മലയാളം

ദൈവമാതാവിന്റെ ജനനം

2023 സെപ്റ്റംബർ 8, വെള്ളിയാഴ്ച

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

“ദാവീദിന്റെ പുത്രനായ യൗസേപ്പേ, നിന്റെ ഭാര്യയായ മറിയത്തെ നിന്റെ ഭവനത്തിലേക്കു സ്വീകരിക്കാൻ ഭയപ്പെടേണ്ടാ. എന്തെന്നാൽ, അവളിൽ ഈ ശിശു ഉരുവായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും; നീ അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും.” മത്തായി 1:20–21

ലോകചരിത്രത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ജന്മദിനങ്ങളിൽ ഒന്നാണ് ഇന്നു നാം ആഘോഷിക്കുന്നത്! തീർച്ചയായും, ഇതിനെക്കാൾ പ്രാധാന്യമുള്ള ഏക ജന്മദിനം നമ്മുടെ ദിവ്യനാഥന്റേതുതന്നെയാണ്. എന്നാൽ ഇന്ന് നാം അവിടുത്തെ അമ്മയെ ആദരിക്കുന്നു; അവൾ നമ്മുടെയും അമ്മയാണ്.

ഉത്ഭവപാപത്തിന്റെ കറയില്ലാതെയാണ് പരിശുദ്ധ കന്യകാമറിയം നമ്മുടെ ലോകത്തിൽ ജനിച്ചത്. തന്റെ അമലോത്ഭവമെന്ന ദാനത്തിലൂടെ, പതിതമായ മനുഷ്യസ്വഭാവം അനുഭവിക്കുന്നതിൽനിന്ന് അവൾ സംരക്ഷിക്കപ്പെട്ടു. അങ്ങനെ, മനുഷ്യന്റെ പതനത്തിനുശേഷം മനുഷ്യസ്വഭാവത്തിന്റെ പൂർണതയിൽ ജനിച്ച ആദ്യ വ്യക്തിയായി അവൾ മാറി. ജീവിതത്തിന്റെ ഓരോ ചുവടിലും തന്റെ സ്വതന്ത്ര ഇച്ഛാശക്തിയാൽ ദൈവത്തോടു പ്രത്യുത്തരിച്ചുകൊണ്ട്, ജീവിതത്തിലുടനീളം അവൾ ഈ കൃപ അനുഭവിച്ചുകൊണ്ടിരുന്നു.

നമ്മുടെ ജന്മദിനങ്ങൾ ആഘോഷിക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. കുട്ടികൾക്ക് അത് ഏറെ പ്രിയപ്പെട്ടതാണ്. എങ്കിലും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും തങ്ങളെ ആദരിക്കുകയും പ്രത്യേകമായി ആഘോഷിക്കുകയും ചെയ്യുന്ന ആ വിശേഷദിനത്തിനായി മിക്കവാറും എല്ലാവരും ഓരോ വർഷവും കാത്തിരിക്കുന്നു. അതുകൊണ്ട്, നമ്മുടെ പരിശുദ്ധ അമ്മയും ഭൂമിയിലായിരുന്നപ്പോൾ തന്റെ ജന്മദിനം ഇഷ്ടപ്പെട്ടിരുന്നുവെന്നും സ്വർഗത്തിലും ഈ പ്രത്യേക ആഘോഷത്തിൽ ആനന്ദിക്കുന്നുവെന്നും നമുക്ക് ഉറപ്പിക്കാം. തീർച്ചയായും, ലാളിക്കപ്പെടാനോ പ്രത്യേക പരിഗണന ലഭിക്കാനോ ആഗ്രഹിച്ചതുകൊണ്ടല്ല അവൾ തന്റെ ജന്മദിനത്തിൽ സന്തോഷിച്ചത്. തന്റെ ജീവിതത്തിൽ ദൈവം ചെയ്ത സകല കാര്യങ്ങൾക്കും അവിടുത്തോടുണ്ടായിരുന്ന ആഴമായ ആത്മീയ കൃതജ്ഞതയാൽ, ഒരുപക്ഷേ തന്റെ ദിവ്യപുത്രനൊഴികെ മറ്റാരെക്കാളും അധികമായി, അവൾ തന്റെ ജന്മദിനത്തിൽ ആനന്ദിച്ചു.

നമ്മുടെ പരിശുദ്ധ അമ്മയുടെ കാഴ്ചപ്പാടിൽനിന്ന് അവളുടെ ഹൃദയത്തെയും ആത്മാവിനെയും കുറിച്ചു ധ്യാനിക്കാൻ ശ്രമിക്കുക. ജീവിതത്തിലുടനീളം പരിശുദ്ധ ത്രിത്വത്തിലെ ഓരോ ദൈവികവ്യക്തിയോടും അവൾ ഗാഢമായി ഐക്യപ്പെട്ടിരുന്നിരിക്കണം. തന്റെ ആത്മാവിൽ വസിക്കുന്ന ദൈവത്തെ അവൾ അറിഞ്ഞിരുന്നിരിക്കണം; ദൈവം തന്നിൽ ചെയ്ത കാര്യങ്ങളെക്കുറിച്ച് അവൾ വിസ്മയഭരിതയായിരുന്നിരിക്കണം. ആഴമായ വിനയത്തോടും അസാധാരണമായ കൃതജ്ഞതയോടുംകൂടെ അവൾ ഈ കൃപകളെക്കുറിച്ചു ധ്യാനിച്ചിരുന്നിരിക്കണം. ദൈവം തനിക്കുവേണ്ടി ചെയ്ത സകല കാര്യങ്ങളെയും കുറിച്ച് വ്യക്തമായ ബോധ്യത്തോടെ, തന്റെ ആത്മാവിനെയും ദൗത്യത്തെയും അവൾ ദൈവത്തിന്റെ കാഴ്ചപ്പാടിൽ കണ്ടിരുന്നിരിക്കണം.

നമ്മുടെ പരിശുദ്ധ അമ്മയുടെ ജന്മദിനത്തെ ആദരിക്കുമ്പോൾ, ദൈവം നമ്മിൽ ഓരോരുത്തർക്കും നൽകിയിരിക്കുന്ന വിസ്മയകരമായ അനുഗ്രഹങ്ങളെക്കുറിച്ചു ധ്യാനിക്കാനുള്ള ഒരു പ്രധാന അവസരംകൂടിയാണിത്. ഇല്ല, മറിയം അമ്മയെപ്പോലെ നാം അമലോത്ഭവരല്ല. നാമോരോരുത്തരും ഉത്ഭവപാപത്തോടെയാണ് ജനിച്ചത്; ജീവിതത്തിലുടനീളം പാപം ചെയ്തിട്ടുമുണ്ട്. എങ്കിലും, നമ്മിൽ ഓരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്ന കൃപയുടെ അനുഗ്രഹങ്ങൾ അതീവ യാഥാർഥ്യമാണ്. ഈ കൃപകളെ കാണാനുള്ള കണ്ണുകൾ സ്വന്തമാക്കാൻ നാം പരിശ്രമിച്ചാൽ മാത്രം മതി. ഉദാഹരണത്തിന്, മാമ്മോദീസ ആത്മാവിന് നിത്യമായ ഒരു രൂപാന്തരം നൽകുന്നു. ചിലപ്പോഴൊക്കെ നമ്മുടെ പാപം ആ രൂപാന്തരത്തെ മറച്ചേക്കാമെങ്കിലും, ആ രൂപാന്തരം നിത്യമാണ്. നമ്മുടെ ആത്മാക്കൾ മാറ്റപ്പെടുന്നു. നാം നവീകരിക്കപ്പെടുന്നു. നമ്മുടെ ഹൃദയങ്ങളിൽ കൃപ ചൊരിയപ്പെടുന്നു; നാം ദൈവമക്കളായിത്തീരുന്നു. ദൈവം അനുഗ്രഹങ്ങൾ നൽകുന്ന എണ്ണമറ്റ മറ്റു വഴികളെ തിരിച്ചറിയാൻ കഴിയുന്ന ആത്മാവിന്, കൃതജ്ഞത മാത്രമാണ് ഉചിതമായ പ്രതികരണം.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനത്തിന്റെ മഹിമയാർന്ന ആഘോഷത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അവളുടെ കണ്ണുകളിലൂടെ അവളുടെ ജീവിതത്തെ നോക്കി ആനന്ദിക്കാൻ ശ്രമിച്ചുകൊണ്ട് ആരംഭിക്കുക. കൃപാനിറവുള്ള തന്റെ ആത്മാവിലേക്കു നോക്കിയപ്പോൾ അവൾ എന്തു കണ്ടിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുക. അവിടെനിന്ന്, നിങ്ങളുടെ ആത്മാവിനെക്കുറിച്ചും ആനന്ദിക്കാൻ ശ്രമിക്കുക. ദൈവം നിങ്ങൾക്കുവേണ്ടി ചെയ്ത സകല കാര്യങ്ങൾക്കും നന്ദിയുള്ളവരായിരിക്കുക. എണ്ണമറ്റ ഈ കൃപകളെ കാണുന്ന കണ്ണുകൾ സ്വന്തമാക്കാൻ പരിശ്രമിക്കുക; നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ ആനന്ദിക്കാൻ സ്വയം അനുവദിക്കുക.

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, ജന്മദിനാശംസകൾ! അമ്മയുടെ അമലോത്ഭവത്തിലും ഈ ലോകത്തിലേക്കുള്ള ജനനത്തിലും ദൈവം അമ്മയ്ക്കു നൽകിയ അത്ഭുതകരമായ ദാനത്തെ ഓർത്ത് ഇന്ന് ഞാൻ ആനന്ദിക്കുന്നു. ഈ ദിവസം അമ്മയെ ഉചിതമായി വണങ്ങുവാനും, പ്രത്യേകിച്ച് കൃപ നിറഞ്ഞ അമ്മയുടെ ആത്മാവിന്റെ സൗന്ദര്യം കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാനും എനിക്കു കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. കരുണാമയനായ നമ്മുടെ ദൈവം എനിക്കു നൽകിയ എണ്ണമറ്റ കൃപകളിൽ ഞാനും ആനന്ദിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. പ്രിയ അമ്മേ, ഞാൻ അമ്മയെ സ്നേഹിക്കുന്നു. പ്രിയപ്പെട്ട ഈശോയേ, പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തിലൂടെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു!

വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ തിരുനാൾ  – പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ഡൊമെനിക്കോ ഗിർലൻദായോ വരച്ച മറിയത്തിന്റെ ജനനം, വിക്കിമീഡിയ കോമൺസ് വഴി