2024 മാർച്ച് 20
തപസ്സുകാലത്തിലെ അഞ്ചാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

തന്നിൽ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ യഥാർഥത്തിൽ എന്റെ ശിഷ്യരാകും. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹന്നാൻ 8:31–32
നമ്മുടെ ജീവിതത്തിൽ പരിവർത്തനമുണ്ടാക്കാൻ ഈ വാക്കുകൾക്കു കഴിയും. “തന്നിൽ വിശ്വസിച്ച യഹൂദരോടാണ്” യേശു ഈ വാക്കുകൾ പറഞ്ഞതെന്നു ശ്രദ്ധിക്കുക. അതായത്, അവിടുത്തെ വചനം സ്വീകരിക്കുകയും അങ്ങനെ അവിടുത്തെ യഥാർഥ ശിഷ്യരായിത്തീരുകയും ചെയ്തവരോട്. യേശുവിൽ വിശ്വസിക്കുന്ന നാമും ഈ വാക്കുകൾ ശ്രദ്ധാപൂർവം പരിചിന്തനം ചെയ്യണം. ഈ പ്രബോധനത്തിന്റെ കാതലായ രണ്ടു കാര്യങ്ങൾ ഇവയാണ്: നിങ്ങൾ “സത്യം അറിയണം”; അങ്ങനെ നിങ്ങൾ അറിയുന്ന സത്യം “നിങ്ങളെ സ്വതന്ത്രരാക്കും.”
യേശുവിന്റെ ഈ പ്രബോധനം മാനസികതലത്തിലും ആത്മീയതലത്തിലും അസാധാരണമാംവിധം സഹായകരമാണ്. ഒന്നാമതായി, തികച്ചും മനഃശാസ്ത്രപരമായി നോക്കുമ്പോൾ, നല്ല മാനസികാരോഗ്യത്തിന് ഏറ്റവും വലിയ സഹായങ്ങളിലൊന്നാണ് സത്യം. പലപ്പോഴും ഒരാൾ വിഷാദത്തിന്റെ വിവിധ രൂപങ്ങളുമായി മല്ലിടുന്നത് സ്വന്തം ജീവിതത്തിലെ ചില കാര്യങ്ങളെ ആശയക്കുഴപ്പത്തോടെ കാണുന്നതുകൊണ്ടാണ്. “ഈ വ്യക്തി എന്നോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ട്?” അല്ലെങ്കിൽ “ഞാൻ ഇതെങ്ങനെ തരണം ചെയ്യും?” അതുമല്ലെങ്കിൽ “എന്റെ ജീവിതം ആകെ താറുമാറായിരിക്കുന്നു; ഇതിൽനിന്നു പുറത്തുകടക്കാൻ ഒരു വഴിയുമില്ല.” ഇവയും ഇതുപോലുള്ള മറ്റു ചിന്തകളും അനിവാര്യമായും വിഷാദത്തിലേക്കു നയിക്കും. അതിനു ലളിതമായ ഒരു കാരണമുണ്ട്: അവ തെറ്റായ ചിന്താഗതിയിൽ അധിഷ്ഠിതമാണ്.
മനഃശാസ്ത്രപരമായ കൗൺസലിങ്ങിന്റെ ഏറ്റവും നല്ല രൂപങ്ങളിലൊന്ന് “സത്യത്തിലൂടെയുള്ള ചികിത്സ” എന്നു വിളിക്കാവുന്ന രീതിയാണ്. നമ്മെ നിരാശപ്പെടുത്തുന്ന ഓരോ ചോദ്യവും ജീവിതത്തിൽ നാം എത്തിച്ചേർന്ന വിഷാദജനകമായ ഓരോ നിഗമനവും ദൈവത്തിന്റെ തിരുമനസ്സിന്റെ വെളിച്ചത്തിൽ പുനഃപരിശോധിക്കണം. ദൈവം എന്താണ് ചിന്തിക്കുന്നത്? ഈ വിഷയത്തിൽ ദൈവത്തിന്റെ തിരുമനസ്സിൽ എന്താണുള്ളത്? കണ്ടെത്തപ്പെടാൻ കാത്തിരിക്കുന്ന ആ സത്യങ്ങളാണ് “നിങ്ങളെ സ്വതന്ത്രരാക്കുന്ന” സത്യം. ദൈവം നമ്മുടെ ജീവിതത്തെ കാണുന്നതുപോലെ നാമും അതിനെ കാണുമ്പോൾ വിഷാദത്തെ കൂടുതൽ എളുപ്പത്തിൽ മറികടക്കാനാകും. ഇത് പ്രത്യാശ ഉളവാക്കുന്നു; പ്രത്യാശയാകട്ടെ വിഷാദത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ചങ്ങലകളിൽനിന്ന് മോചനം നൽകുന്നു.
ആത്മീയതലത്തിൽ ഈ തത്ത്വങ്ങൾ അതിലുമേറെ ബാധകമാണ്. പാപം, പാപമോചനം, രക്ഷ, സ്വർഗം എന്നിവയെക്കുറിച്ചുള്ള സത്യം ആഴത്തിൽ അറിയുകയും പൂർണമായി സ്വീകരിക്കുകയും വേണം. പാപത്തെയോ പാപമോചനത്തെയോ സംബന്ധിച്ച സത്യത്തെ നിഷേധിക്കുമ്പോൾ നാം അസത്യത്തിനുള്ളിൽ ജീവിക്കുകയും അതിന്റെ ബന്ധനത്തിൽ തുടരുകയും ചെയ്യുന്നു. ദൈവം നമുക്കു നൽകിയ വിശുദ്ധവും പരിപൂർണവുമായ ആത്മീയസത്യത്തെ പൂർണഹൃദയത്തോടെ സ്വീകരിക്കുമ്പോൾ മാത്രമേ രക്ഷയിലേക്കും സ്വർഗത്തിലെ നിത്യജീവിതത്തിലേക്കും നയിക്കുന്ന യഥാർഥ ആത്മീയസ്വാതന്ത്ര്യം നമുക്കു ലഭിക്കുകയുള്ളൂ. നമ്മുടെ പാപം വ്യക്തമായി തിരിച്ചറിയുകയും അതിനെക്കുറിച്ചു പശ്ചാത്തപിക്കുകയും ദൈവത്തിന്റെ പാപമോചനം തേടുകയും ജീവിതം തിരുത്തുകയും നാം വിളിക്കപ്പെട്ടിരിക്കുന്ന കൃപയുടെ നവജീവിതം നയിക്കുകയും വേണം.
ശക്തമായ പരിവർത്തനത്തിനു വഴിയൊരുക്കുന്ന യേശുവിന്റെ ഈ പ്രബോധനത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: “സത്യം അറിയുക; സത്യം നിങ്ങളെ സ്വതന്ത്രരാക്കും.” മാനസികവും ആത്മീയവുമായ ഏതെല്ലാം സത്യങ്ങളാണ് നിങ്ങൾ കൂടുതൽ ആഴത്തിൽ അറിയേണ്ടത്? എന്ത് ആശയക്കുഴപ്പമോ അന്ധതയോ ആണ് ഇനിയും അവശേഷിക്കുന്നത്? ദൈവത്തിന്റെ തിരുമനസ്സിലുള്ള സത്യത്തിൽ പ്രതിവിധി തേടുക; സ്വാതന്ത്ര്യം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് അറിയുക.
സകല സത്യത്തിന്റെയും ദൈവമേ, അങ്ങയുടെ വചനം മോചനം നൽകുന്നതും പരിവർത്തനം വരുത്തുന്നതും ഞങ്ങളെ പ്രത്യാശയാൽ നിറയ്ക്കുന്നതുമാണ്. അങ്ങ് അരുളിച്ചെയ്യുന്ന സത്യം അറിയാനും പരിവർത്തനം വരുത്തുന്ന ആ സത്യത്തിന് എന്നെ സ്വതന്ത്രനാക്കാൻ ഇടനൽകാനും കഴിയേണ്ടതിന്, എന്റെ മനസ്സ് അങ്ങയിലേക്കും അങ്ങയുടെ വിശുദ്ധ വചനത്തിലേക്കും തിരിക്കാൻ എനിക്കു സാധിക്കുമാറാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തിയൊന്നാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിവസങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിലെ പ്രധാന ചിത്രം: Unsplash-ൽ നിന്നുള്ള Stephanie LeBlanc-ന്റെ ചിത്രം




