2024 ജനുവരി 9
ആണ്ടുവട്ടത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

അവരുടെ സിനഗോഗിൽ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ഉണ്ടായിരുന്നു; അവൻ വിളിച്ചുപറഞ്ഞു: “നസറായനായ യേശുവേ, നിനക്ക് ഞങ്ങളുമായി എന്തു കാര്യം? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം—ദൈവത്തിന്റെ പരിശുദ്ധൻ!” യേശു അവനെ ശാസിച്ചുകൊണ്ട് പറഞ്ഞു: “മിണ്ടരുത്! അവനിൽനിന്ന് പുറത്തുവരുക!” മർക്കോസ് 1:23–25
യേശു ദുരാത്മാക്കളെ നേരിട്ടു നേരിട്ട നിരവധി സന്ദർഭങ്ങൾ വിശുദ്ധഗ്രന്ഥത്തിലുണ്ട്. ഓരോ തവണയും അവിടുന്ന് അവരെ ശാസിക്കുകയും അവരുടെമേൽ തന്റെ അധികാരം പ്രയോഗിക്കുകയും ചെയ്തു. അത്തരമൊരു സന്ദർഭമാണ് മുകളിലെ വചനഭാഗം വിവരിക്കുന്നത്.
സുവിശേഷങ്ങളിൽ പിശാച് വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു എന്ന വസ്തുത, ദുഷ്ടൻ യഥാർഥത്തിൽ ഉണ്ടെന്നും അവനെ ഉചിതമായ രീതിയിൽ നേരിടേണ്ടതുണ്ടെന്നും നമ്മോടു പറയുന്നു. ദുഷ്ടനെയും അവന്റെ കൂട്ടാളികളായ ദുരാത്മാക്കളെയും നേരിടാനുള്ള ഉചിതമായ മാർഗം, യേശുക്രിസ്തുവിന്റെതന്നെ അധികാരത്താൽ ശാന്തമായും എന്നാൽ ദൃഢമായും അധികാരത്തോടെയും അവരെ ശാസിക്കുക എന്നതാണ്.
മുകളിലെ വചനഭാഗത്തിൽ യേശുവിന്റെ മുമ്പിൽ ചെയ്തതുപോലെ ദുഷ്ടൻ നമ്മുടെ മുമ്പിൽ പൂർണ്ണമായി വെളിപ്പെടുന്നത് വളരെ അപൂർവമാണ്. ദുരാത്മാവ് ഈ മനുഷ്യനിലൂടെ നേരിട്ടു സംസാരിക്കുന്നു; ആ മനുഷ്യൻ പൂർണ്ണമായും ഭൂതാവിഷ്ടനായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രകടനം നാം പലപ്പോഴും കാണുന്നില്ലെങ്കിലും, ദുഷ്ടൻ ഇന്ന് ഒട്ടും സജീവമല്ലെന്നോ അവന്റെ പ്രവർത്തനം കുറഞ്ഞെന്നോ അതിന് അർഥമില്ല. മറിച്ച്, ദുഷ്ടനോട് പോരാടാൻ ആവശ്യമായ അളവിൽ ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുവിന്റെ അധികാരം പ്രയോഗിക്കുന്നില്ലെന്നാണ് അത് കാണിക്കുന്നത്. പകരം, തിന്മയുടെ മുമ്പിൽ നാം പലപ്പോഴും ഭയന്ന് പിൻവാങ്ങുകയും ആത്മവിശ്വാസത്തോടും സ്നേഹത്തോടുംകൂടെ ക്രിസ്തുവിനോടു ചേർന്ന് ഉറച്ചുനിൽക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.
ഈ ദുരാത്മാവ് ഇത്ര പ്രകടമായ രീതിയിൽ സ്വയം വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്? കാരണം, ഈ ദുരാത്മാവിന് യേശുവിന്റെ അധികാരത്തെ നേരിട്ടു അഭിമുഖീകരിക്കേണ്ടിവന്നു. തന്റെ ദുഷിച്ച വഴികൾ വ്യക്തമായി തിരിച്ചറിയപ്പെടാതിരിക്കാൻ, പ്രകാശത്തിന്റെ ദൂതനായി സ്വയം അവതരിപ്പിച്ചുകൊണ്ട് മറഞ്ഞിരിക്കാനും വഞ്ചിക്കാനുമാണ് പിശാച് സാധാരണയായി ഇഷ്ടപ്പെടുന്നത്. അവന്റെ നിയന്ത്രണത്തിലുള്ളവർ തങ്ങളെ ദുഷ്ടൻ എത്രമാത്രം സ്വാധീനിക്കുന്നുവെന്നുപോലും പലപ്പോഴും അറിയുന്നില്ല. എന്നാൽ ക്രിസ്തുവിന്റെ നിർമലസാന്നിധ്യത്തെയും നമ്മെ സ്വതന്ത്രരാക്കുന്ന സുവിശേഷസത്യത്തെയും യേശുവിന്റെ അധികാരത്തെയും അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, ഈ ഏറ്റുമുട്ടൽ പലപ്പോഴും സ്വന്തം ദുഷ്ടത വെളിപ്പെടുത്തിക്കൊണ്ട് പ്രതികരിക്കാൻ ദുഷ്ടനെ നിർബന്ധിതനാക്കുന്നു.
ദുഷ്ടൻ നമുക്കു ചുറ്റും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവത്തിന്റെ നിർമലവും പരിശുദ്ധവുമായ സത്യം ആക്രമിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന, നിങ്ങളുടെ ജീവിതത്തിലെ വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ച് ചിന്തിക്കുക. മറ്റേതു സാഹചര്യത്തെക്കാളും അത്തരം സാഹചര്യങ്ങളിലാണ് തിന്മയെ നേരിടാനും ശാസിക്കാനും അതിന്റെമേൽ അധികാരം പ്രയോഗിക്കാനും യേശു തന്റെ ദൈവികാധികാരം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്നത്. പ്രധാനമായും പ്രാർഥനയിലൂടെയും ദൈവത്തിന്റെ ശക്തിയിലുള്ള ആഴമായ ആശ്രയത്തിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. ഈ ലോകത്തിലെ ദുഷ്ടന്റെ പ്രവർത്തനത്തെ നേരിടാൻ ദൈവം നിങ്ങളെ ഉപയോഗിക്കുന്നതിന് അനുവദിക്കാൻ ഭയപ്പെടരുത്.
കർത്താവേ, ഈ ലോകത്തിൽ ദുഷ്ടന്റെ പ്രവർത്തനങ്ങളെ അഭിമുഖീകരിക്കുമ്പോൾ എനിക്ക് ധൈര്യവും ജ്ഞാനവും നൽകണമേ. അവന്റെ ഇടപെടൽ തിരിച്ചറിയാൻ എനിക്ക് ജ്ഞാനവും, അങ്ങയുടെ സ്നേഹത്തോടും അധികാരത്തോടുംകൂടെ അവനെ നേരിടാനും ശാസിക്കാനും ധൈര്യവും നൽകണമേ. കർത്താവായ ഈശോയേ, അങ്ങയുടെ അധികാരം എന്റെ ജീവിതത്തിൽ സജീവമായിരിക്കട്ടെ. ഈ ലോകത്തിലുള്ള തിന്മയെ നേരിടുമ്പോൾ, അങ്ങയുടെ രാജ്യത്തിന്റെ ആഗമനത്തിനായി അനുദിനം കൂടുതൽ നല്ലൊരു ഉപകരണമായിത്തീരാൻ എനിക്ക് കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
പരിചയപ്പെടുത്തുന്ന പുസ്തകം:
ആണ്ടുവട്ടക്കാലം: 1–17 ആഴ്ചകൾ
ആണ്ടുവട്ടക്കാലം ഇന്ന് ആരംഭിക്കുന്നു!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ






