2024 മാർച്ച് 19
മറിയത്തിന്റെ ഭർത്താവായ വിശുദ്ധ യൗസേപ്പിന്റെ മഹോത്സവം
ഇന്നത്തെ വായനകൾ

യൗസേപ്പ് ഉറക്കമുണർന്നപ്പോൾ കർത്താവിന്റെ ദൂതൻ തന്നോടു കൽപിച്ചതുപോലെ പ്രവർത്തിച്ച് തന്റെ ഭാര്യയെ വീട്ടിലേക്കു സ്വീകരിച്ചു. മത്തായി 1:24
വിശുദ്ധ യൗസേപ്പിനെ ഇത്ര മഹാനാക്കിയത് എന്താണ്? നമ്മുടെ പരിശുദ്ധ അമ്മയെപ്പോലെ അദ്ദേഹം അമലോത്ഭവനായിരുന്നില്ല. യേശുവിനെപ്പോലെ ദൈവവുമായിരുന്നില്ല. എന്നാൽ അദ്ദേഹം തിരുക്കുടുംബത്തിന്റെ തലവനും സംരക്ഷകനും അതിന്റെ ആവശ്യങ്ങൾ നിറവേറ്റിയവനുമായിരുന്നു. ലോകത്തിന്റെ രക്ഷകന്റെ നിയമപ്രകാരമുള്ള പിതാവും ദൈവമാതാവിന്റെ ഭർത്താവുമായി അദ്ദേഹം മാറി. എന്നാൽ ഇത്ര അതുല്യമായ വിശേഷാവകാശങ്ങൾ ലഭിച്ചതുകൊണ്ടു മാത്രമല്ല യൗസേപ്പ് മഹാനായത്. ജീവിതത്തിൽ നടത്തിയ തിരഞ്ഞെടുപ്പുകളാണ് സർവോപരി അദ്ദേഹത്തെ മഹാനാക്കിയത്. ഇന്നത്തെ സുവിശേഷം അദ്ദേഹത്തെ “നീതിമാൻ” എന്നും “കർത്താവിന്റെ ദൂതൻ തന്നോടു കൽപിച്ചതുപോലെ പ്രവർത്തിച്ച” മനുഷ്യൻ എന്നും വിശേഷിപ്പിക്കുന്നു. അതിനാൽ, അദ്ദേഹത്തിന്റെ മഹത്വം മുഖ്യമായും അദ്ദേഹത്തിന്റെ ധാർമികനിഷ്ഠയിലും ദൈവഹിതത്തോടുള്ള അനുസരണത്തിലുമാണ് നിലകൊള്ളുന്നത്.
വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നാലു സ്വപ്നങ്ങളിലൂടെ തനിക്കു ലഭിച്ച ദൈവസ്വരം അനുസരിച്ചതിലാണ് യൗസേപ്പിന്റെ അനുസരണം പ്രത്യേകമായി പ്രകടമാകുന്നത്. ആദ്യത്തെ സ്വപ്നത്തിൽ യൗസേപ്പിനോട് ഇങ്ങനെ പറയുന്നു: “നിന്റെ ഭാര്യയായ മറിയത്തെ വീട്ടിലേക്കു സ്വീകരിക്കാൻ ഭയപ്പെടേണ്ടാ. എന്തെന്നാൽ, അവളിൽ ഈ ശിശു ഉരുവായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും” (മത്തായി 1:20–21). രണ്ടാമത്തെ സ്വപ്നത്തിൽ യൗസേപ്പിനോട് ഇങ്ങനെ പറയുന്നു: “എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോവുക. ഞാൻ നിന്നോടു പറയുന്നതുവരെ അവിടെ താമസിക്കുക. ശിശുവിനെ നശിപ്പിക്കാൻ ഹേറോദേസ് അവനെ അന്വേഷിക്കാൻ പോകുന്നു” (മത്തായി 2:13). മൂന്നാമത്തെ സ്വപ്നത്തിൽ യൗസേപ്പിനോട് ഇങ്ങനെ പറയുന്നു: “എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽ ദേശത്തേക്കു പോകുക. എന്തെന്നാൽ, ശിശുവിന്റെ ജീവനെടുക്കാൻ ശ്രമിച്ചവർ മരിച്ചുപോയി” (മത്തായി 2:20). നാലാമത്തെ സ്വപ്നത്തിൽ, യൂദയായിലേക്കു പോകാതെ ഗലീലിയിലേക്കു പോകാൻ യൗസേപ്പിനു മുന്നറിയിപ്പു ലഭിക്കുന്നു (മത്തായി 2:22).
ഈ സ്വപ്നങ്ങൾ തുടർച്ചയായി വായിക്കുമ്പോൾ, വിശുദ്ധ യൗസേപ്പ് ദൈവസ്വരം ശ്രദ്ധയോടെ കേട്ടിരുന്നുവെന്നു വ്യക്തമാകുന്നു. നാമെല്ലാവരും സ്വപ്നങ്ങൾ കാണാറുണ്ട്. എന്നാൽ യൗസേപ്പിന്റെ സ്വപ്നങ്ങൾ വ്യത്യസ്തമായിരുന്നു. അവ ദൈവത്തിൽനിന്നുള്ള വ്യക്തമായ സന്ദേശങ്ങളായിരുന്നു; അവ സ്വീകരിക്കാൻ സന്നദ്ധനായ ഒരാൾ ആവശ്യമായിരുന്നു. യൗസേപ്പ് ദൈവസ്വരത്തിനായി ഹൃദയം തുറന്നിരുന്നു; അതു സ്വീകരിക്കാൻ സന്നദ്ധനായ വ്യക്തിയായി വിശ്വാസത്തോടെ അവിടുത്തെ സ്വരം ശ്രവിച്ചു.
യൗസേപ്പും പൂർണമായ സമർപ്പണത്തോടും ഉറച്ച നിശ്ചയദാർഢ്യത്തോടുംകൂടെ പ്രതികരിച്ചു. യൗസേപ്പിനു ലഭിച്ച കൽപ്പനകൾ നിസ്സാരമായിരുന്നില്ല. അവ അനുസരിക്കുന്നതിന് അദ്ദേഹവും കുടുംബവും ഏറെ ദൂരം യാത്ര ചെയ്യുകയും അപരിചിതമായ ദേശങ്ങളിൽ താമസമാക്കുകയും ചെയ്യേണ്ടിവന്നു; ഇതെല്ലാം വിശ്വാസത്തോടെ ചെയ്യുകയും വേണമായിരുന്നു.
യൗസേപ്പ് തന്റെ ദൈവവിളിയെ ഗൗരവമായി എടുത്തിരുന്നുവെന്നതും വ്യക്തമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തിന് “രക്ഷകന്റെ സംരക്ഷകൻ” എന്ന വിശേഷണം നൽകി. നിയമപ്രകാരം തന്റെ പുത്രനായ യേശുവിന്റെയും തന്റെ ഭാര്യയായ മറിയത്തിന്റെയും സംരക്ഷകനെന്ന നിലയിലുള്ള ചുമതലയോടുള്ള അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം വീണ്ടും വീണ്ടും പ്രകടമാക്കി. അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരെ സംരക്ഷിക്കാനും അവർക്ക് ഒരു പിതാവിന്റെ ഹൃദയം നൽകാനുമാണ് അദ്ദേഹം തന്റെ ജീവിതം ചെലവഴിച്ചത്.
വിശുദ്ധ യൗസേപ്പിന്റെ അതുല്യമായ ദൈവവിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ദാമ്പത്യജീവിതത്തിന്റെ ആദ്യവർഷങ്ങളെയും യേശുവിനെ വളർത്തിയതിനെയും കുറിച്ചു ചിന്തിക്കുക. തന്റെ പുത്രനെ പരിപാലിക്കാനും അവന്റെ ആവശ്യങ്ങൾ നിറവേറ്റാനും അവനെ സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ പിതൃസഹജമായ പ്രതിബദ്ധതയെക്കുറിച്ചു വിചിന്തനം ചെയ്യുക. നമ്മുടെ സ്വന്തം ഹൃദയങ്ങളിലും നമ്മുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഹൃദയങ്ങളിലും ലോകം മുഴുവനിലും ക്രിസ്തുവിന്റെ സാന്നിധ്യം കാത്തുസൂക്ഷിച്ചുകൊണ്ട് വിശുദ്ധ യൗസേപ്പിന്റെ സദ്ഗുണങ്ങൾ അനുകരിക്കാൻ നാമെല്ലാവരും പരിശ്രമിക്കണം. നമ്മുടെ ജീവിതത്തിൽ നമ്മുടെ കർത്താവിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം വളർന്ന് പൂർണതയിലെത്താൻ തക്കവിധം, വിശുദ്ധ യൗസേപ്പിന്റെ മാതൃക പിന്തുടരാൻ നിങ്ങളെ സഹായിക്കണമെന്നു പ്രാർഥിക്കുക.
രക്ഷകന്റെ പാലകനും പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവുമായ അങ്ങേക്കു സ്വസ്തി. ദൈവം തന്റെ ഏകപുത്രനെ അങ്ങയെ ഏൽപ്പിച്ചു; മറിയം അങ്ങയിൽ വിശ്വാസമർപ്പിച്ചു; അങ്ങയോടൊപ്പം ക്രിസ്തു മനുഷ്യനായി. അനുഗൃഹീതനായ യൗസേപ്പേ, ഞങ്ങൾക്കും പിതാവായി വർത്തിക്കുകയും ജീവിതപാതയിൽ ഞങ്ങളെ നയിക്കുകയും ചെയ്യണമേ. ഞങ്ങൾക്കുവേണ്ടി കൃപയും കരുണയും ധൈര്യവും നേടിത്തരുകയും എല്ലാ തിന്മകളിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യണമേ. ആമേൻ. (പിതൃഹൃദയത്തോടെ എന്ന രേഖയിൽനിന്നുള്ള പ്രാർഥന)
മുപ്പതാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
കൂടുതൽ വായനയ്ക്ക് – പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവായ വിശുദ്ധ യൗസേപ്പ്—മഹോത്സവം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




