2023 മേയ് 30
ആണ്ടുവട്ടത്തിലെ എട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

യേശു പറഞ്ഞു: “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും വീടോ സഹോദരന്മാരെയോ സഹോദരിമാരെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിച്ചവരിൽ നൂറിരട്ടി അധികമായി ലഭിക്കാത്ത ആരുമില്ല…” മർക്കോസ് 10:29–30
“ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു” എന്ന് പത്രോസ് തന്നോടു പറഞ്ഞതിനുള്ള മറുപടിയാണ് യേശുവിന്റെ മേൽപ്പറഞ്ഞ വാക്കുകൾ. യേശുവിനെ അനുഗമിക്കാൻ താനും മറ്റു ശിഷ്യന്മാരും എത്രമാത്രം ത്യാഗം ചെയ്തുവെന്ന് എടുത്തുകാട്ടാൻ ശ്രമിച്ചുകൊണ്ട് പത്രോസ് സ്വയം അഭിനന്ദിക്കുന്നതുപോലെയായിരുന്നു അത്. അത് സത്യവുമായിരുന്നു; തങ്ങളുടെ മുൻകാല ജീവിതത്തിലെ എല്ലാം അവർ ഉപേക്ഷിച്ചിരുന്നു. യേശുവിന്റെ വിളിക്കു മറുപടിയായി വീടും തൊഴിലും ബന്ധങ്ങളും തങ്ങളുടെ പതിവു ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന സകലതും അവർ വിട്ടുപേക്ഷിച്ചു. അവർ യഥാർഥത്തിൽ പൂർണമായി സമർപ്പിതരായിരുന്നു.
പത്രോസിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, പ്രതീക്ഷിച്ച മറുപടിയല്ല യേശു നൽകുന്നത്. “അതെ, നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്; പത്രോസേ, അത് വളരെ പ്രശംസനീയമാണ്. നന്നായി ചെയ്തു, നന്ദി!” എന്ന് അവിടുന്ന് പത്രോസിനോടു പറയുന്നില്ല. പകരം, പത്രോസും മറ്റുള്ളവരും ചെയ്ത ത്യാഗം തക്ക മൂല്യമുള്ളതാണെന്ന് യേശു ഉടൻതന്നെ അവനു വിശദീകരിച്ചുകൊടുക്കുന്നു. യേശുവിനെ അനുഗമിക്കാനുള്ള അവരുടെ അചഞ്ചലമായ സമർപ്പണത്തിനു പ്രതിഫലമായി, അവരുടെ സങ്കൽപ്പങ്ങൾക്കപ്പുറമുള്ള സമ്മാനങ്ങൾ ലഭിക്കും. അങ്ങനെ, അവർ ചെയ്ത ഓരോ ത്യാഗത്തെക്കാളും എത്രയോ മടങ്ങു വലുതായിരിക്കും താൻ അവർക്കു നൽകുന്ന സമ്മാനങ്ങൾ എന്നാണ് യേശു പറഞ്ഞത്.
ഇത് പത്രോസിന്റെ ആത്മത്യാഗത്തെ ചെറുതാക്കുകയായിരുന്നില്ല; മറിച്ച്, യേശു അവനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. തന്നെ അനുഗമിക്കാനുള്ള തങ്ങളുടെ തീരുമാനത്തിൽ പൂർണവിശ്വാസം പുലർത്താൻ അവിടുന്ന് പത്രോസിനെയും മറ്റു ശിഷ്യന്മാരെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവരുടെ ത്യാഗം നൂറിരട്ടി പ്രതിഫലം നൽകും. അത് തീർച്ചയായും നല്ലൊരു നിക്ഷേപമാണ്.
ദൈവം നമ്മിൽനിന്ന് അമിതമായി ആവശ്യപ്പെടുന്നതുപോലെ തോന്നാനുള്ള പ്രലോഭനം ചിലപ്പോഴൊക്കെ നമുക്കെല്ലാവർക്കും ഉണ്ടാകാം. ദൈവം നമ്മിൽനിന്ന് വളരെയേറെ ആവശ്യപ്പെടുന്നുവെന്നത് സത്യമാണ്. നമ്മിൽനിന്ന് എല്ലാം അവിടുന്ന് ആവശ്യപ്പെടുന്നു. നമ്മുടെ ജീവിതം സമ്പൂർണമായും അവിടുത്തേക്കു ദാനമായി നൽകാൻ അവിടുന്ന് ആവശ്യപ്പെടുന്നു. സകല സ്വാർഥതയും ഉപേക്ഷിച്ച്, യാതൊരു ഒഴിവുമില്ലാതെ അവിടുത്തെ വിശുദ്ധ ഹിതത്തിനായി നമ്മെത്തന്നെ സമർപ്പിക്കാൻ അവിടുന്ന് നമ്മെ വിളിക്കുന്നു. എന്നാൽ, നമ്മുടെ ആത്മസമർപ്പണത്തിന്റെ പ്രതിഫലം നാം മനസ്സിലാക്കുന്നെങ്കിൽ, ആ പ്രതിഫലത്തോടു താരതമ്യം ചെയ്യുമ്പോൾ നാം ചെയ്യുന്ന ത്യാഗങ്ങൾ നിസ്സാരമായി തോന്നും.
അപ്പസ്തോലനായ വിശുദ്ധ പത്രോസിനോടൊപ്പം ഈ വാക്കുകൾ പറയാൻ നിങ്ങൾക്കു കഴിയുമോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക: “കർത്താവേ, അങ്ങയെ അനുഗമിക്കാൻ ഞാൻ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു.” നിങ്ങളുടെ ജീവിതം യഥാർത്ഥത്തിൽ പൂർണ്ണമായി യേശുക്രിസ്തുവിന് സമർപ്പിച്ചിട്ടുണ്ടോ? നമ്മുടെ കർത്താവിനുവേണ്ടി “ത്യജിക്കാൻ” മനസ്സില്ലാതെ നിങ്ങൾ ഇപ്പോഴും പിടിച്ചുവച്ചിരിക്കുന്ന കാര്യങ്ങളുണ്ടോ? പത്രോസിന്റെ ആ വാക്കുകൾ ധ്യാനിക്കുകയും നിങ്ങളുടെ ജീവിതത്തിൽ ഇനിയും യേശുവിന് സമർപ്പിക്കേണ്ട മേഖലകൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ മനസ്സുതുറക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ കർത്താവ് വാഗ്ദാനം ചെയ്ത പ്രതിഫലം നിങ്ങൾക്കു പ്രചോദനമാകട്ടെ. അങ്ങനെ, ഒന്നും പിടിച്ചുവയ്ക്കാതെ അവിടുത്തെ വിശുദ്ധ തിരുഹിതം അനുസരിക്കാൻ യഥാർത്ഥത്തിൽ എല്ലാം ഉപേക്ഷിക്കാൻ നിങ്ങൾക്കു കഴിയട്ടെ.
ഉദാരനായ എന്റെ കർത്താവേ, എന്നിലുള്ളതെല്ലാം അങ്ങ് ആവശ്യപ്പെടുന്നു. അങ്ങയുടെ പരിപൂർണ്ണമായ തിരുഹിതം തേടുമ്പോൾ എല്ലാം ഉപേക്ഷിക്കാൻ അങ്ങ് എന്നോട് ആവശ്യപ്പെടുന്നു. അങ്ങയുടെ വിളിക്ക് ഉത്തരം നൽകാനും, എന്തു വില കൊടുക്കേണ്ടിവരുമെന്ന് കണക്കുകൂട്ടാതെ അങ്ങയ്ക്കുവേണ്ടി ത്യാഗപൂർവ്വം ജീവിക്കാനും ആവശ്യമായ കൃപ എനിക്കു നൽകണമേ. പ്രിയ കർത്താവേ, അങ്ങയുടെ ഔദാര്യം വാക്കുകൾക്കതീതമാണ്. അങ്ങയെ അനുഗമിക്കുന്നത് ധാരാളം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിലെ മുഖ്യചിത്രം: യേശു തന്റെ അജഗണത്തെ വിശുദ്ധ പത്രോസിനെ ഏൽപ്പിക്കുന്നു — flickr-ൽ




