മലയാളം

യേശുവിനോടുള്ള വൈകാരിക പ്രതികരണം

2023 സെപ്റ്റംബർ 4
ആണ്ടുവട്ടക്കാലം ഇരുപത്തിരണ്ടാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ഇതു കേട്ടപ്പോൾ സിനഗോഗിലുണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ എഴുന്നേറ്റ് അവനെ പട്ടണത്തിനു പുറത്തേക്കു തള്ളിക്കൊണ്ടുപോയി. തങ്ങളുടെ പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്ന് അവനെ തലകീഴായി തള്ളിയിടാൻ അവർ അവിടേക്കു കൊണ്ടുചെന്നു. എന്നാൽ അവൻ അവരുടെ ഇടയിലൂടെ കടന്നുപോയി. ലൂക്കാ 4:28–30

യേശുവിനെ അറിയുന്നവർ, അവിടുന്ന് വളർന്ന പട്ടണത്തിലെ ആളുകൾ, നമ്മുടെ കർത്താവിനോട് ഇത്രയും രൂക്ഷമായി പ്രതികരിച്ചു എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. യേശു സിനഗോഗിൽ പ്രവേശിച്ച് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽനിന്ന് വായിച്ചതേയുള്ളൂ. “കർത്താവിന്റെ ആത്മാവ്” തന്റെമേൽ ഉണ്ടെന്നും “ബന്ദികൾക്ക് മോചനം പ്രഖ്യാപിക്കാൻ” താൻ വന്നിരിക്കുന്നുവെന്നും പ്രവാചകൻ അതിൽ പറഞ്ഞിരുന്നു. യേശുവിന്റെ ദൗത്യം വ്യക്തമായിരുന്നു. പ്രവാചകന്മാരുടെ പ്രബോധനങ്ങളുടെ പൂർത്തീകരണമായി പിതാവ് അയച്ച മിശിഹായായിരുന്നു അവിടുന്ന്. എന്നിട്ടും, ആളുകൾ അവിടുത്തെ പട്ടണത്തിൽനിന്ന് പുറത്താക്കി, പട്ടണത്തിനടുത്തുള്ള ഒരു ചെങ്കുത്തായ പാറയുടെ മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുന്നിടത്തോളം ആ തിരസ്കരണം എത്തി. യേശുവിനെക്കുറിച്ച് ആളുകൾ അനുഭവിച്ച അതിതീവ്രമായ വികാരങ്ങൾ മനസ്സിലാക്കുക പ്രയാസമാണെന്ന് വീണ്ടും പറയേണ്ടിയിരിക്കുന്നു. ചിലർ യേശുവിനെ അത്യഗാധമായ സ്നേഹത്തോടെ സ്നേഹിക്കാൻ തുടങ്ങി; മറ്റുചിലർ അവിടുത്തോടു രോഷാകുലരായി അവിടുത്തെ ജീവനെടുക്കാൻ ശ്രമിച്ചു.

പലരും അനുഭവിച്ച ഈ അതിതീവ്രമായ വികാരങ്ങൾ നമ്മോടു പറയുന്ന ഒരു കാര്യമുണ്ട്: യേശുവിന്റെ വാക്കുകൾ നാം യഥാർഥത്തിൽ ശ്രവിക്കുമ്പോൾ അവിടുത്തോട് നിസ്സംഗരായിരിക്കാൻ നമുക്കാവില്ല. യേശുവിനെ അവഗണിക്കുമ്പോഴാണ് നിസ്സംഗത ഉണ്ടാകുന്നത്. എന്നാൽ അവിടുത്തെ ശ്രവിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, അവിടുത്തെ സന്ദേശം ഒരു പ്രതികരണം ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാകും. അവിടുത്തെ സന്ദേശം ശ്രവിക്കുമ്പോൾ നാം അവിടുത്തെ പൂർണമായി സ്വീകരിക്കുന്നില്ലെങ്കിൽ, അവിടുത്തെയും അവിടുന്ന് പറയുന്നതെല്ലാറ്റിനെയും തള്ളിക്കളയാനുള്ള പ്രലോഭനം നമുക്കുണ്ടാകും.

നമ്മുടെ കാര്യത്തിലും ഇതുതന്നെ ചെയ്യാനാണ് യേശു ആഗ്രഹിക്കുന്നത്. നമ്മിൽനിന്ന് ഒരു പ്രതികരണം അവിടുന്ന് ആഗ്രഹിക്കുന്നു. ആദ്യം നാം അവിടുത്തെ ശ്രവിക്കണമെന്നും, അവിടുത്തെ സന്ദേശം സമൂലമായ മാറ്റം ആവശ്യപ്പെടുന്നുവെന്ന് മനസ്സിലാക്കണമെന്നും, അതിനുശേഷം ഒരു തീരുമാനമെടുക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. തീക്ഷ്ണമായ സ്നേഹത്തോടും ഉത്സാഹത്തോടുംകൂടി നാം അവിടുത്തെ അനുഗമിക്കണമെന്നും, അവിടുന്ന് പഠിപ്പിക്കുന്നതെല്ലാം വിശ്വസിക്കണമെന്നും, അതിന്റെ ഫലമായി നമ്മുടെ ജീവിതം സമൂലം മാറ്റണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. നാം മാറാൻ തയ്യാറാകുന്നില്ലെങ്കിൽ, യേശുവിന്റെ വാക്കുകൾ നമ്മെ വെല്ലുവിളിക്കുകയും നമ്മിൽ ഒരു പ്രതികരണം ഉളവാക്കുകയും ചെയ്യും.

ഇന്ന് സാധാരണമായി കാണുന്ന ഒരു ഉദാഹരണമുണ്ട്: കൗമാരക്കാരോ യുവജനങ്ങളോ വഴിതെറ്റാൻ തുടങ്ങുമ്പോൾ, സ്നേഹമുള്ള മാതാപിതാക്കൾ അത് നേരിട്ടു ചൂണ്ടിക്കാട്ടുന്ന അവസരങ്ങളിൽ ചിലപ്പോൾ അവരിൽനിന്നുണ്ടാകുന്ന ശക്തമായ പ്രതികരണം. സ്നേഹത്തോടെയും സത്യത്തോടെയും ഒരാളുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ പലപ്പോഴും വികാരങ്ങൾ ഉണരുകയും ഇളകിമറിയുകയും ചെയ്യും. എന്നാൽ അത് എല്ലായ്പ്പോഴും മോശമായ കാര്യമല്ല. പിൻവാങ്ങാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള പ്രലോഭനം മാതാപിതാക്കൾക്കുണ്ടാകും. എന്നാൽ തന്റെ പട്ടണത്തിലെ ആളുകളോട് യേശു അങ്ങനെയല്ല ചെയ്തത്. അവിടുന്ന് സ്നേഹത്തോടെ സത്യം പറയുകയും അവരുടെ പ്രതികരണം സ്വീകരിക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തിലുള്ളവരുടെ കാര്യത്തിലും ഇതുതന്നെയാണ് ബാധകം. മറ്റുള്ളവർ രൂക്ഷമായി പ്രതികരിക്കുമെന്ന് അറിഞ്ഞാലും, അവർ കേൾക്കേണ്ട, കഠിനമെങ്കിലും സ്നേഹപൂർവമായ സത്യം ചിലപ്പോൾ നാം പറയേണ്ടിവരും. അവസാനം, കാരുണ്യത്തോടും സത്യത്തോടുംകൂടി അവരെ വെല്ലുവിളിക്കുന്നത് അവരുടെ മനസ്സുമാറ്റത്തിന് വഴിയൊരുക്കിയേക്കാം. അന്ന് കോപംമൂലം യേശുവിനെ കൊല്ലാൻ ശ്രമിച്ച ആ പട്ടണവാസികൾക്ക് ഒടുവിൽ എന്തു സംഭവിച്ചുവെന്ന് നമുക്കറിയില്ല. എന്നാൽ അവർ അനുഭവിച്ച അതിതീവ്രമായ വികാരം ഒടുവിൽ അവരെ സത്യത്തിലേക്കു നയിച്ചിരിക്കാനുള്ള സാധ്യത തീർച്ചയായുമുണ്ട്.

സ്വന്തം പട്ടണത്തിലെ ആളുകളുടെ വിശ്വാസക്കുറവ് നേരിട്ടു ചൂണ്ടിക്കാട്ടുകയും അവരെ വെല്ലുവിളിക്കുകയും ചെയ്തപ്പോൾ യേശു പ്രകടമാക്കിയ ധൈര്യത്തെയും സ്നേഹത്തെയും കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അവരെ നിസ്സംഗതയിൽനിന്ന് പുറത്തുകൊണ്ടുവരാൻ യേശു അവർക്കു നൽകിയ കാരുണ്യമായിരുന്നു ആ വെല്ലുവിളിയെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും കാര്യത്തിൽ നിങ്ങൾ വെല്ലുവിളിക്കപ്പെടേണ്ടതുണ്ടോ? നിങ്ങൾ ശക്തമായി, ഒരുതരം രോഷത്തോടെപോലും പ്രതികരിച്ച കാര്യങ്ങളുണ്ടോ? നമ്മുടെ കർത്താവിനോടു രോഷാകുലരായ ആ പട്ടണവാസികളിൽ ഒരാളായി നിങ്ങളെത്തന്നെ കാണാൻ ശ്രമിക്കുക. യേശു നിങ്ങളോടു പറഞ്ഞ കാര്യങ്ങളോട് നിങ്ങൾ ഏതെങ്കിലും വിധത്തിൽ പ്രതികൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിൽ, അത് തുറന്ന മനസ്സോടെ തിരിച്ചറിയുക. മറ്റൊരാളോടു തന്റെ സ്നേഹത്തിന്റെ വ്യക്തമായ സന്ദേശം അറിയിക്കാൻ യേശു നിങ്ങളെ എങ്ങനെയെല്ലാം ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കാമെന്നും ചിന്തിക്കുക; ആ സന്ദേശം ഉടനടി സ്വീകരിക്കപ്പെടണമെന്നില്ലെന്ന് നിങ്ങൾക്കറിയാമെങ്കിലും അങ്ങനെ ചെയ്യുക. സ്വന്തം നാട്ടുകാരെ അവരുടെ നിസ്സംഗതയിൽനിന്ന് പുറത്തുകൊണ്ടുവരാൻ യേശു ശ്രമിച്ചതുപോലെ അവിടുത്തെ അനുകരിക്കാൻ നിങ്ങൾക്കു കഴിയേണ്ടതിന് ധൈര്യത്തിനും കാരുണ്യത്തിനും വ്യക്തതയ്ക്കും സ്നേഹത്തിനുമായി പ്രാർഥിക്കുക.

എന്നെ വെല്ലുവിളിക്കുന്ന എന്റെ കർത്താവേ, അങ്ങയുടെ എല്ലാ മക്കളും പൂർണ്ണഹൃദയത്തോടെ അങ്ങയിലേക്കു തിരിയണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. ഞങ്ങളെ നിസ്സംഗതയിൽനിന്ന് ഉണർത്താൻ ഉദ്ദേശിച്ചുള്ള കാരുണ്യപ്രവൃത്തികളാണ് അങ്ങയുടെ ശിക്ഷണങ്ങൾ. ഇന്ന് ഞാൻ കേൾക്കേണ്ട സത്യങ്ങൾ എന്നോട് അരുളിച്ചെയ്യണമേ. അങ്ങയുടെ വിശുദ്ധ വചനം മറ്റുള്ളവരുമായി, പ്രത്യേകിച്ച് എന്റെ സ്വന്തം കുടുംബാംഗങ്ങളുമായി, പങ്കുവയ്ക്കാൻ എന്നെ ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ജെയിംസ് ടിസോ വരച്ച ‘സിനഗോഗിൽ ഗ്രന്ഥച്ചുരുൾ നിവർത്തുന്ന യേശു’, വിക്കിമീഡിയ കോമൺസ് വഴി