ഡിസംബർ 6, 2023
ആഗമനകാലം ഒന്നാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ നിക്കോളാസ്, മെത്രാൻ—ഐച്ഛിക അനുസ്മരണം

പിന്നെ അവൻ ഏഴ് അപ്പവും മത്സ്യങ്ങളും എടുത്ത് കൃതജ്ഞതയർപ്പിച്ചു. അപ്പം മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തു; അവർ ജനക്കൂട്ടത്തിനു വിതരണം ചെയ്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ അവർ ശേഖരിച്ചു–ഏഴു കുട്ട നിറയെ. മത്തായി 15:36–37
മത്തായി വിവരിക്കുന്ന, അപ്പവും മത്സ്യവും വർധിപ്പിച്ച രണ്ടാമത്തെ അത്ഭുതം ഈ വാക്യത്തോടെ സമാപിക്കുന്നു. ഈ അത്ഭുതത്തിൽ, സ്ത്രീകളെയും കുട്ടികളെയും കൂടാതെ 4,000 പുരുഷന്മാർക്ക് ഭക്ഷണം നൽകുന്നതിനായി ഏഴ് അപ്പവും ഏതാനും മത്സ്യങ്ങളും വർധിപ്പിക്കപ്പെട്ടു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായശേഷം, ഏഴു കുട്ട നിറയെ ശേഷിച്ചു.
ഈ അത്ഭുതം അവിടെ സന്നിഹിതരായിരുന്നവരിൽ ചെലുത്തിയ സ്വാധീനത്തെ കുറച്ചുകാണുക എളുപ്പമല്ല. ഒരുപക്ഷേ, ഭക്ഷണം എവിടെനിന്നു വന്നുവെന്നുപോലും പലർക്കും അറിയില്ലായിരുന്നു. കൊട്ടകൾ കൈമാറുന്നത് അവർ കണ്ടു; തങ്ങൾക്കു വേണ്ടത്ര എടുത്തശേഷം ബാക്കിയുള്ളത് മറ്റുള്ളവർക്കു കൈമാറി. ഈ അത്ഭുതത്തിൽനിന്നു പ്രധാനപ്പെട്ട പല പാഠങ്ങളും നമുക്കു പഠിക്കാനുണ്ടെങ്കിലും, അവയിൽ ഒന്നു നമുക്കു പരിചിന്തിക്കാം.
ജനക്കൂട്ടം ഭക്ഷണമില്ലാതെ മൂന്നു ദിവസം ഈശോയോടൊപ്പം കഴിഞ്ഞിരുന്നുവെന്ന് ഓർക്കുക. അവരുടെ സാന്നിധ്യത്തിൽ അവിടുന്ന് പഠിപ്പിക്കുകയും രോഗികളെ നിരന്തരം സുഖപ്പെടുത്തുകയും ചെയ്തപ്പോൾ അവർ അവിടുത്തെക്കുറിച്ച് വിസ്മയിച്ചു. വാസ്തവത്തിൽ, അവർ അനുഭവിച്ചിരിക്കാവുന്ന പ്രകടമായ വിശപ്പിനിടയിലും അവിടുത്തെ വിട്ടുപോകുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാത്തവിധം അവർ അത്രയേറെ വിസ്മയഭരിതരായിരുന്നു. നമ്മുടെ ആന്തരികജീവിതത്തിൽ നാം തേടേണ്ടത് എന്താണെന്നതിന്റെ മനോഹരമായ ഒരു ചിത്രമാണിത്.
ജീവിതത്തിൽ നിങ്ങളെ “വിസ്മയിപ്പിക്കുന്നത്” എന്താണ്? ശ്രദ്ധ നഷ്ടപ്പെടാതെ മണിക്കൂറുകളോളം നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് എന്താണ്? ഈ ആദ്യശിഷ്യന്മാരിൽ അത്തരമൊരു പ്രഭാവം ചെലുത്തിയത് ഈശോ എന്ന വ്യക്തിയെത്തന്നെ കണ്ടെത്തിയ അനുഭവമായിരുന്നു. നിങ്ങളുടെ കാര്യമോ? പ്രാർഥനയിലോ വിശുദ്ധഗ്രന്ഥവായനയിലോ മറ്റൊരാളുടെ സാക്ഷ്യത്തിലൂടെയോ ഈശോയെ കണ്ടെത്തിയ അനുഭവം, അവിടുത്തെ സാന്നിധ്യത്തിൽ നിങ്ങൾ മുഴുകിപ്പോകത്തക്കവിധം നിങ്ങളെ ആകർഷിച്ചിട്ടുണ്ടോ? മറ്റൊന്നിനെക്കുറിച്ചും അധികം ചിന്തിക്കാനാകാത്തവിധം നിങ്ങൾ എപ്പോഴെങ്കിലും നമ്മുടെ കർത്താവിൽ അത്രയേറെ മുഴുകിയിട്ടുണ്ടോ?
സ്വർഗത്തിൽ, ദൈവമഹത്ത്വത്തെ നിരന്തരം ആരാധിച്ചും അതിൽ “വിസ്മയിച്ചും” നാം നിത്യത ചെലവഴിക്കും. അവിടുത്തെ സന്നിധിയിൽ, അവിടുത്തെക്കുറിച്ചുള്ള ഭയഭക്തിനിറഞ്ഞ വിസ്മയത്തോടെ കഴിയുന്നതിൽ നമുക്ക് ഒരിക്കലും മടുപ്പുണ്ടാകില്ല. എന്നാൽ ഭൂമിയിൽ, നമ്മുടെ ജീവിതത്തിലും നമുക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിലും ദൈവം അത്ഭുതകരമായി പ്രവർത്തിക്കുന്നത് നാം പലപ്പോഴും കാണാതെ പോകുന്നു. അതിനുപകരം, പാപം, പാപത്തിന്റെ ഫലങ്ങൾ, മുറിവുകൾ, ഉതപ്പ്, ഭിന്നത, വിദ്വേഷം, നിരാശയിലേക്കു നയിക്കുന്ന കാര്യങ്ങൾ എന്നിവയിൽ നാം പലപ്പോഴും മുഴുകിപ്പോകുന്നു.
ഇന്ന് ഈശോയുടെ ഈ ആദ്യശിഷ്യന്മാരെക്കുറിച്ച് ധ്യാനിക്കുക. ഭക്ഷണമില്ലാതെ മൂന്നു ദിവസം അവിടുത്തോടൊപ്പം കഴിഞ്ഞപ്പോൾ അവർക്കുണ്ടായ വിസ്മയത്തെയും ഭയഭക്തിയെയും കുറിച്ച് പ്രത്യേകമായി ചിന്തിക്കുക. നമ്മുടെ കർത്താവിലേക്കുള്ള ഈ ആകർഷണം നിങ്ങളെ ആഴത്തിൽ പിടിച്ചുലയ്ക്കുകയും പൂർണമായി കീഴടക്കുകയും വേണം; അങ്ങനെ ഈശോ നിങ്ങളുടെ ജീവിതത്തിന്റെ ഏക കേന്ദ്രമാകണം. അവിടുന്ന് അങ്ങനെയാകുമ്പോൾ മറ്റെല്ലാം യഥാസ്ഥാനത്താകും; നിങ്ങളുടെ മറ്റു പല ആവശ്യങ്ങളും നമ്മുടെ കർത്താവ് നിറവേറ്റുകയും ചെയ്യും.
എന്റെ ദിവ്യനാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു. അങ്ങയോടുള്ള വിസ്മയവും ഭയഭക്തിയുംകൊണ്ട് എന്നെ നിറയ്ക്കണമേ. എല്ലാറ്റിലുമുപരിയായും എല്ലാറ്റിലും അങ്ങയെ ആഗ്രഹിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയോടുള്ള എന്റെ സ്നേഹം അത്രമേൽ തീവ്രമായിത്തീരട്ടെ; അങ്ങനെ ഞാൻ എപ്പോഴും അങ്ങയിൽ ആശ്രയിക്കുമാറാകട്ടെ. പ്രിയ കർത്താവേ, എന്റെ ജീവിതം മുഴുവന്റെയും കേന്ദ്രമായി അങ്ങയെ പ്രതിഷ്ഠിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസിന്റെ തലേന്നുവരെ ദിവസവും 15 പ്രാവശ്യം ചൊല്ലുന്ന പ്രാർഥന.
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ നിക്കോളാസ്, മെത്രാൻ—ഐച്ഛിക അനുസ്മരണം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




