മലയാളം

വിശ്വാസമെന്ന ദാനത്തിൽ ആനന്ദിക്കുക

2023 ജൂലൈ 19
ആണ്ടുവട്ടക്കാലത്തിലെ പതിനഞ്ചാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

അപ്പോൾ യേശു ഉദ്ഘോഷിച്ചു: “സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും പണ്ഡിതരിൽനിന്നും മറച്ചുവെച്ചെങ്കിലും ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു.”  മത്തായി 11:25

ഈ ഭാഗം തൊട്ടുമുമ്പുള്ള ഭാഗത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. അവിടെ, മാനസാന്തരപ്പെടുകയും തന്നിൽ വിശ്വസിക്കുകയും ചെയ്യാതിരുന്നതിന് യേശു കൊറാസീൻ, ബേത്‌സയ്ദാ, കഫർണാം എന്നീ പട്ടണങ്ങളെ ശാസിച്ചു. ആ ശാസനകൾ നൽകിയ ഉടനെതന്നെ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി, സ്വർഗരാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങൾ “ശിശുസഹജമായ മനസ്സുള്ളവർക്ക്” വെളിപ്പെടുത്തിയതിന് പിതാവിനെ സ്തുതിച്ചു.

നിർമലവും ശിശുസഹജവുമായ വിശ്വാസത്തിനു നേരെയുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്ന് ബൗദ്ധിക അഹങ്കാരമാണ്. തങ്ങളെ “ജ്ഞാനികളും പണ്ഡിതരും” എന്നു കരുതുന്നവർ, ജീവിതത്തിലെ നിഗമനങ്ങളിലും വിശ്വാസങ്ങളിലും എത്തിച്ചേരാൻ സ്വന്തം യുക്തിചിന്താശേഷിയെ ആശ്രയിക്കാനുള്ള പ്രലോഭനത്തിന് പലപ്പോഴും വിധേയരാകുന്നു. നമ്മുടെ വിശ്വാസസത്യങ്ങൾ പൂർണമായും യുക്തിസഹമാണെങ്കിലും, മനുഷ്യയുക്തിക്കു മാത്രം എത്തിച്ചേരാനാകുന്ന നിഗമനങ്ങൾക്കപ്പുറത്താണ് അവ എന്നതാണ് പ്രശ്നം. നമുക്കു സ്വന്തമായി ദൈവത്തെ ഗ്രഹിക്കാനാവില്ല. അതിന് വിശ്വാസമെന്ന ദാനം നമുക്ക് ആവശ്യമാണ്. ദൈവം താൻ ആരാണെന്നും സത്യം എന്താണെന്നും നമുക്കു വെളിപ്പെടുത്തിത്തരുന്ന ആത്മീയമായ ആശയവിനിമയത്തിലൂടെയാണ് വിശ്വാസമെന്ന ദാനം ആരംഭിക്കുന്നത്. ശിശുസഹജമായ മനസ്സുള്ളവർക്ക്, അതായത് എളിമയുള്ളവർക്ക് മാത്രമേ, ദൈവത്തിൽനിന്നുള്ള ഈ ആശയവിനിമയം ശ്രവിക്കാനും അതിനോടു പ്രതികരിക്കാനും കഴിയൂ.

എളിമയോടെയുള്ള ഇത്തരമൊരു വിശ്വാസത്തിൽ യേശു അത്യധികം ആനന്ദിക്കുന്നുവെന്നും ഈ ഭാഗം നമുക്കു വെളിപ്പെടുത്തുന്നു. അത്തരം വിശ്വാസത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അവിടുന്ന് സ്വർഗസ്ഥനായ പിതാവിന് “സ്തുതി” അർപ്പിക്കുന്നു. കാരണം, ഈ വിധത്തിലുള്ള വിശ്വാസം പിതാവിൽനിന്ന് ഉത്ഭവിക്കുന്നതാണെന്ന് യേശുവിന് അറിയാം.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കൂടുതൽ സാദൃശ്യം പുലർത്തുന്നത് ജ്ഞാനികളോടും പണ്ഡിതരോടുമാണോ അതോ ശിശുസഹജമായ മനസ്സുള്ളവരോടാണോ എന്ന് പതിവായി ചിന്തിക്കുന്നത് പ്രധാനമാണ്. ദൈവം അനന്തവും അഗ്രാഹ്യവുമായ രഹസ്യമാണെങ്കിലും നാം അവിടുത്തെ അറിയേണ്ടതുണ്ട്. ദൈവം തന്നെത്തന്നെ നമുക്കു വെളിപ്പെടുത്തിത്തന്നാൽ മാത്രമേ നമുക്ക് അവിടുത്തെ അറിയാൻ കഴിയൂ. നാം എളിമയും ശിശുസഹജമായ മനസ്സും നിലനിർത്തിയാൽ മാത്രമേ ദൈവം തന്നെത്തന്നെ നമുക്കു വെളിപ്പെടുത്തുകയുള്ളൂ.

നാം ശിശുസഹജമായ വിശ്വാസത്തിലേക്ക് വളരുമ്പോൾ, തന്റെ അനുയായികളുടെ ജീവിതത്തിൽ കണ്ട വിശ്വാസത്തെപ്രതി യേശു പിതാവിന് അർപ്പിച്ച സ്തുതിയെ നാമും അനുകരിക്കണം. വിശ്വാസമെന്ന ദാനത്തിലൂടെ ദൈവത്തെക്കുറിച്ചുള്ള ഈ നിർമലമായ അറിവ് വ്യക്തമായി പ്രകടമാക്കുന്നവരിലേക്ക് നാമും കണ്ണുകൾ തിരിക്കണം. ഈ വിശ്വാസം ജീവിതത്തിൽ പ്രകടമാകുന്നതു കാണുമ്പോൾ നാം ആനന്ദിക്കുകയും പിതാവിന് സ്തുതി അർപ്പിക്കുകയും വേണം. മറ്റുള്ളവരിൽ വിശ്വാസം സജീവമായിരിക്കുന്നതു കാണുമ്പോൾ മാത്രമല്ല, നമ്മുടെ സ്വന്തം ആത്മാവിൽ വിശ്വാസമെന്ന ദാനം വളരുന്നതു കാണുമ്പോഴും ഈ സ്തുതി അർപ്പിക്കണം. ദൈവം നമ്മുടെ ഉള്ളിൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പവിത്രമായ വിസ്മയം നാം വളർത്തണം; ആ അനുഭവത്തിൽ നാം ആനന്ദിക്കുകയും വേണം.

തന്റെ അനുയായികളുടെ ഹൃദയങ്ങളിൽ വിശ്വാസം ജനിക്കുന്നതു കണ്ട് യേശു പിതാവിനെ സ്തുതിക്കുന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. യേശു നിങ്ങളെ നോക്കുമ്പോൾ എന്താണ് ചെയ്യുന്നത്? അവിടുന്ന് നിങ്ങളെ ശാസിക്കുകയാണോ? അതോ കാണുന്ന കാര്യങ്ങളിൽ അവിടുത്തെ തിരുഹൃദയം ആനന്ദിക്കുകയും സ്തുതി അർപ്പിക്കുകയും ചെയ്യുന്നുവോ? ദൈവത്തെ യഥാർഥമായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ശിശുസഹജമായ മനസ്സുള്ളവരുടെ കൂട്ടത്തിൽ നിങ്ങളും എണ്ണപ്പെടത്തക്കവിധം സ്വയം എളിമപ്പെടുത്തി ക്രിസ്തുവിന്റെ ഹൃദയത്തിന് സന്തോഷം നൽകുക.

ആനന്ദിക്കുന്ന എന്റെ കർത്താവേ, ഓരോ മനുഷ്യഹൃദയത്തിലും കൃപ പ്രവർത്തിക്കുന്നത് അങ്ങ് ശ്രദ്ധിക്കുന്നു. അങ്ങയുടെ മക്കളോടു പിതാവിന്റെ സ്വരം സംസാരിക്കുന്നതു കാണുമ്പോൾ ആ കാഴ്ചയിൽ അങ്ങ് ആനന്ദിക്കുന്നു. പ്രിയ കർത്താവേ, എന്റെ ഹൃദയവും അങ്ങയുടെ ആനന്ദത്തിനും സ്വർഗസ്ഥനായ പിതാവിന് അങ്ങ് അർപ്പിക്കുന്ന സ്തുതിക്കും കാരണമാകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. എന്നോടു സംസാരിക്കുകയും പൂർണഹൃദയത്തോടെ വിശ്വസിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: പ്രാർഥിക്കാനായി യേശു തനിച്ച് ഒരു മലയിലേക്കു കയറുന്നു — ജെയിംസ് ടിസ്സോയുടെ ചിത്രം, വിക്കിമീഡിയ കോമൺസ് വഴി