2024 ഏപ്രിൽ 5
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

യേശു അവരോടു പറഞ്ഞു: “വരുവിൻ, പ്രാതൽ കഴിക്കുവിൻ.” അത് കർത്താവാണെന്ന് മനസ്സിലായതിനാൽ, “അങ്ങ് ആരാണ്?” എന്ന് അവനോടു ചോദിക്കാൻ ശിഷ്യന്മാരിൽ ആരും ധൈര്യപ്പെട്ടില്ല. യേശു അടുത്തുവന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെ മീനും കൊടുത്തു. മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടത് ഇത് മൂന്നാം പ്രാവശ്യമായിരുന്നു. യോഹന്നാൻ 21:12–14
പുനരുത്ഥാനത്തിനുശേഷമുള്ള യേശുവിന്റെ പ്രത്യക്ഷപ്പെടലുകൾ രഹസ്യത്തിൽ പൊതിഞ്ഞവയായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു രഹസ്യമല്ല, മറിച്ച് അഗാധതയും വിസ്മയവും നിറഞ്ഞ ഒരു രഹസ്യം. യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട ഈ മൂന്നാം പ്രാവശ്യം, രാത്രി മുഴുവൻ മീൻപിടിച്ചിട്ടും ഒന്നും കിട്ടാതിരുന്ന അവരോട് അവൻ ആദ്യം സംസാരിച്ചത് കരയിൽനിന്നായിരുന്നു. വീണ്ടും ശ്രമിക്കാനും വള്ളത്തിന്റെ വലതുവശത്തു വലയിടാനും അവൻ അവരോടു പറഞ്ഞു. തങ്ങളോടു സംസാരിക്കുന്നത് യേശുവാണെന്നുപോലും തിരിച്ചറിയാതെ അവർ അങ്ങനെ ചെയ്തു. എന്നാൽ തങ്ങൾക്കു കൈകാര്യം ചെയ്യാവുന്നതിലേറെ മീൻ ലഭിച്ചപ്പോൾ, അത് കർത്താവാണെന്ന് അവർ മനസ്സിലാക്കി.
ഉത്ഥിതനായ യേശുവിന്റെ ഈ പ്രത്യക്ഷപ്പെടലിലുള്ള “രഹസ്യ”ത്തിന് അനേകം വശങ്ങളുണ്ട്. എന്തുകൊണ്ടാണ് ശിഷ്യന്മാർ ആദ്യം യേശുവിനെ തിരിച്ചറിയാതിരുന്നത്? വള്ളത്തിന്റെ വലതുവശത്തു വലയിടാൻ യേശു അവരോടു നിർദേശിച്ചത് എന്തുകൊണ്ടാണ്? നൂറ്റമ്പത്തിമൂന്ന് വലിയ മീനുകൾ ലഭിച്ച ഈ സംഭവത്തിലൂടെ യേശു വെളിപ്പെട്ടത് എന്തുകൊണ്ടാണ്? കരയിൽ ശിഷ്യന്മാർക്കുവേണ്ടി യേശു പ്രാതൽ പാകം ചെയ്തുകൊണ്ടിരുന്നത് എന്തുകൊണ്ടാണ്? “ശിഷ്യന്മാരിൽ ആരും അവനോട്, ‘അങ്ങ് ആരാണ്?’ എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല” എന്ന് യോഹന്നാൻ രേഖപ്പെടുത്തിയത് എന്തുകൊണ്ടാണ്? ഈ രഹസ്യങ്ങൾക്കെല്ലാം നൂറ്റാണ്ടുകളായി വിശുദ്ധരും മഹാന്മാരായ വിശുദ്ധഗ്രന്ഥ വ്യാഖ്യാതാക്കളും ഉത്തരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, പുനരുത്ഥാനത്തിനുശേഷമുള്ള യേശുവിന്റെ പ്രത്യക്ഷപ്പെടലുകൾ യഥാർഥത്തിൽ രഹസ്യത്തിൽ പൊതിഞ്ഞവയായിരുന്നു എന്ന വസ്തുതയെക്കുറിച്ച് ലളിതമായി ധ്യാനിക്കുന്നതും പ്രയോജനകരമാണ്.
ഒരു കുറ്റാന്വേഷണ നോവലിൽ, നിഗൂഢത മനസ്സിലാക്കാനും അതിന്റെ ചുരുളഴിക്കാനും സഹായിക്കുന്നതിനായി വായനക്കാരന് അവ്യക്തമായ പല സൂചനകളും നൽകാറുണ്ട്. ചുരുളഴിക്കുന്നത് കൂടുതൽ ആസ്വാദ്യകരവും വെല്ലുവിളി നിറഞ്ഞതുമാക്കാൻ മനഃപൂർവമാണ് ആ സൂചനകൾ അവ്യക്തമായി നൽകുന്നത്. എന്നാൽ പുനരുത്ഥാനത്തിനുശേഷമുള്ള യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ ചൂഴ്ന്നുനിൽക്കുന്ന വിശ്വാസരഹസ്യംപോലുള്ള ഒരു “വിശ്വാസരഹസ്യ”ത്തിന്റെ കാര്യം വരുമ്പോൾ, ആ രഹസ്യം തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഇത്തരം സന്ദർഭങ്ങളിൽ, ആ രഹസ്യം ആഴവും പരപ്പും നിറഞ്ഞതാണ്; ദൈവത്തിന്റെ അനന്തമായ സ്വഭാവത്തിലേക്കും അവിടുത്തെ രക്ഷാകരമായ പ്രവർത്തനത്തിലേക്കും നമ്മെ കൂടുതൽ കൂടുതൽ ആഴത്തിൽ ആകർഷിക്കാൻ അതിനു കഴിയും.
ഉദാഹരണത്തിന്, മുകളിൽ ഉദ്ധരിച്ച ഈ ഒരു വാക്യം എടുക്കുക: “അത് കർത്താവാണെന്ന് മനസ്സിലായതിനാൽ, ‘അങ്ങ് ആരാണ്?’ എന്ന് അവനോടു ചോദിക്കാൻ ശിഷ്യന്മാരിൽ ആരും ധൈര്യപ്പെട്ടില്ല.” യേശു കരയിൽ പ്രാതൽ ഒരുക്കിക്കൊണ്ടിരുന്നപ്പോൾ ശിഷ്യന്മാർ അവനു ചുറ്റും കൂടിവന്ന് അവനെക്കുറിച്ചുള്ള വിസ്മയത്തോടെ അവിടെ ഇരുന്നതായി തോന്നുന്നു. ഈ പ്രത്യക്ഷപ്പെടലിൽ അവനെക്കുറിച്ച് അവർക്കുണ്ടായ നിശ്ശബ്ദമായ വിസ്മയം, വാക്കുകൾ മതിയാകുന്നില്ലെന്നു വെളിപ്പെടുത്തുന്നു. സാധാരണയായി, കാണാൻ സന്തോഷമുള്ള ഒരാളെ കാണുമ്പോൾ നിങ്ങൾ അഭിവാദ്യം ചെയ്യുകയും സുഖമാണോ എന്നൊക്കെ ചോദിച്ച് സംസാരിച്ചുതുടങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവിടെ ശിഷ്യന്മാർ അവന്റെ വാക്കുകൾ കേട്ടും ഈ ഭക്ഷണം സ്വീകരിച്ചും ഉത്ഥിതനായ അവന്റെ സാന്നിധ്യത്തിന്റെ രഹസ്യം ധ്യാനിച്ചും ഈ വിശുദ്ധമായ വിസ്മയത്തിൽ തുടർന്നു.
നമ്മുടെ കർത്താവ് നിങ്ങളുടെ അടുക്കലേക്കു വരുന്ന വഴികളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ ജീവിതത്തിൽ അവിടുത്തെ നിരന്തരമായ സാന്നിധ്യവും രഹസ്യാത്മകമായതിനാൽ, അവിടുത്തെ തിരിച്ചറിയാതെ പോകാൻ എളുപ്പമാണ്. “വള്ളത്തിന്റെ വലതുവശത്തു വലയിടുവിൻ…” എന്ന യേശുവിന്റെ ആഹ്വാനം ശിഷ്യന്മാർ അവഗണിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്ന് സങ്കൽപ്പിക്കുക. ആ കൽപ്പന അവർ അവഗണിച്ചിരുന്നെങ്കിൽ, അത് കർത്താവാണെന്ന് അവർ ഒരിക്കലും മനസ്സിലാക്കാതിരുന്നേനേ. നമ്മുടെ കർത്താവ് നിങ്ങളോടു സംസാരിക്കുന്ന വഴികളെക്കുറിച്ച് ധ്യാനിക്കുക. നിങ്ങൾ പ്രതികരിക്കുന്നുണ്ടോ? അവിടുത്തെ തിരിച്ചറിയുന്നുണ്ടോ? അവിടുത്തെ ദിവ്യസാന്നിധ്യത്തെക്കുറിച്ചുള്ള ഈ വിശുദ്ധമായ വിസ്മയത്തിലേക്ക് ആകർഷിക്കപ്പെടാൻ നിങ്ങൾ സ്വയം അനുവദിക്കുന്നുണ്ടോ? ശിഷ്യന്മാരുടെ മാതൃക പിന്തുടരുക; നിങ്ങൾക്കു ചുറ്റുമുള്ള നമ്മുടെ കർത്താവിന്റെ നിരന്തരമായ സാന്നിധ്യം കണ്ടെത്താൻ ജാഗരൂകരായിരിക്കുക.
എന്റെ ദിവ്യനാഥാ, രാവും പകലും അങ്ങ് നിരന്തരം എന്നോടൊപ്പം സന്നിഹിതനാണ്. എന്നിട്ടും എത്രയോ തവണ അങ്ങയെ തിരിച്ചറിയാനും ആരാധിക്കാനും ഞാൻ പരാജയപ്പെടുന്നു. എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ ബോധവാനാകാൻ എന്നെ സഹായിക്കണമേ. അങ്ങനെ ചെയ്യുമ്പോൾ, സ്നേഹത്തോടും ഭക്തിയോടും വിസ്മയത്തോടുംകൂടെ ഈ വിശുദ്ധരഹസ്യങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
എട്ടാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ വിൻസെന്റ് ഫെറർ, പുരോഹിതൻ
(ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിൽ വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിൽ അനുസ്മരണമായി ആചരിക്കുന്നില്ല)
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ




