മലയാളം

പീഡനമനുഭവിക്കുക എന്ന “ദാനം”

ജൂൺ 20, 2023
ആണ്ടുവട്ടത്തിലെ പതിനൊന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും ശത്രുവിനെ ദ്വേഷിക്കുകയും ചെയ്യുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുവിൻ. അങ്ങനെ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.” മത്തായി 5:43–45

മറ്റുള്ളവരെ സ്നേഹിക്കണമെന്ന തന്റെ പുതിയ കല്പനയിലേക്കുള്ള ആഹ്വാനം യേശു കൂടുതൽ ആഴത്തിൽ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു. അവിടുന്ന് നമ്മെ ക്ഷണിക്കുന്ന സ്നേഹം സമൂലവും സമ്പൂർണവുമാണ്; തുടക്കത്തിൽ അത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കാം. നമ്മെ പീഡിപ്പിക്കുന്നവർ ഉൾപ്പെടെ എല്ലാവരെയും സ്നേഹിക്കണമെന്ന് കല്പിച്ചുകൊണ്ട്, നീതിയെക്കുറിച്ചുള്ള പഴയനിയമ ധാരണയ്ക്കും ഏറെ അപ്പുറത്തേക്കു കടക്കാൻ അവിടുന്ന് നമ്മെ വിളിക്കുന്നു. സ്നേഹിക്കാനുള്ള ഈ ആഹ്വാനം വേണമെങ്കിൽ മാത്രം സ്വീകരിക്കാവുന്ന ഒന്നല്ല, മറിച്ച് ഒരു കല്പനയാണ്. ഓരോ ക്രൈസ്തവനും അത് അനിവാര്യമാണ്.

ഈ കല്പന പ്രാവർത്തികമാക്കാൻ യേശു നമ്മോടു കല്പിക്കുക മാത്രമല്ല, സ്നേഹത്തിന്റെ ഈ ആഴത്തിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ച് വളരെ പ്രായോഗികമായ ചില ഉപദേശങ്ങളും നൽകുന്നു. നമ്മുടെ ശത്രുക്കളെ സ്നേഹിക്കുക മാത്രമല്ല, അവർ നമ്മെ പീഡിപ്പിക്കുമ്പോൾ അവർക്കുവേണ്ടി പ്രാർഥിക്കുകയും വേണമെന്ന് അവിടുന്ന് പറയുന്നു. ഒന്നാമതായി, ഏതെങ്കിലും വിധത്തിൽ നമ്മെ ദ്രോഹിക്കാൻ ശ്രമിക്കുകയും, പൊതുവേ പറഞ്ഞാൽ, നമുക്കെതിരായി പാപം ചെയ്യുകയും ചെയ്യുന്ന ഒരാളാണ് “ശത്രു”. ഇത്തരം അനുഭവങ്ങളോടുള്ള സാധാരണ പ്രതികരണം സ്വയം പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്യുക എന്നതാണ്. അതിനാൽ, അത്തരം ഏതൊരു പ്രലോഭനവും നിരസിക്കുകയാണ് ആദ്യപടി. ഇതിനു തൊട്ടുമുമ്പുള്ള സുവിശേഷഭാഗത്ത് യേശു പറഞ്ഞതുപോലെ, “ദുഷ്ടനെ എതിർക്കരുത്.”

ഇന്നത്തെ സുവിശേഷഭാഗം നമ്മെ അതിലും മുന്നോട്ടു നയിക്കുന്നു. “നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ” എന്നതാണ് നമ്മുടെ കർത്താവ് നൽകുന്ന പ്രായോഗിക ഉപദേശം. ഒരാളോട് “പകരംവീട്ടാനോ”, അയാൾ നമ്മോടു ചെയ്യുന്നതിനെ വെറുതെ “എതിർക്കാനോ” ഉള്ള പ്രലോഭനത്തെ നിരസിക്കുക മാത്രമല്ല ഈ കല്പന ആവശ്യപ്പെടുന്നത്. ഇനി നിങ്ങൾ അയാൾക്കുവേണ്ടി പ്രാർഥിക്കുകയും വേണം. നിങ്ങൾക്കെതിരായി പാപം ചെയ്യുന്ന ഒരാൾക്കുവേണ്ടി പ്രാർഥിക്കുന്നത് അത്യുന്നതമായ ഉപവിയുടെയും ഉദാരതയുടെയും പ്രവൃത്തിയാണ്. ദൈവത്തിന്റെ സമൃദ്ധമായ കരുണയെ അനുകരിക്കാനുള്ള വളരെ പ്രായോഗികമായ ഒരു മാർഗവുമാണത്. അതുകൊണ്ട്, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നത് നിങ്ങളെ ആന്തരികമായി സമൂലം രൂപാന്തരപ്പെടുത്തുകയും വിശുദ്ധരാക്കുകയും ചെയ്യുന്നു. ഒരർഥത്തിൽ, മറ്റൊരാൾ നിങ്ങളോടു ചെയ്യുന്ന തിന്മ നിങ്ങൾക്കു ലഭിക്കുന്ന ഒരു ദാനമായി മാറാൻ സാധ്യതയുണ്ട്; കാരണം, നിങ്ങളെ വേദനിപ്പിച്ച പ്രവൃത്തിക്കു പകരമായി പ്രാർഥന നൽകാൻ അത് നിങ്ങൾക്ക് അവസരമൊരുക്കുന്നു. നമ്മുടെ കർത്താവിന്റെ ഈ പുതിയ കല്പനയനുസരിച്ച് നാം സ്വീകരിക്കേണ്ട, തികച്ചും യഥാർഥവും പ്രായോഗികവുമായ ഒരു ദാനമാണത്.

ഈ പുതിയ കല്പന ആരെല്ലാം വേണ്ടിയാണ് പ്രാർഥിക്കാൻ നിങ്ങളെ വിളിക്കുന്നതെന്ന് ഇന്ന് ധ്യാനിക്കുക. ആരുടെ പാപമാണ് നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ വേദനയോ ദ്രോഹമോ വരുത്തിയിട്ടുള്ളത്? ആരോടാണ് നിങ്ങൾ മനസ്സിൽ പക വച്ചുപുലർത്തുന്നത്? ആരുതന്നെ മനസ്സിൽ വന്നാലും, ആ വ്യക്തിക്കുവേണ്ടി ആഴത്തിലും നിരന്തരമായും പ്രാർഥിക്കാൻ തീരുമാനിക്കുക. അയാൾക്കുവേണ്ടി ഇടയ്ക്കിടെ പ്രാർഥിക്കുക; പീഡനം തുടരുന്നിടത്തോളം ആ പ്രാർഥന തുടരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നത്, നിങ്ങളെ ദ്രോഹിക്കാനുള്ള ചെറുതും വലുതുമായ എല്ലാ ശ്രമങ്ങളെയും അവർക്കു കൃപയായും നിങ്ങൾക്കു വിശുദ്ധിയായും രൂപാന്തരപ്പെടുത്തും.

കരുണാസമൃദ്ധനായ എന്റെ കർത്താവേ, എന്നെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കണമെന്ന അങ്ങയുടെ കല്പന ആദ്യം പൂർണതയോടെ ജീവിച്ചുകാണിച്ചത് അങ്ങുതന്നെയാണ്. കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ അങ്ങയെ ക്രൂശിച്ചവർക്കുവേണ്ടി അങ്ങ് പ്രാർഥിച്ചു. എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവരോടും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നവരോടും ക്ഷമിക്കാൻ മാത്രമല്ല, അവർക്കുവേണ്ടി പ്രാർഥിക്കാനും എനിക്കാവശ്യമായ കൃപ നൽകണമേ. എനിക്കെതിരെ ചെയ്യപ്പെടുന്ന ഓരോ പാപവും സ്നേഹമായും എന്റെ ജീവിതവിശുദ്ധിയായും രൂപാന്തരപ്പെടുംവിധം കരുണ നിറഞ്ഞ ഒരു ഹൃദയം എനിക്കു നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: സെബസ്ത്യാനോ റിച്ചിയുടെ ഗിരിപ്രഭാഷണം, Web Gallery of Art വഴി