മലയാളം

നൂറുമേനി നല്ല ഫലം പുറപ്പെടുവിക്കൽ

2023 ജൂലൈ 28
ആണ്ടുവട്ടത്തിലെ പതിനാറാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“മുള്ളുകൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്നവനാണ്. എന്നാൽ ലൗകിക ഉത്കണ്ഠയും സമ്പത്തിന്റെ മോഹനീയതയും വചനത്തെ ഞെരുക്കിക്കളയുന്നു; അത് ഫലം പുറപ്പെടുവിക്കുന്നില്ല. നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേട്ട് മനസ്സിലാക്കുന്നവനാണ്. അവൻ തീർച്ചയായും ഫലം പുറപ്പെടുവിക്കുകയും നൂറോ അറുപതോ മുപ്പതോ മേനി വിളവ് നൽകുകയും ചെയ്യുന്നു.” മത്തായി 13:22–23

ജനക്കൂട്ടത്തോടു പറഞ്ഞ ഉപമയുടെ അർത്ഥം ഇന്ന് യേശു തന്റെ ശിഷ്യന്മാർക്കു വ്യക്തമാക്കിക്കൊടുക്കുന്നു. വഴിയരികിലും പാറസ്ഥലത്തും മുള്ളുകൾക്കിടയിലും നല്ല നിലത്തും വിതയ്ക്കപ്പെട്ട വിത്തിന്റെ അർത്ഥം അവിടുന്ന് വിശദീകരിക്കുന്നു. ആ വിശദീകരണങ്ങളിൽ അവസാനത്തെ രണ്ടെണ്ണമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്തിന്റെ അർത്ഥം ശ്രദ്ധാപൂർവം പരിശോധിക്കുമ്പോൾ, വചനം കേൾക്കുകയും മനസ്സിലാക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് ഇവരെന്നു നാം കാണുന്നു. പുറപ്പെടുവിക്കുന്ന ഫലത്തിന്റെ അളവാകട്ടെ വ്യത്യസ്തമാണ്. ദൈവവചനം കേൾക്കുന്നതും മനസ്സിലാക്കുന്നതുപോലും മാത്രം പോരാ എന്നതാണ് ഈ ഉപമ നമ്മോടു പറയുന്ന ഒരു കാര്യം. നമ്മുടെ ജീവിതത്തിൽ ദൈവവചനത്തിന്റെ ഫലദായകതയെ തടസ്സപ്പെടുത്തുന്ന അനേകം പ്രലോഭനങ്ങൾ നമുക്കു നേരിടേണ്ടിവരും. ഓരോന്നും നമുക്കു ചുരുക്കമായി പരിചിന്തിക്കാം.

ഒന്നാമതായി, ദൈവവചനം കേൾക്കാൻ അനുഗ്രഹം ലഭിച്ച അനേകം ആളുകളുണ്ട്. മതബോധനക്ലാസുകളിൽ പങ്കെടുത്തവരും മാതാപിതാക്കളിൽനിന്നും മറ്റുള്ളവരിൽനിന്നും പഠിച്ചവരും ദേവാലയത്തിലെ ആരാധനാശുശ്രൂഷകളിൽ പങ്കെടുത്തവരുമായ അനേകരുണ്ട്. എന്നാൽ കേട്ട കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നത്ര ആഴത്തിൽ ഉള്ളിലേക്കിറങ്ങാൻ അവർ അനുവദിച്ചിട്ടില്ല. ദൈവവചനം കേൾക്കുന്നതും ദൈവവചനം മനസ്സിലാക്കുന്നതും വളരെ വ്യത്യസ്തമാണ്. അതിനുള്ള ഒരു കാരണം ഇതാണ്: നിർമലമായ ദൈവവചനം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, അത് നമ്മുടെ അസ്തിത്വത്തിന്റെ അന്തരാളത്തെത്തന്നെ വെല്ലുവിളിക്കുന്നു. ഒരാൾ ദൈവവചനം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, പിന്നെ അയാൾക്ക് നിസ്സംഗനായി തുടരാനാവില്ല. അയാൾ മാറണം. സമ്പൂർണമായിത്തന്നെ മാറണം. അങ്ങനെ ചെയ്യാതിരുന്നാൽ, ദൈവം ആഗ്രഹിക്കുന്ന അളവിൽ അയാളുടെ ജീവിതത്തിൽ നല്ല ഫലം പുറപ്പെടുവിക്കുക അസാധ്യമാണ്.

എന്നാൽ മനസ്സിലാക്കുന്നതും മാറുന്നതുംപോലും മാത്രം മതിയാവില്ല. കാരണം, ലോകം, ജഡം, പിശാച് എന്നു പരമ്പരാഗതമായി വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ആത്മാവിന്റെ ശത്രുക്കൾ, ദൈവവചനം സ്വീകരിക്കുകയും ആ വചനമനുസരിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയെയും ശക്തമായി ആക്രമിക്കും. ഉദാഹരണത്തിന്, മറ്റുള്ളവരോടു ക്ഷമിക്കുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങൾ നിങ്ങൾ പൂർണമായി സ്വീകരിക്കുന്നുവെന്നു കരുതുക. ക്ഷമിക്കാൻ നിങ്ങൾ തീരുമാനിച്ചാലുടൻ, ആ ശീലം ഉപേക്ഷിക്കാനുള്ള അനേകം പ്രലോഭനങ്ങൾ ഉണ്ടാകാനാണ് ഏറെ സാധ്യത. അഹങ്കാരം, കോപം, മനസ്സിനേറ്റ മുറിവ്, ദുഷ്ടന്റെ നുണകൾ, ലോകം എന്നിവയെല്ലാം മറ്റുള്ളവരോടു പൂർണമായി ക്ഷമിക്കുന്നതിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കും. അല്ലെങ്കിൽ, “സമ്പത്തിനോടുള്ള” എല്ലാ ആസക്തിയും വെടിഞ്ഞു ജീവിക്കാനുള്ള വിളി ഉദാഹരണമായി എടുക്കുക. യഥാർത്ഥ ആത്മീയ ദാരിദ്ര്യത്തെയും അതിൽനിന്നു വ്യത്യസ്തമായ യഥാർത്ഥ ആത്മീയ സമ്പത്തിനെയും കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങൾ, കൈവരിക്കാൻ പ്രയാസമുള്ളത്ര ആഴമേറിയ മാനസാന്തരം ആവശ്യപ്പെടുന്നു. അതിനാൽ, “സമ്പത്തിന്റെ മോഹനീയതയെ” അതിജീവിക്കുക വളരെ പ്രയാസമാണ്.

ആത്യന്തികമായി, നിങ്ങളുടെ ആത്മാവ് യഥാർത്ഥത്തിൽ ഫലഭൂയിഷ്ഠമായ നിലമാണെങ്കിൽ, ദൈവം നിങ്ങളിൽ വരുത്താൻ ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും സംഭവിക്കത്തക്കവിധം സുവിശേഷത്തിന്റെ ഏറ്റവും നിർമലവും സമ്പൂർണവുമായ പ്രബോധനം നിങ്ങളുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാൻ നിങ്ങൾ അനുവദിക്കുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾക്കെതിരെ വരുന്ന ഓരോ പ്രലോഭനത്തെയും നിങ്ങൾ അതിജീവിച്ചിരിക്കുന്നു എന്നാണ്. അത്യാഗ്രഹം, അഹങ്കാരം, കോപം തുടങ്ങിയവയിൽനിന്നു വരുന്ന പ്രലോഭനങ്ങളെ നിങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. നിങ്ങൾ എളിമയെ ആശ്ലേഷിക്കുകയും ലോകത്തിന്റെ മാന്യത നിരസിക്കുകയും ഉത്കണ്ഠയും ആശങ്കയും അകറ്റുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ശക്തവും സൗമ്യവും വിശുദ്ധവും വ്യക്തവുമായ ദൈവസ്വരം മാത്രമാണ് നിങ്ങളെ നയിക്കുന്നത്. ഇതിന് ഏറെ പ്രാർത്ഥനയും ഏറെ ആന്തരിക ശുദ്ധീകരണവും സമ്പൂർണ സമർപ്പണവും ആവശ്യമാണ്. സുവിശേഷങ്ങളിലൂടെയും നിങ്ങളുടെ മനസ്സാക്ഷിയുടെ ആഴങ്ങളിലും നിങ്ങളോടു സംസാരിക്കുന്ന ദൈവവചനത്തോടുള്ള അചഞ്ചലമായ അനുസരണവും ഇതിന് ആവശ്യമാണ്. വിശുദ്ധിയുടെ ഈ നിലയിലെത്തുന്നവരുടെ ഇടയിൽപ്പോലും, അവരുടെ ജീവിതത്തിൽ പുറപ്പെടുവിക്കുന്ന ഫലം, വഴികാട്ടുന്ന ദൈവവചനമനുസരിച്ച് അവർ എത്രമാത്രം പൂർണമായും സ്ഥിരമായും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നമ്മുടെ കർത്താവിൽനിന്നുള്ള ഈ ഉന്നതമായ വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവവചനത്തിനായി നിങ്ങളുടെ ഹൃദയത്തിൽ അത്യന്തം ഫലഭൂയിഷ്ഠമായ മണ്ണൊരുക്കുക എന്ന ലക്ഷ്യത്തിലെത്താൻ അചഞ്ചലമായ പ്രതിബദ്ധതയും ദൃഢനിശ്ചയവും ആവശ്യമാണ്. ഫലഭൂയിഷ്ഠമായ ഒരു ഹൃദയം രൂപപ്പെടുന്നതിനെതിരെ പോരാടുന്ന അനേകം പ്രലോഭനങ്ങളുണ്ട്. ഇന്ന് നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്കു നോക്കാൻ ശ്രമിക്കുക. സത്യസന്ധരായിരിക്കുക. അത് എത്രമാത്രം ഫലഭൂയിഷ്ഠമാണ്? ദൈവവചനം അവിടെ വളരുന്നുണ്ടോ? ഉണ്ടെങ്കിൽ, അത് സമൃദ്ധിയുടെ നിറവിലേക്കു വളരുന്നുണ്ടോ? ദൈവവചനം വിതയ്ക്കപ്പെടുമ്പോൾ നല്ല ഫലം പുറപ്പെടുവിക്കുക മാത്രമല്ല, നൂറുമേനി നല്ല ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന ആ നല്ല നിലമായിത്തീരുക എന്ന ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കുക.

എന്നിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന എന്റെ കർത്താവേ, അങ്ങ് സൃഷ്ടിച്ച ഓരോ വ്യക്തിയുടെയും ആത്മാവ്, അങ്ങയുടെ വചനത്തിന്റെ വിത്ത് വളർന്ന് അതിസമൃദ്ധമായി ഫലം പുറപ്പെടുവിക്കാൻ കഴിയുന്ന ഏറ്റവും പരിശുദ്ധവും ഏറ്റവും ഫലഭൂയിഷ്ഠവുമായ മണ്ണായിത്തീരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, വിശുദ്ധിയുടെ ഈ ആഴമേറിയതും സമൂലവുമായ ജീവിതത്തിനായി എന്നെത്തന്നെ സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതം അങ്ങയുടേതാണ്. എന്നെ ശുദ്ധീകരിക്കണമേ, മാറ്റണമേ, രൂപപ്പെടുത്തണമേ, എന്നിൽ സമൃദ്ധമായി നല്ല ഫലങ്ങൾ ഉളവാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ക്രിസ്തുവിന്റെ കഥയിൽ നിന്നുള്ള വിതക്കാരന്റെ ഉപമ, രചന: ഗെയോർഗ് പെൻ츠, കടപ്പാട്: Wikimedia Commons