സെപ്റ്റംബർ 10, 2023
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിമൂന്നാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിന്റെ സഹോദരൻ നിനക്കെതിരേ പാപം ചെയ്താൽ, നീ ചെന്ന് നീയും അവനും മാത്രമായിരിക്കുമ്പോൾ അവന്റെ തെറ്റ് അവനു ചൂണ്ടിക്കാണിച്ചുകൊടുക്കുക. അവൻ നിന്റെ വാക്കു കേൾക്കുന്നെങ്കിൽ, നീ നിന്റെ സഹോദരനെ വീണ്ടെടുത്തിരിക്കുന്നു.” മത്തായി 18:15
മറ്റൊരാൾ കേൾക്കുകയും അനുതപിക്കുകയും ചെയ്യുന്ന വിധത്തിൽ അയാളുടെ പാപം ചൂണ്ടിക്കാണിച്ചുകൊടുക്കാൻ വലിയ എളിമയും നിർമ്മലമായ ഹൃദയവും ആവശ്യമാണ്. സാധാരണയായി, മറ്റൊരാളുടെ പാപം ചൂണ്ടിക്കാണിക്കുന്നത് സ്നേഹത്തെക്കാൾ കോപത്തിൽനിന്നാണ്. നമുക്കേറ്റ മുറിവിന്റെ വേദനയിൽനിന്നോ പ്രതികാരമായി അപരനിൽ കുറ്റബോധം ഉളവാക്കണമെന്ന ആഗ്രഹത്തിൽനിന്നോ നാം അയാളുടെ പാപം ചൂണ്ടിക്കാണിക്കരുത്. അപമാനിക്കാനോ ദ്രോഹിക്കാനോ വേണ്ടി മറ്റൊരാളുടെ തെറ്റ് നാം ചൂണ്ടിക്കാണിക്കരുത്. നാം അയാളെ സ്നേഹിക്കുകയും ഇതിനകം അയാളോടു ക്ഷമിക്കുകയും ചെയ്തിരിക്കുന്നതിനാലും, ഇനി അയാളുടെതന്നെ നന്മയ്ക്കായി അയാൾ ആ പാപത്തിൽനിന്ന് മോചിതനാകണമെന്ന് ആഗ്രഹിക്കുന്നതിനാലും മാത്രമേ അയാളുടെ പാപത്തെക്കുറിച്ച് സംസാരിക്കാവൂ. ഇങ്ങനെയാകുമ്പോൾ, ഇതുമാത്രമാകുമ്പോൾ നമ്മുടെ പ്രേരണ, അപരന് തിരുത്തൽ കൂടുതൽ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിഞ്ഞേക്കും.
എന്നാൽ, നാം മറ്റുള്ളവരുടെ പാപങ്ങൾ അവർക്കു ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽനിന്നു മാത്രമല്ല ഈ പ്രബോധനത്തെ കാണേണ്ടത്. മറ്റുള്ളവർ നമ്മുടെ പാപങ്ങൾ നമുക്കു ചൂണ്ടിക്കാണിച്ചുതരുന്നു എന്ന കാഴ്ചപ്പാടിൽനിന്നും ഇതിനെ കാണണം. നാം ദിവസവും പാപം ചെയ്യുന്നു. നാം സ്നേഹിക്കുന്നവർക്കെതിരേ ദിവസവും പാപം ചെയ്യുന്നു. അതിനാൽ, നിങ്ങളോട് അടുപ്പമുള്ള ഒരാൾ നിങ്ങളുടെ പാപം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കുക. അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഒരുപക്ഷേ, തികച്ചും നിർമ്മലമായ ഉദ്ദേശ്യത്തോടും കരുണയോടും കൂടിയാണ് അയാൾ അങ്ങനെ ചെയ്യുന്നതെങ്കിൽ നിങ്ങൾ കേൾക്കുമായിരിക്കും. എന്നാൽ, കോപംകൊണ്ടാണ് അയാൾ അങ്ങനെ ചെയ്യുന്നതെങ്കിലോ? നിങ്ങളുടെ തെറ്റ് ചൂണ്ടിക്കാണിക്കാൻ ഏറ്റവും ഉചിതമായ രീതി അതല്ലെങ്കിലും, അയാൾ പറയുന്നത് തള്ളിക്കളയാനുള്ള അവകാശം അതു നിങ്ങൾക്കു നൽകുന്നില്ല. അതിനാൽ, നിങ്ങളുടെ പാപത്തെക്കുറിച്ചുള്ള ആശങ്ക ആരെങ്കിലും നിങ്ങളെ അറിയിക്കുമ്പോൾ, അത് ഏതു രീതിയിൽ അറിയിച്ചാലും, ശ്രദ്ധിച്ചുകേൾക്കുന്നത് നല്ലൊരു ആത്മീയ അഭ്യാസമാണ്. അയാളുടെ ആശങ്ക കേൾക്കുകയും എളിമയോടെ വിലയിരുത്തുകയും ചെയ്തശേഷം, ഒരു പരിധിവരെയെങ്കിലും അയാൾ പറയുന്നതു ശരിയാണെന്നു നിങ്ങൾക്കു ബോധ്യപ്പെട്ടാൽ, ദുഃഖം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും മാറ്റത്തിനു സ്വയം പ്രതിജ്ഞാബദ്ധരാകുകയും ചെയ്യുന്നതാണ് സ്നേഹപൂർവമായ പ്രതികരണം. എന്നാൽ, അയാളുടെ ആശങ്ക എളിമയോടെ വിലയിരുത്തിയശേഷവും നിങ്ങൾ പാപം ചെയ്തതായി നിങ്ങൾക്കു തോന്നുന്നില്ലെങ്കിൽ, അയാളുടെ എടുത്തുചാടിയുള്ള തെറ്റായ വിധിയെക്കുറിച്ച് സൗമ്യതയോടും കരുണയോടുംകൂടെ അയാളെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ട സമയമാണത്.
ഒരാളുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന്റെ തുടർച്ചയായ മൂന്ന് ഘട്ടങ്ങൾ ഈ വചനഭാഗം നൽകുന്നു. ആദ്യം, അതു നിങ്ങൾ ഇരുവരും മാത്രമായിരിക്കുമ്പോൾ ചെയ്യണം. രണ്ടാമതായി, രണ്ടോ മൂന്നോ പേരെക്കൂടി കൂട്ടി ചെയ്യുന്നു. മൂന്നാമതായി, സഭയുടെ സാന്നിധ്യത്തിൽ ചെയ്യുന്നു. തുടക്കത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും സമീപനങ്ങൾ മാറ്റിവെച്ച് ആദ്യത്തേതുമാത്രം പരിഗണിക്കാൻ ശ്രമിക്കുക. ഇങ്ങനെ ഇരുവരും മാത്രമായിരുന്ന് തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന്റെ ലക്ഷ്യം അനുരഞ്ജനമാണ്. ഇത്തരമൊരു സാഹചര്യത്തെ നിങ്ങൾ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നു വിചിന്തനം ചെയ്യാൻ ഏറെ ശ്രദ്ധയും പരിശ്രമവും ചെലവഴിക്കുന്നത് നല്ലതാണ്. കാരണം, നിങ്ങൾക്കത് നന്നായി ചെയ്യാൻ കഴിയുമെങ്കിൽ, തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ രീതി ആവശ്യമായി വരില്ല.
അനുരഞ്ജനത്തിന്റെ ഏറ്റവും വലിയ ശത്രു അഹങ്കാരമാണ്. നാം നമ്മെക്കുറിച്ചുതന്നെ ഒന്നാമതായും മുഖ്യമായും ചിന്തിക്കുന്ന ഒരു ശീലമാണ് അഹങ്കാരം; അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥകളിൽ നമ്മെക്കുറിച്ചുമാത്രമായിരിക്കും നാം ചിന്തിക്കുന്നത്. അഹങ്കാരം സ്വയം വിലയിരുത്തൽ അസാധ്യമാക്കുന്നു. നമ്മുടെ പാപം കാണാനാവാത്തവിധം നാം അന്ധരായിത്തീരുന്നു; അതു ചൂണ്ടിക്കാണിക്കപ്പെടുകയോ പ്രശ്നങ്ങൾക്കു കാരണമാകുകയോ ചെയ്യുന്ന നിമിഷം നാം അസ്വസ്ഥരാകുന്നു. തീർച്ചയായും, അഹങ്കാരത്തിന്റെ വിപരീതമാണ് എളിമ. നമ്മെത്തന്നെ മറന്ന് മറ്റുള്ളവരെക്കുറിച്ചുമാത്രം കരുതലുള്ളവരാകാൻ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണിത്. ഒരാൾ എളിമയിൽ വളരുമ്പോൾ, ദുഷ്ടൻ എപ്പോഴും ഇത്തരം ചിന്തകളിലൂടെ അയാളെ പ്രലോഭിപ്പിക്കും: നിന്റെ കാര്യമോ? നീയാണു ശരി, അവരാണു തെറ്റ്! ഇത് അന്യായമാണ്! നിന്നോട് ഇങ്ങനെ പെരുമാറാൻ പാടില്ല! പ്രലോഭിപ്പിക്കുന്ന ഇത്തരം ചിന്തകളെ എല്ലായ്പ്പോഴും തള്ളിക്കളയണം. നാം എളിമയുള്ളവരായിരിക്കുമ്പോൾ മാത്രമേ എളിമയുടെ അർത്ഥം നമുക്കു ഗ്രഹിക്കാനാകൂ. അഹങ്കാരമുള്ള ഒരാൾക്ക് എളിമ ഭോഷത്തമായി തോന്നും. എന്നാൽ എളിമയാണ് യഥാർത്ഥ ജ്ഞാനം.
നിങ്ങളുടെ പാപത്തെക്കുറിച്ചുള്ള ആശങ്ക ആരെങ്കിലും നിങ്ങളോടു പങ്കുവെക്കുമ്പോൾ നിങ്ങൾ എത്രമാത്രം എളിമയുള്ളവരാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ കോപിക്കുകയും സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഇത് അഹങ്കാരമാണെന്നും ഇതു നിങ്ങളുടെ പാപമാണെന്നും സത്യസന്ധമായി സ്വയം സമ്മതിക്കുക. മറ്റൊരാൾ നിങ്ങളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ നിങ്ങൾ പ്രതികരിക്കേണ്ട ഏറ്റവും ഉചിതവും എളിമയുള്ളതുമായ രീതിയെക്കുറിച്ച് വിചിന്തനം ചെയ്യാൻ സമയം ചെലവഴിക്കുക. മുറിവേറ്റ ഏതൊരു ബന്ധത്തിലും അനുരഞ്ജനത്തിനാണ് നിങ്ങൾ ഒന്നാം സ്ഥാനം നൽകുന്നതെങ്കിൽ, വിശുദ്ധവും എളിമയുള്ളതുമായ ആ ആഗ്രഹം, നിങ്ങളുടെ ജീവിതത്തിലെ എല്ലാവരുമായും അനുരഞ്ജനത്തിലാകാൻ നിങ്ങളെ നയിക്കും.
അത്യന്തം കരുണയുള്ള കർത്താവേ, ഞങ്ങളെ അങ്ങയോടും പരസ്പരവും അനുരഞ്ജനത്തിലാക്കാനാണല്ലോ അങ്ങ് ഭൂമിയിലേക്കു വന്നത്. എന്റെ പാപം എനിക്കു കാണിച്ചുതരണമേ; അനുതപിച്ച് അങ്ങയിലേക്കു മടങ്ങിവരാൻ കഴിയേണ്ടതിന് അതു തിരിച്ചറിയാൻ ആവശ്യമായ എളിമ എനിക്കു നൽകണമേ. അങ്ങ് എന്റെ പാപം എനിക്കു വെളിപ്പെടുത്തിത്തരുന്ന അനേകം വഴികളെ, പ്രത്യേകിച്ച് എന്റെ ജീവിതത്തിലെ മറ്റുള്ളവരുടെ മാധ്യസ്ഥ്യത്തിലൂടെയുള്ള വെളിപ്പെടുത്തലുകളെ, തുറന്ന മനസ്സോടെ സ്വീകരിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: ആർസെൻ റോബെർ രചിച്ച മലയിലെ പ്രസംഗം , വിക്കിമീഡിയ കോമൺസ് വഴി




