മലയാളം

പൂർണ്ണമായി സമർപ്പിക്കുക, ഒരിക്കലും ചാഞ്ചല്യപ്പെടരുത്

ഒക്ടോബർ 4, 2023
ആണ്ടുവട്ടക്കാലം ഇരുപത്തിയാറാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്—ഓർമ്മ

വീഡിയോ

യേശുവും ശിഷ്യന്മാരും യാത്ര തുടരുമ്പോൾ ഒരാൾ അവനോടു പറഞ്ഞു: “അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കും.” യേശു അവനോടു മറുപടി പറഞ്ഞു: “കുറുക്കന്മാർക്കു മാളങ്ങളും ആകാശത്തിലെ പറവകൾക്കു കൂടുകളുമുണ്ട്; എന്നാൽ മനുഷ്യപുത്രനു തല ചായ്ക്കാൻ ഇടമില്ല.” ലൂക്കാ 9:57–58

ആദ്യനോട്ടത്തിൽ, നമ്മുടെ കർത്താവിന്റെ ഈ മറുപടി അസാധാരണമായി തോന്നുന്നു. യേശു എവിടേക്കു നയിച്ചാലും അവിടെയെല്ലാം അവിടുത്തെ അനുഗമിക്കാൻ സ്വയം പ്രതിജ്ഞാബദ്ധനാകുന്നതുപോലെയാണ് ആ വ്യക്തി സംസാരിച്ചത്. എന്നാൽ, തന്നെ അനുഗമിക്കാൻ ആഗ്രഹിച്ച ആ മനുഷ്യനെ പ്രശംസിക്കുന്നതിനുപകരം, തന്നെ അനുഗമിച്ച് എത്താൻ അയാൾക്ക് ഒരു നിശ്ചിത ഇടമില്ലെന്നാണ് യേശു സൂചിപ്പിക്കുന്നത്. മറിച്ച്, അറിയപ്പെടാത്തതിലേക്കാണ് അയാൾ അവിടുത്തെ അനുഗമിക്കേണ്ടത്. എന്തുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്? ആ മനുഷ്യൻ തന്നെ അനുഗമിക്കാൻ അവിടുന്ന് ആഗ്രഹിച്ചില്ലേ?

താൻ കണ്ടുമുട്ടിയവരുടെ ആത്മാക്കളെയും ഉദ്ദേശ്യങ്ങളെയും അറിയാൻ യേശുവിനു കഴിഞ്ഞിരുന്നു എന്നതാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം. ആ മനുഷ്യൻ പറഞ്ഞത് അയാളുടെ യഥാർഥ ഉദ്ദേശ്യമായിരുന്നില്ല എന്നു തോന്നുന്നു. ഈ ഭാഗത്തെക്കുറിച്ചു വ്യാഖ്യാനിക്കുമ്പോൾ, ക്രിസ്തുവിനെ അനുഗമിക്കാനുള്ള ആഴമായ ആഗ്രഹംകൊണ്ടല്ല, മറിച്ച് യേശുവിനു ചുറ്റുമുള്ളവരുടെ കണ്ണിൽ നല്ലവനായി കാണപ്പെടാനാണ് അയാൾ അങ്ങനെ പറഞ്ഞതെന്ന് പല സഭാപിതാക്കന്മാരും ചൂണ്ടിക്കാട്ടുന്നു. അയാളുടെ യഥാർഥ ഉദ്ദേശ്യം യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട്, തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അറിയപ്പെടാത്തതിലേക്ക് തന്നെ അനുഗമിക്കേണ്ടിവരുമെന്ന് അവിടുന്ന് അയാളോടു പറഞ്ഞു. തുടർന്ന്, തന്നെ അനുഗമിക്കുന്നതിനെക്കുറിച്ച് യേശു മറ്റു രണ്ടുപേരോടും സംസാരിച്ചു. ഓരോ തവണയും ഒന്നും മാറ്റിവയ്ക്കാതെ തന്നെ അനുഗമിക്കാൻ അവിടുന്ന് അവരെ വെല്ലുവിളിച്ചു.

നമ്മുടെ കർത്താവിനെ അനുഗമിക്കാനുള്ള വിളി സമ്പൂർണ്ണമാണ്. പാതിമനസ്സോടെ നമുക്ക് അവിടുത്തെ അനുഗമിക്കാനാവില്ല. സ്വാർഥമായ കാരണങ്ങൾക്കുവേണ്ടിയും നമുക്ക് അവിടുത്തെ അനുഗമിക്കാനാവില്ല. നമ്മുടെ ഉള്ളിൽ അവിടുന്ന് നമ്മെ വിളിക്കുന്നതോടെയാണ് കർത്താവിനെ അനുഗമിക്കാനുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. അവിടുത്തെ വ്യക്തമായ സ്വരവും ക്ഷണവും നാം കേൾക്കണം. നമുക്കു ലഭിക്കുന്ന ക്ഷണം നമ്മിൽനിന്ന് എല്ലാം ആവശ്യപ്പെടുന്നതായിരിക്കും. നമ്മുടെ ജീവിതത്തിന്റെ പകുതിയോ, അതിന്റെ ഭൂരിഭാഗംപോലുമോ തനിക്കു നൽകാനായിരിക്കില്ല യേശു നമ്മെ വിളിക്കുക. അവിടുത്തെ വിളി എല്ലാം ആവശ്യപ്പെടുന്നതാണ്. നമ്മിൽനിന്ന് എല്ലാം ആവശ്യപ്പെടുന്നതിലൂടെ, നമ്മുടെ കർത്താവ് യഥാർഥത്തിൽ നമുക്ക് എല്ലാം നൽകുകയാണ്. നമുക്കുള്ളതെല്ലാം അവിടുത്തെ ഏല്പിക്കുകയും ഒന്നും മാറ്റിവയ്ക്കാതെ അവിടുത്തെ അനുഗമിക്കുകയും ചെയ്യുമ്പോൾ മാത്രമേ നാം പൂർണ്ണത കൈവരിക്കുകയുള്ളൂ. ഇതാണ് ആരംഭബിന്ദു.

യേശുവിനെ അനുഗമിക്കാനുള്ള തിരഞ്ഞെടുപ്പും ഒരുതരം രഹസ്യാത്മകതയിൽ നടക്കേണ്ടതാണ്. അവിടുത്തെ അനുഗമിക്കാനുള്ള നമ്മുടെ തീരുമാനം മറച്ചുവയ്ക്കാൻ ശ്രമിക്കണമെന്നല്ല ഇതിനർഥം; മറിച്ച്, ശരിയായ ഉദ്ദേശ്യങ്ങളോടെയായിരിക്കണം നാം അവിടുത്തെ അനുഗമിക്കേണ്ടത്. മറ്റുള്ളവർ നമ്മെ പ്രശംസിക്കണമെന്നോ, അഭിനന്ദിക്കണമെന്നോ, ആദരവോടെ കാണണമെന്നോ ആഗ്രഹിച്ചല്ല നാം അങ്ങനെ ചെയ്യുന്നത്. നമ്മുടെ ആത്മീയ അഹന്തയെ വളർത്താനുമല്ല നാം അങ്ങനെ ചെയ്യുന്നത്. അവിടുത്തെ വിളി നാം കേട്ടതിനാലും, നാം വിളിക്കപ്പെട്ട വിധത്തിൽ ആ വിളിയോടു പ്രതികരിക്കാൻ തീരുമാനിച്ചതിനാലുമാണ് നാം അവിടുത്തെ അനുഗമിക്കുന്നത്. അതിനാൽ, യേശുവിനെ അനുഗമിക്കാനുള്ള ഓരോ തിരഞ്ഞെടുപ്പും നമ്മുടെ ആന്തരിക പ്രാർഥനാജീവിതത്തിന്റെ രഹസ്യത്തിൽ ആരംഭിക്കണം. നമ്മുടെ പ്രതിബദ്ധത ഉറച്ചുകഴിഞ്ഞാൽ, അതു പലപ്പോഴും മറ്റുള്ളവർക്കു ദൃശ്യമാകും. എന്നാൽ, അത് ഒരിക്കലും നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാകരുത്.

ക്രിസ്തുവിനെ അനുഗമിക്കാൻ ഒരിക്കൽ ഉറച്ച പ്രതിബദ്ധത പുലർത്തിക്കഴിഞ്ഞാൽ, പിന്നെ പിന്തിരിയരുത്. “കലപ്പയിൽ കൈവച്ചിട്ട് പിന്നിൽ വിട്ടുപോന്നവയിലേക്കു നോക്കുന്ന ആരും ദൈവരാജ്യത്തിന് യോഗ്യനല്ല” എന്നു പറഞ്ഞുകൊണ്ടാണ് യേശു ഇന്നത്തെ സുവിശേഷം അവസാനിപ്പിക്കുന്നത്. ക്രിസ്തുവിനെ അനുഗമിക്കാനുള്ള തിരഞ്ഞെടുപ്പ് നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങൾക്കു നാം മരിക്കണമെന്ന് ആവശ്യപ്പെടുന്നു. നമ്മുടെ യാത്ര മുന്നോട്ടു പോകുമ്പോൾ, പഴയ വഴികളിലേക്കു മടങ്ങാനുള്ള പ്രലോഭനങ്ങളുണ്ടാകും. കഴിഞ്ഞകാല പാപങ്ങളുടെ സുഖങ്ങൾ നാം ഓർക്കും; മറ്റു വഴികളിലേക്കുള്ള ആകർഷണം അനുഭവപ്പെടും; സമ്പൂർണ്ണ വിശ്വസ്തതയ്ക്കുള്ള ആവശ്യം താങ്ങാവുന്നതിലേറെയാണെന്നുപോലും തോന്നിയേക്കാം. ഈ അനുഭവങ്ങളെ പ്രലോഭനങ്ങളും അസത്യങ്ങളുമായി തിരിച്ചറിഞ്ഞ് നിരന്തരം തള്ളിക്കളയണം. നാം ഉപേക്ഷിച്ചവയിലേക്കു ഒരിക്കലും തിരിഞ്ഞുനോക്കരുത്; നമ്മുടെ കർത്താവ് നമ്മെ വിളിക്കുന്നതിലേക്കു സദാ മുന്നോട്ടു നോക്കണം. യേശുവിനെ അനുഗമിക്കാനുള്ള നമ്മുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചു വീണ്ടും സംശയിക്കുന്നത് ചിലപ്പോൾ വളരെ യാഥാർഥ്യമായ ഒരു പ്രലോഭനമായിരിക്കും. അതിനാൽ, നമ്മുടെ ദൃഢനിശ്ചയം ഒരിക്കലും ചാഞ്ചല്യപ്പെടരുത്.

യേശുവിനെ അനുഗമിക്കാനുള്ള നിങ്ങളുടെ സ്വന്തം തീരുമാനത്തിന്റെ ആഴത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഒന്നാമതായി, ജീവിതത്തെ സമൂലം മാറ്റുന്നതും സമ്പൂർണ്ണവുമായ ഈ വിളി നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ പ്രതിധ്വനിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ എന്നു ചിന്തിക്കുക. അവിടെ, നിങ്ങളുടെ ആന്തരിക ജീവിതത്തിന്റെ രഹസ്യത്തിൽ മാത്രമേ ദൈവം സംസാരിക്കുന്നത് നിങ്ങൾ കേൾക്കുകയുള്ളൂ. രണ്ടാമതായി, യേശുവിനെ അനുഗമിക്കുന്നതിനുള്ള നിങ്ങളുടെ പ്രേരണകൾ പരിശോധിക്കുക. മറ്റുള്ളവരുടെ കണ്ണിൽ നല്ലവരായി കാണപ്പെടാനാണോ നിങ്ങൾ അങ്ങനെ ചെയ്യുന്നത്? അതോ ദൈവത്തോടുള്ള സ്നേഹംകൊണ്ടാണോ? മൂന്നാമതായി, നിങ്ങളുടെ പ്രതിബദ്ധത സമ്പൂർണ്ണമാണോ എന്നു ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ക്രിസ്തുവിനു നൽകിയാൽ പോരാ; അവിടുന്ന് എല്ലാം ആവശ്യപ്പെടുന്നു. അവസാനമായി, മുമ്പത്തെ പാപകരമായ ജീവിതരീതിയിലേക്കു മടങ്ങാൻ വഴിയിൽ അനേകം പ്രലോഭനങ്ങളുണ്ടാകുമെന്ന കാര്യവും ധ്യാനിക്കുക. ആ പ്രലോഭനങ്ങളെ ഇല്ലാതാക്കാൻ നിങ്ങളുടെ ദൃഢനിശ്ചയത്തെ അനുവദിക്കുക; നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന യാത്രയ്ക്കായി നിങ്ങളെത്തന്നെ നിരന്തരം വീണ്ടും സമർപ്പിക്കുക.

എന്നിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന എന്റെ കർത്താവേ, അങ്ങയെ അനുഗമിക്കാൻ എന്റെ ജീവിതം മുഴുവനും സമൂലമായി സമർപ്പിക്കുവാൻ അങ്ങ് എന്നെ വിളിച്ചിരിക്കുന്നു. ഞാൻ അങ്ങയുടെ സ്വരം കേൾക്കുകയും അങ്ങയുടെ ക്ഷണത്തിന് “അതെ” എന്നു പറയാൻ തീരുമാനിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാ സ്വാർത്ഥലക്ഷ്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കുകയും അങ്ങ് എന്നെ എവിടേക്കു നയിച്ചാലും അങ്ങയെ അനുഗമിക്കാൻ വേണ്ട ദൃഢനിശ്ചയം എനിക്കു നൽകുകയും ചെയ്യണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: കോസ്തെൽ സ്വാതേഹോ വാത്സ്ലാവാ ദേവാലയത്തിലെ ഗിരിപ്രഭാഷണത്തിന്റെ മൊസൈക്ക് ചിത്രം. എസ്. ജി. റൂഡ്‌ലിന്റെ കലാസൃഷ്ടിയെ ആധാരമാക്കി ആൽബർട്ട് നോയ്ഹൗസറുടെ പണിപ്പുരയിൽ തയ്യാറാക്കിയത് (1928.) കടപ്പാട്: റെനാറ്റ സെദ്മാക്കോവാ


ഇ-പുസ്തകമായും പേപ്പർബാക്കായും ലഭ്യമാണ്:
Amazon Kindle – Amazon പേപ്പർബാക്ക് – Google Play – iTunes – Barnes & Noble