മലയാളം

വിധിക്കപ്പെടുമ്പോഴുള്ള സമാധാനം

ഒക്ടോബർ 21, 2023
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

അവർ നിങ്ങളെ സിനഗോഗുകളുടെയും ഭരണാധികാരികളുടെയും അധികാരികളുടെയും മുമ്പിൽ കൊണ്ടുപോകുമ്പോൾ, എങ്ങനെ അല്ലെങ്കിൽ എന്തു പറഞ്ഞ് സ്വയം ന്യായീകരിക്കണമെന്നോ എന്തു സംസാരിക്കണമെന്നോ ഓർത്ത് ആകുലപ്പെടേണ്ടാ. എന്തെന്നാൽ, നിങ്ങൾ പറയേണ്ടത് എന്താണെന്ന് പരിശുദ്ധാത്മാവ് ആ സമയത്ത് നിങ്ങളെ പഠിപ്പിക്കും.” ലൂക്കാ 12:11–12

ഈ സുവിശേഷഭാഗം യേശു സ്വന്തം ജീവിതത്തിൽ പൂർണ്ണമായി ജീവിച്ചു. അവിടുന്ന് അറസ്റ്റു ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും അന്യായമായി ശിക്ഷിക്കപ്പെടുകയും ചെയ്തു; പ്രധാനപുരോഹിതനും ഹേറോദേസും പൊന്തിയോസ് പീലാത്തോസും അവിടുത്തെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടയിൽ ചിലപ്പോൾ അവിടുന്ന് സംസാരിച്ചു; മറ്റു ചിലപ്പോൾ മൗനം പാലിച്ചു. ഈ ചോദ്യം ചെയ്യലുകൾക്കുള്ള ഒരുക്കമായി, എന്തു പറയണം, എന്തു പറയരുത് എന്നു തീരുമാനിക്കാൻ യേശു ഓരോ ഭരണാധികാരിയെയും കുറിച്ച് മുൻകൂട്ടി പഠിച്ചില്ല. അവിടുന്ന് ഒരു പ്രതിരോധവാദം തയ്യാറാക്കിയില്ല; പകരം, തന്റെ മനുഷ്യസ്വഭാവത്തിൽ ഓരോ നിമിഷവും നയിക്കപ്പെടുന്നതിനായി പരിശുദ്ധാത്മാവിനോടും പിതാവിനോടുമുള്ള തന്റെ പൂർണ്ണമായ ഐക്യത്തിൽ ആശ്രയിച്ചു.

നിങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ നിങ്ങൾ അറസ്റ്റു ചെയ്യപ്പെടാനും, ക്രൈസ്തവനായിരിക്കുന്നതിന്റെ പേരിൽ സിവിൽ അധികാരികൾ നിങ്ങളെ വിചാരണ ചെയ്യാനും സാധ്യത കുറവായിരിക്കാം. എങ്കിലും, പ്രതികരിക്കേണ്ടിവരുന്ന വിധത്തിൽ മറ്റു പല തരത്തിലുള്ള ചോദ്യം ചെയ്യലുകളും കുറ്റവിധികളും ചില സമയങ്ങളിൽ നിങ്ങൾക്ക് നേരിടേണ്ടിവന്നേക്കാം. മറ്റൊരാൾ നിങ്ങളെ വിധിക്കുമ്പോൾ, കോപത്തോടെ സ്വയം ന്യായീകരിക്കാനും തിരിച്ചാക്രമിക്കാനുമുള്ള പ്രലോഭനം നിങ്ങൾക്കുണ്ടാകാനാണ് കൂടുതൽ സാധ്യത.

ഈ സുവിശേഷഭാഗം വ്യക്തമായി മനസ്സിലാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ, വിധിക്കപ്പെടുന്ന ഏതൊരു അനുഭവത്തിലും അത് നിങ്ങൾക്ക് ശാന്തതയും ധൈര്യവും നൽകേണ്ടതാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പറയുന്നു: “അവിവേകത്തോടെയുള്ള വിധി ഒഴിവാക്കാൻ, തന്റെ അയൽക്കാരന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും കഴിയുന്നിടത്തോളം അനുകൂലമായി വ്യാഖ്യാനിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം” (# 2478). നിങ്ങൾതന്നെ എപ്പോഴും ഇങ്ങനെ ചെയ്യാൻ പരിശ്രമിക്കേണ്ടതുണ്ടെങ്കിലും, മറ്റുള്ളവർ നിങ്ങളോട് ഇത്രയും ശ്രദ്ധയോടെയും സത്യനിഷ്ഠയോടെയും പെരുമാറാത്ത അവസരങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, മറ്റൊരാൾ നിങ്ങളെ വിധിക്കുമ്പോൾ, അവർ പറയുന്നതിൽ സത്യമുണ്ടെങ്കിൽപ്പോലും, പരിശുദ്ധാത്മാവ് വ്യക്തമായി അങ്ങനെ ചെയ്യാൻ നിങ്ങളെ നയിച്ചിട്ടില്ലെങ്കിൽ, സ്വയം ന്യായീകരിക്കാനുള്ള വ്യഗ്രതയോടും കോപത്തോടുംകൂടി പ്രതികരിക്കാതിരിക്കേണ്ടത് പ്രധാനമാണ്. പരിശുദ്ധാത്മാവിന്റെ ഓരോ പ്രേരണയും പിന്തുടരാൻ നിങ്ങൾ വിനയപൂർവ്വം നിരന്തരം പരിശ്രമിക്കുമ്പോൾ, അവിടുന്ന് എപ്പോഴും നിങ്ങളെ നയിക്കുമെന്ന് നിങ്ങൾ വിശ്വസിക്കണം എന്നതാണ് യേശു നൽകുന്ന പ്രധാന സന്ദേശം. നിങ്ങളുടെ മനസ്സാക്ഷിക്കുള്ളിലെ ദൈവസ്വരത്തിന് ശ്രദ്ധകൊടുക്കുന്ന ഉറച്ച ശീലം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.

അവിവേകത്തോടെയുള്ള വിധി, പരദൂഷണം, അപവാദം തുടങ്ങിയവ നേരിടുന്നത് വേദനാജനകമായതിനാൽ, എല്ലാക്കാര്യങ്ങളിലും പരിശുദ്ധാത്മാവിൽ മാത്രം ആശ്രയിക്കാൻ പഠിച്ചുകൊണ്ട് നിങ്ങൾ മുൻകൂട്ടി നിങ്ങളുടെ പ്രതിരോധം ഒരുക്കണം. അങ്ങനെ ചെയ്യാൻ യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു! അതിനാൽ, നിങ്ങൾ ദിവസവും വിനയപൂർവ്വം ദൈവഹിതം നിറവേറ്റാനും അവിടുത്തെ സ്വരം കേൾക്കാനും ഉദാരമനസ്സോടെ പ്രതികരിക്കാനും പരിശ്രമിക്കുന്നുവെങ്കിൽ, ഇത്തരം വിധികൾ നേരിടേണ്ട സമയം വരുമ്പോൾ നിങ്ങൾ സജ്ജരായിരിക്കുമെന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് നിങ്ങളോടു സംസാരിക്കുകയും നിങ്ങൾക്ക് പ്രചോദനവും ആശ്വാസവും നൽകുകയും ദൈവഹിതമനുസരിച്ച് പ്രതികരിക്കാൻ ആവശ്യമായ എല്ലാ കൃപകളും നൽകുകയും ചെയ്യും. ഇതിൽ സംശയിക്കരുത്. നമ്മുടെ കർത്താവിന്റെ ഈ വാക്കുകളിലും ഈ വാഗ്ദാനത്തിലും വിശ്വാസവും ആശ്രയവും പുലർത്തുക.

മറ്റൊരാൾ നിങ്ങളെ വിധിച്ചപ്പോൾ കഴിഞ്ഞകാലങ്ങളിൽ നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചതെന്ന് ഇന്ന് വിചിന്തനം ചെയ്യുക. അങ്ങനെ സംഭവിച്ച ചില പ്രത്യേക സന്ദർഭങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. അതേ രീതിയിൽ അവരെ വിധിച്ചുകൊണ്ടാണോ നിങ്ങൾ പ്രതികരിച്ചത്? നിങ്ങൾ കോപത്താൽ നിറഞ്ഞോ? നിങ്ങൾക്കേറ്റ മുറിവിനെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ടിരുന്നോ? നിങ്ങളുടെ ഹൃദയസമാധാനം നഷ്ടപ്പെട്ടോ? ഈ പ്രലോഭനങ്ങളിൽ നിങ്ങൾ വീണുപോയിട്ടുണ്ടെങ്കിൽ, യേശു ഇന്ന് പറയുന്നത് വിശ്വസിക്കാൻ വിശ്വാസത്തോടെ സ്വയം സമർപ്പിക്കുക. അവിടുന്നിൽ ആശ്രയിക്കുക. ഭാവിയിലെ ആ പ്രയാസകരമായ നിമിഷങ്ങളിൽ അവിടുന്ന് നിങ്ങളോടൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുക. പരിശുദ്ധാത്മാവ് നയിക്കുന്ന വിധത്തിൽ മാത്രം പ്രതികരിക്കാനുള്ള കൃപ ലഭിക്കാനായി പ്രാർഥിക്കുക.

നിഷ്കളങ്കനായ എന്റെ കർത്താവേ, അങ്ങ് വിചാരണ ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും അന്യായമായി കുറ്റക്കാരനെന്നു വിധിക്കപ്പെടുകയും ചെയ്തു. എങ്കിലും അതിലെല്ലാം, എപ്പോഴും സ്നേഹിക്കുകയും പരിപൂർണ്ണമായി സത്യം സംസാരിക്കുകയും ചെയ്ത നിഷ്കളങ്കനായ കുഞ്ഞാടായിരുന്നു അങ്ങ്. എന്റെ ജീവിതത്തിൽ ഞാൻ വിധിക്കപ്പെടുമ്പോൾ, ഹൃദയസമാധാനത്താലും പരിശുദ്ധാത്മാവ് എന്നോടൊപ്പമുണ്ടായിരിക്കുമെന്നും എനിക്കു പ്രചോദനം നൽകുകയും അങ്ങയുടെ പരിപൂർണ്ണമായ തിരുഹിതത്തിനനുസരിച്ച് എന്നെ നയിക്കുകയും ചെയ്യുമെന്ന അങ്ങയുടെ വാഗ്ദാനത്തിലുള്ള വിശ്വാസത്താലും എന്നെ നിറയ്ക്കണമേ. പരിശുദ്ധാത്മാവേ, ഇപ്പോഴും എപ്പോഴും ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു പൂർണ്ണമായി സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
പ്രത്യാശയറ്റ സാഹചര്യങ്ങൾക്കും നിരാശാജനകമായ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രാർത്ഥിക്കാം, പ്രത്യേകിച്ച് ഒക്ടോബർ 19–27

സമാധാനത്തിനായുള്ള പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: പീലാത്തോസിന്റെ മുമ്പിൽ ക്രിസ്തു — ചിത്രകാരൻ: മിഹായ് മുൻകാച്ചി, വിക്കിമീഡിയ കോമൺസ് വഴി