2023 ജൂൺ 24, ശനിയാഴ്ച
വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനമഹോത്സവം

ഇതെല്ലാം കേട്ടവർ ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ട്, “അപ്പോൾ ഈ ശിശു ആരായിത്തീരും?” എന്നു ചോദിച്ചു. തീർച്ചയായും കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു. ശിശു വളർന്നു, ആത്മാവിൽ ശക്തിപ്രാപിച്ചു. ഇസ്രായേലിനു വെളിപ്പെടുന്ന ദിവസംവരെ അവൻ മരുഭൂമിയിൽ കഴിഞ്ഞു. ലൂക്കാ 1:65–66
സ്നാപകയോഹന്നാൻ കർത്താവിന്റെ കരങ്ങളാൽ രൂപപ്പെട്ടവനായിരുന്നു. “അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും” (ലൂക്കാ 1:15) എന്ന് എഴുതിയിരിക്കുന്നതുപോലെ, യോഹന്നാൻ തന്റെ അമ്മയായ എലിസബത്തിന്റെ ഉദരത്തിൽവച്ചുതന്നെ വിശുദ്ധീകരിക്കപ്പെട്ടു എന്നുവരെ വിശുദ്ധ തോമസ് അക്വിനാസ് പറയുന്നു. പരിശുദ്ധ കന്യകാമറിയം എലിസബത്തിനെ അഭിവാദനം ചെയ്യുകയും യോഹന്നാൻ ആനന്ദത്താൽ കുതിച്ചുചാടുകയും ചെയ്ത നിമിഷംമുതൽ, കർത്താവിന്റെ കരം യോഹന്നാന്റെമേൽ ഉണ്ടായിരുന്നു. അത് അവനെ വിശുദ്ധനാക്കുകയും ദൈവത്തിന്റെ പരിശുദ്ധ ഹിതം നിറവേറ്റുന്നതിലേക്ക് നയിക്കുകയും ചെയ്തു.
മുകളിൽ ഉദ്ധരിച്ച ഭാഗത്തിലല്ലാതെ യോഹന്നാന്റെ ബാല്യകാലജീവിതം നമുക്കുവേണ്ടി രേഖപ്പെടുത്തിയിട്ടില്ല. അവൻ “വളർന്നു, ആത്മാവിൽ ശക്തിപ്രാപിച്ചു. ഇസ്രായേലിനു വെളിപ്പെടുന്ന ദിവസംവരെ അവൻ മരുഭൂമിയിൽ കഴിഞ്ഞു” എന്നു നാം വായിക്കുന്നു. യോഹന്നാൻ അമ്മയുടെ ഉദരത്തിൽവച്ച് വിശുദ്ധീകരിക്കപ്പെട്ടു എന്നുമാത്രമല്ല, ബാല്യത്തിലുടനീളവും പ്രായപൂർത്തിയായശേഷവും ദൈവത്തോട് ഗാഢമായി ഐക്യപ്പെട്ട് പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായി നിലകൊണ്ടു എന്ന സത്യവും ഈ ഭാഗത്തിൽ നാം കാണണം.
ഇന്ന് യോഹന്നാന്റെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവത്തെ—അവന്റെ ജനനത്തെ—നാം ആദരിക്കുന്നു. എലിസബത്തിന്റെയും സഖറിയായുടെയും അനുഗൃഹീത കുടുംബത്തിൽ ജനിക്കാനുള്ള ഭാഗ്യം മാത്രമല്ല അവനു ലഭിച്ചതെന്ന് നമുക്കറിയാം. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം അവന്റെ ബന്ധുവുമായിരുന്നു; അവന്റെ ജനനസമയത്ത് അവൾ അവിടെ സന്നിഹിതയുമായിരുന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്നു വിളിക്കുന്നതായിരുന്നു പതിവെങ്കിലും, അവന്റെ പിതാവായ സഖറിയാ അവന് “യോഹന്നാൻ” എന്നു പേരിട്ടു. യോഹന്നാന്റെ ജനനത്തിനുമുമ്പ് തനിക്കു പ്രത്യക്ഷപ്പെട്ട് അങ്ങനെ ചെയ്യാൻ നിർദേശിച്ച മുഖ്യദൂതനായ ഗബ്രിയേലിനെ അനുസരിച്ചാണ് സഖറിയാ ഇങ്ങനെ ചെയ്തത്.
യോഹന്നാന്റെ ജനനം വലിയ നിഗൂഢതയും ആവേശവും നിറഞ്ഞതായിരുന്നു. അവന്റെ ജനനസമയത്ത് സന്നിഹിതരായിരുന്നവർ, അവൻ ആരായിത്തീരുമെന്ന ആകാംക്ഷയിലും പ്രത്യാശയിലും മുഴുകിയിരിക്കുമെന്നതിൽ സംശയമില്ല. യോഹന്നാൻ അവരെ നിരാശപ്പെടുത്തിയില്ല. അവനെക്കുറിച്ചാണ് യേശു പിന്നീട് ഒരിക്കൽ ഇങ്ങനെ പറഞ്ഞത്: “ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല…” (ലൂക്കാ 7:28).
അമ്മയുടെ ഉദരത്തിൽവച്ച് വിശുദ്ധീകരിക്കപ്പെടാനുള്ള ഭാഗ്യമോ, നിങ്ങളുടെ ജനനത്തിനുമുമ്പ് നിങ്ങളുടെ പിതാവിനു മുഖ്യദൂതനായ ഗബ്രിയേലിൽനിന്ന് ഒരു വെളിപാട് ലഭിക്കാനുള്ള ഭാഗ്യമോ നിങ്ങൾക്കുണ്ടായിട്ടില്ലായിരിക്കാം. എങ്കിലും, ഓരോ ദിവസവും കർത്താവിന്റെ കരത്താൽ നയിക്കപ്പെടാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കായി നൽകിയിരിക്കുന്ന അതുല്യമായ ദൈവഹിതം നിറവേറ്റാൻ കഴിയേണ്ടതിന് നിങ്ങൾ “ആത്മാവിൽ ശക്തിപ്രാപിക്കണം” എന്നു ദൈവം ആഗ്രഹിക്കുന്നു. മഹാവിശുദ്ധരെ നാം ആദരിക്കുന്നതിന്റെ ഒരു കാരണം, എങ്ങനെ ജീവിക്കണം എന്നതിന് അവർ നമുക്ക് മാതൃക നൽകുന്നു എന്നതാണ്. അതിനാൽ, അവരുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നാം അനുകരിക്കേണ്ട മാതൃക കാണണം. വിശുദ്ധ സ്നാപകയോഹന്നാൻ നൽകിയ പ്രധാന സാക്ഷ്യം ഇതാണ്: അവൻ അചഞ്ചലമായി ദൈവത്തെ അനുസരിക്കുകയും ദൈവത്തിന്റെ കരങ്ങളാൽ രൂപപ്പെടുത്തപ്പെടാൻ തന്നെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്തു. അതിന്റെ ഫലമായി, രക്തസാക്ഷിയായി ജീവൻ അർപ്പിക്കുന്നതുവരെ, തന്റെ ജീവിതത്തിലെ അതുല്യമായ ദൗത്യം അവൻ മഹത്വപൂർവം നിറവേറ്റി.
ഗർഭാവസ്ഥയിൽ നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടില്ലെങ്കിലും, മാമ്മോദീസയിലൂടെ നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടു എന്ന യാഥാർഥ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. തുടർന്ന്, സ്ഥൈര്യലേപനത്തിലൂടെ നിങ്ങൾ പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുത്തപ്പെട്ടു; അതിവിശുദ്ധ കുർബാനയിലൂടെ നിങ്ങൾക്ക് പതിവായി പോഷണം ലഭിക്കുകയും ചെയ്യുന്നു. പലവിധത്തിലും യോഹന്നാനെപ്പോലെതന്നെ നിങ്ങളും അനുഗൃഹീതരാണ്. തന്റെ പരിശുദ്ധ ദൗത്യത്തിനായി നിങ്ങളെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന ലളിതവും എന്നാൽ ആഴമേറിയതുമായ സത്യത്തെക്കുറിച്ച് ധ്യാനിക്കുക. മറ്റാർക്കും ഏൽപ്പിച്ചിട്ടില്ലാത്ത ഒരു പ്രത്യേക ദൗത്യം അവിടുന്ന് നിങ്ങൾക്കു നൽകുന്നു. സ്വർഗരാജ്യത്തിൽ നിങ്ങളും “വലിയവരായി” കാണപ്പെടേണ്ടതിന്, ഇന്ന് ആ ദൗത്യത്തോട് “അതെ” എന്നു പറയുക.
എല്ലാ മഹത്വത്തിന്റെയും നാഥാ, അങ്ങ് വിശുദ്ധ സ്നാപകയോഹന്നാനെ അമ്മയുടെ ഉദരത്തിൽവച്ച് വിശുദ്ധീകരിക്കുകയും അവന്റെ ജീവിതത്തിലുടനീളം അവന്റെമേൽ അങ്ങയുടെ കൃപ ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. അവൻ അങ്ങയോട് പ്രത്യുത്തരിക്കുകയും തന്റെ മഹത്വപൂർണമായ ദൗത്യം നിറവേറ്റുകയും ചെയ്തു. മാമ്മോദീസയിലൂടെ എനിക്കു നൽകപ്പെടുകയും സ്ഥൈര്യലേപനത്തിലൂടെയും വിശുദ്ധ കുർബാനയിലൂടെയും ശക്തിപ്പെടുത്തപ്പെടുകയും ചെയ്ത വിശുദ്ധീകരണത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എനിക്കു നൽകിയിരിക്കുന്ന അതുല്യമായ ദൗത്യം നിറവേറ്റാൻ കഴിയേണ്ടതിന്, അങ്ങ് നൽകാനാഗ്രഹിക്കുന്ന എല്ലാ കൃപകളും സ്വീകരിക്കാൻ തുറന്ന മനസ്സുള്ളവനാകാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
കൂടുതൽ വായനയ്ക്ക് – വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനം



