മലയാളം

കുരിശിനെ ആവരണം ചെയ്യുന്ന മഹിമ

ഫെബ്രുവരി 25, 2024
നോമ്പുകാലത്തിലെ രണ്ടാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട്, അവർ മാത്രമായി ഒരു ഉയർന്ന മലയിലേക്കു പോയി. അവിടുന്ന് അവരുടെ മുമ്പിൽവച്ച് രൂപാന്തരപ്പെട്ടു. അവിടുത്തെ വസ്ത്രങ്ങൾ ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയാത്തവിധം തിളങ്ങുന്ന വെള്ളനിറമായി. മർക്കോസ് 9:2–3

രൂപാന്തരീകരണത്തിന്റെ ഈ മഹിമാപൂർണമായ സംഭവത്തിന് വെറും ആറു ദിവസം മുമ്പാണ്, തനിക്കു വരാനിരിക്കുന്ന കുരിശുമരണത്തെക്കുറിച്ച് യേശു ആദ്യമായി ശിഷ്യന്മാരോടു സംസാരിച്ചത്. “മനുഷ്യപുത്രൻ വളരെയധികം സഹിക്കുകയും ജനപ്രമാണികൾ, പുരോഹിതപ്രമുഖർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കുകയും വേണം” (മർക്കോസ് 8:31) എന്ന് അവിടുന്ന് അവരെ പഠിപ്പിച്ചു. ഈ പ്രബോധനം സ്വീകരിക്കാൻ പത്രോസ് ഏറെ ബുദ്ധിമുട്ടിയ കാര്യം ഓർക്കുക. ഈ പ്രവചനാത്മകമായ പ്രബോധനം സ്വീകരിക്കാൻ വിസമ്മതിച്ചതിന് യേശു പത്രോസിനെ ശാസിച്ചു. തുടർന്ന്, “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച്, തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കണം” (മർക്കോസ് 8:34) എന്നും അവിടുന്ന് വിശദീകരിച്ചു. രൂപാന്തരീകരണത്തിനു സാക്ഷികളാകുന്നതിനു മുമ്പ്, നമ്മുടെ കർത്താവിന്റെ ഈ പ്രവചനത്തെക്കുറിച്ചു വിചിന്തനം ചെയ്യാൻ ഈ ശിഷ്യന്മാർക്ക് ആറു ദിവസം ലഭിച്ചു.

നിങ്ങളുടെ ജീവിതത്തിൽ, ദൈവം നിങ്ങളോടു പറയാൻ ശ്രമിക്കുന്നതും എന്നാൽ നിങ്ങൾക്കു സ്വീകരിക്കാൻ പ്രയാസമുള്ളതുമായ എന്തെങ്കിലുമുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ കുരിശുമെടുത്ത് തന്നെ അനുഗമിക്കാനുള്ള ദൈവത്തിന്റെ വിളിയുമായി ബന്ധപ്പെട്ടതായിരിക്കും മിക്കവാറും അത്. ജീവിതത്തിലുടനീളം ക്രിസ്തുവിന്റെ കുരിശ് പല രൂപങ്ങളിൽ നമ്മുടെ മുമ്പിലെത്തുന്നു. നമ്മെ വേദനിപ്പിച്ച ഒരാളോടു നിർമലമായ കരുണ കാണിക്കാൻ കഴിയേണ്ടതിന്, നമ്മിലെ കോപാവേശത്തെ മരിക്കാൻ അനുവദിക്കുമ്പോൾ അതു നമുക്ക് അനുഭവപ്പെട്ടേക്കാം. അല്ലെങ്കിൽ, ധൈര്യവും ആശ്രയബോധവും ആവശ്യമായ ഒരു ഉദ്യമം ഏറ്റെടുക്കാൻ വിശ്വാസത്തോടെ മുന്നോട്ടുവരാൻ ദൈവം നിങ്ങളെ വിളിക്കുന്നതാകാം. അതുമല്ലെങ്കിൽ, പ്രിയപ്പെട്ട ഒരാളുടെ വേർപാട്, രോഗം, തൊഴിൽനഷ്ടം, അഥവാ സ്നേഹത്തോടും ആശ്രയബോധത്തോടുംകൂടെ സ്വീകരിക്കാൻ നിങ്ങൾ പാടുപെടുന്ന മറ്റേതെങ്കിലും ബുദ്ധിമുട്ട് എന്നിങ്ങനെ, ജീവിതത്തിൽ സ്വീകരിക്കാൻ പ്രയാസമുള്ള ഒരു ക്ലേശം ഏറ്റെടുക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നതാകാം. മനസ്സിലെ കയ്പ്, പക, കോപം, ഭയം തുടങ്ങിയവയെ അഭിമുഖീകരിക്കാനും അവ നമ്മിൽ മരിക്കാൻ അനുവദിക്കാനും നാം വിളിക്കപ്പെടുന്നു; പലപ്പോഴും ഇവയാണ് നാം ഏറ്റെടുക്കേണ്ട ഏറ്റവും പ്രയാസമേറിയ കുരിശുകൾ.

ഇതു നിങ്ങളുടെ അനുഭവത്തോടു ചേർന്നുനിൽക്കുന്നുവെങ്കിൽ, രൂപാന്തരീകരണത്തിന്റെ ഈ വിവരണം നിങ്ങൾക്കുള്ളതാണ്. തനിക്കു വരാനിരിക്കുന്ന കുരിശിനെക്കുറിച്ചുള്ള വേദനാജനകമായ വാർത്ത വിചിന്തനം ചെയ്യാൻ ഈ ശിഷ്യന്മാർക്ക് ആറു ദിവസം നൽകിയശേഷം, ഈ വിശുദ്ധമായ സമാഗമത്തിലൂടെ യേശു അവർക്ക് പ്രത്യാശയും പ്രചോദനവും നൽകുന്നു. അല്പസമയം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും, യേശുവിന്റെ മഹിമയുടെ ഈ വെളിപ്പെടുത്തൽ മാത്രം മതിയായിരുന്നു, തന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള അവിടുത്തെ പ്രവചനം സ്വീകരിച്ചുതുടങ്ങാൻ ഈ ശിഷ്യന്മാർക്ക്. ഒരു വശത്ത്, സംഭവിക്കാനിരിക്കുന്നുവെന്ന് യേശു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അവർ ഭയപ്പെട്ടു. മറുവശത്ത്, അവർ അവിടുത്തെ മഹിമയും പ്രതാപവും കണ്ടു. ഈ രണ്ട് അനുഭവങ്ങളും ഒരുമിച്ചുചേർന്നപ്പോൾ, ഭാവിയിൽ എന്തു സംഭവിച്ചാലും എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന് വിശ്വസിക്കാൻ ഈ ശിഷ്യന്മാർക്കു പുതിയ പ്രത്യാശയും ശക്തിയും ലഭിച്ചു.

നാം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലൂടെ മുന്നോട്ടുപോകാൻ സഹായിക്കുന്നതിന്, നമ്മുടെ കർത്താവിന്റെ മഹിമയുടെ ആശ്വാസദായകമായ വെളിപ്പെടുത്തൽ നമുക്കും ആവശ്യമാണ്. ചിലരുടെ ജീവിതം നല്ലതാണ്, വളരെ നല്ലതാണ്; അവർ സന്തോഷത്തോടും അനായാസമായും നമ്മുടെ കർത്താവിനോടൊപ്പം നടക്കുന്നു. എന്നാൽ മറ്റുചിലരുടെ ജീവിതം ദുഷ്കരമായൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു; ആശയക്കുഴപ്പം അവരെ പിടികൂടിയിരിക്കുന്നു. ഇപ്പോൾ നിങ്ങളുടെ ജീവിതം നല്ല നിലയിലാണെങ്കിൽ, രൂപാന്തരീകരണത്തിന്റെ മഹിമയുടെ ഒരു ആസ്വാദനം നിങ്ങൾക്കിപ്പോൾ ലഭിക്കുന്നതിൽ ആനന്ദിക്കുക. ദൈവത്തിനു നന്ദി പറയുകയും വിശുദ്ധ പത്രോസിനോടൊപ്പം, “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നല്ലത്!” എന്ന് അവിടുത്തോടു പറയുകയും ചെയ്യുക. ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന സന്തോഷത്തിനും ആശ്വാസത്തിനും അവിടുത്തേക്കു നന്ദി പറയുക. എന്നാൽ ഇപ്പോൾ നിങ്ങളുടെ ജീവിതം ദുഷ്കരമാണെങ്കിൽ, കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനം ഉൾക്കൊള്ളാൻ ശിഷ്യന്മാർ പാടുപെട്ട ആ ആറു ദിവസങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുക. അവരുടെ ആശയക്കുഴപ്പവും സംശയങ്ങളും ഭയവും ഓർക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ദൃഷ്ടി മലയിലേക്കുയർത്തുക. ദൈവത്തിന്റെ മഹിമ നിങ്ങളെ കാത്തിരിക്കുന്നുവെന്നും എല്ലാ ഭയത്തിൽനിന്നും ഉത്കണ്ഠയിൽനിന്നും നിങ്ങളെ മോചിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും അറിയുക. പ്രാർഥനയിൽ അടിയുറച്ച ദൃഢമായ വിശ്വാസത്താലാണ് ആ മല കയറുന്നത്. പ്രാർഥനയിലൂടെ നമ്മുടെ കർത്താവിനോടൊപ്പം ആ യാത്ര നടത്തുക.

നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ഈ വിശുദ്ധ മലയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. സ്ഥിരോത്സാഹത്തോടും ദൃഢനിശ്ചയത്തോടുംകൂടെ അതു കയറുമ്പോൾ, നിങ്ങൾക്കു പ്രത്യാശയും സന്തോഷവും നൽകപ്പെടുമെന്ന് അറിയുക. ക്രൂരമായ മരണം വരിക്കുക മാത്രമല്ല, നിത്യത മുഴുവൻ മഹിമയിൽ ശോഭിക്കുകയും ചെയ്യുന്ന ദൈവത്തിൽ ആശ്രയിക്കാൻ കഴിയുന്നതിനായി പ്രാർഥിക്കുക. അവിടുത്തിൽ ആശ്രയിക്കുക, അവിടുത്തിലേക്കു തിരിയുക, മുന്നിലുള്ള യാത്രയ്ക്കായി നിങ്ങളെത്തന്നെ സമർപ്പിക്കുക.

രൂപാന്തരപ്പെട്ട എന്റെ കർത്താവേ, അങ്ങയുടെ കുരിശ് സ്വീകരിക്കാൻ ഈ ശിഷ്യന്മാരെ സഹായിക്കുന്നതിനായി അങ്ങ് അവർക്കു അങ്ങയുടെ മഹിമ വെളിപ്പെടുത്തി. എന്റെ ജീവിതത്തിലും അങ്ങയുടെ കുരിശ് ഏറ്റെടുക്കാനും, അതു സ്വീകരിക്കുന്നതിലൂടെ ഉളവാകുന്ന മഹിമ വ്യക്തമായി കാണാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; അങ്ങയിൽ കൂടുതൽ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

നോമ്പുകാലത്തിലെ രണ്ടാം ഞായറിനുള്ള ധ്യാനം:
മരുഭൂമിയിൽ 40 ദിനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രത്യേക ചിത്രങ്ങൾ:  കർത്താവിന്റെ രൂപാന്തരീകരണം, Flickr വഴി