മലയാളം

അമിത പാപഭീതിയുടെ ഭാരം

ഒക്ടോബർ 30, 2023
ആണ്ടുവട്ടക്കാലം മുപ്പതാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

എന്നാൽ, യേശു സാബത്തിൽ രോഗശാന്തി നൽകിയതിൽ രോഷാകുലനായ സിനഗോഗാധികാരി ജനക്കൂട്ടത്തോടു പറഞ്ഞു: “ജോലി ചെയ്യേണ്ട ആറു ദിവസങ്ങളുണ്ട്. രോഗശാന്തിക്കായി ആ ദിവസങ്ങളിൽ വരുക; സാബത്തുദിവസത്തിലല്ല.” കർത്താവ് അവനോടു മറുപടി പറഞ്ഞു: “കപടനാട്യക്കാരേ! നിങ്ങളിൽ ഓരോരുത്തനും സാബത്തിൽ തന്റെ കാളയെയോ കഴുതയെയോ പുൽത്തൊട്ടിയിൽനിന്ന് അഴിച്ച് വെള്ളം കുടിപ്പിക്കാൻ കൊണ്ടുപോകുന്നില്ലേ?” ലൂക്കാ 13:14–15

യേശു സാബത്തിൽ ഒരു സ്ത്രീക്കു രോഗശാന്തി നൽകിയതിൽ സിനഗോഗാധികാരി “രോഷാകുലനായത്” എന്തുകൊണ്ടായിരിക്കും? പതിനെട്ടു വർഷമായി അവൾ അംഗവൈകല്യം മൂലം കഷ്ടപ്പെടുകയായിരുന്നു! പ്രത്യേകിച്ച് അവളുടെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. വർഷങ്ങളായുള്ള അവളുടെ കഷ്ടപ്പാടുകൾ അവർ കണ്ടിട്ടുണ്ടാകും; ആ വർഷങ്ങളിലെല്ലാം അനുകമ്പയോടെ അവളുടെ വേദനയിൽ പങ്കുചേർന്നിട്ടുമുണ്ടാകും. സാബത്തിൽ യേശു അവളെ സുഖപ്പെടുത്തിയപ്പോൾ അവർ അവിടെ ഉണ്ടായിരുന്നെങ്കിൽ, “സാബത്തിൽ ഞങ്ങളുടെ അമ്മയെ, ഭാര്യയെ, അല്ലെങ്കിൽ സഹോദരിയെ ഇങ്ങനെ സുഖപ്പെടുത്താൻ യേശുവിന് എങ്ങനെ ധൈര്യം വന്നു?” എന്ന് അവർ ഉടനെ ചിന്തിക്കുമായിരുന്നോ? തീർച്ചയായും ഇല്ല! അവർ ആനന്ദിക്കുകയും വിസ്മയവും കൃതജ്ഞതയുംകൊണ്ട് നിറയുകയും കണ്ണീർ പൊഴിക്കുകയുംപോലും ചെയ്യുമായിരുന്നു. ഈ അത്ഭുതത്തിനു സാക്ഷ്യം വഹിക്കുമ്പോൾ അവളുടെ കുടുംബത്തിനുണ്ടാകുമായിരുന്ന ഈ സ്വാഭാവിക പ്രതികരണമാണ് ശരിയായത്. സിനഗോഗാധികാരിയുടെ പ്രതികരണമാകട്ടെ, തീർച്ചയായും തികച്ചും വികലമായിരുന്നു.

ഈ സിനഗോഗാധികാരി എന്തുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്തത്? അവനും മറ്റു പല നിയമജ്ഞരും സദുക്കായരും ഫരിസേയരും നിയമപണ്ഡിതരും അസൂയയോടും കാപട്യത്തോടും മല്ലടിച്ചിരുന്നെങ്കിലും, മറ്റു ചിലർ വേറെ കാരണങ്ങളാൽ ചിലപ്പോൾ ഈ സിനഗോഗാധികാരിയെപ്പോലെ പ്രതികരിച്ചേക്കാം. അത്തരമൊരു കാരണമാണ് അമിത പാപഭീതി.

നിയമമാത്രവാദത്തിന്റെ കണ്ണിലൂടെ ദൈവത്തെയും അവിടുത്തെ വിശുദ്ധ ഹിതത്തെയും കാണാനുള്ള പ്രവണതയാണ് അമിത പാപഭീതി. “നിയമമാത്രവാദം” എന്നത് ദൈവനിയമത്തോടു വിശ്വസ്തത പുലർത്തുക എന്നതുമാത്രമല്ല; കാരണം, അത് നല്ലൊരു കാര്യമാണ്. ദൈവത്തെക്കാൾ തനിക്കുതന്നെ കൂടുതൽ പ്രാധാന്യം നൽകാൻ ഒരാളെ പ്രേരിപ്പിക്കുന്ന വിധത്തിൽ ദൈവനിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് നിയമമാത്രവാദം. അമിത പാപഭീതിയുള്ള വ്യക്തിയുടെ ചിന്തകൾ തന്നിൽത്തന്നെ കുരുങ്ങിക്കിടക്കുന്നു. ദൈവത്തെക്കാളേറെ പാപത്തെക്കുറിച്ചാണ് അത്തരമൊരാൾ ഉത്കണ്ഠപ്പെടുന്നത്. പാപത്തെക്കുറിച്ചുള്ള ജാഗ്രത അത്യന്താപേക്ഷിതമാണെങ്കിലും, പാപം ചെയ്യുമോ എന്ന ഭയം വിട്ടുമാറാത്ത ചിന്തയായി മാറുമ്പോൾ, അത് ദൈവത്തിന്റെ നിർമ്മലമായ ഹിതത്തെ മറയ്ക്കുന്നു. തന്മൂലം ആ വ്യക്തി കനത്ത ഭാരത്തിൻകീഴിലാകുകയും ദൈവത്തിന്റെ യഥാർഥ ഹിതം സന്തോഷത്തോടെ ജീവിക്കാൻ കഴിയാതാവുകയും ചെയ്യുന്നു.

അമിത പാപഭീതിയുമായുള്ള തന്റെ പോരാട്ടങ്ങൾ ആത്മകഥയിൽ തുറന്നുപങ്കുവെച്ച ഒരു വിശുദ്ധയാണ് ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ. “അമിത സംവേദനക്ഷമത” എന്നു താൻ വിശേഷിപ്പിച്ച ഈ പോരാട്ടത്തെക്കുറിച്ച് അവൾ പറഞ്ഞു: “ഈ രക്തസാക്ഷിത്വം നന്നായി മനസ്സിലാക്കണമെങ്കിൽ ഒരാൾ അതിലൂടെ കടന്നുപോകേണ്ടിവരും. ഒന്നര വർഷക്കാലം ഞാൻ അനുഭവിച്ച കാര്യങ്ങൾ വിവരിക്കുക എനിക്ക് അസാധ്യമായിരിക്കും.” എന്നാൽ, ഒടുവിൽ “സമ്പൂർണ മാനസാന്തരം” എന്നു താൻ വിളിച്ച അനുഭവം അവൾക്കുണ്ടായി. അതിലൂടെ അമിത സംവേദനക്ഷമതയുടെ കനത്ത ഭാരം നീങ്ങിപ്പോയി. ഈ അമിത സംവേദനക്ഷമത പലവിധത്തിൽ അവളെ ഞെരുക്കിയിരുന്നു. അതിന്റെ ഒരു ഫലമായി, തന്റെ മനസ്സിൽ യാദൃച്ഛികമായി വന്നുപോകുന്ന ചില ചിന്തകൾപോലും മാരകപാപങ്ങളാണെന്നും അവയുടെ പേരിൽ താൻ ശിക്ഷാവിധിക്ക് ഇരയാകുമെന്നും അവൾ ഭയപ്പെട്ടു.

വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ അതേ രീതിയിലുള്ള “അമിത സംവേദനക്ഷമത” സിനഗോഗാധികാരിയെ അലട്ടിയിരുന്നിരിക്കാൻ സാധ്യത കുറവാണെങ്കിലും, അങ്ങേയറ്റത്തെ അമിത പാപഭീതിയോടെയാണ് അവൻ പെരുമാറിയത്. അംഗവൈകല്യമുണ്ടായിരുന്ന ആ സ്ത്രീക്കു നമ്മുടെ കർത്താവ് ചെയ്ത നന്മയുടെ പേരിൽ അവിടുത്തെ കഠിനമായി വിധിക്കാനും കുറ്റംവിധിക്കാനും അത് അവനെ പ്രേരിപ്പിച്ചു.

ഇത്തരം കനത്ത ഭാരങ്ങൾ ചുമക്കാനുള്ള ഏതെങ്കിലും പ്രവണത നിങ്ങൾക്കുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. പാപത്തെക്കുറിച്ച് നിങ്ങൾ യുക്തിരഹിതമായി ഉത്കണ്ഠപ്പെടുന്നുണ്ടോ? തെറ്റായ തീരുമാനം എടുത്തുപോകുമോ എന്ന ആശങ്കയിൽ, തീരുമാനങ്ങളെക്കുറിച്ചുള്ള ചിന്തകളിൽ നിങ്ങൾ എപ്പോഴെങ്കിലും കുടുങ്ങിപ്പോകാറുണ്ടോ? ദൈവത്തെയും മറ്റുള്ളവരെയും കുറിച്ചു ചിന്തിക്കുന്നതിനെക്കാൾ വളരെ കൂടുതൽ നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, നമ്മുടെ കർത്താവ് നീക്കിത്തരാൻ ആഗ്രഹിക്കുന്ന സമാനമായ ഒരു കനത്ത ഭാരം നിങ്ങളും ചുമക്കുന്നുണ്ടാകാം. ദൈവത്തെയും അവിടുത്തെ വിശുദ്ധ ഹിതത്തെയും സേവിക്കുന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും ആഴമായ ആനന്ദമായിത്തീരണം; കനത്ത ഭാരമല്ല. നിങ്ങളുടെ ക്രൈസ്തവ ജീവിതയാത്ര ഒരു ഭാരമായാണ് കൂടുതൽ അനുഭവപ്പെടുന്നതെങ്കിൽ, നിങ്ങളിൽനിന്ന് ദൃഷ്ടി തിരിച്ച് കരുണാമയനായ ദൈവത്തിലേക്കു നോക്കുക. വിശുദ്ധ കൊച്ചുത്രേസ്യ ഒടുവിൽ ചെയ്തതുപോലെ, ഒരു കുഞ്ഞിന്റെ പരിപൂർണ വിശ്വാസത്തോടെ അവിടുത്തെ പക്കലേക്ക് ഓടിച്ചെല്ലുക. അമിത പാപഭീതിയിൽനിന്നും സ്വയം ചുമത്തിയ ഭാരങ്ങളിൽനിന്നും മോചിതരായി, അവിടുത്തെ കൂടുതൽ ആത്മാർഥമായി സ്നേഹിക്കാൻ നിങ്ങളെത്തന്നെ അനുവദിക്കുക.

എന്റെ കരുണാമയനായ കർത്താവേ, എന്നെ ഭാരപ്പെടുത്തുന്ന എല്ലാറ്റിൽനിന്നും എന്നെ മോചിപ്പിക്കാൻ അങ്ങ് ആഗ്രഹിക്കുന്നു. ഒരു കുഞ്ഞിന്റെ വിശ്വാസത്തോടെ ഞാൻ അങ്ങിലേക്കു തിരിയണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, വിട്ടുമാറാത്ത ചിന്തകളും യുക്തിരഹിതമായ ഉത്കണ്ഠകളും വഴി ഞാൻ എന്റെമേൽ ചുമത്തുന്ന എല്ലാ ഭാരങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ. എന്നോടുള്ള അങ്ങയുടെ അനന്തമായ സ്നേഹം ഞാൻ എന്നും മനസ്സിലാക്കുകയും അങ്ങയുടെ വഴികളിൽ എന്നും സ്വതന്ത്രമായും സന്തോഷത്തോടെയും നടക്കുകയും ചെയ്യുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

സമാധാനത്തിനായുള്ള പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ഹുവാൻ റോഡ്രിഗസ് ഹ്വാരസ് വരച്ച ‘രോഗിണിയോടൊപ്പം യേശു’, വിക്കിമീഡിയ കോമൺസ് വഴി