ഒക്ടോബർ 17, 2023
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, മെത്രാനും രക്തസാക്ഷിയും—ഓർമ്മ
വിശുദ്ധ നാട്ടിൽ സമാധാനത്തിനായി ഉപവാസത്തിന്റെയും മാംസവർജനത്തിന്റെയും പ്രാർത്ഥനയുടെയും ദിനം

യേശു സംസാരിച്ചുകഴിഞ്ഞപ്പോൾ, ഒരു ഫരിസേയൻ തന്റെ വീട്ടിൽ ഭക്ഷണത്തിന് അവനെ ക്ഷണിച്ചു. അവൻ അകത്തു കടന്ന് ഭക്ഷിക്കാനിരുന്നു. ഭക്ഷണത്തിനുമുമ്പ് നിർദിഷ്ടമായ കഴുകൽ അവൻ നിർവഹിച്ചില്ലെന്നു കണ്ട് ഫരിസേയൻ ആശ്ചര്യപ്പെട്ടു. കർത്താവ് അവനോടു പറഞ്ഞു: “ഫരിസേയരേ! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ ഉള്ളിൽ കൊള്ളയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ!” ലൂക്കാ 11:37–40
യേശു ആരെയെങ്കിലും ഭോഷൻ എന്നു വിളിക്കുന്നത് സങ്കല്പിക്കാൻ പ്രയാസമാണ്. എന്നാൽ അവിടുന്ന് ചെയ്തത് അതുതന്നെയാണ്. യേശു നൽകിയ ഒരു പരമ്പര പ്രബോധനങ്ങൾ കേട്ടുകഴിഞ്ഞ ഈ ഫരിസേയൻ, ദയയുടെ ഒരു പ്രകടനമെന്നു തോന്നിക്കുന്ന വിധത്തിൽ നമ്മുടെ കർത്താവിനെ തന്റെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ചു. എന്നാൽ ഈ ഭാഗം വായിച്ചുപോകുമ്പോൾ, ഈ ഫരിസേയൻ യേശുവിന്റെ സുഹൃത്തല്ലെന്നു വ്യക്തമാകുന്നു. മറിച്ച്, അയാളുടെ ആതിഥ്യമര്യാദയും ദയയും അയാളുടെ ആത്മാവിനുള്ളിലെ തിന്മ മറയ്ക്കുന്ന ഒരു മൂടുപടമാണ്.
ഫരിസേയനെ ഭോഷൻ എന്നു വിളിച്ചുകൊണ്ട് യേശു ഇത്ര തീക്ഷ്ണമായി പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ഈ ഫരിസേയൻ കാപട്യം നിറഞ്ഞവനാണ്. അയാളുടെ ബാഹ്യപ്രവൃത്തികൾ ഉപവിയും വിശ്വാസവും നിറഞ്ഞ ഹൃദയത്തിൽനിന്ന് ഉത്ഭവിക്കുന്നവയല്ല. മറിച്ച്, അവ വെറും പ്രകടനമാണ്. അയാൾ ഒരു കപടനാണ്. മറ്റു പല ഫരിസേയരെയുംപോലെ, ഭക്ഷണത്തിനുമുമ്പ് വളരെ നിഷ്ഠയോടെ കൈ കഴുകുന്നതുപോലുള്ള വിവിധ ബാഹ്യാനുഷ്ഠാനങ്ങളിൽ അയാൾ അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങനെ ചെയ്യുന്നത് തന്റെ വിശുദ്ധിയുടെയും ദൈവവുമായുള്ള അടുപ്പത്തിന്റെയും അടയാളമാണെന്ന് അയാൾ വിശ്വസിച്ചു. എന്നാൽ അത് അങ്ങനെയായിരുന്നില്ല. മറ്റുള്ളവരെ വിധിക്കുന്ന മനോഭാവവും സ്വയം നീതിമാനെന്ന ഭാവവും നിറഞ്ഞതായിരുന്നു അയാളുടെ ഹൃദയം. അയാൾ മറ്റുള്ളവരെ താഴ്ത്തിക്കാണുകയും തന്നെത്തന്നെ ഉയർത്തുകയും ചെയ്തു. അങ്ങനെ അയാൾ മറ്റുള്ളവരെ വഞ്ചിച്ചു; തന്നെത്തന്നെയും വഞ്ചിച്ചു.
നമ്മുടെ ഹൃദയത്തിലുള്ള കാര്യങ്ങളിൽ നാം ജാഗ്രതയോടെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ് ഇതിൽനിന്ന് നാം ഉൾക്കൊള്ളേണ്ട പ്രധാന സന്ദേശം. നമ്മുടെ ഹൃദയങ്ങൾ, നമ്മുടെ ആന്തരികജീവിതം, ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്താൽ പൂത്തുലയണം. ഉള്ളിൽ ആത്മാർഥമായ ഒരു പുണ്യജീവിതം വളർത്തിയെടുക്കാൻ നമ്മുടെ എല്ലാ പരിശ്രമങ്ങളും വിനിയോഗിക്കണം. പ്രാർഥനയിലൂടെയും എളിമയിലൂടെയുമാണ് ഇതു സാധ്യമാകുന്നത്. നാം യഥാർഥത്തിൽ ആരാണെന്ന സത്യം കാണാൻ എളിമ നമ്മുടെ കണ്ണുകൾ തുറക്കും. നമ്മുടെ ഉള്ളിൽ മാറ്റേണ്ടവ എന്തൊക്കെയാണെന്നു കാണുമ്പോൾ, ആ മാറ്റം വരുത്താൻ പ്രാർഥന നമ്മെ ശക്തിപ്പെടുത്തും. നാം ആരാണെന്ന സത്യം വ്യക്തമായി കാണുകയും പ്രാർഥനയിലൂടെ ലഭിക്കുന്ന കൃപയിൽ പ്രാർഥനാപൂർവം ആശ്രയിക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർഥ സത്യനിഷ്ഠയും വിശുദ്ധിയുമുള്ള വ്യക്തികളാകാൻ നമുക്കു കഴിയൂ. അപ്പോൾ മാത്രമേ നമ്മുടെ ആന്തരികവിശുദ്ധി നമ്മുടെ പ്രവൃത്തികളിലൂടെ ബാഹ്യമായി വെളിപ്പെടുകയുള്ളൂ.
“ഭോഷന്മാരേ!” എന്ന യേശുവിന്റെ ശക്തമായ ഈ വാക്കുകളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഈ വാക്കുകളിൽ നീരസം തോന്നരുത്; അവ നമ്മുടെ കർത്താവിന്റെ സ്നേഹവചനങ്ങളാണ്. ഈ ഫരിസേയനെ ഉണർത്താനും കാപട്യത്തിൽനിന്ന് പിന്തിരിപ്പിക്കാനുമുള്ള അവിടുത്തെ തീക്ഷ്ണമായ ശ്രമമാണ് അവ. ഈ വാക്കുകൾ നിങ്ങളോടും പറഞ്ഞവയെന്നപോലെ ശ്രവിക്കുക. യേശുവിന്റെ സ്നേഹപൂർവമായ ഈ ശാസനയിൽനിന്ന് എളിമയോടെ പ്രയോജനം നേടാൻ നമുക്കോരോരുത്തർക്കും കഴിയും. നമുക്കോരോരുത്തർക്കും എളിമയോടെ, ആന്തരികമായി കൂടുതൽ പൂർണമായ രൂപാന്തരം ആവശ്യമാണ്. യേശുവിന്റെ വാക്കുകൾ നിങ്ങളോടു സംസാരിക്കാനും നിങ്ങൾ മാറേണ്ടത് എങ്ങനെയെന്ന് വെളിപ്പെടുത്താനും അനുവദിക്കുക. ഒരുപക്ഷേ, നിങ്ങളുടെ അഹങ്കാരം മനസ്സിൽ മറ്റുള്ളവരെ വിധിക്കുന്ന ശീലത്തിലേക്ക് നിങ്ങളെ നയിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ, നിങ്ങൾ കുമ്പസാരിക്കേണ്ട പാപങ്ങൾ കാണാനാകാത്തവിധം അതു നിങ്ങളെ അന്ധരാക്കിയിട്ടുണ്ടാകാം. ഈ വാക്കുകൾ നിങ്ങളോടു പറഞ്ഞവയെന്നപോലെ ശ്രവിക്കാൻ കഴിഞ്ഞാൽ, യേശുവിന്റെ തീക്ഷ്ണത നിങ്ങളിലേക്കും എത്തും; നിങ്ങളുടെ ആത്മാവിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ കാണാൻ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും. ഇതിനുനേരെ കണ്ണടയ്ക്കരുത്. തുറന്ന മനസ്സുള്ളവരായിരിക്കുക, എളിമയുള്ളവരായിരിക്കുക, ശ്രവിക്കുക.
തീക്ഷ്ണതയുള്ള എന്റെ കർത്താവേ, അങ്ങ് പലവിധത്തിൽ സ്നേഹത്തിന്റെ വാക്കുകൾ സംസാരിച്ചു. ചിലപ്പോൾ അങ്ങ് സൗമ്യനായിരുന്നു; മറ്റു ചിലപ്പോൾ കർക്കശനും. സ്നേഹത്തോടെയുള്ള അങ്ങയുടെ കർക്കശമായ ശാസനകൾ സ്വീകരിക്കാൻ എനിക്കാവശ്യമായ കൃപയും എളിമയും നൽകണമേ. അങ്ങയുടെ കൃപ എന്റെ ആന്തരികജീവിതത്തെ രൂപാന്തരപ്പെടുത്തി എന്റെ പ്രവൃത്തികളിലേക്കും ഒഴുകിയെത്തേണ്ടതിന്, എന്റെ ജീവിതത്തിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ആത്മാർഥമായി തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ നാട്ടിൽ സമാധാനത്തിനായി ഉപവാസത്തിന്റെയും മാംസവർജനത്തിന്റെയും പ്രാർത്ഥനയുടെയും ദിനം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, മെത്രാനും രക്തസാക്ഷിയും—ഓർമ്മ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



