നവംബർ 12, 2023
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

യേശു തന്റെ ശിഷ്യന്മാരോട് ഈ ഉപമ പറഞ്ഞു: “സ്വർഗരാജ്യം വിളക്കുകളുമെടുത്ത് മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട പത്തു കന്യകമാർക്കു സദൃശമായിരിക്കും. അവരിൽ അഞ്ചുപേർ വിവേകശൂന്യരും അഞ്ചുപേർ വിവേകമതികളുമായിരുന്നു.” മത്തായി 25:1–2
നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ നമ്മുടെ ആത്മാവിലേക്കുള്ള ഒരു ജാലകമാണെന്നു പറയാം. ഇന്ദ്രിയങ്ങളിലൂടെ നാം ചുറ്റുമുള്ള ലോകത്തെ ഗ്രഹിക്കുകയും മനസ്സിലും ഹൃദയത്തിലും ഉൾക്കൊള്ളുകയും നാം എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് അതുമായി ഇടപെടുകയും ചെയ്യുന്നു. ഇന്നത്തെ ഉപമയിലെ വിവേകമതികളായ അഞ്ചു കന്യകമാർ തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളെ ദൈവഹിതമനുസരിച്ച് ഉപയോഗിക്കുന്നവരെ പ്രതിനിധീകരിക്കുന്നുവെന്ന് പല സഭാപിതാക്കന്മാരും പറയുന്നു. അതേസമയം, വിവേകശൂന്യരായ അഞ്ചു കന്യകമാർ പാപജീവിതത്തിൽ തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളെ യഥേഷ്ടം തൃപ്തിപ്പെടുത്തുന്നവരാണ്.
ശ്രദ്ധേയമായ ഒരു കാര്യം, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ നിശ്ശബ്ദമാകുകയും അവയിലൂടെ നാം പഠിച്ചതെല്ലാം അന്ധകാരത്തിലാവുകയും ചെയ്യുമ്പോഴാണ് ദൈവവുമായുള്ള ആശയവിനിമയം അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ നടക്കുന്നതെന്ന് കുരിശിന്റെ വിശുദ്ധ യോഹന്നാൻ പഠിപ്പിക്കുന്നു എന്നതാണ്. അപ്പോൾ ദൈവത്തിന് നേരിട്ടും ആത്മീയമായും നമ്മോട് സംസാരിക്കാൻ കഴിയും. എന്നാൽ നമ്മുടെ ആത്മാവിന്റെ വിവിധ ശുദ്ധീകരണങ്ങളിലൂടെ കൈവരുന്ന ആത്മീയ പൂർണതയുടെ ആ തലത്തിൽ എത്തുന്നതുവരെ, അറിവിന്റെ, പ്രത്യേകിച്ച് ദൈവത്തെക്കുറിച്ചുള്ള അറിവിന്റെ, ഉറവിടമായി നാം നമ്മുടെ ഇന്ദ്രിയങ്ങളെ ആശ്രയിക്കണം.
സൃഷ്ടിയിൽ, പ്രത്യേകിച്ച് മറ്റു മനുഷ്യരിൽ, ദൈവസാന്നിധ്യത്തിന്റെ സൗന്ദര്യം നമ്മുടെ കണ്ണുകളാൽ തിരിച്ചറിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. പ്രഘോഷിക്കപ്പെടുന്ന ദൈവവചനം നമ്മുടെ കാതുകളാൽ നാം കേൾക്കുന്നു; അത് പിന്നീട് നമ്മുടെ ഉള്ളിൽ മുഴങ്ങുകയും വിശ്വാസമെന്ന ദാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഘ്രാണം, രുചി, സ്പർശം എന്നീ ഇന്ദ്രിയങ്ങളും പലവിധത്തിൽ നമ്മെ പഠിപ്പിക്കും; അവ ഒന്നുകിൽ ദൈവരാജ്യത്തിന്റെ ആനന്ദങ്ങളിലേക്കോ അല്ലെങ്കിൽ പതിതലോകത്തിന്റെ സുഖഭോഗങ്ങളിലേക്കോ നമ്മെ നയിക്കും.
വിവേകമതികളായ അഞ്ചു കന്യകമാർ പഞ്ചേന്ദ്രിയങ്ങളുടെ വിശുദ്ധമായ ഉപയോഗത്തെ പ്രതിനിധീകരിക്കുന്നുവെങ്കിൽ, അവരും അവരുടെ വിളക്കുകൾക്കുള്ള എണ്ണയും തമ്മിലുള്ള ബന്ധം നാം കാണണം. അനേകം സഭാപിതാക്കന്മാർ എണ്ണയെ സൽപ്രവൃത്തികളുടെ, അഥവാ ഉപവിയുടെ, പ്രതീകമായി കാണുന്നു. സ്വർഗം പ്രാപിക്കുന്നതിനും, അപ്രതീക്ഷിതമായ സമയത്ത് മണവാളൻ വന്നെത്തുമ്പോൾ അവനെ എതിരേൽക്കുന്നതിനും ഉപവി അനിവാര്യമാണ്. ഉപവിപ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തി ദൈവം നൽകിയ സ്വാഭാവിക ദാനങ്ങൾ അവിടുത്തെ മഹത്ത്വത്തിനായി ഉപയോഗിക്കുന്നയാളാണ്. ദൈവത്തെ മഹത്ത്വപ്പെടുത്താനും അവിടുത്തെ വിശുദ്ധ ഹിതം നിറവേറ്റാനുമുള്ള വഴികൾ അയാളുടെ പഞ്ചേന്ദ്രിയങ്ങൾ നിരന്തരം അന്വേഷിക്കുന്നു.
പഞ്ചേന്ദ്രിയങ്ങൾക്ക് നമ്മെ ജഡികസുഖങ്ങളുടെ സ്വാർഥമായ അന്വേഷണത്തിലേക്കും എളുപ്പത്തിൽ നയിക്കാൻ കഴിയും. അങ്ങനെ സംഭവിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ ഉപവിയുടെ എണ്ണ വറ്റിപ്പോകുകയും മണവാളൻ മടങ്ങിവരുന്ന നമ്മുടെ മരണനിമിഷത്തിനായി നാം ഒരുക്കമില്ലാത്തവരായിത്തീരുകയും ചെയ്യുന്നു.
നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പരിഗണിച്ചുകൊണ്ട്, നിങ്ങൾ ആ വിവേകമതികളായ കന്യകമാരെപ്പോലെയാണോ അതോ വിവേകശൂന്യരായ കന്യകമാരെപ്പോലെയാണോ എന്നു ചിന്തിക്കുക. നിങ്ങളുടെ കണ്ണുകളാൽ പതിവായി എന്താണു നോക്കുന്നത്? നമ്മുടെ ലോകത്തിൽ ദൈവത്തിന്റെ സാന്നിധ്യം നിങ്ങൾ അന്വേഷിക്കുന്നുണ്ടോ? ദരിദ്രരിലും ദുർബലരിലും ഏകാന്തത അനുഭവിക്കുന്നവരിലും സഹായം ആവശ്യമുള്ളവരിലും നിങ്ങൾ അവിടുത്തെ കാണുന്നുണ്ടോ? അതോ ചുറ്റുമുള്ള അനേകം തിന്മകളെ നോക്കി അവയിൽ ആകൃഷ്ടരാകുകയും അവയുടെ പ്രവൃത്തികളിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ സ്വയം അനുവദിക്കുകയും ചെയ്യുന്നുണ്ടോ?
നിങ്ങളുടെ കാതുകളാൽ ദൈവവചനം ശ്രദ്ധയോടെ കേൾക്കുന്നുണ്ടോ? അതോ പരദൂഷണത്തിന്റെയും മറ്റുള്ളവരുടെ സൽപ്പേര് നശിപ്പിക്കുന്ന സംസാരത്തിന്റെയും മറ്റു പാപകരമായ വാക്കുകളുടെയും ലോകത്തിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുന്നുണ്ടോ? അതിരുകടന്ന സുഖം തിരഞ്ഞെടുത്ത് അനിയന്ത്രിതമായ ആസക്തിക്കടിമപ്പെടുകയും സ്പർശം, ഘ്രാണം, രുചി എന്നീ ഇന്ദ്രിയങ്ങളെ യഥേഷ്ടം തൃപ്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? അതോ അനാരോഗ്യകരവും പാപകരവുമായ സുഖങ്ങൾ സ്വയം ഉപേക്ഷിച്ച് മിതത്വത്തിനും ആത്മനിയന്ത്രണത്തിനുമായി പരിശ്രമിക്കുന്നുണ്ടോ?
ഇന്ന് നിങ്ങളുടെ ആത്മാവിന്റെ സ്വാഭാവിക കഴിവുകളെക്കുറിച്ച്, പ്രത്യേകിച്ച് പഞ്ചേന്ദ്രിയങ്ങളെന്ന ദാനത്തെക്കുറിച്ച് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, അവയെ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, എന്താണു നോക്കുന്നത്, എന്താണു കേൾക്കുന്നത്, എന്തിലാണു മുഴുകുന്നത് എന്നിവ പരിശോധിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങൾ ആത്മാവിലേക്കുള്ള ഒരു ജാലകവും ദൈവം നിങ്ങളോടു സംസാരിക്കുകയും നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന ആദ്യ മാർഗവുമാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങൾക്കു കാവൽ നിൽക്കുക; സ്വർഗീയ നന്മകൾ മാത്രം ഉള്ളിൽ പ്രവേശിക്കാൻ അനുവദിക്കുക. അങ്ങനെ ചെയ്യുന്നത് ഉള്ളിൽ ഉപവിയുടെ എണ്ണ ഉളവാക്കുകയും നമ്മുടെ കർത്താവിന്റെ വരവിനായി എപ്പോഴും ഒരുങ്ങിയിരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.
പൂർണമായ ഉപവിയുടെ നാഥാ, പലവിധത്തിൽ എന്നോടു സംസാരിക്കാനും അങ്ങയെ എനിക്കു വെളിപ്പെടുത്താനും അങ്ങ് ആഗ്രഹിക്കുന്നു. എന്റെ കണ്ണുകളാലും കാതുകളാലും എപ്പോഴും അങ്ങയെ തിരിച്ചറിയാനും എന്റെ പഞ്ചേന്ദ്രിയങ്ങളെല്ലാം അങ്ങയുടെ മഹത്ത്വത്തിനായി ഉപയോഗിക്കാനും കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അനിയന്ത്രിതവും അനാരോഗ്യകരവുമായ എല്ലാ ആസക്തികളിൽനിന്നും എന്നെ മോചിപ്പിക്കണമേ; അങ്ങനെ പൂർണമായും അങ്ങയോടു ചേർന്നിരിക്കാൻ എനിക്കു സ്വാതന്ത്ര്യമുണ്ടാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ജോസഫാത്ത്—അനുസ്മരണം
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനക്രമത്തിലെ അനുസ്മരണമായി ആചരിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




