ഡിസംബർ 9, 2023
ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ഹുവാൻ ഡിയേഗോ, ഏകാന്തവാസി—ഐച്ഛിക അനുസ്മരണം

“വിളവു സമൃദ്ധമാണ്, എന്നാൽ വേലക്കാർ കുറവാണ്; അതിനാൽ തന്റെ വിളവെടുപ്പിനു വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർഥിക്കുവിൻ.” മത്തായി 9:37–38
ദൈവം നിങ്ങളിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്? എന്താണ് നിങ്ങളുടെ ദൗത്യം? തീക്ഷ്ണതയുള്ള ചില ക്രൈസ്തവർ ജനപ്രീതിയുള്ള ഒരു സുവിശേഷപ്രഘോഷകനാകാൻ സ്വപ്നം കണ്ടേക്കാം. എല്ലാവരുടെയും പ്രശംസ നേടുന്ന വീരോചിതമായ ജീവകാരുണ്യപ്രവൃത്തികൾ ചെയ്യാൻ ചിലർ സ്വപ്നം കണ്ടേക്കാം. മറ്റുചിലർ കുടുംബത്തോടും സുഹൃത്തുക്കളോടും അടുത്തുനിന്ന്, ശാന്തവും ആരാലും ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു വിശ്വാസജീവിതം നയിക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ നിങ്ങളിൽനിന്നു തന്നേ ദൈവം എന്താണ് ആഗ്രഹിക്കുന്നത്?
മുകളിലെ വചനഭാഗത്തിൽ, “തന്റെ വിളവെടുപ്പിനു വേലക്കാരെ” ലഭിക്കാൻ പ്രാർഥിക്കണമെന്ന് യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ കർത്താവ് പറയുന്ന ആ “വേലക്കാരിൽ” നിങ്ങളും ഉൾപ്പെടുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ഈ ദൗത്യം വൈദികർ, സന്ന്യസ്തർ, മുഴുവൻ സമയവും സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന അൽമായർ തുടങ്ങിയ മറ്റുള്ളവർക്കുള്ളതാണെന്നു കരുതാൻ എളുപ്പമാണ്. തങ്ങൾക്ക് നൽകാൻ കാര്യമായൊന്നുമില്ലെന്ന നിഗമനത്തിലെത്താനും പലർക്കും എളുപ്പമാണ്. എന്നാൽ അതിനെക്കാൾ സത്യത്തിൽനിന്ന് അകന്ന മറ്റൊരു ധാരണയില്ല.
അസാധാരണമാംവിധം മഹത്വപൂർണ്ണമായ രീതികളിൽ നിങ്ങളെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതെ, “അസാധാരണമാംവിധം മഹത്വപൂർണ്ണമായ!” തീർച്ചയായും, നിങ്ങൾ അടുത്തതായി ഏറ്റവും ജനപ്രീതിയുള്ള YouTube സുവിശേഷപ്രഘോഷകനാകുമെന്നോ വിശുദ്ധ മദർ തെരേസയെപ്പോലെ പൊതുശ്രദ്ധയിലേക്കു വരുമെന്നോ അതിനർഥമില്ല. എന്നാൽ ദൈവം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്ന പ്രവൃത്തി, പണ്ടുകാലത്തെ ഏറ്റവും വലിയ വിശുദ്ധരോ ഇന്ന് ജീവിച്ചിരിക്കുന്ന വിശുദ്ധരോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയുംപോലെതന്നെ യാഥാർഥ്യവും പ്രാധാന്യവുമുള്ളതാണ്.
ജീവിതവിശുദ്ധി പ്രാർഥനയിൽ മാത്രമല്ല, പ്രവൃത്തിയിലും കണ്ടെത്തുന്നു. ഓരോ ദിവസവും പ്രാർഥിക്കുകയും ക്രിസ്തുവിനോട് കൂടുതൽ അടുക്കുകയും ചെയ്യുമ്പോൾ, ഇന്നത്തെ സുവിശേഷം തുടർന്ന് പറയുന്നതുപോലെ, “രോഗികളെ സുഖപ്പെടുത്തുവിൻ, മരിച്ചവരെ ഉയിർപ്പിക്കുവിൻ, കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ, പിശാചുക്കളെ പുറത്താക്കുവിൻ” (മത്തായി 10:8) എന്ന് അവിടുന്ന് നിങ്ങളെ ഉദ്ബോധിപ്പിക്കും. എന്നാൽ നിങ്ങളുടെ സ്വന്തം ദൈവവിളിക്കുള്ളിൽ നിങ്ങൾക്കു മാത്രമായുള്ള സവിശേഷമായ രീതിയിൽ ഇതു ചെയ്യാനാണ് അവിടുന്ന് നിങ്ങളെ വിളിക്കുക. നിങ്ങളുടെ അനുദിന കടമ അവഗണിക്കപ്പെടരുത്. അപ്പോൾ, ദിവസവും നിങ്ങൾ കണ്ടുമുട്ടുന്നവരിൽ ആരാണ് രോഗികളും മരിച്ചവരും കുഷ്ഠരോഗികളും പിശാചുബാധിതരും? ഏറിയും കുറഞ്ഞും ഇത്തരം അവസ്ഥകളിലുള്ളവർ മിക്കവാറും നിങ്ങൾക്കു ചുറ്റുമുണ്ട്. ഉദാഹരണത്തിന്, “കുഷ്ഠരോഗികളായ”വരെ എടുക്കുക. സമൂഹം “തള്ളിക്കളഞ്ഞവർ” ആണ് ഇവർ. നമ്മുടെ ലോകം പരുഷവും ക്രൂരവുമാകാം; ചിലർക്ക് തങ്ങൾ വഴിതെറ്റിയവരും ഒറ്റപ്പെട്ടവരുമാണെന്നു തോന്നിയേക്കാം. ഈ വിഭാഗത്തിൽപ്പെട്ടേക്കാവുന്ന ആരെയാണ് നിങ്ങൾക്കറിയാവുന്നത്? അൽപ്പം പ്രോത്സാഹനവും മനസ്സിലാക്കലും അനുകമ്പയും ആവശ്യമുള്ളത് ആർക്കാണ്? മറ്റാർക്കും നൽകിയിട്ടില്ലാത്ത ഒരു അനുദിന കടമ ദൈവം നിങ്ങൾക്കു നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങളുടെ സ്നേഹം ആവശ്യമുള്ള ചിലരുണ്ട്. അവരെ അന്വേഷിക്കുക, അവരുടെ അടുത്തേക്കു ചെല്ലുക, ക്രിസ്തുവിനെ അവരുമായി പങ്കുവയ്ക്കുക, അവർക്ക് തുണയായിരിക്കുക.
മറ്റൊരാൾക്കു ക്രിസ്തുവായിരിക്കാൻ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന, അസാധാരണമാംവിധം മഹത്വപൂർണ്ണമായ ഈ വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സ്നേഹത്തിന്റെ ഈ കടമ ഏറ്റെടുക്കുക. ക്രിസ്തുവിനുവേണ്ടി വേലക്കാരനാകാൻ വിളിക്കപ്പെട്ട ഒരാളായി നിങ്ങളെത്തന്നെ കാണുക. നിങ്ങളുടെ ജീവിതത്തിൽ ഈ ദൗത്യം ഏതു വിധത്തിൽ നിർവഹിക്കേണ്ടിവന്നാലും, അതിന്റെ പൂർണ്ണവും മഹത്വപൂർണ്ണവുമായ പൂർത്തീകരണത്തിനായി നിങ്ങളെത്തന്നെ സമർപ്പിക്കുക.
എന്റെ പ്രിയ കർത്താവേ, അങ്ങയുടെ ദിവ്യദൗത്യത്തിനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. എന്റെ ജീവിതത്തിനായി ഞാൻ അങ്ങയെയും അങ്ങയുടെ വിശുദ്ധ തിരുഹിതത്തെയും തിരഞ്ഞെടുക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ സ്നേഹവും കരുണയും ഏറ്റവുമധികം ആവശ്യമുള്ളവരുടെ അടുത്തേക്ക് എന്നെ അയയ്ക്കണമേ. എന്നെ ഏൽപ്പിച്ചിരിക്കുന്നവർക്ക് ആ സ്നേഹവും കരുണയും എങ്ങനെ പകർന്നുനൽകാമെന്ന് അറിയാൻ എന്നെ സഹായിക്കണമേ; അങ്ങനെ അവർ തങ്ങളുടെ ജീവിതത്തിൽ അങ്ങയുടെ മഹിമയേറിയതും രക്ഷദായകവുമായ കൃപ അനുഭവിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്ന് വരെ ദിവസവും 15 തവണ ചൊല്ലുന്ന പ്രാർഥന.
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഹുവാൻ ഡിയേഗോ, ഏകാന്തവാസി
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




