മലയാളം

പ്രധാന കാര്യങ്ങൾക്ക് പ്രഥമസ്ഥാനം

2024 ഫെബ്രുവരി 10

കന്യകയായ വിശുദ്ധ സ്കൊളാസ്റ്റിക്കയുടെ അനുസ്മരണം

ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ അഞ്ചാം ആഴ്ചയിലെ ശനിയാഴ്ചത്തെ വായന

വീഡിയോ

“ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. കാരണം, അവർ ഇപ്പോൾ മൂന്നു ദിവസമായി എന്നോടുകൂടെയാണ്; അവർക്ക് ഭക്ഷിക്കാൻ ഒന്നുമില്ല.  അവരെ വിശപ്പോടെ വീടുകളിലേക്ക് അയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും. അവരിൽ ചിലർ വളരെ ദൂരെനിന്നാണ് വന്നിരിക്കുന്നത്.”  മർക്കോസ് 8:2–3

യേശുവിന്റെ ദൗത്യം മുഖ്യമായും ആത്മീയമായിരുന്നു. നിത്യകാലത്തേക്കും സ്വർഗത്തിന്റെ മഹിമകളിലേക്ക് നമുക്കു പ്രവേശിക്കാൻ കഴിയേണ്ടതിന് പാപത്തിന്റെ ഫലങ്ങളിൽനിന്ന് നമ്മെ മോചിപ്പിക്കാനാണ് അവിടുന്ന് വന്നത്. അവിടുത്തെ ജീവിതവും മരണവും ഉത്ഥാനവും മരണത്തെത്തന്നെ നശിപ്പിക്കുകയും അവിടുത്തിലേക്കു തിരിയുന്ന എല്ലാവർക്കും രക്ഷയിലേക്കുള്ള വഴി തുറക്കുകയും ചെയ്തു. എന്നാൽ ജനങ്ങളോടുള്ള യേശുവിന്റെ സ്നേഹം അത്രമേൽ സമ്പൂർണമായിരുന്നതിനാൽ അവരുടെ ശാരീരിക ആവശ്യങ്ങളിലും അവിടുന്ന് ശ്രദ്ധാലുവായിരുന്നു.

ആദ്യം, മുകളിൽ ഉദ്ധരിച്ച നമ്മുടെ കർത്താവിന്റെ വാക്കുകളിലെ ആദ്യവാക്യം ധ്യാനിക്കുക: “ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു…” യേശുവിന്റെ ദൈവികസ്നേഹം അവിടുത്തെ മനുഷ്യത്വവുമായി ഇഴചേർന്നിരുന്നു. ശരീരവും ആത്മാവുമുള്ള മനുഷ്യവ്യക്തിയെ സമഗ്രമായാണ് അവിടുന്ന് സ്നേഹിച്ചത്. ഈ സുവിശേഷസംഭവത്തിൽ, ജനങ്ങൾ മൂന്നു ദിവസമായി അവിടുത്തോടുകൂടെയായിരുന്നു. അവർ വിശന്നിരുന്നെങ്കിലും അവിടംവിട്ടുപോകുന്നതിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. നമ്മുടെ കർത്താവിനെക്കുറിച്ച് അവർ അത്രയധികം വിസ്മയഭരിതരായിരുന്നതിനാൽ അവിടംവിട്ടുപോകാൻ അവർ ആഗ്രഹിച്ചില്ല. അവരുടെ വിശപ്പ് ഗൗരവമുള്ളതാണെന്ന് യേശു ചൂണ്ടിക്കാട്ടി. അവരെ പറഞ്ഞയച്ചാൽ അവർ “വഴിയിൽ തളർന്നുവീഴും” എന്ന് അവിടുന്ന് ഭയപ്പെട്ടു. അങ്ങനെ, ഈ വസ്തുതകളാണ് അവിടുത്തെ അത്ഭുതത്തിന് അടിസ്ഥാനമായത്.

ഈ സംഭവത്തിൽനിന്ന് നമുക്കു പഠിക്കാവുന്ന ഒരു പാഠം ജീവിതത്തിലെ നമ്മുടെ മുൻഗണനകളെക്കുറിച്ചുള്ളതാണ്. പലപ്പോഴും നമ്മുടെ മുൻഗണനകൾ തലകീഴായിപ്പോകാൻ ഇടയുണ്ട്. തീർച്ചയായും, ജീവിതത്തിന്റെ അവശ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നമുക്ക് ഭക്ഷണവും പാർപ്പിടവും വസ്ത്രവും മറ്റും ആവശ്യമാണ്. നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും വേണം. എന്നാൽ ക്രിസ്തുവിനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്ന നമ്മുടെ ആത്മീയ ആവശ്യത്തെക്കാൾ ഈ അടിസ്ഥാന ജീവിതാവശ്യങ്ങൾക്ക് നാം പലപ്പോഴും കൂടുതൽ പ്രാധാന്യം നൽകുന്നു; ഇവ രണ്ടും പരസ്പരവിരുദ്ധമാണെന്ന മട്ടിൽ. എന്നാൽ അങ്ങനെയല്ല.

ഈ സുവിശേഷത്തിൽ, യേശുവിനോടൊപ്പമുണ്ടായിരുന്നവർ തങ്ങളുടെ വിശ്വാസത്തിന് ഒന്നാം സ്ഥാനം നൽകാൻ തീരുമാനിച്ചു. കഴിക്കാൻ ഭക്ഷണമില്ലാതിരുന്നിട്ടും യേശുവിനോടൊപ്പം തുടരാൻ അവർ തീരുമാനിച്ചു. ഭക്ഷണത്തിന്റെ ആവശ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നു കരുതി ചിലർ ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ മടങ്ങിപ്പോയിരിക്കാം. എന്നാൽ അങ്ങനെ ചെയ്തിരിക്കാവുന്നവർക്ക്, ജനക്കൂട്ടം മുഴുവനും പൂർണമായി തൃപ്തരാകുവോളം ഭക്ഷണം ലഭിച്ച ഈ അത്ഭുതത്തിന്റെ വിസ്മയകരമായ ദാനം നഷ്ടമായി. തീർച്ചയായും, നാം ഉത്തരവാദിത്വമില്ലാതെ പെരുമാറണമെന്ന് നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നില്ല; പ്രത്യേകിച്ച്, മറ്റുള്ളവരെ പരിപാലിക്കാനുള്ള കടമ നമുക്കുള്ളപ്പോൾ. എന്നാൽ ദൈവവചനത്താൽ പോഷിപ്പിക്കപ്പെടുക എന്ന നമ്മുടെ ആത്മീയ ആവശ്യത്തിനായിരിക്കണം നാം എപ്പോഴും ഏറ്റവും വലിയ പരിഗണന നൽകേണ്ടതെന്ന് ഈ സംഭവം നമ്മോടു പറയുന്നു. ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകുമ്പോൾ, മറ്റെല്ലാ ആവശ്യങ്ങളും അവിടുത്തെ പരിപാലനത്തിനനുസരിച്ച് നിറവേറ്റപ്പെടുന്നു.

ഇന്ന്, നിങ്ങളുടെ ജീവിതത്തിലെ മുൻഗണനകളെക്കുറിച്ച് വിചിന്തനം ചെയ്യുക. നിങ്ങൾക്ക് കൂടുതൽ പ്രധാനം എന്താണ്? അടുത്തതായി ലഭിക്കാനിരിക്കുന്ന നല്ലൊരു ഭക്ഷണമോ? അതോ നിങ്ങളുടെ വിശ്വാസജീവിതമോ? ഇവ പരസ്പരവിരുദ്ധമായിരിക്കേണ്ടതില്ലെങ്കിലും, ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന് ജീവിതത്തിൽ എപ്പോഴും പ്രഥമസ്ഥാനം നൽകേണ്ടത് പ്രധാനമാണ്. ഭക്ഷണമില്ലാതെ മൂന്നു ദിവസം വിജനപ്രദേശത്ത് യേശുവിനോടുകൂടെ ചെലവഴിച്ച ആ വലിയ ജനക്കൂട്ടത്തെക്കുറിച്ച് ധ്യാനിക്കുക; അവരോടൊപ്പം നിങ്ങളെത്തന്നെ കാണാൻ ശ്രമിക്കുക. യേശുവിനോടുകൂടെ തുടരാനുള്ള അവരുടെ തീരുമാനം നിങ്ങളുടേതുകൂടിയാക്കുക. അങ്ങനെ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം നിങ്ങളുടെ ജീവിതത്തിന്റെ മുഖ്യകേന്ദ്രമായിത്തീരട്ടെ.

എന്നെ പരിപാലിക്കുന്ന എന്റെ കർത്താവേ, അങ്ങ് എന്റെ എല്ലാ ആവശ്യങ്ങളും അറിയുകയും എന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും കരുതൽ പുലർത്തുകയും ചെയ്യുന്നു. അങ്ങയോടുള്ള സ്നേഹത്തിന് എന്റെ ജീവിതത്തിൽ എപ്പോഴും പ്രഥമസ്ഥാനം നൽകത്തക്കവിധം അങ്ങയിൽ പൂർണമായി ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെയും അങ്ങയുടെ തിരുഹിതത്തെയും എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി നിലനിർത്താൻ എനിക്കു കഴിഞ്ഞാൽ, ജീവിതത്തിലെ മറ്റെല്ലാ ആവശ്യങ്ങളും ഉചിതമായി നിറവേറുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ദൈനംദിന നോമ്പുകാല ധ്യാനത്തിനുള്ള രണ്ട് ഗ്രന്ഥങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ
&
കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ സ്കൊളാസ്റ്റിക്ക—അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ഫ്രാൻസിസ്കോ ദെ ഹെരേരയുടെ ‘അപ്പം വർധിപ്പിക്കൽ’, വിക്കിമീഡിയ കോമൺസ് വഴി