ജൂലൈ 26, 2023
ആണ്ടുവട്ടത്തിലെ പതിനാറാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ യോവാക്കിമും വിശുദ്ധ അന്നയും—അനുസ്മരണം

അന്ന് യേശു വീട്ടിൽനിന്ന് പുറത്തുവന്ന് കടൽത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടം അവനുചുറ്റും ഒരുമിച്ചുകൂടിയതിനാൽ അവൻ ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനക്കൂട്ടം മുഴുവൻ കരയിൽ നിന്നു. അവൻ ഉപമകളിലൂടെ അവരോട് പല കാര്യങ്ങളും സംസാരിച്ചു… മത്തായി 13:1–3
യേശു ഉപമകളിലൂടെ സംസാരിച്ചത് എന്തുകൊണ്ടാണ്? ഇന്നത്തെ സുവിശേഷത്തിൽ, നമുക്കു സുപരിചിതമായ “വിതക്കാരന്റെ ഉപമ” യേശു തുടർന്ന് പഠിപ്പിക്കുന്നു. ആ ഉപമയ്ക്കു തൊട്ടുപിന്നാലെ ഇന്നത്തെ സുവിശേഷത്തിൽ ശിഷ്യന്മാർ യേശുവിനോട് ഈ ചോദ്യം ചോദിക്കുന്നുണ്ട്. “എന്തുകൊണ്ടാണ് അങ്ങ് അവരോട് ഉപമകളിലൂടെ സംസാരിക്കുന്നത്?” എന്ന് അവർ ചോദിക്കുന്നു. യേശു അവരോട് മറുപടി പറയുന്നു: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; എന്നാൽ അവർക്കു നൽകപ്പെട്ടിട്ടില്ല.” എന്തുകൊണ്ടാണ് അങ്ങനെ?
ഒന്നാമതായി, ഒരു കഥ കേട്ടിരിക്കാൻ എളുപ്പമാണ്. അത് നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്തുന്നു; എളുപ്പത്തിൽ ഓർത്തിരിക്കാനും കഴിയും. ഇന്നു നാം കേൾക്കുന്ന “വിതക്കാരന്റെ ഉപമ”യിൽ, വിതക്കാരൻ വിതച്ച വിത്തുകൾ വഴിയരികിലോ പാറ നിറഞ്ഞ നിലത്തോ മുള്ളുകൾക്കിടയിലോ നല്ല മണ്ണിലോ വീഴുന്നതായി യേശു വിശദീകരിക്കുന്നു. കേൾക്കുന്നവരുടെ മനസ്സിൽ വ്യക്തമായ ദൃശ്യം തെളിയിക്കുന്ന ഈ വിവരണം, പെട്ടെന്നുതന്നെ ചില നിഗമനങ്ങളിലെത്താൻ അവരെ സഹായിക്കുന്നു. വിത്തു വിതയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഇടം നല്ല മണ്ണാണെന്ന് എല്ലാവർക്കും അറിയാം. വഴിയരികിലും പാറ നിറഞ്ഞ നിലത്തും മുള്ളുകൾക്കിടയിലും വിതച്ച വിത്തുകൾ ഫലം പുറപ്പെടുവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും എല്ലാവർക്കും അറിയാം. അതിനാൽ, ചില അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവിധം ഈ ഉപമ ശ്രോതാവിന്റെ ശ്രദ്ധ എളുപ്പത്തിൽ ആകർഷിക്കുന്നു.
എന്നിരുന്നാലും, ഈ കഥയിലെ ആഴമേറിയ പാഠം പഠിക്കുമ്പോൾ മാത്രമേ ഇത് ഒരു ഉപമയായി മാറുകയുള്ളൂ. തങ്ങൾ നല്ല മണ്ണുപോലെയാണെങ്കിൽ മാത്രമേ യേശു പഠിപ്പിക്കുന്ന രഹസ്യങ്ങൾ മനസ്സിലാക്കാൻ കഴിയൂ എന്ന് ജനക്കൂട്ടം തിരിച്ചറിയണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു എന്നതു വ്യക്തമാണ്. താൻ അവരെ പഠിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ പലതും അവരുടെ ഹൃദയങ്ങളിലെ നല്ല മണ്ണിലല്ല വീണുകൊണ്ടിരുന്നതെന്നും അവർ മനസ്സിലാക്കണമെന്ന് അവൻ ആഗ്രഹിച്ചു.
യേശുവിന്റെ മറ്റെല്ലാ ഉപമകളെയുംപോലെ ഈ ഉപമയും കേൾക്കുന്നയാളെ ചിന്തിപ്പിക്കുന്നു. ചിന്ത, വിശുദ്ധമായ ജിജ്ഞാസ എന്നു നമുക്കു വിളിക്കാവുന്ന ഒന്നിലേക്കു നയിക്കുന്നു. ഈ വിശുദ്ധമായ ജിജ്ഞാസ, സ്വർഗരാജ്യത്തിന്റെ കൂടുതൽ ആഴമേറിയ രഹസ്യങ്ങളിലേക്കുള്ള വാതിൽ തുറക്കാൻ അവരുടെയുള്ളിൽ ആവശ്യമായിരുന്ന നല്ല മണ്ണ് രൂപപ്പെടുത്താൻ തുടങ്ങും.
ഈശോ നിങ്ങളോട് എങ്ങനെയാണ് സംസാരിക്കുന്നത്? സ്വർഗത്തിന്റെ ഏറ്റവും അഗാധമായ രഹസ്യങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതിനായി, പ്രാർഥനയിൽ ഈശോ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതു ശ്രവിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? പ്രാർഥനയിലും ധ്യാനത്തിലും ദൈവം നിങ്ങളോടു സംസാരിക്കുമ്പോൾ, അവിടുത്തെ വചനത്തിന്റെ വിത്ത് നിങ്ങളുടെ ആത്മാവിൽത്തന്നെ വേരുറയ്ക്കുന്നുണ്ടോ? സൗമ്യവും ശാന്തവും എന്നാൽ പരിവർത്തനം വരുത്തുന്നതുമായ അവിടുത്തെ സ്വരം, അവിടുന്ന് ആരാണെന്നും നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവിടുത്തെ തിരുവിഷ്ടം എന്താണെന്നും നിങ്ങൾക്കു വെളിപ്പെടുത്തുന്നുണ്ടോ? ഇല്ലെങ്കിൽ, ഉപമകൾ നിങ്ങൾക്കുവേണ്ടിയുള്ളതാണ്. അതു തിരിച്ചറിയുന്നത് പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്.
നിങ്ങളോടു സംസാരിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവത്തിന്റെ വ്യക്തവും അഗാധവുമായ സ്വരം നിങ്ങളുടെ ആത്മാവിൽ മുഴങ്ങുന്നതു കേൾക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ, യേശു പറഞ്ഞ അനേകം ഉപമകളോടൊപ്പം സമയം ചെലവഴിക്കാൻ മടിക്കരുത്. ആ രംഗത്തിൽ നിങ്ങളെത്തന്നെ സങ്കൽപ്പിക്കാൻ ശ്രമിക്കുക. അതിൽ പങ്കെടുക്കുന്ന ഒരാളായി നിങ്ങളെത്തന്നെ കാണുക. ഇന്നത്തെ ഉപമയിൽ നിങ്ങളുടെ അന്തരംഗത്തെ വയലായി കാണുക. നിങ്ങളുടെ ആത്മാവ് നല്ല മണ്ണാകുന്നതിനു തടസ്സം നിൽക്കുന്ന ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. യേശുവിന്റെ ഈ കഥ നിങ്ങളോടു സംസാരിക്കാൻ അനുവദിക്കുക. അങ്ങനെ ചെയ്യുമ്പോൾ ദൈവത്തിന്റെ സ്വരം ശ്രദ്ധിക്കുക. അവിടുത്തെ സ്വരത്തിനായി കാതോർക്കുക; അവിടുന്നു പറയുന്നതു കേൾക്കുക. അവിടുത്തെ സ്വരം കേൾക്കുമ്പോൾ, അവിടുന്ന് വിതറിയ വിത്ത് നിങ്ങളുടെ ഹൃദയത്തിലെ നല്ല മണ്ണിൽ എത്തിത്തുടങ്ങിയിരിക്കുന്നു എന്ന് അറിയുക.
എന്നെ പഠിപ്പിക്കുന്ന എന്റെ കർത്താവേ, എന്നോടു സംസാരിക്കാനും അങ്ങ് ആരാണെന്നു പൂർണമായി എനിക്കു വെളിപ്പെടുത്താനും അങ്ങ് ആഗ്രഹിക്കുന്നു. അങ്ങയെ കൂടുതൽ അറിയാൻ കഴിയേണ്ടതിന് അങ്ങയുടെ സ്വരം കേൾക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വചനത്തിന്റെ വിത്തു വിതയ്ക്കപ്പെടുന്ന യഥാർഥ ഫലഭൂയിഷ്ഠമായ മണ്ണായി എന്റെ ഹൃദയത്തെ മാറ്റണമേ; അങ്ങനെ എന്നിൽ ധാരാളം നല്ല ഫലങ്ങൾ ഉളവാക്കാൻ അങ്ങേക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ – വിശുദ്ധ യോവാക്കിമും അന്നയും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



