ഫെബ്രുവരി 8, 2024
ആണ്ടുവട്ടക്കാലത്തിലെ അഞ്ചാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ജെറോം എമിലിയാനി, സ്ഥാപകൻ—ഐച്ഛിക അനുസ്മരണം
വിശുദ്ധ ജോസഫൈൻ ബഖിത, കന്യക—ഐച്ഛിക അനുസ്മരണം

അശുദ്ധാത്മാവ് ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ അവനെക്കുറിച്ച് കേട്ട ഉടനെ വന്ന് അവന്റെ കാൽക്കൽ വീണു. ആ സ്ത്രീ ഗ്രീക്കുകാരിയും ജന്മംകൊണ്ട് സീറോഫിനീഷ്യക്കാരിയുമായിരുന്നു. തന്റെ മകളിൽനിന്ന് പിശാചിനെ പുറത്താക്കണമെന്ന് അവൾ അവനോട് അപേക്ഷിച്ചു. മർക്കോസ് 7:25–26
മാതാപിതാക്കളുടെ സ്നേഹം ശക്തമാണ്. ഈ സംഭവത്തിലെ സ്ത്രീ തന്റെ മകളെ സ്നേഹിക്കുന്നുവെന്നത് വ്യക്തമാണ്. മകളെ ബാധിച്ചിരിക്കുന്ന പിശാചിൽനിന്ന് യേശു അവളെ മോചിപ്പിക്കുമെന്ന പ്രത്യാശയോടെ അവിടുത്തെ അന്വേഷിച്ചുചെല്ലാൻ ഈ അമ്മയെ പ്രേരിപ്പിക്കുന്നത് ആ സ്നേഹമാണ്. ശ്രദ്ധേയമായ കാര്യം, ഈ സ്ത്രീ യഹൂദവിശ്വാസത്തിൽപ്പെട്ടവളായിരുന്നില്ല എന്നതാണ്. അവൾ ഒരു വിജാതീയയും വിദേശിനിയുമായിരുന്നു. എങ്കിലും അവളുടെ വിശ്വാസം തികച്ചും യഥാർഥവും വളരെ ആഴമുള്ളതുമായിരുന്നു.
യേശു ഈ സ്ത്രീയെ ആദ്യം കണ്ടുമുട്ടിയപ്പോൾ, തന്റെ മകളെ പിശാചിൽനിന്ന് മോചിപ്പിക്കണമെന്ന് അവൾ അവിടുത്തോട് യാചിച്ചു. യേശുവിന്റെ ആദ്യ പ്രതികരണം ആശ്ചര്യകരമായിരുന്നു. അവിടുന്ന് അവളോടു പറഞ്ഞു: “ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ ഭക്ഷണമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ശരിയല്ലല്ലോ.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ ദൗത്യം ആദ്യം യഹൂദവിശ്വാസത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനത്തോടാണെന്നാണ് യേശു പറഞ്ഞത്. യേശു പറഞ്ഞ “മക്കൾ” അവരായിരുന്നു; ഈ സ്ത്രീയെപ്പോലുള്ള വിജാതീയരെയാണ് “നായ്ക്കൾ” എന്നു വിശേഷിപ്പിച്ചത്. പരുഷതകൊണ്ടല്ല യേശു ഈ സ്ത്രീയോട് ഇങ്ങനെ സംസാരിച്ചത്. മറിച്ച്, അവളുടെ ആഴമായ വിശ്വാസം കാണാൻ അവിടുത്തേക്കു കഴിഞ്ഞതുകൊണ്ടും, എല്ലാവർക്കും കാണാനാകുംവിധം ആ വിശ്വാസം പ്രകടിപ്പിക്കാൻ അവൾക്ക് അവസരം നൽകാൻ അവിടുന്ന് ആഗ്രഹിച്ചതുകൊണ്ടുമാണ്. അവൾ അങ്ങനെതന്നെ ചെയ്തു.
ആ സ്ത്രീ ഈശോയോട് മറുപടി പറഞ്ഞു: “കർത്താവേ, മേശയ്ക്കടിയിലുള്ള നായ്ക്കളും മക്കളുടെ ഭക്ഷണത്തിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.” അവളുടെ വാക്കുകൾ അസാധാരണമായ എളിമ പ്രകടിപ്പിക്കുന്നവ മാത്രമായിരുന്നില്ല; ആഴമായ വിശ്വാസത്തിലും മകളോടുള്ള അഗാധമായ സ്നേഹത്തിലും അധിഷ്ഠിതവുമായിരുന്നു. അതിന്റെ ഫലമായി, ഈശോ ഉദാരമായി പ്രതികരിക്കുകയും ഉടൻതന്നെ അവളുടെ മകളെ പിശാചിൽനിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ സ്വന്തം ജീവിതത്തിൽ, ദൈവത്തിന്റെ കരുണയ്ക്ക് നാം അർഹരാണെന്ന ചിന്തയുടെ കെണിയിൽ വീഴാൻ എളുപ്പമാണ്. ദൈവകൃപയിൽ നമുക്ക് അവകാശമുണ്ടെന്ന് നാം വിചാരിച്ചേക്കാം. നമ്മുടെ ജീവിതത്തിലേക്ക് തന്റെ കൃപയും കരുണയും അതിസമൃദ്ധമായി ചൊരിയാൻ ഈശോ അതിയായി ആഗ്രഹിക്കുന്നുവെങ്കിലും, അവിടുത്തെ മുമ്പാകെയുള്ള നമ്മുടെ അയോഗ്യത നാം പൂർണമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കർത്താവിന്റെ അടുക്കൽ നാം എങ്ങനെ വരണം എന്നതിന് ഈ സ്ത്രീയുടെ ഹൃദയഭാവം ഉത്തമമായ മാതൃക നൽകുന്നു.
ആഴമായ വിശ്വാസമുള്ള ഈ സ്ത്രീയുടെ മനോഹരമായ മാതൃകയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പ്രാർഥനാപൂർവം അവളുടെ വാക്കുകൾ വീണ്ടും വീണ്ടും വായിക്കുക. അവളുടെ എളിമയും പ്രത്യാശയും മകളോടുള്ള സ്നേഹവും മനസ്സിലാക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ, അവൾക്കും മകൾക്കും ലഭിച്ച അനുഗ്രഹങ്ങളിൽ പങ്കുചേരാൻ കഴിയേണ്ടതിന് അവളുടെ നന്മ അനുകരിക്കാൻ നിങ്ങൾക്ക് സാധിക്കണമേ എന്നു പ്രാർഥിക്കുക.
കരുണാമയനായ എന്റെ കർത്താവേ, എന്നോടും എല്ലാ ജനതകളോടുമുള്ള അങ്ങയുടെ പരിപൂർണ സ്നേഹത്തിൽ ഞാൻ ആശ്രയിക്കുന്നു. കനത്ത ഭാരങ്ങൾ വഹിക്കുന്നവർക്കുവേണ്ടിയും തിന്മയുമായി ആഴത്തിൽ കെട്ടുപിണഞ്ഞ ജീവിതം നയിക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രത്യേകം പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, അവരെ മോചിപ്പിക്കുകയും അങ്ങയുടെ പിതാവിന്റെ യഥാർഥ മക്കളായിത്തീരാൻ അവരെ അങ്ങയുടെ കുടുംബത്തിലേക്കു സ്വീകരിക്കുകയും ചെയ്യണമേ. മറ്റുള്ളവർക്ക് ഈ കൃപാസമൃദ്ധി ലഭിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ എളിമയും വിശ്വാസവും എനിക്കുണ്ടാകട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈനംദിന നോമ്പുകാല ധ്യാനത്തിനുള്ള രണ്ട് ഗ്രന്ഥങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ
&
കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ –
വിശുദ്ധ ജെറോം എമിലിയാനി, സ്ഥാപകൻ
കന്യകയായ വിശുദ്ധ ജോസഫൈൻ ബക്കീത്ത
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ക്രിസ്തുവും കാനാൻകാരിയും, Web Gallery of Art മുഖേന




