മലയാളം

മറിയമാതാവിന്റെ വ്യാകുലഹൃദയം

2023 സെപ്റ്റംബർ 15, വെള്ളിയാഴ്ച

വ്യാകുലമാതാവിന്റെ അനുസ്മരണം

ഇന്നത്തെ വായനകൾ

വീഡിയോ

യേശുവിന്റെ കുരിശിനരികിൽ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനമറിയവും നിന്നിരുന്നു. യോഹന്നാൻ 19:25

ദൈവപുത്രന്റെ അമ്മയായ നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രനെ പരിപൂർണ്ണമായ സ്നേഹത്തോടെ സ്നേഹിച്ചു. എല്ലാ പുണ്യങ്ങളും അമ്മ തന്റെ ജീവിതത്തിൽ പൂർണ്ണതയോടെ ആവിഷ്കരിച്ചു. തന്റെ പുത്രനോടുള്ള അമ്മയുടെ സ്നേഹം നമുക്ക് സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. അമ്മ അത്ഭുതകരമായി അവനെ ഗർഭം ധരിച്ചു, ഉദരത്തിൽ വഹിച്ചു, പ്രസവിച്ചു, മുലയൂട്ടി, വളർത്തി, അവന്റെ ജീവിതത്തിലുടനീളം അവനെ സ്നേഹിച്ചു. യേശുവിനോടുള്ള അമ്മയുടെ സ്നേഹത്തിന്റെ ആഴവും സൗന്ദര്യവും സങ്കല്പിക്കാൻപോലും പ്രയാസമാണ്. പൊതുവേ, ഒരമ്മയുടെ സ്നേഹം ശക്തവും അചഞ്ചലവും അഗാധവും വാത്സല്യം നിറഞ്ഞതുമാണ്. മറിയമാതാവിന്റെ വിമലഹൃദയവും ആ ഹൃദയത്തിൽ സജീവമായിരിക്കുന്ന സ്നേഹത്തിന്റെ വിസ്മയകരമായ ആഴവും സങ്കല്പിക്കാൻ ശ്രമിക്കുക.

മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തിൽ ചിത്രീകരിച്ചിരിക്കുന്ന രംഗവും സങ്കല്പിക്കുക. സ്നേഹനിധിയായ ഈ അമ്മ കുരിശിന്റെ ചുവട്ടിൽ നിന്നുകൊണ്ട്, ക്രൂശിതനായ തന്റെ പുത്രനെ നോക്കി, മാതൃസഹജമായ എല്ലാ പുണ്യങ്ങളും തുടർന്നും പ്രകടമാക്കി. തന്റെ പുത്രനോടുള്ള അമ്മയുടെ സ്നേഹത്തിന്റെ ആഴം ഗ്രഹിക്കാൻ പ്രയാസമായതിനാൽ, യേശുവിനോടുള്ള ക്രൂരത കൺമുന്നിൽ അരങ്ങേറുന്നതു കണ്ടപ്പോൾ അമ്മ അനുഭവിച്ച ദുഃഖത്തിന്റെയും ആന്തരിക സഹനത്തിന്റെയും ആഴം സങ്കല്പിക്കാനും വളരെ പ്രയാസമാണ്. അതിതീവ്രമായ വേദനയുടെ ആ നിമിഷത്തിൽ അവന്റെ അരികിൽ, അവനോടൊപ്പം നിൽക്കുക എന്നതുമാത്രമേ അമ്മയ്ക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ. അവനോടുള്ള വിശ്വസ്തതയിലൂടെയാണ് ആ നിമിഷത്തിൽ അമ്മയുടെ സ്നേഹം പ്രകടമായത്.

സ്നേഹവും ദുഃഖവും അനുകമ്പയും സഹനവും അമ്മയുടെ വിമലഹൃദയത്തിൽ ഒന്നായി ചേർന്നിരുന്നു എന്നത് എത്ര മനോഹരമായ അറിവാണ്. സൗന്ദര്യം നിറഞ്ഞ ആ ഹൃദയത്തിൽ എല്ലാ മാനുഷിക വികാരങ്ങളും ഉണ്ടായിരുന്നു. ദൈവകൃപയാൽ ഉത്തേജിതമായ അവ, തന്റെ പക്കലുണ്ടായിരുന്ന ഏറ്റവും വലിയ ദാനമായ മാതൃത്വം പുത്രനു നൽകാൻ അമ്മയെ പ്രാപ്തയാക്കി. ജീവിതത്തിലുടനീളം അമ്മ യഥാർത്ഥ അമ്മയായിരുന്നു. തന്റെ പുത്രൻ കുരിശിൽ തൂങ്ങിക്കിടന്ന ഈ നിമിഷത്തിൽ, അമ്മയുടെ മാതൃത്വം പരിപൂർണ്ണമായ ഒരു മാനുഷിക ആവിഷ്കാരത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി.

മറ്റൊരാളാൽ സ്നേഹിക്കപ്പെടാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. സ്നേഹം നൽകുകയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നമുക്കു നൽകാനും സ്വീകരിക്കാനും കഴിയുന്ന ഏറ്റവും വലിയ ദാനം. സ്നേഹത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്; ജീവിതത്തിൽ നമുക്കു പൂർണ്ണത നൽകുന്നതും സ്നേഹമാണ്. മറിയമാതാവ് കുരിശിന്റെ ചുവട്ടിൽ നിന്നപ്പോൾ, അമ്മയുടെ മാനുഷിക ഹൃദയം അതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ പൂർണ്ണത അനുഭവിച്ചുവെന്ന് നമുക്ക് ഉറപ്പിക്കാം. തന്റെ മാതൃസ്നേഹം പരിപൂർണ്ണമായി പ്രകടിപ്പിച്ചതുകൊണ്ടാണ് അമ്മയുടെ ഹൃദയം പൂർണ്ണതയടഞ്ഞത്.

ഇന്ന് ദൈവമാതാവിന്റെ രൂപത്തിലേക്കു ദൃഷ്ടി പതിപ്പിക്കുക. അമ്മ തന്റെ മാനുഷിക ഹൃദയത്തിൽ അനുഭവിച്ചിട്ടുണ്ടാകാവുന്ന കാര്യങ്ങളെക്കുറിച്ച് പ്രത്യേകമായി ധ്യാനിക്കുക. ഈ ധ്യാനവിഷയത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞർക്ക് അനേകം ഗ്രന്ഥങ്ങൾ എഴുതാൻ കഴിയുമെങ്കിലും, അമ്മയുടെ സ്നേഹനിർഭരമായ ഹൃദയത്തെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രാർത്ഥനാപൂർവ്വമായ ധ്യാനമാണ്. തന്റെ ഹൃദയം ഇന്ന് നിങ്ങൾക്കു വെളിപ്പെടുത്തിത്തരണമേ എന്നു നമ്മുടെ പരിശുദ്ധ അമ്മയോടു യാചിക്കുക. പരിപൂർണ്ണമായ മാതൃസ്നേഹത്തിന്റെ ഈ പരിശുദ്ധ രൂപത്തിനു മുന്നിൽ നിശ്ശബ്ദമായ വണക്കത്തോടെ ഇരിക്കാൻ അൽപസമയം കണ്ടെത്തുക. അങ്ങനെ ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ മനസ്സിലാക്കുക. ഒന്നാമതായി, ഇതേ ആഴമുള്ള സ്നേഹം മറിയമാതാവിനു നിങ്ങളോടുമുണ്ടെന്ന് അറിയുക. അതിൽ സംശയിക്കരുത്. നിങ്ങൾ പാപത്തിലായിരിക്കുമ്പോഴും അമ്മ നിങ്ങളെ നോക്കുമ്പോൾ, അമ്മയുടെ ഹൃദയം അനുകമ്പയാൽ ജ്വലിക്കുന്നു. രണ്ടാമതായി, നമ്മുടെ പരിശുദ്ധ അമ്മയുടെ സ്നേഹം നിങ്ങളുടെ ഹൃദയത്തെയും നിറച്ച് മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഒഴുകണമെന്നു മനസ്സിലാക്കുക. അമ്മയുടെ അനുകമ്പയും കരുതലും വിശ്വസ്തതയും കരുണയും നമ്മുടെ ഹൃദയങ്ങളിലൂടെ ഒഴുകാൻ നാമെല്ലാവരും അനുവദിക്കണം. നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തോടെ നിങ്ങൾ ആരെയാണ് സ്നേഹിക്കേണ്ടത്? ദൈവമാതാവിന്റെ ഹൃദയത്തിലുള്ള സ്നേഹം സ്വീകരിക്കാൻ ശ്രമിക്കുക; ആ സ്നേഹം നൽകാനും ശ്രമിക്കുക. അതിനെ ഉള്ളിലേക്കു സ്വീകരിക്കുക; തുടർന്ന് അത് പുറത്തേക്ക് ഒഴുകാൻ അനുവദിക്കുക. ഈ സ്നേഹത്തിന്റെ പരിശുദ്ധ രൂപത്തെക്കാൾ മനോഹരവും വിസ്മയജനകവുമായി മറ്റൊന്നും യഥാർത്ഥത്തിൽ ഈ ലോകത്തിലില്ല.

എന്റെ അമലയും വ്യാകുലയുമായ അമ്മേ, മാതൃസ്നേഹത്തിന്റെ പൂർണ്ണതയോടെ അങ്ങ് അങ്ങയുടെ പുത്രന്റെ കുരിശിൻചുവട്ടിൽ നിന്നു. എല്ലാ വിശുദ്ധ സദ്ഗുണങ്ങളോടും ഇഴചേർന്ന ദുഃഖത്താൽ അങ്ങയുടെ ഹൃദയം നിറഞ്ഞിരുന്നു. ഈ സ്നേഹം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ; അങ്ങനെ അങ്ങയുടെ സ്നേഹത്തിനായി എന്റെ ഹൃദയവും തുറക്കാൻ എനിക്കു കഴിയട്ടെ. അങ്ങനെ ചെയ്യുമ്പോൾ, എന്റെ ജീവിതത്തിൽ ദുരിതമനുഭവിക്കുന്നവരും ആർദ്രമായ അനുകമ്പയും കരുണയും ഏറ്റവുമധികം ആവശ്യമുള്ളവരുമായ ആളുകളോടുള്ള അങ്ങയുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ ഒരു ഉപകരണമായി ഞാൻ മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു. മറിയത്തിന്റെ വ്യാകുലഹൃദയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – വ്യാകുലമാതാവ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: കന്യകാമറിയത്തോടും മഗ്ദലനമറിയത്തോടും വിശുദ്ധ യോഹന്നാനോടുമൊപ്പം കുരിശിലുള്ള ക്രിസ്തു; ബാർത്തലോമെ എസ്തേബാൻ മുറില്ലോയുടെ രചന, വിക്കിമീഡിയ കോമൺസ് വഴി