ഫെബ്രുവരി 21, 2024
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ പീറ്റർ ഡാമിയൻ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

ജനക്കൂട്ടത്തിൽ കൂടുതൽ ആളുകൾ വന്നുകൂടിക്കൊണ്ടിരിക്കെ, യേശു അവരോട് പറഞ്ഞു: “ഈ തലമുറ ദുഷിച്ച തലമുറയാണ്; ഇത് ഒരു അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും ഇതിന് നൽകപ്പെടുകയില്ല.” ലൂക്കാ 11:29
ആ ജനക്കൂട്ടത്തിൽ പല തരത്തിലുള്ള ആളുകളുണ്ടായിരുന്നതായി തോന്നുന്നു. ഒന്നാമതായി, യേശുവിൽ പൂർണഹൃദയത്തോടെ വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, പന്ത്രണ്ടുപേർ അവിടുത്തെ അനുഗമിക്കാൻ എല്ലാം ഉപേക്ഷിച്ചു. അവിടുത്തെ അമ്മയും വിശുദ്ധരായ മറ്റു പല സ്ത്രീകളും അവിടുത്തിൽ വിശ്വസിക്കുകയും അവിടുത്തെ വിശ്വസ്ത അനുയായികളായിരിക്കുകയും ചെയ്തു. എന്നാൽ വളർന്നുകൊണ്ടിരുന്ന ആ ജനക്കൂട്ടത്തിൽ, യേശുവിനെ ചോദ്യം ചെയ്യുകയും അവിടുന്ന് ആരാണെന്നതിന് എന്തെങ്കിലും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്ന പലരും ഉണ്ടായിരുന്നതായി തോന്നുന്നു. അതിനാൽ അവർ സ്വർഗത്തിൽനിന്ന് ഒരു അടയാളം ആഗ്രഹിച്ചു.
സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം, യേശു ആരാണെന്നതിന് ബാഹ്യമായി വെളിപ്പെടുന്ന ഒരു തെളിവായിരിക്കുമായിരുന്നു. യേശു ഇതിനകം അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ ഇത് അവർക്ക് മതിയായില്ലെന്നു തോന്നുന്നു. അവർ കൂടുതൽ ആഗ്രഹിച്ചു—ആ ആഗ്രഹം ഹൃദയകാഠിന്യത്തിന്റെയും വിശ്വാസക്കുറവിന്റെയും വ്യക്തമായ സൂചനയാണ്. അതിനാൽ, അവർ ആഗ്രഹിച്ച അടയാളം നൽകാൻ യേശുവിന് കഴിയുമായിരുന്നില്ല; അത് നൽകാൻ അവിടുന്ന് തയ്യാറുമായിരുന്നില്ല.
പകരം, അവർക്ക് ലഭിക്കുന്ന ഏക അടയാളം യോനായുടെ അടയാളമായിരിക്കുമെന്ന് യേശു പറയുന്നു. യോനായുടെ അടയാളം അത്ര ആകർഷകമായിരുന്നില്ലെന്ന് ഓർക്കുക. ഒരു വഞ്ചിയിൽനിന്ന് അദ്ദേഹത്തെ കടലിലേക്ക് എറിഞ്ഞു; ഒരു തിമിംഗലം അദ്ദേഹത്തെ വിഴുങ്ങി. മൂന്നു ദിവസം അതിന്റെ ഉള്ളിൽ കഴിഞ്ഞശേഷം, അത് അദ്ദേഹത്തെ നിനെവേയുടെ തീരത്ത് ഛർദിച്ചിട്ടു.
യേശുവിന്റെ അടയാളവും സമാനമായിരിക്കുമായിരുന്നു. അവിടുന്ന് മതനേതാക്കളുടെയും ഭരണാധികാരികളുടെയും കൈകളാൽ പീഡനമനുഭവിക്കുകയും കൊല്ലപ്പെടുകയും ഒരു കല്ലറയിൽ അടക്കപ്പെടുകയും ചെയ്യും. തുടർന്ന്, മൂന്നു ദിവസം കഴിഞ്ഞ് അവിടുന്ന് ഉയിർത്തെഴുന്നേൽക്കും. എന്നാൽ അവിടുത്തെ ഉത്ഥാനം, പ്രകാശകിരണങ്ങളോടെ എല്ലാവർക്കും കാണാവുന്നവിധം പുറത്തുവന്ന ഒന്നായിരുന്നില്ല; മറിച്ച്, ഉത്ഥാനശേഷം അവിടുന്ന് പ്രത്യക്ഷപ്പെട്ടത് നേരത്തേതന്നെ വിശ്വാസം പ്രകടിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവർക്കാണ്.
ഇതിൽനിന്ന് നാം പഠിക്കേണ്ടത് ഇതാണ്: ഹോളിവുഡ് സിനിമകളിലേതുപോലെ ശക്തവും പരസ്യവുമായ രീതിയിൽ തന്റെ മഹത്വം പ്രകടിപ്പിച്ചുകൊണ്ടല്ല ദൈവം വിശ്വാസകാര്യങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം നൽകുന്നത്. പകരം, നമുക്ക് നൽകപ്പെടുന്ന “അടയാളം”, ഉത്ഥാനത്തിന്റെ പുതുജീവൻ വ്യക്തിപരമായി അനുഭവിച്ചുതുടങ്ങാൻ കഴിയേണ്ടതിന് ക്രിസ്തുവിനോടൊപ്പം മരിക്കാനുള്ള ക്ഷണമാണ്. വിശ്വാസമെന്ന ഈ ദാനം ആന്തരികമാണ്; പുറമേ പരസ്യമായി പ്രകടമാകുന്ന ഒന്നല്ല. പാപത്തോടുള്ള നമ്മുടെ മരണം വ്യക്തിപരമായും ആന്തരികമായും നാം ചെയ്യുന്ന ഒന്നാണ്. നമുക്ക് ലഭിക്കുന്ന പുതുജീവനാകട്ടെ, രൂപാന്തരപ്പെട്ട നമ്മുടെ ജീവിതത്തിന്റെ സാക്ഷ്യത്തിലൂടെ മാത്രമേ മറ്റുള്ളവർക്ക് കാണാൻ കഴിയൂ.
ദൈവം നിങ്ങൾക്ക് നൽകിയ യഥാർഥ അടയാളത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ കർത്താവിൽനിന്ന് പ്രകടമായ എന്തെങ്കിലും അടയാളത്തിനായി കാത്തിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഇനി കാത്തിരിക്കേണ്ടതില്ല. ക്രൂശിതരൂപത്തിലേക്ക് നോക്കുക, യേശുവിന്റെ പീഡാനുഭവവും മരണവും കാണുക, എല്ലാ പാപത്തിനും സ്വാർഥതയ്ക്കും മരിച്ചുകൊണ്ട് അവിടുത്തെ അനുഗമിക്കാൻ തീരുമാനിക്കുക. അവിടുത്തോടൊപ്പം മരിക്കുക, അവിടുത്തോടൊപ്പം കല്ലറയിൽ പ്രവേശിക്കുക. സ്വർഗത്തിൽനിന്നുള്ള ഈ ഒരേയൊരു അടയാളത്താൽ നിങ്ങൾ രൂപാന്തരപ്പെടേണ്ടതിന്, ഈ നോമ്പുകാലത്ത് നിങ്ങളെ ആന്തരികമായി നവീകരിച്ച് പുറത്തുകൊണ്ടുവരാൻ അവിടുത്തെ അനുവദിക്കുക.
ക്രൂശിതനായ എന്റെ കർത്താവേ, ഞാൻ ക്രൂശിതരൂപത്തിലേക്ക് ഉറ്റുനോക്കുകയും അങ്ങയുടെ മരണത്തിൽ ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തി കാണുകയും ചെയ്യുന്നു. അങ്ങയുടെ മരണം എന്റെ പാപങ്ങളുടെമേൽ വിജയം നേടേണ്ടതിന്, കല്ലറയിലേക്ക് അങ്ങയെ അനുഗമിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. പ്രിയ കർത്താവേ, അങ്ങയുടെ ഉത്ഥാനത്തിന്റെ പുതുജീവനിൽ പൂർണമായി പങ്കുചേരാൻ എനിക്ക് കഴിയേണ്ടതിന്, ഈ നോമ്പുകാല യാത്രയിൽ എന്നെ സ്വതന്ത്രനാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഏഴാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ വിശുദ്ധ പീറ്റർ ഡാമിയൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




