2024 ഏപ്രിൽ 12
ഉയിർപ്പുകാലം രണ്ടാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

“ഒന്നും പാഴായിപ്പോകാതിരിക്കാൻ ബാക്കിയുള്ള കഷണങ്ങൾ ശേഖരിക്കുവിൻ.” അങ്ങനെ അവർ അവ ശേഖരിച്ചു; അഞ്ചു യവയപ്പങ്ങളിൽനിന്ന് അവർ ഭക്ഷിച്ചതിനുശേഷം ശേഷിച്ച കഷണങ്ങൾകൊണ്ട് പന്ത്രണ്ട് മെടഞ്ഞ കുട്ടകൾ നിറച്ചു.” യോഹന്നാൻ 6:12–13
യോഹന്നാന്റെ സുവിശേഷം പ്രതീകാത്മകമായ ഒട്ടേറെ അർത്ഥങ്ങളാൽ സമ്പന്നമാണ്. അപ്പവും മീനും വർധിപ്പിച്ച അത്ഭുതത്തിന്റെ വിവരണം മുകളിലെ വചനഭാഗത്തോടെ സമാപിക്കുന്നു. അഞ്ചു യവയപ്പവും രണ്ടു മീനും മാത്രംകൊണ്ട് വലിയൊരു ജനക്കൂട്ടത്തെ ഭക്ഷിപ്പിച്ചതിനുശേഷം, ശേഷിച്ചവകൊണ്ട് പന്ത്രണ്ട് മെടഞ്ഞ കുട്ടകൾ നിറയ്ക്കാൻ അവർക്കു കഴിഞ്ഞു. ഈ അധികഭക്ഷണത്തിന്റെ കാരണം എന്തായിരുന്നു?
ഈ വചനഭാഗത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ അഗസ്തീനോസ് ഇങ്ങനെ വിശദീകരിക്കുന്നു: വലിയ ജനക്കൂട്ടത്തിന് ഗ്രഹിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള ആത്മീയസത്യങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കാനാണ് ജനങ്ങൾക്ക് ഭക്ഷിക്കാൻ കഴിയുന്നതിലധികം യേശു നൽകിയത്. അങ്ങനെ, യേശുവിന്റെ പ്രബോധനങ്ങൾ ജനക്കൂട്ടത്തിന് പൂർണതൃപ്തിയാകുവോളം ആത്മീയപോഷണം നൽകി. എന്നാൽ യേശു പഠിപ്പിച്ച കാര്യങ്ങളിൽ പൊതുവേ ജനക്കൂട്ടം സംതൃപ്തരായിരുന്നെങ്കിലും, അവിടുത്തേക്ക് ഇനിയും ഏറെ പഠിപ്പിക്കാനുണ്ടായിരുന്നു. കൂടുതൽ ആഴമുള്ള ഈ ആത്മീയസത്യങ്ങളെയാണ് അധികമായി ശേഷിച്ച പന്ത്രണ്ട് കുട്ടകൾ പ്രതിനിധാനം ചെയ്യുന്നത്.
പന്ത്രണ്ട് കുട്ടകൾ പന്ത്രണ്ട് ശിഷ്യന്മാരെ പ്രതിനിധാനം ചെയ്യുന്നു. ഇതിലും വളരെയധികം സ്വീകരിക്കാൻ യേശു പ്രത്യേകം തിരഞ്ഞെടുത്തവരായിരുന്നു അവർ. യേശു ജനക്കൂട്ടത്തെ ഉപമകളിലൂടെ പഠിപ്പിക്കുകയും പിന്നീട് പന്ത്രണ്ടുപേർക്ക് അവയുടെ അർത്ഥം സ്വകാര്യമായി വിശദീകരിച്ചുകൊടുക്കുകയും ചെയ്ത സന്ദർഭങ്ങൾ ഓർക്കുക. ഭൂരിഭാഗം ആളുകൾക്കും മനസ്സിലാക്കാനും സ്വീകരിക്കാനും കഴിയാത്ത ചില സത്യങ്ങൾ അവിടുന്ന് അവർക്ക് വെളിപ്പെടുത്തി.
ഈ അത്ഭുതവുമായി ബന്ധപ്പെട്ട് മൂന്നു വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട ആളുകളെ പരിഗണിക്കുകയും ആ വിഭാഗങ്ങളെ ഇന്നത്തെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് സഹായകരമാണ്. ആദ്യത്തെ വിഭാഗം ഈ അത്ഭുതം നടന്നപ്പോൾ അവിടെ സന്നിഹിതരാകുകപോലും ചെയ്യാതിരുന്നവരാണ്. വിജനപ്രദേശത്ത് യേശുവിനോടൊപ്പമായിരിക്കാൻ യാത്ര ചെയ്യാതിരുന്നവർ. നമ്മുടെ കർത്താവിൽനിന്ന് അല്പമെങ്കിലും പോഷണം തേടുകപോലും ചെയ്യാതെ ദൈനംദിനജീവിതം നയിക്കുന്ന ഇവരാണ് സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗം.
രണ്ടാമത്തെ വിഭാഗം, യേശുവിനോടൊപ്പമായിരിക്കാൻ ഗലീലി കടലിന്റെ വിദൂരതീരത്തേക്ക് അവിടുത്തെ അനുഗമിച്ച ഈ “വലിയ ജനക്കൂട്ടമാണ്”. അനുദിനം ഉത്സാഹപൂർവം നമ്മുടെ കർത്താവിനെ അന്വേഷിക്കുന്നവരെ ഇവർ പ്രതിനിധാനം ചെയ്യുന്നു. വിശുദ്ധ കുർബാനയിലും വിശുദ്ധഗ്രന്ഥവായനയിലും ദൈനംദിനപ്രാർഥനയിലും പഠനത്തിലും വിശ്വസ്തത പുലർത്തുന്നവരാണ് ഇവർ. ഈ വിഭാഗത്തിലുള്ളവരെ നമ്മുടെ കർത്താവ് അനേകം കാര്യങ്ങൾ പഠിപ്പിക്കുന്നു; അവിടുത്തെ വിശുദ്ധ വചനത്താലും കൂദാശകളാലും അവർ പോഷിപ്പിക്കപ്പെടുന്നു.
ശേഷിച്ച പന്ത്രണ്ട് മെടഞ്ഞ കുട്ടകൾ പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ട് ശിഷ്യന്മാരാണ് മൂന്നാമത്തെ വിഭാഗം. നമ്മുടെ കർത്താവിനോട് അസാധാരണമായ വിശ്വസ്തത പുലർത്തുകയും അവിടുന്നിൽനിന്ന് അതിസമൃദ്ധമായി പോഷണം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഇവർ. തങ്ങളുടെ ഉള്ളിന്റെ ഏറ്റവും ആഴത്തിൽ പോഷണവും രൂപാന്തരവും ലഭിക്കുന്നതിനായി ഏറ്റവും അഗാധമായ ആത്മീയസത്യങ്ങൾ മനസ്സിലാക്കാനും സ്വീകരിക്കാനും ശ്രമിക്കുന്നവരാണ് ഇവർ.
നമ്മുടെ കർത്താവ് നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന ആത്മീയാഹാരം, ഉടനടി സ്വീകരിച്ച് ഉൾക്കൊള്ളാൻ നിങ്ങൾക്കു കഴിയുന്നതിലും മിക്കപ്പോഴും വളരെ അധികമാണെന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. എന്നാൽ ആ വസ്തുത മനസ്സിലാക്കുന്നതാണ് ഇനിയും കൂടുതൽ സ്വീകരിക്കാൻ നിങ്ങളെത്തന്നെ ഒരുക്കുന്നതിന്റെ ആദ്യപടി. നമ്മുടെ കർത്താവിൽനിന്നുള്ള ആത്മീയാഹാരത്തിന്റെ ഈ അതിസമൃദ്ധിയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, ശേഷിച്ച ആ “പന്ത്രണ്ട് മെടഞ്ഞ കുട്ടകൾ” നിറയെ ആത്മീയസത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേകമായി നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക. അങ്ങനെ ചെയ്താൽ, നമ്മുടെ കർത്താവ് നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന കൃപാദാനങ്ങൾ നിങ്ങളെ രൂപാന്തരപ്പെടുത്തുന്ന ആഴങ്ങൾക്ക് യഥാർഥത്തിൽ അവസാനമില്ലെന്ന് നിങ്ങൾ കണ്ടെത്തും.
അത്യുദാരനായ എന്റെ കർത്താവേ, അങ്ങ് അങ്ങയുടെ ജനത്തിന് ആത്മീയപോഷണം നൽകുക മാത്രമല്ല, അതിസമൃദ്ധമായി നൽകുകയും ചെയ്യുന്നു. അനുദിനം ഞാൻ അങ്ങയെ അന്വേഷിക്കുകയും അങ്ങയുടെ കരുണയാൽ നിറയുകയും ചെയ്യുമ്പോൾ, അങ്ങയുടെ കൃപയുടെ അതിസമൃദ്ധമായ ദാനം ആസ്വദിച്ചനുഭവിക്കുന്നതിൽ ഒരിക്കലും മടുപ്പുതോന്നാതിരിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്നെ പോഷിപ്പിക്കണമേ; അങ്ങയുടെ വിശുദ്ധ വചനം ഉൾക്കൊള്ളാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




