മലയാളം

മാറാനുള്ള ധൈര്യം

സെപ്റ്റംബർ 28, 2023
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയഞ്ചാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

രക്തസാക്ഷിയായ വിശുദ്ധ വെൻസെസ്ലാവോസ്—ഐച്ഛിക അനുസ്മരണം

രക്തസാക്ഷികളായ വിശുദ്ധ ലോറൻസ് റൂയിസും സഹചാരികളും—ഐച്ഛിക അനുസ്മരണം

വീഡിയോ

സംഭവിച്ചുകൊണ്ടിരുന്നതെല്ലാം ചതുർത്ഥാധിപനായ ഹേറോദേസ് കേട്ടു. “യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു” എന്നു ചിലരും, “ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു” എന്നു മറ്റുചിലരും, “പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു വേറെ ചിലരും പറഞ്ഞിരുന്നതിനാൽ അവൻ ഏറെ ആശയക്കുഴപ്പത്തിലായി. ലൂക്കാ 9:7–8

ഹേറോദേസ് അന്തിപ്പാസ് എന്നും അറിയപ്പെട്ടിരുന്ന ചതുർത്ഥാധിപനായ ഹേറോദേസ് ഗലീലിയിലെ യഹൂദരെ ഏതാണ്ട് നാൽപ്പത്തിരണ്ടു വർഷം ഭരിച്ചു. ക്രി.മു. 2-ൽ ഭരണം ആരംഭിച്ച അവൻ, ക്രി.വ. 37-ൽ റോമൻ ചക്രവർത്തി അവനെ നാടുകടത്തുന്നതുവരെ ഭരണം തുടർന്നു. തന്റെ ഭരണകാലത്ത് അവൻ ഏറെ സമയം ചെലവഴിച്ചിരുന്നത് ഗലീലിക്കടലിന്റെ പടിഞ്ഞാറൻ തീരത്തെ പ്രധാന നഗരങ്ങളിലൊന്നായ തിബേരിയാസിലായിരുന്നു. യേശുവിന്റെ ശുശ്രൂഷയുടെ ഭൂരിഭാഗവും നടന്നത് ഹേറോദേസിന്റെ ഭരണപ്രദേശമായ ഗലീലി മുഴുവനിലുമായിരുന്നതിനാൽ, യേശുവിനെക്കുറിച്ചുള്ള അനേകം വാർത്തകൾ ഹേറോദേസിന് നന്നായി അറിയാമായിരുന്നു.

ഹേറോദേസ് യേശുവിനെ കാണാൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇന്നത്തെ സുവിശേഷം അവസാനിക്കുന്നത്. തീർച്ചയായും, ആ പ്രദേശത്തു ജീവിച്ചിരുന്ന മറ്റാരെയുംപോലെ, ഹേറോദേസിനും എപ്പോൾ വേണമെങ്കിലും യേശു പ്രസംഗിച്ചിരുന്നിടത്തേക്കു ചെന്ന് അവിടുത്തെ വാക്കുകൾ കേൾക്കാമായിരുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്തില്ല. പകരം, യേശുവിനെക്കുറിച്ചുള്ള വാർത്തകൾ തുടർന്നും സ്വീകരിച്ചുകൊണ്ട്, അവിടുന്ന് ആരാണെന്നു മനസ്സിലാക്കാൻ ഒരു വഴി തേടി, അവിടുത്തെക്കുറിച്ചുള്ള കൗതുകത്തിൽ അവൻ തുടർന്നു.

തുറന്ന ഹൃദയത്തോടെ യേശുവിന്റെ വാക്കുകൾ കേൾക്കാൻ ഹേറോദേസ് അവിടുന്ന് പ്രസംഗിച്ചിരുന്നിടത്തേക്കു പോയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് സങ്കല്പിച്ചുനോക്കുക. അവൻ അങ്ങനെ ചെയ്യുകയും യഥാർഥത്തിൽ ശ്രവിക്കുകയും ചെയ്തിരുന്നെങ്കിൽ, സങ്കല്പിക്കാവുന്നതിൽവച്ച് ഏറ്റവും മഹത്തായ ദാനങ്ങളിലൊന്ന് അവനു ലഭിക്കുമായിരുന്നു. വിശ്വാസത്തിന്റെയും മാനസാന്തരത്തിന്റെയും ദാനം സ്വീകരിച്ച് അവൻ നിത്യരക്ഷയിലേക്കുള്ള പാതയിൽ യാത്ര ആരംഭിക്കുമായിരുന്നു. എന്നാൽ ഹേറോദേസ് അധാർമികമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. ക്രൂരനായ ഒരു ഭരണാധികാരിയെന്നും പശ്ചാത്താപമില്ലാത്ത വ്യഭിചാരിയെന്നും അവൻ അറിയപ്പെട്ടിരുന്നു. അവൻ തന്റെ അധികാരത്തെ സ്നേഹിക്കുകയും അത് മറ്റാർക്കും വിട്ടുകൊടുക്കാൻ ഒട്ടും തയ്യാറാകാതിരിക്കുകയും ചെയ്തു. യേശുവിനെ ശ്രവിച്ചാൽ താൻ മാറേണ്ടിവരുമെന്ന്, മനസ്സിന്റെ ഉള്ളിലെങ്കിലും, ഹേറോദേസിന് അറിയാമായിരുന്നിരിക്കണം. മാറാൻ അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതും വളരെ സാധ്യതയുള്ളതാണ്.

ഇത് നമുക്കെല്ലാവർക്കും ശക്തമായ ഒരു പാഠം നൽകുന്നു. നമ്മുടെ കർത്താവിൽനിന്നുള്ള വിവിധ സന്ദേശങ്ങളും ക്ഷണങ്ങളും നമുക്കോരോരുത്തർക്കും എളുപ്പത്തിൽ തള്ളിക്കളയാൻ കഴിയും; കാരണം, ഉള്ളിന്റെയുള്ളിൽ നാം മാറാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും, ദിവസം മുഴുവനും ദൈവം നമ്മോടു സംസാരിക്കുന്നുണ്ട്. സുവിശേഷത്തിന്റെ പൂർണ്ണമായ സന്ദേശം അവിടുന്ന് നിരന്തരം നമുക്കു നൽകിക്കൊണ്ടിരിക്കുന്നു. ദൈവം പറയുന്ന പല കാര്യങ്ങളും സ്വീകരിക്കാൻ നിങ്ങൾ തുറന്ന മനസ്സുള്ളവരായിരിക്കാമെങ്കിലും, അവിടുത്തെ ദൈവികസന്ദേശത്തിൽ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ശ്രവിക്കാതിരിക്കുന്ന ചില ഭാഗങ്ങൾ ഉണ്ടാകാൻ ഏറെ സാധ്യതയുണ്ട്. ദൈവം നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നതെല്ലാം കേൾക്കാൻ കഴിയുന്നതിന്റെ താക്കോൽ ഇതാണ്: നിങ്ങൾ മാറണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന ഏതൊരു വിധത്തിലും, എല്ലാ വിധത്തിലും, പൂർണ്ണമായി മാറാൻ സന്നദ്ധരായിരിക്കുക.

ഇന്ന് ഹേറോദേസിനെക്കുറിച്ചു വിചിന്തനം ചെയ്യുക. ആദ്യം, യേശുവിനെക്കുറിച്ച് അവനുണ്ടായിരുന്ന കൗതുകത്തെക്കുറിച്ചു ചിന്തിക്കുക. നിസ്സംഗതയെക്കാൾ ഏറെ മെച്ചമാണെന്നതിനാൽ അത് ഒരു നല്ല ഗുണമാണ്. തുടർന്ന്, യേശുവിന്റെ വാക്കുകൾ കേൾക്കാൻ ഹേറോദേസ് ഒരിക്കലും അവിടുത്തെ സമീപത്തേക്കു പോയില്ല എന്ന വസ്തുതയെക്കുറിച്ചും ചിന്തിക്കുക. യേശു അറസ്റ്റുചെയ്യപ്പെട്ട രാത്രിയിലാണ് അവൻ ആദ്യമായി അവിടുത്തെ കണ്ടുമുട്ടിയത്; അപ്പോൾ അവൻ നമ്മുടെ കർത്താവിനെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്തു. ഹേറോദേസിന്റെ പിടിവാശിയെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം ജീവിതത്തെ പരിശോധിക്കാൻ അതിനെ ഉപയോഗിക്കുക. പിടിവാശിയുടെയോ മാറ്റത്തോടുള്ള ഭയത്തിന്റെയോ അടഞ്ഞ ഹൃദയത്തിന്റെയോ ചെറിയൊരു പ്രതിഫലനം എവിടെയെങ്കിലും കാണുന്നെങ്കിൽ, നമ്മുടെ കർത്താവിലേക്കു തിരിഞ്ഞുകൊണ്ട് അതിനു പരിഹാരം തേടുക. അവിടുന്ന് പറയാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ നിങ്ങൾ തുറന്ന മനസ്സുള്ളവരാണെന്നും, അവിടുന്ന് നിങ്ങളെ ക്ഷണിക്കുന്ന ഏതൊരു വിധത്തിലും മാറാൻ നിങ്ങൾ തയ്യാറും സന്നദ്ധരുമാണെന്നും അവിടുത്തോടു പറയുക. നിങ്ങളിൽനിന്ന് നമ്മുടെ കർത്താവ് ആഗ്രഹിക്കുന്ന മാറ്റത്തെ ഭയപ്പെടരുത്. ആ മാറ്റം സ്വീകരിക്കുന്നത് ജീവിതത്തിന്റെ യഥാർഥ വിശുദ്ധിയിലേക്കു വേഗത്തിൽ നയിക്കുന്ന ഇടുങ്ങിയ പാതയിൽ നിങ്ങളെ എത്തിക്കും.

എപ്പോഴും സന്നിഹിതനായിരിക്കുന്ന എന്റെ കർത്താവേ, അങ്ങയുടെ വിശുദ്ധ വചനം ശ്രവിക്കുമ്പോൾ മാറ്റത്തിന് തയ്യാറാകാൻ ക്ഷണിച്ചുകൊണ്ട് രാവും പകലും അങ്ങ് എന്നെ വിളിക്കുന്നു. കൃപയുടെ ഈ നിരന്തര പ്രേരണകൾക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എന്നോട് ആവശ്യപ്പെടുന്ന എല്ലാം തുറന്ന മനസ്സോടെ സ്വീകരിക്കാൻ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. എന്റെ കർത്താവേ, ഞാൻ അങ്ങയെ തിരഞ്ഞെടുക്കുന്നു. അങ്ങയിലേക്കു തിരിയുമ്പോൾ, അങ്ങയുടെ വിളിയോട് പൂർണ്ണഹൃദയത്തോടെ പ്രത്യുത്തരിക്കാൻ ആവശ്യമായ ധൈര്യം എനിക്കുണ്ടാകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന: സെപ്റ്റംബർ 22-30
ഏഴാം ദിവസം- സെപ്റ്റംബർ 28

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ –

രക്തസാക്ഷിയായ വിശുദ്ധ വെൻസെസ്ലാവോസ്—ഐച്ഛിക അനുസ്മരണം

രക്തസാക്ഷികളായ വിശുദ്ധ ലോറൻസ് റൂയിസും സഹചാരികളും—ഐച്ഛിക അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ഹേറോദേസിനെ ശാസിക്കുന്ന സ്നാപക യോഹന്നാൻ — ജോൺ റോജേഴ്സ് ഹെർബർട്ട് വരച്ചത്, വിക്കിമീഡിയ കോമൺസ് വഴി