ജൂലൈ 10, 2023
ആണ്ടുവട്ടക്കാലം പതിനാലാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

പന്ത്രണ്ടു വർഷമായി രക്തസ്രാവം മൂലം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അവന്റെ പിന്നിൽ വന്ന് അവന്റെ മേലങ്കിയുടെ തൊങ്ങലിൽ സ്പർശിച്ചു. അവൾ തന്നോടുതന്നെ പറഞ്ഞു: “അവന്റെ മേലങ്കിയിൽ ഒന്നു തൊട്ടാൽ മാത്രം മതി, ഞാൻ സുഖം പ്രാപിക്കും.” യേശു തിരിഞ്ഞ് അവളെ കണ്ടു പറഞ്ഞു: “മകളേ, ധൈര്യമായിരിക്കുക! നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ആ സമയം മുതൽ ആ സ്ത്രീ സുഖം പ്രാപിച്ചു. മത്തായി 9:20–21
എത്ര അതിശയകരമായ വിശ്വാസമാണ് ഈ സ്ത്രീക്കുണ്ടായിരുന്നത്! അവൾ അനേകവർഷങ്ങളായി രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരുന്നു; ആ കഷ്ടത തുടർന്നുകൊണ്ടുമിരുന്നു. യേശുവിന്റെ മേലങ്കിയിൽ തൊട്ടാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന് അവൾ എങ്ങനെ അറിഞ്ഞു? അതിനുള്ള ഏക ഉത്തരം വിശ്വാസമാണ്. വിശ്വാസം എന്നത് വെറും ആഗ്രഹചിന്തയോ പ്രതീക്ഷയോ മാത്രമല്ല. ദൈവത്തിൽനിന്നുള്ള പ്രത്യേക കൃപയിലൂടെയും വെളിപാടിലൂടെയും ലഭിക്കുന്ന ഉറപ്പുള്ള അറിവാണ് വിശ്വാസം; അതിലൂടെ ഒരു വ്യക്തി സ്വതന്ത്രമായി വിശ്വസിക്കാൻ സമ്മതം നൽകുന്നു. ദൈവം അവളുടെ ഹൃദയത്തോടു സംസാരിച്ചു; അവൾ ശ്രവിച്ചു, പ്രതികരിച്ചു, സൗഖ്യം പ്രാപിച്ചു.
ഈ സുവിശേഷസംഭവത്തിൽ ഏറെ പ്രചോദനം നൽകുന്ന ഒരു കാര്യം, ഈ സ്ത്രീ യേശുവിനെ സമീപിച്ച എളിമയാണ്. യേശുവിനെ ശല്യപ്പെടുത്തുകയോ അവനോടു സംസാരിക്കുകയോ തന്റെ പ്രശ്നം പറഞ്ഞ് അവനെ ബുദ്ധിമുട്ടിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് അവൾക്കു തോന്നിയില്ല. പകരം, തന്റെ എളിമയിൽ, തനിക്കു ലഭിച്ച വിശ്വാസമെന്ന ദാനത്തിലൂടെ അവൾ തന്റെ ആവശ്യം ഹൃദയത്തിനുള്ളിൽ നിശ്ശബ്ദമായി യേശുവിനു സമർപ്പിച്ചു. ദൈവത്തിന്റെ കൃപ അവൾക്കു ലഭിക്കുകയും ചെയ്തു; കാരണം, ദൈവം ഹൃദയം കാണുകയും എളിമയുള്ളതും ആത്മാർഥവുമായ അത്തരം വിശ്വാസത്തോടു പ്രതികരിക്കുകയും ചെയ്യുന്നു.
എല്ലാവർക്കും നമ്മുടെ കർത്താവിൽ ഇത്ര ആഴമായ വിശ്വാസമുണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിച്ചുനോക്കൂ. നമ്മുടെ എല്ലാ ആവശ്യങ്ങളും ദൈവം നിറവേറ്റിത്തരുമെന്ന് അഗാധവും ഉറച്ചതുമായ ബോധ്യത്തോടെ നാമെല്ലാവരും അറിഞ്ഞിരുന്നെങ്കിൽ എന്ന് സങ്കൽപ്പിച്ചുനോക്കൂ. ഉറപ്പിന്റെ ഈ ആഴമായ ബോധ്യത്തോടെ, നമ്മുടെ ഓരോ ആവശ്യവുമായി നാം അനുദിനം കർത്താവിലേക്കു തിരിഞ്ഞിരുന്നെങ്കിൽ എന്നും സങ്കൽപ്പിച്ചുനോക്കൂ. നമുക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ, നമ്മുടെ കർത്താവിന് എല്ലാ വിധത്തിലും നമ്മെ നിരന്തരം പരിപാലിക്കാൻ കഴിയും.
ഈ സ്ത്രീയുടെ രോഗസൗഖ്യത്തിലെ ഒരു പ്രധാന ഘടകം ഇതാണ്: പിതാവായ ദൈവമാണ് അവളോടു സംസാരിക്കുകയും തന്റെ പുത്രനായ യേശുവിന്റെ മേലങ്കിയിൽ സ്പർശിക്കാൻ അവളെ ക്ഷണിക്കുകയും ചെയ്തത്. അവൾക്കു ലഭിച്ച രോഗസൗഖ്യം തിരിച്ചറിഞ്ഞത് യേശുവാണ്; കാരണം, അവൻ തന്റെ പിതാവിന്റെ തിരുഹിതത്തോട് പൂർണമായ ഐക്യത്തിലായിരുന്നു. അതിനാൽ, യേശുവിന്റെ മേലങ്കിയിൽ സ്പർശിച്ചത്, ഈ സ്ത്രീ ആഗ്രഹിക്കുന്നതെന്തും അവൾക്കു നേടിക്കൊടുക്കുന്ന വെറുമൊരു മാന്ത്രിക പ്രവൃത്തിയായിരുന്നില്ല. മറിച്ച്, പിതാവ് അവളുടെ ഉള്ളിൽ നൽകിയ ക്ഷണത്തോടുള്ള പ്രതികരണമായിരുന്നു അത്.
നമ്മുടെ ജീവിതത്തിലും അതുപോലെ ചെയ്യാൻ നാം പരിശ്രമിക്കണം. പലപ്പോഴും നാം നമ്മുടെ ഇഷ്ടങ്ങൾ ദൈവത്തിനു സമർപ്പിക്കുകയും അവിടുന്ന് എന്തു ചെയ്യണമെന്നാണ് നാം ആഗ്രഹിക്കുന്നതെന്ന് അവിടുത്തോടു പറയുകയും ചെയ്യുന്നു. അത്തരം അപേക്ഷകൾക്കു ദൈവം മറുപടി നൽകുന്നില്ല. പകരം, നാം അവിടുത്തെ തിരുഹിതം അന്വേഷിക്കണം…അവിടുത്തെ തിരുഹിതം മാത്രം. താൻ സുഖം പ്രാപിക്കുമെന്ന് ഈ സ്ത്രീ അറിഞ്ഞിരുന്നു; കാരണം, പിതാവായ ദൈവം അവളുടെ മനസ്സിലും ഹൃദയത്തിലും അവളോടു സംസാരിക്കുകയും തന്റെ പുത്രനായ യേശുവിന്റെ മേലങ്കിയിൽ സ്പർശിക്കാൻ അവൾക്കു പ്രചോദനം നൽകുകയും ചെയ്തു. അവൾ പ്രതികരിച്ചു, രോഗസൗഖ്യം സംഭവിക്കുകയും ചെയ്തു. ആദ്യം ദൈവം സംസാരിക്കണം; നാം ശ്രവിക്കുകയും പ്രതികരിക്കുകയും വേണം; അപ്പോൾ അവിടുത്തെ തിരുഹിതം നിറവേറുന്നു.
നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിങ്ങളോടു സംസാരിക്കുന്ന ദൈവത്തിന്റെ സൗമ്യമായ സ്വരത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ അവിടുത്തെ ശ്രവിക്കുന്നുണ്ടോ? എന്തു ചെയ്യാനാണ് അവിടുന്ന് നിങ്ങളെ ക്ഷണിക്കുന്നത്? എന്തു സൗഖ്യമാണ് അവിടുന്ന് നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്നത്? ദൈവസ്വരത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, അവിടുത്തോടു മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. ദൈവം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ഇഷ്ടങ്ങളും ആശയങ്ങളും എല്ലാം മാറ്റിവയ്ക്കുക; അവിടുന്ന് നിങ്ങളോടു പറയുന്നത് എന്താണെന്നു മാത്രം അന്വേഷിക്കുക. അവിടുത്തോട് “അതെ” എന്നു പറയുക; ഉറപ്പോടും ബോധ്യത്തോടുംകൂടെ അങ്ങനെ ചെയ്യുക. അവിടുന്ന് നിങ്ങളോടു പറയുന്നത് എന്തുതന്നെയായാലും, അവിടുത്തെ വാക്കിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അവിടുന്ന് അതു ചെയ്യുമെന്ന് ഉറച്ചുവിശ്വസിക്കുക.
എന്റെ സൗമ്യനായ കർത്താവേ, എനിക്കാവശ്യമായ സൗഖ്യത്തിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് അങ്ങ് രാവും പകലും എന്നോടു സംസാരിക്കുന്നു. അങ്ങയുടെ സ്വരം ശ്രവിക്കാനും വിശ്വാസത്തോടെ അങ്ങയോടു പ്രതികരിക്കാനും എന്നെ സഹായിക്കണമേ. അങ്ങയിലുള്ള എന്റെ വിശ്വാസവും ആശ്രയബോധവും ശക്തമാകുകയും എന്റെ ജീവിതത്തിലെ അങ്ങയുടെ മഹത്വപൂർണമായ പ്രവർത്തനത്തിന്റെ ഉറവിടമാകുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


