മലയാളം

നിങ്ങളുടെ പ്രേഷിതവിളി

2023 നവംബർ 22, ബുധനാഴ്ച

കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ സെസീലിയയുടെ ഓർമ്മത്തിരുനാൾ

ഇന്നത്തെ വായനകൾ
സാധാരണകാലത്തിലെ മുപ്പത്തിമൂന്നാം ആഴ്ചയിലെ ബുധനാഴ്ചത്തെ വായനകൾ

വീഡിയോ

“ഒരു കുലീനൻ തനിക്കു രാജപദവി നേടി തിരിച്ചുവരാനായി ദൂരദേശത്തേക്കു പോയി. അയാൾ തന്റെ പത്തു ഭൃത്യന്മാരെ വിളിച്ച് അവർക്കു പത്തു സ്വർണനാണയങ്ങൾ കൊടുത്തുകൊണ്ടു പറഞ്ഞു: ‘ഞാൻ തിരിച്ചുവരുന്നതുവരെ ഇവകൊണ്ടു വ്യാപാരം ചെയ്യുവിൻ.’ എന്നാൽ അയാളുടെ നാട്ടുകാർ അയാളെ വെറുത്തിരുന്നു. ‘ഇയാൾ ഞങ്ങളുടെ രാജാവാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്നു പറയാൻ അവർ അയാളുടെ പിന്നാലെ ഒരു പ്രതിനിധിസംഘത്തെ അയച്ചു.” ലൂക്കാ 19:12–14

ഈ ഉപമയിൽ മൂന്നു വിഭാഗം ആളുകളുണ്ട്. സ്വർണനാണയം സ്വീകരിച്ച്, യജമാനൻ തിരിച്ചുവരുന്നതുവരെ “വ്യാപാരം ചെയ്യുവിൻ” എന്ന അദ്ദേഹത്തിന്റെ നിർദേശം പാലിച്ചവരാണ് ആദ്യത്തെ വിഭാഗം. അതേ കല്പന ലഭിച്ചിട്ടും അലസരായിരിക്കുകയും നമ്മുടെ കർത്താവ് തങ്ങൾക്കു നൽകിയതിൽനിന്ന് ഒരു നല്ല ഫലവും പുറപ്പെടുവിക്കാതിരിക്കുകയും ചെയ്തവരാണ് രണ്ടാമത്തെ വിഭാഗം. നമ്മുടെ കർത്താവിനെ “വെറുക്കുകയും” അവിടുന്ന് തങ്ങളുടെ രാജാവാകാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവരാണ് മൂന്നാമത്തെ വിഭാഗം.

രാജാവ് തിരിച്ചെത്തുമ്പോൾ, സ്വർണനാണയങ്ങൾ സ്വീകരിച്ച് വ്യാപാരം നടത്തി അഞ്ചും പത്തും നാണയങ്ങൾകൂടി സമ്പാദിച്ച രണ്ടു ഭൃത്യന്മാർ ആദ്യത്തെ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. വലിയ പ്രേഷിതതീക്ഷ്ണതയുള്ളവരാണിവർ. നമുക്കു ലഭിച്ച ദാനങ്ങൾ ഉപയോഗിച്ച് ഭൂമിയിൽ തന്റെ രാജ്യം വിപുലമാക്കാൻ ദൈവം നമ്മെ വിളിക്കുക മാത്രമല്ല, നമ്മിൽനിന്ന് അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവിടുത്തെ ഈ പ്രതീക്ഷ സ്നേഹത്തിന്റെ ഒരു കല്പനയാണ്. ഈ കല്പന മനസ്സിലാക്കുന്നവർ, അനേകരുടെ ജീവിതത്തിൽ നിത്യമായ മാറ്റം വരുത്താനുള്ള മഹത്തായ ഒരു ക്ഷണമായി അതിനെ കാണുന്നു. തങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന പ്രേഷിതപ്രവർത്തനങ്ങളെ അവർ ഒരു ഭാരമായി കാണുന്നില്ല. മറിച്ച്, അവയെ സന്തോഷമായി കാണുന്നു; ആ സന്തോഷം അവരുടെ പരിശ്രമങ്ങൾക്ക് ഊർജം പകരുന്നു. അതിന്റെ ഫലങ്ങൾ ദൈവരാജ്യത്തിനായി അനേകമടങ്ങായി വർധിക്കും.

ഭയംമൂലം ഒരു സ്വർണനാണയം “ഒരു തൂവാലയിൽ പൊതിഞ്ഞുസൂക്ഷിച്ച” ഭൃത്യൻ രണ്ടാമത്തെ വിഭാഗത്തെ ചിത്രീകരിക്കുന്നു. ഭയംമൂലം സുവിശേഷവത്കരണവും ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളും ഒഴിവാക്കുന്നവരാണിവർ. ഭയം നമ്മെ നിശ്ചലരാക്കുന്നു. എന്നാൽ ഭയത്തിനു വഴങ്ങുന്നത് പാപമാണ്. അത് ദൈവത്തിലുള്ള വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും കുറവാണ്. ദൈവത്തെ സേവിക്കാൻ നമ്മുടെ ഭാഗത്തുനിന്ന് ധൈര്യം അനിവാര്യമാണ്. നമുക്കു സുഖകരവും സുരക്ഷിതവുമായി തോന്നുന്ന പരിധിക്കു പുറത്തേക്കു കടക്കാനും, ചെയ്യാൻ ആദ്യം മടിതോന്നിയേക്കാവുന്ന കാര്യങ്ങൾ ചെയ്യാനും അതു നമ്മോട് ആവശ്യപ്പെടും. എന്നാൽ ഉപമയിലെ ആ ഭൃത്യൻ മുൻകൂട്ടി പറഞ്ഞതുപോലെ, ദൈവം നമ്മിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന ദൈവമാണ്. ദൈവരാജ്യം കെട്ടിപ്പടുക്കാൻ തീക്ഷ്ണതയോടെ സഹായിക്കാതിരിക്കുന്നതിന് ഭയത്തെ സ്വീകാര്യമായ ഒരു ഒഴികഴിവായി അവിടുന്ന് അംഗീകരിക്കുകയില്ല.

നിങ്ങൾ തീർച്ചയായും ഉൾപ്പെടാൻ ആഗ്രഹിക്കാത്തവരാണ് മൂന്നാമത്തെ വിഭാഗം. ദൈവത്തിന്റെ രാജാധികാരത്തെ തകർക്കാൻ സജീവമായി പ്രവർത്തിക്കുകയും അവിടുത്തെ ദൈവമായി അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവരാണിവർ. ലോകം ഇത്തരക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ വിഭാഗത്തിൽപ്പെടുന്നവരെക്കുറിച്ച് നമുക്കു പറയാനുള്ളത് നമ്മുടെ കർത്താവ് അവരെക്കുറിച്ചു പറഞ്ഞതുമാത്രമാണ്: “ഞാൻ തങ്ങളുടെ രാജാവാകാൻ ആഗ്രഹിക്കാതിരുന്ന എന്റെ ആ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പിൽവച്ച് കൊന്നുകളയുവിൻ.”

നിങ്ങളുടെ ജീവിതം ഏതു വിഭാഗക്കാരുടേതിനോടാണ് ഏറ്റവും സാമ്യമുള്ളതെന്ന് ഇന്ന് വിചിന്തനം ചെയ്യുക. മിക്കവാറും അത് ആദ്യത്തെ രണ്ടു വിഭാഗങ്ങളിൽ ഒന്നായിരിക്കും. ദൈവരാജ്യത്തിനുവേണ്ടി നിങ്ങൾക്കു വലിയ തീക്ഷ്ണതയുണ്ടോ? അവിടുത്തെ രാജ്യം കെട്ടിപ്പടുക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ നിങ്ങൾ സന്നദ്ധരാണോ? വ്യക്തിപരമായി വലിയ ത്യാഗം സഹിക്കേണ്ടിവന്നാലും അതിനു നിങ്ങൾ തയ്യാറാണോ? അങ്ങനെയെങ്കിൽ ആനന്ദിക്കുക; സമൃദ്ധമായ പ്രതിഫലം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് അറിയുക. എന്നാൽ നിങ്ങൾ ഭയത്തോടു മല്ലിടുന്ന ഒരാളാണെങ്കിൽ, പ്രത്യേകിച്ച് സുവിശേഷവത്കരിക്കാനും സുവിശേഷം പങ്കുവയ്ക്കാനും എളിമയോടും സ്നേഹത്തോടുംകൂടി നിങ്ങളുടെ വിശ്വാസം പരസ്യമായി ജീവിക്കാനും ഭയപ്പെടുന്നുവെങ്കിൽ, ഈ ഉപമയെക്കുറിച്ചും നാണയം തൂവാലയിൽ ഒളിപ്പിച്ച ആ ഭൃത്യന്റെ ഗതിയെക്കുറിച്ചും ചിന്തിക്കാൻ കൂടുതൽ സമയം ചെലവഴിക്കുക. പ്രേഷിതപ്രവർത്തനത്തിൽ ഏർപ്പെടുക. ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി സ്വയം സമർപ്പിക്കുക. എല്ലാ ഭയവും അകറ്റുക. ദൈവസേവനത്തിനും അവിടുത്തെ രാജ്യം കെട്ടിപ്പടുക്കുന്നതിനുമായി നിങ്ങളുടെ പൂർണഹൃദയവും ആത്മാവും സമർപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടിവരില്ലെന്ന് അറിയുക.

എന്നിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന എന്റെ കർത്താവേ, അങ്ങ് എന്നെ ഏറെ കാര്യങ്ങൾ ഏല്പിച്ചിരിക്കുന്നു. അങ്ങ് എനിക്കു നൽകിയതെല്ലാം അങ്ങയുടെ കൃപയുടെ രാജ്യം കെട്ടിപ്പടുക്കാൻ ഉപയോഗിക്കണമെന്ന് അങ്ങ് എന്നോട് ആവശ്യപ്പെടുന്നു. ഈ പ്രേഷിതദൗത്യത്തിനായി അങ്ങയാൽ വിളിക്കപ്പെടുകയും അങ്ങയുടെ ഉപകരണമായിത്തീരുകയും ചെയ്യുന്നത് എത്ര വലിയ ഭാഗ്യമാണ്! പ്രിയ കർത്താവേ, അങ്ങ് എന്നെ വിളിക്കുന്ന വിധങ്ങളിൽ അങ്ങയെ സേവിക്കാൻ ഞാൻ ഒരിക്കലും മടിക്കാതിരിക്കേണ്ടതിന് എല്ലാ ഭയത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ക്രിസ്തുരാജനോടുള്ള നൊവേന
നവംബർ 17–25, 2023

സമാധാനത്തിനായുള്ള പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ സെസീലിയ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: വിലം ഡെ പോർട്ടർ വരച്ച ‘താലന്തുകളുടെയോ മിനാകളുടെയോ ഉപമ’ എന്ന ചിത്രം, വിക്കിമീഡിയ കോമൺസ് വഴി