2023 ജൂലൈ 4
ആണ്ടുവട്ടക്കാലം പതിമൂന്നാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
സ്വാതന്ത്ര്യദിനം—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം
പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്—ഐച്ഛിക അനുസ്മരണം
(അമേരിക്കയിൽ ജൂലൈ 5-ന് ആചരിക്കുന്നു)

യേശു ഒരു വള്ളത്തിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. പെട്ടെന്ന് കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി; തിരമാലകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറിക്കൊണ്ടിരുന്നു. എന്നാൽ അവൻ ഉറങ്ങുകയായിരുന്നു. മത്തായി 8:23–24
ഈ അനുഭവം ശിഷ്യന്മാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. സമാന്തര സുവിശേഷങ്ങൾ മൂന്നിലും ഇത് രേഖപ്പെടുത്തിയിരിക്കുന്നതുതന്നെ അതിനു തെളിവാണ്. യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയതിനുശേഷമുള്ള വിവരണത്തിന്റെ അവസാനവാക്കുകളിലും നാം ഇതു കാണുന്നു: “അവർ ആശ്ചര്യത്തോടെ പറഞ്ഞു: ‘കാറ്റും കടലുംപോലും അനുസരിക്കുന്ന ഇവൻ എങ്ങനെയുള്ള മനുഷ്യനാണ്?’”
പരമ്പരാഗതമായി, ഈ സംഭവത്തെ സഭയുടെ മുഴുവനായുള്ള പ്രതീകമായും ഓരോ ആത്മാവിന്റെയും പ്രതീകമായും വ്യാഖ്യാനിച്ചുപോരുന്നു. ഈ ജീവിതത്തിലെ അപകടങ്ങൾ തരണംചെയ്യാൻ ക്രൈസ്തവരായ നമ്മെ സഹായിക്കുന്ന സഭയുടെ പ്രതീകമാണ് വള്ളം. അതിജീവിക്കാൻ നാം സഭയിൽ നിലനിൽക്കണം. വള്ളത്തിലുള്ള ഓരോ വ്യക്തിയും സഭാംഗങ്ങളായ നമ്മിൽ ഓരോരുത്തരെയും പ്രതിനിധാനം ചെയ്യുന്നു. ജീവിതത്തിൽ നാം സഹിക്കുന്ന അനേകം വ്യക്തിപരമായ പോരാട്ടങ്ങളുടെയും, സഭ സഹിച്ചിട്ടുള്ളതും കാലാന്ത്യംവരെ സഹിച്ചുകൊണ്ടിരിക്കേണ്ടതുമായ പീഡനങ്ങളുടെയും പ്രതീകമാണ് ഉഗ്രമായ കൊടുങ്കാറ്റ്.
കൊടുങ്കാറ്റ് വള്ളത്തെ പിടിച്ചുലച്ചപ്പോൾ യേശു ഉറങ്ങുകയായിരുന്നു. എന്നാൽ അവൻ ഉറങ്ങിക്കിടന്നതിന് ഒരു കാരണമുണ്ടായിരുന്നു. മനുഷ്യചരിത്രത്തിലേക്ക്, പ്രത്യേകിച്ച് സഭാചരിത്രത്തിലേക്ക് നോക്കുമ്പോൾ, പ്രക്ഷുബ്ധതയും പീഡനവും കഷ്ടതകളും ഉയർന്നുവന്ന പല അവസരങ്ങളിലും ദൈവം സന്നിഹിതനല്ലെന്നോ “ഉറങ്ങുകയാണെന്നോ” തോന്നിയിട്ടുള്ളതായി നാം കാണുന്നു. എല്ലാവർക്കുമല്ലെങ്കിലും പലർക്കും ജീവിതത്തിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഈ കൊടുങ്കാറ്റിലൂടെ കടന്നുപോകുന്ന ശിഷ്യന്മാർ, ജീവിതത്തിൽ നിരാശയിലേക്കു വീഴാനുള്ള പ്രലോഭനം നേരിടുമ്പോൾ നമുക്കു പ്രാർഥിക്കാൻ ഉത്തമമായ ഒരു മാതൃക നൽകുന്നു. അവർ യേശുവിനെ ഉണർത്തി പറയുന്നു: “കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! ഞങ്ങൾ നശിച്ചുപോകുന്നു!” അവരുടെ വിശ്വാസക്കുറവിനെയും ഭയത്തെയുംപ്രതി യേശു അവരെ ശാസിക്കുന്നുണ്ടെങ്കിലും, അവരുടെ യാചനകൾക്കു മറുപടി നൽകി അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ ശിഷ്യന്മാർ എന്താണു ചെയ്യേണ്ടിയിരുന്നത്? അവർ വിശ്വസിച്ച് യേശുവിനെ ഉറങ്ങാൻ അനുവദിക്കണമായിരുന്നോ? വിശ്വാസക്കുറവിനെപ്രതി നമ്മുടെ കർത്താവ് അവരെ ശാസിച്ചെങ്കിലും, ഈ സംഭവം പ്രധാനമായും വെളിപ്പെടുത്തുന്നത് ഭയത്തിനു വഴങ്ങാനുള്ള പ്രലോഭനം നാം നേരിടുമ്പോഴുള്ള ദൈവത്തിന്റെ കരുണയാണ്. ചില സമയങ്ങളിൽ നാമെല്ലാവരും തളർന്നുപോകുമെന്നും ഇത്തരത്തിലുള്ള പ്രലോഭനം നേരിടുമെന്നും ദൈവത്തിനറിയാം. നമ്മുടെ വിശ്വാസം പൂർണ്ണമല്ലെന്ന് അവിടുത്തേക്കറിയാം. അതിനാൽ നമുക്കായി ഈ മാതൃക നൽകാൻ അവിടുന്ന് തന്റെ ശിഷ്യന്മാരെ അനുവദിച്ചു. അതുകൊണ്ട്, ജീവിതത്തിൽ നാം തളർന്നുപോകുകയും ഭയപ്പെടുകയും ചെയ്യുമ്പോഴെല്ലാം, നമ്മെ രക്ഷിക്കണമെന്നു നാം അവിടുത്തോടു നിലവിളിക്കണം. നാം അവിടുത്തിലേക്കു തിരിയണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
ഇന്ന് ശിഷ്യന്മാരുടെ ഈ പ്രാർഥനയെക്കുറിച്ചു വിചിന്തനം ചെയ്യുക. വ്യക്തിപരമായ ഏതെങ്കിലും പ്രതിസന്ധിയോ, പരിഹരിക്കപ്പെടാതെ തുടരുന്ന കൂടുതൽ ഗൗരവമുള്ള ഒരു കുടുംബപ്രശ്നമോ നിങ്ങൾ നേരിടുന്നുവെങ്കിൽ, അല്ലെങ്കിൽ സഭയെയോ സമൂഹത്തെ മുഴുവനായോ ബാധിക്കുന്ന മറ്റു സംഘർഷങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ ബോധവാനാകുന്നുവെങ്കിൽ, ശിഷ്യന്മാരുടെ ഈ പ്രാർഥന അനുകരിക്കാൻ ശ്രമിക്കുക: “കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! ഞങ്ങൾ നശിച്ചുപോകുന്നു!” ഒറ്റനോട്ടത്തിൽ ഇവ നിരാശയുടെ വാക്കുകളായി തോന്നിയേക്കാമെങ്കിലും, വാസ്തവത്തിൽ ഇവ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വാക്കുകളാണ്. നമ്മുടെ ആത്മാവിലും കുടുംബങ്ങളിലും സഭയിലും നമ്മുടെ ലോകത്തിലും നാം തേടുന്ന സമാധാനത്തിന്റെ ഏക ഉറവിടമായ അവിടുത്തിലേക്കാണ് ഈ വാക്കുകൾ നമ്മെ നയിക്കുന്നത്. നിങ്ങളും മറ്റുള്ളവരും “നശിച്ചുപോകുന്നു” എന്ന തോന്നൽ അനുഭവിക്കുന്ന വിവിധ സാഹചര്യങ്ങൾ തിരിച്ചറിയുക. നിങ്ങളെയും സഹായം ആവശ്യമുള്ള എല്ലാവരെയും രക്ഷിക്കണമെന്നു പൂർണ്ണഹൃദയത്തോടെ നമ്മുടെ കർത്താവിനോടു നിലവിളിക്കുക.
സർവശക്തനായ കർത്താവേ, അങ്ങയുടെ ദിവ്യശക്തിയും അങ്ങയുടെ ജനത്തെ പീഡിപ്പിക്കുന്ന കൊടുങ്കാറ്റുകളെ പൂർണ്ണമായി ശാന്തമാക്കാനുള്ള അങ്ങയുടെ കഴിവും എന്നെ വിസ്മയിപ്പിക്കുന്നു. എന്റെ ആവശ്യനേരത്ത് അങ്ങയിലേക്കു തിരിയാനും, മറ്റുള്ളവരുടെ ജീവിതത്തിൽ അങ്ങയുടെ നിരന്തരമായ ഇടപെടലിനായി അങ്ങയോടു നിലവിളിക്കാനും ഞാൻ ഒരിക്കലും മടിക്കാതിരിക്കേണ്ടതിന് എന്നെ പ്രത്യാശയും വിനയവുംകൊണ്ടു നിറയ്ക്കണമേ. കർത്താവേ, ഉണർന്ന് അങ്ങയുടെ ജനത്തെ രക്ഷിക്കണമേ; അങ്ങില്ലാതെ ഞങ്ങൾ തീർച്ചയായും നശിച്ചുപോകും! ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സ്വാതന്ത്ര്യത്തിന്റെ ശബ്ദം – #2MillionFor2Million
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ –
സ്വാതന്ത്ര്യദിനം—അമേരിക്കയിൽ ഐച്ഛിക അനുസ്മരണം
അല്ലെങ്കിൽ
പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്—ഐച്ഛിക അനുസ്മരണം
(അമേരിക്കയിൽ ജൂലൈ 5-ന് ആചരിക്കുന്നു)
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



