മലയാളം

ഉപവിയാൽ ഒരുങ്ങുക

സെപ്റ്റംബർ 1, 2023
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയൊന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു ശിഷ്യന്മാരോട് ഈ ഉപമ പറഞ്ഞു: “സ്വർഗരാജ്യം വിളക്കുകളുമെടുത്ത് മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട പത്തു കന്യകമാർക്കു സദൃശമായിരിക്കും. അവരിൽ അഞ്ചുപേർ വിവേകശൂന്യരും അഞ്ചുപേർ വിവേകമതികളുമായിരുന്നു.” മത്തായി 25:1–2

ഈ ഉപമയിലെ “പത്തു കന്യകമാർ” യഹൂദ പാരമ്പര്യമനുസരിച്ച് വിവാഹത്തിനായി മണവാളന്റെ വരവു കാത്തിരിക്കാൻ മണവാട്ടിയുടെ വീട്ടിലേക്കു പോയ തോഴിമാരെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ക്രൈസ്തവ ജീവിതയാത്രയിൽ ജാഗരൂകരായിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയാൻ യേശു പറഞ്ഞ ഏതാനും ഉപമകളിലൊന്നാണിത്. ഉപമ തുടരുമ്പോൾ, മണവാളൻ വരാൻ വൈകിയെന്നും തോഴിമാർ ഉറങ്ങിപ്പോയെന്നും നാം വായിക്കുന്നു. ഉണർന്നപ്പോൾ വിവേകശൂന്യരുടെ വിളക്കുകളിൽ എണ്ണ തീർന്നിരുന്നു; അതിനാൽ കൂടുതൽ എണ്ണ വാങ്ങാൻ അവർക്ക് പോകേണ്ടിവന്നു. മടങ്ങിവന്നപ്പോൾ, മണവാളൻ നേരത്തേ എത്തിയെന്നും വാതിൽ അടച്ചുകഴിഞ്ഞെന്നും അവർ മനസ്സിലാക്കി. അപ്പോൾ അവർ മുട്ടിവിളിച്ചു പറഞ്ഞു: “കർത്താവേ, കർത്താവേ, ഞങ്ങൾക്കു വാതിൽ തുറന്നുതരണമേ!” എന്നാൽ അവർക്കു ലഭിച്ച മറുപടി ഇതായിരുന്നു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുന്നില്ല.” അങ്ങനെ അവർക്കു വിവാഹാഘോഷത്തിൽ പങ്കെടുക്കാനായില്ല.

പരമ്പരാഗതമായി, “എണ്ണ” ഉപവിയെ സൂചിപ്പിക്കുന്നതായി മനസ്സിലാക്കപ്പെടുന്നു. സന്ദേശം ലളിതമാണ്. സ്വർഗത്തിൽ നമ്മുടെ കർത്താവിനെ കണ്ടുമുട്ടാൻ ഒരുങ്ങുമ്പോൾ, നാം ക്രൈസ്തവരാണെന്ന് അവകാശപ്പെട്ടാൽ മാത്രം പോരാ. നമ്മുടെ പ്രവൃത്തികളിലൂടെ ഉപവിയുടെ നല്ല ഫലവും നാം പുറപ്പെടുവിക്കണം. വിശ്വാസം ഉപവിയിലേക്കു നയിക്കണം; അല്ലെങ്കിൽ അത് യഥാർഥ വിശ്വാസമേയല്ല.

ഈ ഉപമ നാം ഗൗരവത്തോടെ സ്വീകരിക്കണം. നമ്മിൽ ഉപവിയുണ്ടോ…അതോ ഇല്ലയോ എന്നു പരിശോധിച്ചുകൊണ്ട് നമ്മുടെ ജീവിതത്തെ പതിവായി വിലയിരുത്താനുള്ള ഒരു മാർഗമായി ഇതിനെ ഉപയോഗിക്കണം. നിങ്ങളുടെ ജീവിതത്തിലേക്കു നോക്കുമ്പോൾ, ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിൽനിന്ന് ഉത്ഭവിച്ച് മറ്റുള്ളവർക്കായി നിങ്ങൾ പതിവായി ചെയ്യുന്ന ഉപവിപ്രവൃത്തികൾ ചൂണ്ടിക്കാണിക്കാനാകുമോ? ഉപവി ജീവിതത്തിലെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. നിങ്ങൾക്ക് എന്തു ചെയ്യാൻ തോന്നുന്നു എന്നതുമല്ല അതിന്റെ അടിസ്ഥാനം. ഉപവി എപ്പോഴും നിസ്വാർഥവും ത്യാഗപൂർണവുമാണ്. അത് എപ്പോഴും അപരന്റെ നന്മ ലക്ഷ്യമാക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഉപവി എത്രമാത്രം സജീവമാണ്? ദൈവത്തിൽ വിശ്വാസമുണ്ടെന്ന് ഏറ്റുപറയുകയും എന്നാൽ ദൈവസ്നേഹത്തിൽ ജീവിക്കാതിരിക്കുകയും ചെയ്ത അനേകരെക്കുറിച്ച് അറിയാമായിരുന്നതിനാലാണ് യേശു ഈ ഉപമ പറഞ്ഞതെന്നു വ്യക്തമാണ്. നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്തുകൊണ്ട് അനുദിനം ജീവിച്ചുപോകുന്നത് വളരെ എളുപ്പമാണ്. എന്നാൽ നമ്മുടെ ആത്മാവിൽ യഥാർഥ ഉപവി വളർത്തിയെടുക്കുന്നതും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അവരെ സ്നേഹിക്കാൻ പതിവായി തീരുമാനിക്കുന്നതും വളരെ പ്രയാസകരമാണ്.

ആദ്യം നമ്മുടെ ചിന്തകളിൽ ഉപവി വളർത്താൻ നാം പരിശ്രമിക്കണം. കുറ്റം കണ്ടെത്തുകയും വിധിക്കുകയും ചെയ്യുന്ന ചിന്തകൾ ഒഴിവാക്കണം; ദൈവം മറ്റുള്ളവരെ കാണുന്നതുപോലെ അവരെ കാണാൻ നാം പരിശ്രമിക്കുകയും വേണം. ഉപവി നമ്മുടെ വാക്കുകളെയും നയിക്കണം. നമ്മുടെ വാക്കുകൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവയും ദയയും പിന്തുണയും കരുണയും നിറഞ്ഞവയുമായിരിക്കണം. നമ്മുടെ സമയം ഉദാരമായി നൽകുകയും, സേവനത്തിനായി അധികശ്രമം ഏറ്റെടുക്കുകയും, മറ്റുള്ളവരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുമ്പോൾ നമ്മുടെ പ്രവൃത്തികൾ ഉപവിപൂർണമാകുന്നു.

സജീവവും പ്രകടവുമായ ഉപവിയുടെ ജീവിതം നയിക്കാൻ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ഉന്നതമായ വിളിയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. യഥാർഥത്തിൽ ഉപവി എന്താണെന്ന് ധ്യാനിക്കാൻ സമയം ചെലവഴിക്കുക. കൂടുതൽ ലൗകികവും സ്വാർഥവുമായ ഒരു തരം “സ്നേഹത്താൽ” നയിക്കപ്പെടാൻ നിങ്ങൾ നിങ്ങളെത്തന്നെ അനുവദിച്ചിട്ടുണ്ടോ? ആത്മദാനത്തെയും ത്യാഗത്തെയുംകാൾ സ്വാർഥമായ ഇഷ്ടങ്ങളാണോ നിങ്ങളുടെ പ്രവൃത്തികളെ കൂടുതൽ പ്രേരിപ്പിക്കുന്നത്? നിങ്ങൾ യഥാർഥത്തിൽ മറ്റുള്ളവരെ വളർത്തുകയും അവർക്ക് ദൈവസ്നേഹത്തിന്റെ സാക്ഷ്യം നൽകുകയും ചെയ്യുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഗൗരവത്തോടെ ഉത്തരം നൽകാൻ ശ്രമിക്കുക. നമ്മുടെ കർത്താവ് പറഞ്ഞ ഈ ഉപമ വെറുമൊരു കഥയെക്കാൾ ഏറെ അർഥവത്താണ്. അത് സത്യമാണ്. ചിലർ തങ്ങളുടെ വിളക്കുകൾക്ക് ആവശ്യമായ “എണ്ണ” ഇല്ലാതെ വിധിദിനത്തിൽ എത്തുമെന്നതാണ് ആ സത്യം. നമ്മുടെ കർത്താവിന്റെ വാക്കുകൾ ഗൗരവമായി സ്വീകരിച്ച് നിങ്ങളുടെ ഉപവിജീവിതം പരിശോധിക്കുക. എവിടെയെല്ലാം കുറവുകളുണ്ടോ, അവിടെ മാറ്റം വരുത്താനുള്ള ദൗത്യത്തിൽ തീക്ഷ്ണതയുള്ളവരാകുക. ഒടുവിൽ, അങ്ങനെ ചെയ്തതിനെപ്രതി നിങ്ങൾ നിത്യവും കൃതജ്ഞരായിരിക്കും.

എന്റെ സ്നേഹനാഥാ, യഥാർഥ സ്നേഹം നിസ്വാർഥവും ത്യാഗപൂർണവുമാണെന്ന് അങ്ങ് ഞങ്ങൾക്കെല്ലാം കാണിച്ചുതന്നു. സേവിക്കാനും ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി അങ്ങയുടെ വിശുദ്ധ ജീവൻ സമർപ്പിക്കാനുമാണ് അങ്ങ് ഈ ലോകത്തിലേക്കു വന്നത്. അങ്ങയുടെ സ്നേഹം എന്റെ എല്ലാ ബന്ധങ്ങളെയും സ്വാധീനിക്കുകയും നയിക്കുകയും ചെയ്യേണ്ടതിന്, എന്റെ ജീവിതം അങ്ങയുടെ സ്നേഹത്തിനായി കൂടുതൽ പൂർണമായി തുറന്നുകൊടുക്കാൻ എനിക്കു കഴിയുമാറാകട്ടെ. പ്രിയ കർത്താവേ, എന്റെ തനതുവിധിയുടെ ദിനത്തിനായി ഞാൻ പൂർണമായി ഒരുങ്ങിയിരിക്കേണ്ടതിന് ഉപവിയുടെ ദാനത്താൽ എന്നെ നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: പീറ്റർ ഫോൺ കൊർണേലിയസ് വരച്ച ബുദ്ധിമതികളും ഭോഷകളുമായ കന്യകമാരുടെ ഉപമ, വിക്കിമീഡിയ കോമൺസ് വഴി