ജൂലൈ 1, 2023
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ജൂനിപ്പെറോ സെറ, പുരോഹിതൻ—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം

യേശു പത്രോസിന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ, അവന്റെ അമ്മായിയമ്മ പനി പിടിച്ചു കിടക്കുന്നതു കണ്ടു. അവിടുന്ന് അവളുടെ കൈയിൽ സ്പർശിച്ചു; പനി അവളെ വിട്ടുമാറി. അവൾ എഴുന്നേറ്റ് അവിടുത്തെ ശുശ്രൂഷിച്ചു. മത്തായി 8:14–15
നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തോട് നാം എങ്ങനെയാണ് ഉചിതമായി പ്രതികരിക്കേണ്ടത്? ഈ ചോദ്യത്തിനുള്ള ഉത്തരമായി മുകളിലെ വചനഭാഗത്തിൽ പത്രോസിന്റെ അമ്മായിയമ്മയുടെ സാക്ഷ്യം നമുക്കു നൽകപ്പെട്ടിരിക്കുന്നു. സൗഖ്യം പകരുന്ന ദൗത്യം യേശു നിരന്തരം നിർവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതു ശ്രദ്ധിക്കണം. വാസ്തവത്തിൽ, പത്രോസിന്റെ വീട്ടിലെത്തുന്നതിനു തൊട്ടുമുമ്പാണ് യേശു ഒരു ശതാധിപന്റെ ദാസനെ സുഖപ്പെടുത്തിയത്. തന്റെ വീട്ടിൽ അവിടുന്ന് പ്രവേശിക്കാൻപോലും താൻ യോഗ്യനല്ല എന്നു പറഞ്ഞുകൊണ്ട് ശതാധിപൻ യേശുവിന്റെ അടുത്തെത്തിയപ്പോൾ, യേശു അയാളുടെ വിശ്വാസം കണ്ട് ദൂരത്തുനിന്നുതന്നെ അയാളുടെ ദാസനെ സുഖപ്പെടുത്തി. യേശു പത്രോസിന്റെ വീട്ടിലെത്തിയശേഷം, പിശാചുബാധിതരായവരെ അനേകം ആളുകൾ അവിടുത്തെ അടുക്കൽ കൊണ്ടുവന്നെന്നും അവരെയെല്ലാം അവിടുന്ന് സുഖപ്പെടുത്തിയെന്നും നാം വായിക്കുന്നു. എന്നാൽ, ആ ദാസന്റെ സൗഖ്യത്തിനും അനേകരുടെ സൗഖ്യത്തിനും ഇടയിൽ മറ്റൊരു രോഗശാന്തി നടന്നു. ഈ രോഗശാന്തിയോടുള്ള പ്രതികരണം നമുക്കു മനോഹരമായ ഒരു മാതൃക നൽകുന്നു.
പത്രോസിന്റെ അമ്മായിയമ്മ രോഗബാധിതയായി പനി പിടിച്ചു കിടക്കുകയായിരുന്നു. അവളുടെ രോഗം എത്രത്തോളം ഗുരുതരമായിരുന്നു എന്നു വ്യക്തമല്ല. എങ്കിലും കിടപ്പിലാകുന്നത്ര രോഗബാധിതയായിരുന്നു അവൾ എന്നതു വസ്തുതയാണ്. അവളെ സുഖപ്പെടുത്താൻ ആരും യേശുവിനോട് ആവശ്യപ്പെട്ടിരുന്നില്ല എന്നതു ആദ്യം ശ്രദ്ധിക്കുക. മറിച്ച്, അവൾ രോഗബാധിതയായി കിടക്കുന്നത് അവിടുന്ന് “കണ്ടു”; സ്വന്തം ഇഷ്ടപ്രകാരം അവളുടെ അടുത്തുചെന്ന് “അവളുടെ കൈയിൽ സ്പർശിച്ചു”; അവൾ സുഖം പ്രാപിക്കുകയും ചെയ്തു.
യേശു നൽകിയ രോഗശാന്തി വിവരിക്കുന്ന അതേ വാക്യത്തിൽത്തന്നെ, “അവൾ എഴുന്നേറ്റ് അവിടുത്തെ ശുശ്രൂഷിച്ചു” എന്നു നാം വായിക്കുന്നു. ഒന്നാമതായി, “അവൾ എഴുന്നേറ്റു.” കൃപയുടെ സ്പർശമേൽക്കുമ്പോൾ നാം ചെയ്യേണ്ടതിന്റെ പ്രതീകാത്മകമായ ഒരു ചിത്രീകരണമായി ഇതിനെ കാണണം. ദൈവകൃപ നമുക്കു ലഭിക്കുമ്പോൾ, അത് നമ്മെ എഴുന്നേൽപ്പിക്കുന്ന ഫലം നമ്മിൽ ഉളവാക്കണം. നാം പാപം ഏറ്റുപറഞ്ഞ് ക്ഷമ സ്വീകരിക്കുമ്പോൾ, പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിൽ, പാപത്തിൽനിന്ന് എഴുന്നേൽക്കുന്നു. മാർഗദർശനവും വ്യക്തതയും പ്രത്യാശയും നൽകാൻ ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോഴെല്ലാം നാം എഴുന്നേൽക്കുന്നു. പാപവും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ഭാരം നീക്കിക്കളയാൻ ശക്തി പ്രാപിക്കുന്നതാണ് ഈ എഴുന്നേൽക്കൽ. നവീകരിക്കപ്പെട്ടവരായി, ദൈവഹിതം നിറവേറ്റാൻ ദൃഢനിശ്ചയം ചെയ്ത് നാം ശക്തിയോടെ എഴുന്നേൽക്കുന്നു.
ഈ സ്ത്രീ എഴുന്നേറ്റശേഷം യേശുവിനെ “ശുശ്രൂഷിച്ചു.” കൃപയുടെ സ്പർശമേൽക്കുമ്പോൾ നാം എഴുന്നേൽക്കുന്നതിന്റെ കാരണം ഇതാണ്. നമ്മുടെ പാപത്തിലേക്കു മടങ്ങാനോ സ്വന്തം സംരംഭങ്ങളുടെ പിന്നാലെ പോകാനോ സ്വന്തം ഇഷ്ടം നിറവേറ്റാനോ അല്ല നമുക്കു ദൈവകൃപ നൽകപ്പെടുന്നത്. നമ്മുടെ കർത്താവിനെ ശുശ്രൂഷിക്കാനും അവിടുത്തെ പരിശുദ്ധ ഹിതം നിറവേറ്റാനുമായാണ് നാം എഴുന്നേൽക്കുന്നത്. ഒരർഥത്തിൽ, നമ്മുടെ ജീവിതത്തിലെ യേശുവിന്റെ പ്രവർത്തനങ്ങൾ നമ്മുടെമേൽ ഒരു വിശുദ്ധ ഭാരം ഏൽപ്പിക്കുന്നു. എന്നാൽ അത് ലഘുവായ ഒരു ഭാരമാണ്. നമ്മുടെ കർത്താവിനെ ശുശ്രൂഷിക്കാനും, അവിടുത്തെയും അവിടുത്തെ പരിശുദ്ധ ഹിതത്തിന്റെയും അവിടുന്ന് നമ്മെ വിളിക്കുന്ന എല്ലാ കാര്യങ്ങളുടെയും സേവനത്തിനായി നമ്മെത്തന്നെ സമർപ്പിക്കാനുമുള്ള കടമയാണത്.
ഇന്ന്, സുവിശേഷത്തിലെ ഈ ത്രിവിധ പ്രവർത്തനത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ പ്രാർഥനയിൽ യേശു നിങ്ങളെ സമീപിക്കുന്നതും സ്പർശിക്കുന്നതും കാണുക. നിങ്ങൾ അവിടുത്തോടു പ്രാർഥിക്കുന്നതുകൊണ്ടു മാത്രമല്ല, നിങ്ങൾ പ്രതികരിക്കുമെന്നു കാണുമ്പോൾ സ്വന്തം മുൻകൈയാലും അവിടുന്ന് നിങ്ങളുടെ അടുത്തേക്കു വരുന്നുവെന്ന് അറിയുക. തുടർന്ന് നിങ്ങളുടെ പ്രതികരണത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങളെ തളർത്തിക്കിടത്തുന്നതിൽനിന്ന് എഴുന്നേൽക്കുക. നിങ്ങൾ വഹിക്കുന്ന ഭാരങ്ങളിൽനിന്ന് നിങ്ങളെ മോചിപ്പിക്കാൻ ദൈവകൃപയെ അനുവദിക്കുക. അവിടുന്ന് ഈ കൃപ നിങ്ങൾക്കു നൽകുമ്പോൾ, അവിടുത്തെ ശുശ്രൂഷിക്കാനും അവിടുത്തെ ഹിതം മാത്രം നിറവേറ്റാനും ദൃഢനിശ്ചയം ചെയ്യുക. നമ്മുടെ കർത്താവിനെ ശുശ്രൂഷിക്കാനായാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നത്, അവിടുത്തെ സ്നേഹസ്പർശത്തിലൂടെ അവിടുത്തെ കൃപ നിരന്തരം സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കും.
എന്റെ കരുണാമയനായ യേശുവേ, അങ്ങയുടെ കൃപയാൽ എന്നെ സ്പർശിക്കാൻ കൈ നീട്ടിക്കൊണ്ട് അങ്ങ് നിരന്തരം എന്റെ അടുത്തേക്കു വരുന്നു. ഓരോ ദിവസവും ഞാൻ സൗഖ്യവും ശക്തിയും പ്രാപിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. അങ്ങ് എനിക്കു നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ മനസ്സു തുറക്കുവാൻ എന്നെ സഹായിക്കണമേ. എന്നെ തളർത്തിക്കിടത്തുന്ന എല്ലാറ്റിൽനിന്നും എന്നെ മോചിപ്പിക്കണമേ. എന്നിലൂടെ അങ്ങയുടെ രാജ്യം കൂടുതൽ പൂർണമായി കെട്ടിപ്പടുക്കപ്പെടേണ്ടതിന്, അങ്ങയെയും അങ്ങയുടെ പരിശുദ്ധ ഹിതത്തെയും സേവിക്കാൻ ഞാൻ എഴുന്നേൽക്കട്ടെ. യേശുവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ജൂനിപ്പെറോ സെറ, പുരോഹിതൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



