2024 ഫെബ്രുവരി 1
ആണ്ടുവട്ടത്തിലെ നാലാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

യേശു പന്ത്രണ്ടുപേരെയും വിളിച്ച്, അവരെ ഈരണ്ടുപേരായി അയയ്ക്കാൻ തുടങ്ങി. അവിടുന്ന് അവർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരം നൽകി. യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും എടുക്കരുതെന്ന് അവിടുന്ന് അവരോടു നിർദേശിച്ചു—ഭക്ഷണമോ ഭാണ്ഡമോ അരപ്പട്ടയിൽ പണമോ എടുക്കരുത്. മർക്കോസ് 6:7–8
അധികാരത്തോടെ പ്രസംഗിക്കാൻ പുറപ്പെടണമെന്നും എന്നാൽ യാത്രയിൽ ഒന്നും കൂടെ കൊണ്ടുപോകരുതെന്നും യേശു പന്ത്രണ്ടുപേരോടു നിർദേശിച്ചത് എന്തുകൊണ്ടായിരിക്കും? യാത്രയ്ക്കു പുറപ്പെടുന്ന മിക്കവരും മുൻകൂട്ടി ഒരുക്കങ്ങൾ നടത്തുകയും തങ്ങൾക്ക് ആവശ്യമായവ എടുത്തുവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. യേശുവിന്റെ നിർദേശം അടിസ്ഥാന ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള ഒരു പാഠം എന്നതിലുപരി, തങ്ങളുടെ ശുശ്രൂഷയിൽ ദൈവപരിപാലനത്തെ ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള ഒരു പാഠമായിരുന്നു.
ഭൗതികലോകം അതിൽത്തന്നെ നല്ലതാണ്. സൃഷ്ടിക്കപ്പെട്ടതെല്ലാം നല്ലതാണ്. അതിനാൽ, സമ്പത്ത് ഉണ്ടായിരിക്കുന്നതിലും അത് നമ്മുടെ നന്മയ്ക്കും നമ്മുടെ സംരക്ഷണത്തിൽ ഏൽപ്പിക്കപ്പെട്ടവരുടെ നന്മയ്ക്കുമായി ഉപയോഗിക്കുന്നതിലും തെറ്റൊന്നുമില്ല. എന്നാൽ, നമ്മിൽത്തന്നെ ആശ്രയിക്കുന്നതിനെക്കാൾ കൂടുതലായി അവിടുത്തെ ആശ്രയിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്ന അവസരങ്ങളുണ്ട്. മുകളിൽ വിവരിച്ച സംഭവം അത്തരം ഒരു സാഹചര്യമാണ്.
ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ളവപോലും കൊണ്ടുപോകാതെ തങ്ങളുടെ ദൗത്യത്തിനായി പുറപ്പെടാൻ പന്ത്രണ്ടുപേരോടു നിർദേശിച്ചുകൊണ്ട്, ആ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന അവിടുത്തെ പരിപാലനത്തിൽ മാത്രമല്ല, പ്രസംഗിക്കുകയും പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്ന അവരുടെ ദൗത്യത്തിൽ ആത്മീയമായും അവിടുന്ന് അവർക്ക് വേണ്ടതെല്ലാം നൽകുമെന്നതിലും വിശ്വസിക്കാൻ യേശു അവരെ സഹായിക്കുകയായിരുന്നു. വലിയ ആത്മീയ അധികാരവും ഉത്തരവാദിത്വവും അവർക്കു നൽകപ്പെട്ടിരുന്നു. അതിനാൽ, മറ്റുള്ളവരെക്കാൾ വളരെ കൂടുതലായി അവർ ദൈവപരിപാലനത്തിൽ ആശ്രയിക്കേണ്ടിയിരുന്നു. അങ്ങനെ, തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ കാര്യത്തിൽ തന്നെ വിശ്വസിക്കാൻ യേശു അവരെ ഉദ്ബോധിപ്പിക്കുന്നു; ഈ പുതിയ ആത്മീയ ദൗത്യത്തിലും അവിടുത്തെ വിശ്വസിക്കാനുള്ള മനോഭാവം അവരിൽ വളരാനായിരുന്നു അത്.
നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് സത്യം. മറ്റൊരാളുമായി സുവിശേഷം പങ്കുവയ്ക്കാനുള്ള ദൗത്യം ദൈവം നമ്മെ ഏൽപ്പിക്കുമ്പോൾ, നമ്മുടെ ഭാഗത്തുനിന്ന് വലിയ വിശ്വാസം ആവശ്യപ്പെടുന്ന വിധത്തിലായിരിക്കും പലപ്പോഴും അവിടുന്ന് അതു ചെയ്യുക. അവിടുത്തെ സൗമ്യമായ വഴിനടത്തലിൽ ആശ്രയിക്കാൻ നാം പഠിക്കേണ്ടതിന്, ഒരർഥത്തിൽ പറഞ്ഞാൽ, അവിടുന്ന് നമ്മെ “വെറുംകൈയോടെ” അയയ്ക്കും. മറ്റൊരാളുമായി സുവിശേഷം പങ്കുവയ്ക്കുക എന്നത് അതുല്യമായ ഒരു ഭാഗ്യമാണ്. ദൈവപരിപാലനത്തിൽ പൂർണഹൃദയത്തോടെ ആശ്രയിച്ചാൽ മാത്രമേ നാം വിജയിക്കുകയുള്ളൂ എന്ന് നാം തിരിച്ചറിയണം.
നിങ്ങൾ സുവിശേഷവുമായി സമീപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതായി നിങ്ങൾക്കു തോന്നുന്നവരെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങൾ ഇത് എങ്ങനെ ചെയ്യും? ഉത്തരം വളരെ ലളിതമാണ്. ദൈവപരിപാലനത്തിൽ ആശ്രയിച്ചുകൊണ്ടു മാത്രമേ നിങ്ങൾക്ക് അതു ചെയ്യാനാകൂ. വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുക; ഓരോ ചുവടിലും നിങ്ങളെ വഴിനടത്തുന്ന അവിടുത്തെ സ്വരം ശ്രവിക്കുക. സുവിശേഷസന്ദേശം ഫലപ്രദമായി പങ്കുവയ്ക്കാൻ അവിടുത്തെ പരിപാലനം മാത്രമാണ് മാർഗമെന്ന് അറിയുക.
വിശ്വസ്തനായ എന്റെ കർത്താവേ, പുറപ്പെട്ടുചെന്ന് അങ്ങയുടെ സ്നേഹവും കരുണയും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അങ്ങയുടെ വിളി ഞാൻ സ്വീകരിക്കുന്നു. ജീവിതത്തിലെ എന്റെ ദൗത്യം നിറവേറ്റാൻ എപ്പോഴും അങ്ങയിലും അങ്ങയുടെ പരിപാലനയിലും ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ തിരുമനസ്സുപോലെ എന്നെ ഉപയോഗിക്കണമേ. ഭൂമിയിൽ അങ്ങയുടെ മഹത്വപൂർണമായ രാജ്യം കെട്ടിപ്പടുക്കുന്നതിനായി എന്നെ വഴിനടത്തുന്ന അങ്ങയുടെ കരത്തിൽ വിശ്വസിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
നോമ്പുകാലത്തിനുള്ള പുസ്തകങ്ങൾ:
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





