ഒക്ടോബർ 1, 2023
ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും പറഞ്ഞു: “നിങ്ങളുടെ അഭിപ്രായം എന്താണ്? ഒരാൾക്ക് രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാൾ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: ‘മകനേ, നീ ഇന്ന് മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്യുക.’ അവൻ മറുപടി പറഞ്ഞു: ‘ഞാൻ പോകില്ല.’ എന്നാൽ പിന്നീട് മനസ്സുമാറ്റി അവൻ പോയി. അയാൾ മറ്റേ പുത്രന്റെ അടുത്തുചെന്ന് അതേ നിർദേശം നൽകി. അവൻ മറുപടി പറഞ്ഞു: ‘ശരി, അങ്ങുന്നേ.’ എന്നാൽ അവൻ പോയില്ല.” മത്തായി 21:28–30
ദൈവഹിതം അനുസരിക്കാൻ പ്രയാസപ്പെടുന്നവർക്ക് വലിയ പ്രത്യാശയുടെ സന്ദേശമാണ് ഈ ഉപമ നൽകുന്നത്. പിതാവിനെ അനുസരിക്കില്ല എന്നു പറഞ്ഞെങ്കിലും പിന്നീട് മനസ്സുമാറ്റിയ ഒന്നാമത്തെ പുത്രൻ, ആദ്യം ദൈവഹിതം നിരസിച്ചെങ്കിലും പിന്നീട് അനുതപിച്ച് അവിടുത്തിങ്കലേക്കു മടങ്ങിയവരെ സൂചിപ്പിക്കുന്നു. ദൈവഹിതം വിശ്വസ്തതയോടെ അനുസരിക്കുന്നവരാണെന്ന് അവകാശപ്പെടുകയും എന്നാൽ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെയാണ് രണ്ടാമത്തെ പുത്രൻ പ്രതിനിധാനം ചെയ്യുന്നത്. നാം അകപ്പെട്ടേക്കാവുന്ന വളരെ അപകടകരമായ ഒരു കെണിയാണ് ഈ രണ്ടാമത്തെ പുത്രൻ നമുക്കു കാണിച്ചുതരുന്നത്. പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും ആന്തരിക മനോഭാവത്തെയാണ് അവൻ പ്രതിനിധാനം ചെയ്യുന്നത്. അവർ പറഞ്ഞത് ഒന്നും പ്രവർത്തിച്ചത് മറ്റൊന്നുമായിരുന്നു. നീതിമാന്മാരെന്ന മട്ടിൽ അവർ പെരുമാറി; എന്നാൽ അവർ അങ്ങനെയായിരുന്നില്ല. ഒരുപക്ഷേ, അവർ തങ്ങളെത്തന്നെ വഞ്ചിക്കുകയുമായിരുന്നിരിക്കാം.
തീർച്ചയായും, യേശു അവതരിപ്പിക്കാത്ത മറ്റൊരു സാധ്യത കൂടിയുണ്ട്. ഏറ്റവും ഉത്തമമായ പ്രതികരണം ഇതായിരിക്കുമായിരുന്നു: മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യാൻ പിതാവ് ആവശ്യപ്പെട്ടപ്പോൾ പുത്രൻ “ശരി” എന്നു പറയുകയും തുടർന്ന് തന്റെ വാക്കു പാലിക്കുകയും ചെയ്യുക. എന്നാൽ ഇത് പരാമർശിക്കുന്നില്ല; കാരണം, നമ്മുടെ പരിശുദ്ധ അമ്മയൊഴികെ ആരും ആ വിഭാഗത്തിൽപ്പെടുന്നില്ല. എല്ലാ മനുഷ്യരും പാപം ചെയ്തിട്ടുണ്ട്; എല്ലാവർക്കും അനുതാപം ആവശ്യമാണ്.
ഈ രണ്ടു പുത്രന്മാരെയും നോക്കുമ്പോൾ, ഒന്നാമനെപ്പോലെയാകാൻ നാം വിനയത്തോടെ പരിശ്രമിക്കണം. നമ്മുടെ ജീവിതത്തിലുടനീളം പലവിധത്തിൽ ദൈവഹിതം അനുസരിക്കാൻ നാം വിസമ്മതിച്ചിട്ടുണ്ടെന്ന് അംഗീകരിച്ചുകൊണ്ടാണ് നാം തുടങ്ങേണ്ടത്. തന്നെ സേവിക്കാൻ ദൈവം നമ്മെ ക്ഷണിച്ചു; എന്നാൽ നാം “ഇല്ല” എന്നു പറഞ്ഞു. ഇത് അംഗീകരിക്കുന്നത് യഥാർഥ മാനസാന്തരത്തിന്റെയും ദൈവസേവനത്തിന്റെയും ജീവിതത്തിലേക്കുള്ള അനിവാര്യമായ ആദ്യപടിയാണ്. നാം പാപം ചെയ്തുവെന്ന് വിനയത്തോടെ സമ്മതിക്കാതിരിക്കുമ്പോൾ, രണ്ടാമത്തെ പുത്രനെപ്പോലെയാണ് നാം പെരുമാറുന്നത്. നാം വ്യാജമായി ജീവിക്കുകയും, ദൈവഹിതത്തോടു വിശ്വസ്തരല്ലാതിരുന്നിട്ടും അങ്ങനെയാണെന്ന് നമ്മെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ സർവശക്തിയും ഉപയോഗിച്ച് ഒഴിവാക്കേണ്ട വളരെ അപകടകരമായ ഒരു ആന്തരിക മനോഭാവത്തെയാണ് ഈ രണ്ടാമത്തെ പുത്രൻ പ്രതിനിധാനം ചെയ്യുന്നത്. അനുതപിക്കാൻ വിസമ്മതിക്കുന്ന പാപമാണത്; പരിശുദ്ധാത്മാവിനെതിരായ ഒരു പാപം. അത് അപകടകരമാണ്; കാരണം, ഇത്തരത്തിലുള്ള സ്വയനീതിബോധം ദൈവഹിതം യഥാർഥമായി നിറവേറ്റുന്നതിൽനിന്ന് ഒരാളെ തടയുന്നു. അവർ സ്വന്തം അസത്യം വിശ്വസിക്കുകയും അനുതപിക്കേണ്ട ആവശ്യമില്ലെന്നു കരുതുകയും ചെയ്യുന്നു.
ഈ രണ്ടു പുത്രന്മാരിൽ ആരോടാണ് നിങ്ങൾക്ക് കൂടുതൽ സാമ്യം? നിങ്ങളുടെ ബലഹീനതകളെയും പാപങ്ങളെയും കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടോ? അവയെ നിങ്ങളോടുതന്നെയും ദൈവത്തോടും വിനയത്തോടെ സമ്മതിക്കാൻ നിങ്ങൾക്കു കഴിയുമോ? അതോ, താൻ വിശുദ്ധനും അനുതപിക്കേണ്ട ആവശ്യമില്ലാത്തവനുമാണെന്ന മട്ടിൽ സ്വയം അവതരിപ്പിക്കാനാണോ നിങ്ങൾക്കു പ്രവണത? നിങ്ങളുടെ പാപം സമ്മതിക്കാൻ ഒരിക്കലും ഭയപ്പെടരുത്. നിങ്ങൾ അല്ലാത്ത ഒരാളായി ഒരിക്കലും നടിക്കരുത്. സ്വയനീതിബോധത്തിലേക്ക് ആകർഷിക്കപ്പെടാൻ ഒരിക്കലും നിങ്ങളെത്തന്നെ അനുവദിക്കരുത്. നിരന്തരമായ മാനസാന്തരത്തിന്റെ ജീവിതത്തിലേക്കാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സത്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ആ മാനസാന്തരത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നത് മഹിമാപൂർണമായ സ്വർഗരാജ്യം നമുക്കു നേടിത്തരും.
ദൈവഹിതത്തോട് നിങ്ങൾ ആദ്യം “ഇല്ല” എന്നു പറഞ്ഞിട്ടുള്ള പല സന്ദർഭങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ചിലപ്പോൾ ഗൗരവമുള്ള കാര്യങ്ങളിൽ നാം അങ്ങനെ ചെയ്യുന്നു; മറ്റു ചിലപ്പോൾ അത്ര ഗൗരവമില്ലാത്ത കാര്യങ്ങളിലും. ഓരോ ദിവസവും ദൈവഹിതം പൂർണമായി സ്വീകരിക്കാൻ നാമെല്ലാവരും വിസമ്മതിക്കുന്നു എന്നതാണ് നാം വിനയത്തോടെ അംഗീകരിക്കേണ്ട സത്യം. അവിടുത്തെ അനുസരിക്കാനുള്ള ക്ഷണം, വ്യക്തമായ ഒരു “ഉവ്വ്” അല്ലെങ്കിൽ “ഇല്ല” എന്ന മറുപടിയിൽ ഒതുങ്ങുന്നതിനെക്കാൾ ഏറെ വലുതാണ്. അനുസരണത്തിലേക്കുള്ള ദൈവത്തിന്റെ വിളി ആഴങ്ങളിലേക്കു കടന്നുചെല്ലുന്നു; നിരന്തരം കൂടുതൽ ആഴത്തിലേക്കുള്ള ഒരു വിളിയാണത്. നിങ്ങളുടെ ആത്മാവിലേക്ക് തുടർന്നും നോക്കുക; ദൈവഹിതം നിങ്ങൾ നിരസിക്കുന്ന വിധങ്ങൾ ഏറ്റുപറയുക. നിങ്ങളുടെ പാപങ്ങളെ എത്ര കൂടുതൽ വ്യക്തമായി കാണുകയും ഏറ്റുപറയുകയും ചെയ്യുന്നുവോ, അത്ര കൂടുതൽ പൂർണമായി, പൂർണഹൃദയത്തോടെ ദൈവഹിതത്തോട് “ഉവ്വ്” എന്നു പറയാൻ നിങ്ങൾക്കു കഴിയും.
അത്യന്തം കരുണാമയനായ കർത്താവേ, അങ്ങ് ഞങ്ങളെ നിരന്തരം അനുതാപത്തിലേക്കു വിളിക്കുന്നു. ഞങ്ങളെല്ലാവരും അങ്ങേക്കെതിരെ പാപം ചെയ്തിട്ടുണ്ട്; ഓരോ ദിവസവും അങ്ങനെ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങയുടെ പരിപൂർണമായ തിരുഹിതത്തോട് ഉവ്വ് എന്നു പറയാൻ ഞാൻ വിസമ്മതിക്കുന്ന വിധങ്ങളെക്കുറിച്ച് എനിക്കു ബോധ്യമുണ്ടാകാനും, ആ പാപങ്ങളെക്കുറിച്ച് അനുതപിച്ച് ഓരോ ദിവസവും അങ്ങയിലേക്കു മടങ്ങിവരാനും എനിക്കു കഴിയേണ്ടതിന്, വിനയത്തിന്റെയും സത്യസന്ധതയുടെയും ദാനങ്ങൾ എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധ – ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ, കന്യകയും വേദപാരംഗതയും—ഓർമദിനം
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനക്രമത്തിൽ ഓർമദിനമായി ആഘോഷിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




