2023 ജൂലൈ 20
ആണ്ടുവട്ടക്കാലത്തിലെ പതിനഞ്ചാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ അപ്പൊളിനാരിസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

“എന്റെ നുകം നിങ്ങളുടെമേൽ ഏറ്റെടുത്ത് എന്നിൽനിന്നു പഠിക്കുവിൻ; എന്തെന്നാൽ ഞാൻ ശാന്തനും വിനീതഹൃദയനുമാണ്. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. കാരണം എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും എന്റെ ചുമട് ലഘുവുമാണ്.” മത്തായി 11:29–30
യേശുവിന്റെ ആദ്യകാല അനുയായികൾക്ക് “നുകം” എന്നത് സുപരിചിതമായ ഒരു പദമായിരുന്നു. അവരിൽ പലരും തങ്ങളുടെ വയലുകൾ ഉഴുന്നതിനായി പതിവായി കാളകളെയും മറ്റു മൃഗങ്ങളെയും ഉപയോഗിച്ചിട്ടുണ്ടാകും. ഇതിനായി അവർ കാളകളുടെമേൽ മരത്തിൽ തീർത്ത ഒരു നുകം വെച്ചുകെട്ടുമായിരുന്നു. ഒരുതരം കെട്ടുപകരണമായിരുന്ന അത് കലപ്പയുമായും ബന്ധിപ്പിച്ചിരുന്നു; അതുവഴി കാളകൾക്ക് നിലം ഉഴുന്നത് എളുപ്പമായിരുന്നു. നുകം കെട്ടപ്പെട്ടിരിക്കുക എന്നത് ദാസ്യത്തിന്റെ അടയാളമായിരുന്നു; കാരണം അതായിരുന്നു കാളകളുടെ ജോലി.
ഈ വചനഭാഗത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ, വിശുദ്ധ അഗസ്തീനോസ് (തന്റെ പ്രസംഗം 126-ൽ) ക്രിസ്തുവിന്റെ നുകത്തെ ഒരു പക്ഷിയുടെ ചിറകുകളോട് ഉപമിച്ചു. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പക്ഷിയുടെ ചിറകുകൾ വലുതാണ്. അതിനാൽ, ചിറകുകൾ നീക്കം ചെയ്ത് ആ അധികഭാരം ഒഴിവാക്കിയാൽ പക്ഷിയുടെ ജീവിതം കൂടുതൽ എളുപ്പമാകുമെന്ന് ആരെങ്കിലും കരുതിയാൽ, അങ്ങനെ ചെയ്യുന്നത് അതിനെ ഭൂമിയിൽത്തന്നെ തളച്ചിടാനേ ഉപകരിക്കൂ. എന്നാൽ അതിന്റെ ചിറകുകൾ തിരികെ നൽകൂ; ആ “നുകം” ആകാശത്തിലൂടെ ഉയർന്നു പറക്കാൻ അതിനെ പ്രാപ്തമാക്കും.
നമ്മുടെ കർത്താവിന്റെ നുകത്തിന്റെ കാര്യവും ഇതുപോലെയാണ്. ദൈവത്തിന്റെ ദാസരാകാനുള്ള ക്ഷണം സ്വീകരിക്കുകയും നമ്മുടെ സേവനദൗത്യം നിറവേറ്റുന്നതിനായി ക്രിസ്തുവിന്റെ നുകം ഏറ്റെടുക്കുകയും ചെയ്താൽ, സേവനം നമ്മെ ലഘൂകരിക്കുകയും നവീകരിക്കുകയും ഉന്മേഷവും ശക്തിയും പകരുകയും ചെയ്യുന്നുവെന്ന് നാം കണ്ടെത്തും. ചിറകുകളോടെ ജീവിക്കാൻ പക്ഷി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുപോലെ, ദൈവത്തെ സേവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പക്ഷിയുടെ കാര്യത്തിലെന്നപോലെ, ദൈവസേവനത്തിന്റെ നുകം നമ്മുടെ ജീവിതത്തിൽനിന്ന് നീക്കിയാൽ നാം ഭാരത്താൽ തളർന്നുപോകുന്നു; നാം ചെയ്യേണ്ട നന്മ നിറവേറ്റാൻ നമുക്കു കഴിയാതെയും വരുന്നു.
ഈ ഭാഗത്ത് നമ്മോടു പറയുന്നത്, നാം വഹിക്കേണ്ടത് നമ്മുടെ നുകമല്ല, മറിച്ച് ക്രിസ്തുവിന്റെ നുകമാണ് എന്നുകൂടിയാണ്. “എന്റെ നുകം നിങ്ങളുടെമേൽ ഏറ്റെടുക്കുവിൻ…” എന്ന് യേശു പറഞ്ഞു. യേശുവിന്റെ നുകം വഹിക്കുക എന്നതിനർഥം, അവനോടൊത്തും അവനിലും നമ്മുടെ ജീവിതം നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ്. മറ്റുള്ളവരെ സേവിക്കാനും അവർക്കായി തന്റെ ജീവൻ നൽകാനുമാണ് അവൻ വന്നത്. നമ്മുടെ ഉള്ളിൽ അങ്ങനെ പ്രവർത്തിക്കാൻ അവനെ അനുവദിച്ചുകൊണ്ട് അതുതന്നെ ചെയ്യുക എന്നതാണ് നമ്മുടെ കടമ. ക്രിസ്തുവും അവന്റെ ദാസ്യവുമാകണം നമ്മുടെ ജീവിതത്തിന്റെ പ്രചോദനവും അടിത്തറയും.
ക്രിസ്തുവിൽ ഒരു ദാസനായിരിക്കാനുള്ള നിങ്ങളുടെ വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. എങ്ങനെയുള്ള സേവനത്തിനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? ആരെ സേവിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? ആ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ, നിങ്ങളുടെ സേവനത്തെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? സേവനം നിങ്ങൾക്ക് ഭാരമായി തോന്നുന്നുണ്ടോ? അതോ, അതിനായിട്ടാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? വിനീതമായ സേവനത്തെ ഒരു ഭാരമായി നിങ്ങൾ കാണുന്നുണ്ടെങ്കിൽ, ഒരുപക്ഷേ അതിനു കാരണം ക്രിസ്തുവിനോടൊത്തും അവനിൽത്തന്നെയും സേവിക്കാൻ നിങ്ങൾ യഥാർഥത്തിൽ ശ്രമിച്ചിട്ടില്ല എന്നതായിരിക്കാം. യേശു തന്റെ നുകം നിങ്ങളുടെ തോളുകളിൽ വെക്കുന്നതിനെക്കുറിച്ച് ധ്യാനിക്കാൻ ശ്രമിക്കുക. അവന്റെ ആ പ്രവൃത്തിക്കും നിങ്ങൾ നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്ന വിനീതസേവനത്തിന്റെ ദൗത്യത്തിനും “അതെ” എന്നു പറയുക. പൂർണഹൃദയത്തോടെ അങ്ങനെ ചെയ്യുന്നത് നിങ്ങളെ നവീകരിക്കുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തിന് അർഥവും ലക്ഷ്യവും നൽകുകയും ചെയ്യും.
ശാന്തശീലനായ എന്റെ കർത്താവേ, സ്നേഹത്താൽ സേവിക്കാനും അങ്ങയുടെ ജീവൻ നൽകാനുമാണ് അങ്ങ് ഞങ്ങളുടെ അടുത്തേക്കു വന്നത്. അങ്ങ് എനിക്കായി ചെയ്യുന്ന സേവനം സ്വീകരിക്കാനും, ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന സേവനത്തിൽ അങ്ങയെ അനുകരിക്കുകയും പങ്കുചേരുകയും ചെയ്യാനും ആവശ്യമായ കൃപ എനിക്കു നൽകണമേ. പ്രിയ കർത്താവേ, അങ്ങ് എന്നെ ഭരമേല്പിച്ച ദൗത്യം നിറവേറ്റാൻ കഴിയേണ്ടതിന് അങ്ങയുടെ നുകം ഞാൻ ഏറ്റെടുക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ അപ്പൊളിനാരിസ്, മെത്രാനും രക്തസാക്ഷിയും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: flickr



