ഓഗസ്റ്റ് 11, 2023
ആണ്ടുവട്ടക്കാലം പതിനെട്ടാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
കന്യകയായ വിശുദ്ധ ക്ലാര—അനുസ്മരണം

“ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? അല്ലെങ്കിൽ, തന്റെ ജീവനു പകരമായി ഒരുവന് എന്തു നൽകാൻ കഴിയും?” മത്തായി 16:26
“ലോകം മുഴുവൻ നേടാൻ” നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിസമ്പന്നരാകുന്നതും തങ്ങൾ ആഗ്രഹിച്ചതെല്ലാം വാങ്ങാൻ കഴിയുന്നതും പലരും ദിവാസ്വപ്നം കാണുന്നു. മറ്റുചിലർ, പൊതുജനശ്രദ്ധയിലേക്കും ജനങ്ങളുടെ പ്രശംസയിലേക്കും തങ്ങളെ നയിക്കുന്ന വീരകൃത്യങ്ങൾ ചെയ്യുന്നതായി സ്വപ്നം കാണുന്നു. ഇനിയും ചിലർ, ഈ ലോകത്തിൽ വലിയ അധികാരമുള്ളവരും ഏറെ പ്രാധാന്യമുള്ള വ്യക്തികളുമായിത്തീരാൻ സ്വപ്നം കാണുന്നു. ഇവയൊന്നും അവയിൽത്തന്നെ മോശമല്ലെങ്കിലും, ഇവയോടുള്ള അതിരുകടന്ന ആഗ്രഹം ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ തകർക്കും. ഈ ആഗ്രഹങ്ങളിലൊന്ന് നിങ്ങളുടെ ഉള്ളിൽ ആധിപത്യം പുലർത്തുകയും നിങ്ങളെ പൂർണമായി കീഴടക്കുകയും ചെയ്യുമ്പോൾ, അതിന്റെ ഫലമായി നിങ്ങളുടെ നിത്യാത്മാവിനെ നിങ്ങൾ നഷ്ടപ്പെടുത്തുന്നു.
“ലോകം” എന്നു പറയുമ്പോൾ നമുക്ക് വ്യത്യസ്ത കാര്യങ്ങൾ മനസ്സിലാക്കാം. ഒന്നാമതായി, ഈ ലോകത്തിലെ എല്ലാ ഭൗതിക വസ്തുക്കളെയുമാണ് ഇതു സൂചിപ്പിക്കുന്നത്—ഉദാഹരണത്തിന്, ഏറ്റവും മികച്ച ഭക്ഷണപാനീയങ്ങൾ, സുഖലോലുപത, ജഡികസുഖങ്ങൾ, ഭൗതികസമ്പത്ത്, ഈ ജീവിതത്തിൽ താൽക്കാലികവും കടന്നുപോകുന്നതുമായ എല്ലാം. രണ്ടാമതായി, “ലോകം” എന്നത് അഹങ്കാരത്തെയും ശ്രദ്ധയും പ്രശംസയും നേടാനുള്ള ആഗ്രഹത്തെയും സൂചിപ്പിക്കാം. മറ്റുള്ളവർ നമ്മെക്കുറിച്ച് എന്തു ചിന്തിക്കുന്നു, എന്തു പറയുന്നു എന്ന ചിന്ത നമ്മെ പൂർണമായി കീഴടക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. മൂന്നാമതായി, സ്വന്തം ഇഷ്ടം നടപ്പിലാക്കാനുള്ള അധികാരമോഹത്തെയും “ലോകം” എന്നതു സൂചിപ്പിക്കാം. ഏറ്റവും ഉയർന്ന തലത്തിൽ നോക്കുമ്പോൾ, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് പലപ്പോഴും ഇതാണ് കാരണം. ഒരു നേതാവ് ആധിപത്യവും നിയന്ത്രണവും ആഗ്രഹിക്കുന്നു. അധികാരത്തിനും നിയന്ത്രണത്തിനുമുള്ള ഈ ആഗ്രഹം ഓരോ വ്യക്തിയെയും അയാളുടെ ജീവിതത്തിലെ ഏതു മേഖലയിലും ബാധിക്കാം; കുടുംബം, സുഹൃത്തുക്കൾ, ജോലി, സാമൂഹിക വൃത്തങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ലൗകിക മോഹങ്ങളുടെ ഈ മൂന്ന് ഉദാഹരണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്, ഇവ കൂടുതൽ നേടുന്നത് നിങ്ങൾക്കു സംതൃപ്തി നൽകുമെന്ന വഞ്ചനയാണ്. താൽക്കാലികവും ക്ഷണികവുമായ സംതൃപ്തി ഇവ നിങ്ങൾക്കു നൽകിയേക്കാമെങ്കിലും, ഈ ആഗ്രഹങ്ങൾ നിങ്ങളുടെ ആത്മാവിനെ നശിപ്പിക്കുകയും ചെയ്യും. കാരണം, നാം ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഒന്നുകിൽ നമ്മുടെ ആത്മാവിന്റെ ആധ്യാത്മിക ദാഹം ശമിപ്പിക്കാൻ നാം ശ്രമിക്കും; അല്ലെങ്കിൽ, ലോകത്തിന്റെ ക്ഷണികമായ വാഗ്ദാനങ്ങളാൽ നമ്മെത്തന്നെ തൃപ്തിപ്പെടുത്താൻ ശ്രമിക്കും. രണ്ടും ഒരുമിച്ച് നേടാൻ നമുക്കു കഴിയില്ല.
സമ്പത്ത് നേടുന്നതോ പൊതുജനങ്ങളുടെ പ്രശംസ ലഭിക്കുന്നതോ അധികാരസ്ഥാനത്ത് നിയമിക്കപ്പെടുന്നതോ അവയിൽത്തന്നെ തിന്മയല്ലെന്നു ശ്രദ്ധിക്കണം. വാസ്തവത്തിൽ, ഇവയിൽ ഓരോന്നും നന്മ ചെയ്യാനുള്ള സാധ്യത നൽകുന്നു. സ്വാർഥമായ കാരണങ്ങളാലും അതു സാഫല്യം നൽകുമെന്ന മിഥ്യാധാരണയാലും ഒരാൾ ഈ ലൗകിക മോഹങ്ങളിലൊന്നിനെ പിന്തുടരുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. സത്യം പറഞ്ഞാൽ, ദൈവത്തെ മാത്രം സേവിക്കാൻ ശ്രമിക്കുന്ന ഒരാളുടെമേൽ ഈ സാഹചര്യങ്ങളിൽ ഓരോന്നും യഥാർഥമായ ഒരു കുരിശ് ചുമത്തുന്നു. സമ്പത്തിനോടോ പ്രതിഷ്ഠയോടോ അധികാരത്തോടോ ഒപ്പം വരുന്ന ഉത്തരവാദിത്വം യാഥാർഥ്യമാണ്. അതിനാൽ, ഇവയിൽ ഒന്നോ അതിലധികമോ ലഭിക്കുമ്പോൾ, അനാസക്തിയോടും വിനയത്തോടും കൂടിയാണ് അവ കൈകാര്യം ചെയ്യേണ്ടത്.
ഉദാഹരണത്തിന്, ഒരാൾ ഏറെ സമ്പന്നനായിത്തീർന്നാലും ഭൗതികവസ്തുക്കളോട് ആത്മീയമായി അനാസക്തനായി ജീവിക്കണമെന്ന കല്പന അപ്പോഴും നിലനിൽക്കുന്നു. അതിനാൽ, ഈ സാഹചര്യത്തിൽ ഭൗതികസമ്പത്ത് പ്രലോഭനത്തിന്റെ രൂപത്തിൽ ഒരുതരം ഭാരമായിത്തീരുന്നു. ഈ പ്രലോഭനത്തെ തീർച്ചയായും അതിജീവിക്കാനും സമ്പത്ത് നന്മയ്ക്കായി ഉപയോഗിക്കാനും കഴിയുമെങ്കിലും, അപകടം യാഥാർഥ്യമാണ്; അതു പതിവായി തിരിച്ചറിയുകയും വേണം. അതുപോലെ, നിങ്ങൾ ചെയ്ത ഒരു കാര്യത്തിന് അനേകർ നിങ്ങളെ പ്രശംസിക്കുകയോ, മറ്റുള്ളവരുടെമേൽ വലിയ ഉത്തരവാദിത്വവും അധികാരവും നിങ്ങൾക്കു നൽകപ്പെടുകയോ ചെയ്താൽ, ദൈവം, ദൈവം മാത്രം, നിങ്ങളുടെ ആഗ്രഹത്തിന്റെ ഏക ലക്ഷ്യമായി തുടരുന്നതിനുവേണ്ടി നിങ്ങളുടെ വിനയവും അനാസക്തിയും വർധിക്കുകയും വേണം.
ഇന്ന് നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുക. ജീവിതത്തിൽ നിങ്ങൾക്ക് എന്താണ് വേണ്ടത്? “ലോകം മുഴുവൻ നേടാൻ” നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ലൗകികമായ അഭിലാഷങ്ങളിൽ ചിലതെങ്കിലും സാക്ഷാത്കരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, ജാഗ്രത പുലർത്തുക. നിങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങളെക്കുറിച്ച് സത്യസന്ധമായി വിചിന്തനം ചെയ്യുകയും ദൈവഹിതം മാത്രം ആഗ്രഹിക്കുന്നവരാകാൻ അവയെ ശുദ്ധീകരിക്കാൻ പരിശ്രമിക്കുകയും ചെയ്യുക. അതു സംഭവിച്ചുകഴിഞ്ഞാൽ, നിങ്ങൾ ധനികരോ ദരിദ്രരോ ആണെങ്കിലും, പൊതുജനങ്ങൾ നിങ്ങളെ പ്രശംസിക്കുകയോ വിമർശിക്കുകയോ ചെയ്താലും, ലൗകിക അധികാരം നിങ്ങളെ ഏല്പിച്ചാലും ഇല്ലെങ്കിലും, അവയൊന്നും നിങ്ങൾക്കു പ്രധാനമായിരിക്കില്ല. ദൈവത്തിന്റെ പരിപൂർണവും സാഫല്യദായകവുമായ തിരുഹിതത്തിന് അനുസൃതമായി, എല്ലാം അവിടുത്തെ മഹത്ത്വത്തിനായി ഉപയോഗിക്കുക എന്നതു മാത്രമായിരിക്കും നിങ്ങൾക്കു പ്രധാനം.
ഏറ്റവും മഹത്ത്വപൂർണനായ ദൈവമേ, അങ്ങയുടെ തിരുഹിതം പരിപൂർണമാണ്; ജീവിതത്തിൽ സാഫല്യം നൽകുന്ന ഏക ഉറവിടവും അതുതന്നെയാണ്. ഈ ലോകത്തെ മാത്രം സംബന്ധിക്കുന്ന എല്ലാ ആഗ്രഹങ്ങളിൽനിന്നും എന്റെ ആത്മാവിനെ ശുദ്ധീകരിക്കണമേ. എനിക്കുള്ളതെല്ലാം അങ്ങയുടെ മഹത്ത്വത്തിനായി മാത്രം ഉപയോഗിക്കപ്പെടേണ്ടതിന്, അങ്ങയുടെ വിശുദ്ധ ഹിതം നിറവേറ്റുക എന്നതായിരിക്കട്ടെ എന്റെ ജീവിതത്തിലെ ഒരേയൊരു ആഗ്രഹം. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
കൂടുതൽ വായനയ്ക്ക് – കന്യകയായ വിശുദ്ധ ക്ലാര—ഓർമ്മ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




