2023 ഒക്ടോബർ 13
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

“എന്നോടുകൂടെ അല്ലാത്തവൻ എനിക്ക് എതിരാണ്; എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” ലൂക്കാ 11:23
ഈ വാക്കുകൾ യേശുവിന്റെ ശക്തമായ പല പ്രബോധനങ്ങൾക്കിടയിലാണ് കാണപ്പെടുന്നത്. എങ്കിലും, പല നിലകളിലും ഈ ഒരൊറ്റ വാക്യത്തിന് ഒരു സുപ്രധാന ക്രൈസ്തവസത്യമായി സ്വതന്ത്രമായി നിലകൊള്ളാനാകും. യേശുവിനെയും അവിടുന്ന് നമ്മെ പഠിപ്പിച്ച എല്ലാറ്റിനെയും സംബന്ധിച്ച നമ്മുടെ നിലപാടിൽ നിഷ്പക്ഷരായിരിക്കാൻ നമുക്കാവില്ലെന്ന് ഇത് വ്യക്തമായി പറയുന്നു. ഇന്നത്തെ ലോകത്തിൽ ഇതൊരു സുപ്രധാന സന്ദേശമാണ്.
ഇന്ന്, “നിഷ്പക്ഷത” എന്നു വിളിക്കാവുന്ന ഒരു മതേതര മൂല്യത്തിന് പ്രാധാന്യം വർധിച്ചുവരുന്നതായി തോന്നുന്നു. മറ്റുള്ളവർ സ്വീകരിക്കുന്ന ഏതു ധാർമ്മിക നിലപാടും ഏതു ജീവിതശൈലിയും ഏതു തിരഞ്ഞെടുപ്പും നാം അംഗീകരിക്കണമെന്ന് ലോകത്തിൽ പലരും നമ്മോടു പറയുന്നു. ഓരോ വ്യക്തിയെയും നാം എപ്പോഴും സ്നേഹിക്കുകയും സ്വീകരിക്കുകയും അവരോട് അങ്ങേയറ്റം മാന്യതയോടും ആദരവോടും പെരുമാറുകയും വേണമെന്നതു സത്യമാണ്. എന്നാൽ, ചിലർ തങ്ങളുടെ ജീവിതത്തിലും പെരുമാറ്റത്തിലും സ്വീകരിക്കുന്ന തിരഞ്ഞെടുപ്പുകളോടും മതേതര മൂല്യങ്ങളോടും നാം നിഷ്പക്ഷരായിരിക്കണം എന്നതു ശരിയല്ല. ദുഃഖകരമെന്നു പറയട്ടെ, സത്യം പൂർണമായി പറയുമ്പോൾ, പ്രത്യേകിച്ച് നമ്മുടെ കർത്താവ് വെളിപ്പെടുത്തിയിട്ടുള്ള അനേകം ധാർമ്മിക സത്യങ്ങൾ പറയുമ്പോൾ, മറ്റുള്ളവരെ വിധിക്കുന്നവരായി നാം പലപ്പോഴും മുദ്രകുത്തപ്പെടുന്നു. എന്നാൽ അത് യാഥാർഥ്യമല്ല.
ഇന്നത്തെ സുവിശേഷത്തിൽനിന്ന് മുകളിൽ ഉദ്ധരിച്ച വാക്കുകൾ ഒരു കാര്യം വ്യക്തമാക്കുന്നു: നമ്മുടെ കർത്താവിന്റെ പ്രബോധനങ്ങളോട് നിസ്സംഗത പുലർത്തിക്കൊണ്ട് അവിടുത്തെ പ്രീതിയിൽ തുടരാൻ നമുക്കാവില്ല. വാസ്തവത്തിൽ, നേരെ മറിച്ചാണ് സത്യമെന്ന് യേശു വ്യക്തമാക്കുന്നു. നാം അവിടുത്തോടുകൂടെ അല്ലെങ്കിൽ, അതായത് അവിടുന്ന് വെളിപ്പെടുത്തിയതെല്ലാം നാം സ്വീകരിക്കുന്നില്ലെങ്കിൽ, യഥാർഥത്തിൽ നാം അവിടുത്തെ എതിർക്കുകയാണെന്ന് അവിടുന്ന് പറയുന്നു. വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും കാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കുക എന്നത് യഥാർഥത്തിൽ നിഷ്പക്ഷതയേയല്ല. ചിലർ നടത്തുന്ന ആ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ ഫലം, അവർ യേശുവിൽനിന്ന് വേർപിരിയുന്നു എന്നതാണ്.
ഉദാഹരണത്തിന്, വിശ്വാസകാര്യങ്ങളിൽ ഒരാൾ “ഞാൻ വിശുദ്ധ കുർബാനയിൽ വിശ്വസിക്കുന്നില്ല” എന്നു പറയുന്നുവെങ്കിൽ, യഥാർഥത്തിൽ ആ വ്യക്തി ദൈവത്തെ നിരസിക്കുകയാണ്. ആ വ്യക്തിയെ വിധിക്കുക എന്നത് നമ്മുടെ കടമയല്ലെങ്കിലും, സത്യത്തിനു വിരുദ്ധമായ ഒരു വിശ്വാസമാണ് ആ വ്യക്തി പ്രകടിപ്പിച്ചിരിക്കുന്നതെന്ന് അംഗീകരിക്കേണ്ടത് നമ്മുടെ കടമയാണ്. ആ വ്യക്തി തെറ്റിലാണ്; ഈ തെറ്റിൽ തുടർന്നാൽ, ആ വ്യക്തി ദൈവത്തിൽനിന്ന് സ്വയം വേർപെടുത്തുകതന്നെ ചെയ്യുന്നു. ഇതാണ് യേശു പറയുന്നത്.
ധാർമ്മികതയുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ധാർമ്മിക ജീവിതത്തിൽ നമ്മുടെ കർത്താവിന്റെ പ്രബോധനത്തോടുള്ള എതിർപ്പ് കൂടുതൽ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അനേകം ഉദാഹരണങ്ങളുണ്ട്. അതിനാൽ, നമ്മുടെ കർത്താവ് നമുക്കു നൽകിയ ഒരു ധാർമ്മിക പ്രബോധനത്തെ നിരസിക്കുമ്പോൾ നാം യേശുവിനെത്തന്നെയാണ് നിരസിക്കുന്നതെന്ന് നാം നമ്മെത്തന്നെ ഓർമിപ്പിക്കണം.
“എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു” എന്നു പറയുമ്പോൾ യേശു ഒരു പടികൂടി മുന്നോട്ടുപോകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യേശു പഠിപ്പിച്ചതെല്ലാം വ്യക്തിപരമായി വിശ്വസിച്ചാൽ മാത്രം പോരാ; നാം അത് മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. നാം അങ്ങനെ ചെയ്യാതെ, പകരം മറ്റൊരാളുടെ തെറ്റിന് വ്യാജമായ ഒരു “അംഗീകാരം” നൽകുകയാണെങ്കിൽ, യഥാർഥത്തിൽ നാം യേശുവിനെതിരായി പ്രവർത്തിക്കുകയാണ്. നമ്മുടെ കർത്താവ് നമുക്കു നൽകിയ സുവിശേഷസത്യങ്ങൾ സജീവമായി പ്രചരിപ്പിക്കാനുള്ള ധാർമ്മിക കടമ നമുക്കെല്ലാവർക്കുമുണ്ട്.
നിങ്ങൾ എത്രമാത്രം പൂർണമായി നമ്മുടെ കർത്താവിനോടു “കൂടെ” ആയിരിക്കുകയും അവിടുത്തോടൊപ്പം “ശേഖരിക്കുകയും” ചെയ്യുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. അവിടുന്ന് പഠിപ്പിച്ചതെല്ലാം നിങ്ങൾ പൂർണമായി സ്വീകരിക്കുകയും മറ്റു പലരെയും ദൈവരാജ്യത്തിനായി ഒരുമിച്ചുകൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? നമ്മുടെ കർത്താവിൽ സജീവമായി വിശ്വസിക്കുകയും അവിടുത്തെ ദൗത്യത്തിൽ പങ്കുചേരുകയും ചെയ്യുന്ന ഒരാളായി നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നില്ലെങ്കിൽ, യേശുവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക. സൗമ്യമായും എന്നാൽ ഉറച്ച രീതിയിലും നിങ്ങളെ വെല്ലുവിളിക്കാൻ അവയെ അനുവദിക്കുക. അങ്ങനെ നിങ്ങളുടെ സ്വന്തം ഹൃദയത്തിലും നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തിലും ദൈവരാജ്യം പടുത്തുയർത്താൻ കൂടുതൽ പൂർണമായി പ്രവർത്തിക്കാൻ നിങ്ങൾക്കാകും.
എന്റെ മഹിമയുള്ള രാജാവേ, എന്റെ ജീവിതത്തിലും എന്നിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലും അങ്ങയുടെ രാജ്യം പടുത്തുയർത്താൻ അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. അങ്ങ് എന്നെ പഠിപ്പിച്ചതെല്ലാം പൂർണമായി സ്വീകരിക്കാനും ലോകത്തിൽ അങ്ങയുടെ കൃപയുടെയും സത്യത്തിന്റെയും ഉപകരണമായി സജീവമായി പ്രവർത്തിക്കാനും ആവശ്യമായ കൃപയും ധൈര്യവും എനിക്കു നൽകണമേ. പ്രിയനാഥാ, എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങയോടൊപ്പമായിരിക്കാനും അനേകരെ അങ്ങയുടെ കൃപ നിറഞ്ഞ സ്നേഹകരങ്ങളിലേക്കു ചേർക്കാനും ഇടയാകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



