മലയാളം

വിശ്വാസജീവിതത്തിന്റെ പരിപൂർണ്ണത

2024 ഫെബ്രുവരി 2, വെള്ളിയാഴ്ച

കർത്താവിന്റെ ദേവാലയ സമർപ്പണം—തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

“നാഥാ, അങ്ങയുടെ വചനമനുസരിച്ച് ഇപ്പോൾ അങ്ങയുടെ ദാസനെ സമാധാനത്തിൽ വിട്ടയച്ചാലും. എന്തെന്നാൽ, സകല ജനതകളുടെയും കൺമുമ്പിൽ അങ്ങ് ഒരുക്കിയ രക്ഷ എന്റെ കണ്ണുകൾ കണ്ടിരിക്കുന്നു: വിജാതീയർക്ക് വെളിപാടിന്റെ പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിന് മഹത്വവുമായ രക്ഷ.” ലൂക്കാ 2:29–32

യേശുവിന്റെ ജനനകാലത്ത്, സുപ്രധാനമായ ഒരു നിമിഷത്തിനുവേണ്ടി ജീവിതകാലം മുഴുവൻ ഒരുങ്ങിക്കൊണ്ടിരുന്ന ശിമയോൻ എന്നൊരു മനുഷ്യനുണ്ടായിരുന്നു. അക്കാലത്തെ വിശ്വസ്തരായ എല്ലാ യഹൂദരെയുംപോലെ, ശിമയോനും വരാനിരിക്കുന്ന മിശിഹായെ കാത്തിരിക്കുകയായിരുന്നു. മരണത്തിനുമുമ്പ് താൻ തീർച്ചയായും മിശിഹായെ കാണുമെന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. ശിശുവായ യേശുവിനെ കർത്താവിനു സമർപ്പിക്കാനായി മറിയവും യൗസേപ്പും അവനെ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ അത് സംഭവിച്ചു.

ആ രംഗം ഒന്നു സങ്കൽപ്പിച്ചുനോക്കൂ. വിശുദ്ധവും ഭക്തിനിർഭരവുമായ ഒരു ജീവിതമാണ് ശിമയോൻ നയിച്ചിരുന്നത്. ലോകത്തിന്റെ രക്ഷകനെ സ്വന്തം കണ്ണുകളാൽ കാണാനുള്ള ഭാഗ്യം ലഭിക്കാതെ ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കുകയില്ലെന്ന് തന്റെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ അദ്ദേഹത്തിന് അറിയാമായിരുന്നു. വിശ്വാസത്തിന്റെ ഒരു പ്രത്യേക ദാനത്തിലൂടെ, പരിശുദ്ധാത്മാവിൽനിന്നുള്ള ആന്തരിക വെളിപാടിലൂടെ, അദ്ദേഹം ഇത് അറിഞ്ഞു; അദ്ദേഹം വിശ്വസിക്കുകയും ചെയ്തു.

ജീവിതകാലം മുഴുവൻ ശിമയോനുണ്ടായിരുന്ന ഈ സവിശേഷമായ അറിവിന്റെ ദാനത്തെക്കുറിച്ച് ചിന്തിക്കുന്നത് പ്രയോജനകരമാണ്. സാധാരണയായി നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നാം അറിവു നേടുന്നത്. നാം എന്തെങ്കിലും കാണുകയോ കേൾക്കുകയോ രുചിക്കുകയോ മണക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നു; അതിന്റെ ഫലമായി അത് സത്യമാണെന്ന് അറിയുന്നു. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവ് വളരെ വിശ്വസനീയമാണ്; കാര്യങ്ങൾ അറിയാനുള്ള നമ്മുടെ സാധാരണ മാർഗവും അതാണ്. എന്നാൽ ശിമയോനുണ്ടായിരുന്ന അറിവിന്റെ ഈ ദാനം വ്യത്യസ്തമായിരുന്നു. അത് കൂടുതൽ ആഴമുള്ളതും സ്വഭാവത്താൽ ആത്മീയവുമായിരുന്നു. മരിക്കുന്നതിനുമുമ്പ് താൻ മിശിഹായെ കാണുമെന്ന് അദ്ദേഹം അറിഞ്ഞത് ബാഹ്യമായ ഏതെങ്കിലും ഇന്ദ്രിയാനുഭവം ലഭിച്ചതുകൊണ്ടല്ല, മറിച്ച് പരിശുദ്ധാത്മാവിൽനിന്നുള്ള ആന്തരിക വെളിപാടു മൂലമാണ്.

ഈ സത്യം ഒരു ചോദ്യമുയർത്തുന്നു: ഏതു തരത്തിലുള്ള അറിവിനാണ് കൂടുതൽ ഉറപ്പുള്ളത്? സ്വന്തം കണ്ണുകളാൽ കാണുകയോ സ്പർശിക്കുകയോ മണക്കുകയോ കേൾക്കുകയോ രുചിക്കുകയോ ചെയ്യുന്ന കാര്യത്തിനോ? അതോ കൃപയുടെ ഒരു വെളിപാടിലൂടെ നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം നിങ്ങളോടു പറയുന്ന കാര്യത്തിനോ? ഈ അറിവുകൾ വ്യത്യസ്തമാണെങ്കിലും, പഞ്ചേന്ദ്രിയങ്ങളിലൂടെ മാത്രം ഗ്രഹിക്കുന്ന എന്തിനെക്കാളും വളരെ കൂടുതൽ ഉറപ്പുള്ളതാണ് പരിശുദ്ധാത്മാവ് നൽകുന്ന ആത്മീയമായ അറിവ് എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ജീവിതത്തെ മാറ്റാനും നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും ആ വെളിപാടിലേക്കു നയിക്കാനും ഈ ആത്മീയമായ അറിവിനു ശക്തിയുണ്ട്.

യേശുവിനെ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ, ശിമയോന്റെ ആത്മീയസ്വഭാവമുള്ള ഈ ആന്തരിക അറിവ് പെട്ടെന്ന് അദ്ദേഹത്തിന്റെ പഞ്ചേന്ദ്രിയാനുഭവവുമായി ഒന്നുചേർന്നു. ഒരുനാൾ സ്വന്തം കണ്ണുകളാൽ കാണുകയും സ്വന്തം കൈകളാൽ സ്പർശിക്കുകയും ചെയ്യുമെന്നു തനിക്ക് അറിയാമായിരുന്ന ഈ ശിശുവിനെ ശിമയോൻ പെട്ടെന്നു കാണുകയും കേൾക്കുകയും സ്പർശിച്ചറിയുകയും ചെയ്തു. ശിമയോനെ സംബന്ധിച്ചിടത്തോളം, ആ നിമിഷം അദ്ദേഹത്തിന്റെ ജീവിതം പരിപൂർണ്ണതയിലെത്തിയ നിമിഷമായിരുന്നു.

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ നമ്മുടെ കർത്താവ് നിങ്ങളോടു പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തെ സൗമ്യമായ സ്വരം നമ്മോടു സംസാരിക്കുമ്പോഴും, പലപ്പോഴും നാം അതിനെ അവഗണിക്കുകയും പകരം ഇന്ദ്രിയാനുഭവങ്ങളുടെ ലോകത്തിൽ മാത്രം ജീവിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ ഉള്ളിലുള്ള ആത്മീയ യാഥാർഥ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവും അടിത്തറയുമായി മാറണം. അവിടെയാണ് ദൈവം സംസാരിക്കുന്നത്; അവിടെത്തന്നെയാണ് നാമും നമ്മുടെ ജീവിതത്തിന്റെ മുഖ്യലക്ഷ്യവും അർഥവും കണ്ടെത്തുക.

എന്റെ ആത്മീയനാഥാ, രാവും പകലും എന്റെ ആത്മാവിന്റെ ആഴങ്ങളിൽ എണ്ണമറ്റ വിധങ്ങളിൽ അങ്ങ് എന്നോടു സംസാരിക്കുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എന്നോടു സംസാരിക്കുമ്പോൾ അങ്ങയെയും അങ്ങയുടെ മൃദുസ്വരത്തെയും എപ്പോഴും ശ്രദ്ധിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സ്വരം, അങ്ങയുടെ സ്വരം മാത്രം, എന്റെ ജീവിതത്തെ നയിക്കട്ടെ. അങ്ങയുടെ വചനത്തിൽ ആശ്രയിക്കാനും അങ്ങ് എന്നെ ഏൽപ്പിച്ച ദൗത്യത്തിൽനിന്ന് ഒരിക്കലും വ്യതിചലിക്കാതിരിക്കാനും എനിക്കു കഴിയട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ വായനയ്ക്ക്:
കർത്താവിന്റെ ദേവാലയ സമർപ്പണം

നോമ്പുകാലത്തിനുള്ള പുസ്തകങ്ങൾ:

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ പ്രധാന ചിത്രം: ഈശോയുടെ ദേവാലയ സമർപ്പണം — ജോട്ടോ ദി ബോൻദോനെ വരച്ചത്, വിക്കിമീഡിയ കോമൺസ് വഴി