈവമായിരുന്നെങ്കിലും, അവിടുന്ന് പൂർണ്ണമനുഷ്യനുമായിരുന്നു. അതിനാൽ നിങ്ങളുടെ മാനുഷിക പോരാട്ടങ്ങളും ബലഹീനതകളും അവിടുന്ന് പൂർണ്ണമായി മനസ്സിലാക്കുന്നു. നിങ്ങൾ കടന്നുപോകുന്ന അനുഭവങ്ങൾ അവിടുന്ന് അറിയുന്നു; അവിടുത്തെ മനുഷ്യത്വം ജീവിതത്തിൽ നിങ്ങൾ പിന്തുടരേണ്ട മാതൃകയാണ്. അവിടുത്തെ മനുഷ്യജീവിതത്തെക്കുറിച്ചും ഓരോ ദിവസവും തന്റെ പിതാവിന്റെ ഹിതത്തോട് ഐക്യപ്പെട്ട് അവിടുന്ന് ജീവിച്ച രീതിയെക്കുറിച്ചും ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിൽ പിതാവിന്റെ ഹിതം പൂർണ്ണമായി നിറവേറ്റുക എന്ന ഈ ദൗത്യത്തിന് അചഞ്ചലമായി സ്വയം സമർപ്പിക്കുക; അപ്പോൾ നിങ്ങളും നമ്മുടെ കർത്താവിന്റെ മഹത്വത്തിൽ പങ്കുചേരും.
മഹത്വീകരിക്കപ്പെട്ട എന്റെ കർത്താവേ, അങ്ങ് ഇപ്പോൾ അങ്ങയുടെ മനുഷ്യസ്വഭാവത്തോടുകൂടി സ്വർഗത്തിലെ അങ്ങയുടെ പിതാവിന്റെ ആനന്ദത്തിലും മഹത്വത്തിലും പൂർണമായി പങ്കുചേരുന്നു. അങ്ങനെ, ഭൂമിയിലെ അങ്ങയുടെ ജീവിതം അനുകരിക്കാൻ മാത്രമല്ല, സ്വർഗത്തിൽ അതേ മഹത്വത്തിൽ പങ്കുചേരാനും അങ്ങ് എന്നെ ക്ഷണിക്കുന്നു. പ്രിയ കർത്താവേ, പിതാവ് എന്നെ വിളിച്ചേൽപ്പിക്കുന്നതെല്ലാം നിറവേറ്റാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. ഒരുനാൾ അങ്ങയുടെ മഹത്വത്തിൽ എനിക്കും പങ്കുചേരാനാകേണ്ടതിന്, എന്റെ ജീവിതം എല്ലാ വിധത്തിലും അങ്ങയെ പൂർണമായി അനുകരിക്കുമാറാകട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്താത്തിരുനാളിനുള്ള ഒരുക്കമായി പ്രാർത്ഥിക്കുന്നത്
അഞ്ചാം ദിവസം – മേയ് 23, ചൊവ്വാഴ്ച
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




