മലയാളം

ഭൂമിയിലെ ഏറ്റവും മഹത്തായ പ്രവൃത്തി ചെയ്യുക

2024 ഏപ്രിൽ 27
ഉയിർപ്പുകാലം നാലാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും; ഇവയെക്കാൾ വലിയവയും ചെയ്യും. കാരണം, ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നു. പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന്, നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നതെന്തും ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ അതു ചെയ്തുതരും.” യോഹന്നാൻ 14:12–14

യേശുതന്നെ ചെയ്ത പ്രവൃത്തികളെക്കാൾ വലിയ പ്രവൃത്തികൾ ചെയ്യാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നത് എങ്ങനെയാണ്? തീർച്ചയായും അത് സത്യമാണ്. ഇതാണ് നമ്മുടെ വിളി. നമ്മുടെ കർത്താവ് നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നത് ഇതായതിനാൽ നമുക്ക് അതറിയാം. ദൈവം നമ്മെ ഇത്ര ശക്തമായി ഉപയോഗിക്കുന്നതിനെപ്രതി ഈ സത്യം നമ്മിൽ കൃതജ്ഞത നിറയ്ക്കണം.

യേശു പറയുന്ന “കൂടുതൽ വലിയ” പ്രവൃത്തികളിൽ പ്രഥമവും പ്രധാനവുമായത് ഭൂമിയുടെ അതിർത്തികൾവരെ സുവിശേഷം പങ്കുവെക്കുക എന്നതാണ്. യേശു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അവിടുത്തെ ദൗത്യം മുഖ്യമായും ഇസ്രായേൽ ജനത്തോടായിരുന്നു. എന്നാൽ അവിടുന്ന് സ്വർഗാരോഹണം ചെയ്ത് സഭയുടെമേൽ പരിശുദ്ധാത്മാവിനെ അയച്ചപ്പോൾ, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന എല്ലാവരെയും ഭൂമിയുടെ അതിർത്തികൾവരെ സുവിശേഷം പങ്കുവെക്കാൻ ശക്തരാക്കുകയും ചെയ്തു. അങ്ങനെ, ഹൃദയങ്ങളുടെ മാനസാന്തരമാണ് നമുക്കു സഹകരിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ പ്രവൃത്തി.

മഹത്തായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മിക്ക കുട്ടികളും അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നു; കാരണം, ഈ ആഗ്രഹം നമ്മുടെ മനുഷ്യസ്വഭാവത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു മാറ്റം വരുത്താൻ നാം ആഗ്രഹിക്കുന്നു. മഹത്ത്വമുള്ളവരാകാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ യഥാർഥ മഹത്ത്വം എന്തെന്നതിനെക്കുറിച്ച് പലപ്പോഴും നമുക്കു ആശയക്കുഴപ്പമുണ്ടാകുന്നു. ലൗകികവും ക്ഷണികവുമായ മഹത്ത്വം നൽകുന്ന പ്രവൃത്തികളിലൂടെ ആ സഹജമായ ആഗ്രഹം നിറവേറ്റാൻ നാം ശ്രമിക്കുന്നു. സ്വാർഥമായ അഭിലാഷങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന അംഗീകാരവും സമ്പത്തും ക്ഷണികമായ മറ്റു പ്രതിഫലങ്ങളും നാം തേടുന്നു. ഇവയെല്ലാം ഏറ്റവും ഉയർന്ന അളവിൽ നേടിയാലും, ആത്യന്തികമായി ഇവയൊന്നും നമുക്കു പൂർണതൃപ്തി നൽകുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയെന്നോ ഒരു രാഷ്ട്രത്തിന്റെ നേതാവായെന്നോ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ സമ്പന്നനായെന്നോ സങ്കൽപ്പിക്കുക. ഈ ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കുന്നത് നിങ്ങൾക്കു പൂർണതൃപ്തി നൽകുമോ? അതു ദൈവഹിതമാണെങ്കിൽ മാത്രം. അല്ലെങ്കിൽ, അത് ശൂന്യവും അർഥരഹിതവുമായ ഒരു പ്രവൃത്തിയായിരിക്കും.

നിങ്ങളുടെ ഉള്ളിലേക്കു നോക്കിക്കൊണ്ട് ആരംഭിക്കുക. മഹത്തായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം നിങ്ങളുടെ ഉള്ളിൽ കാണുന്നുണ്ടോ? ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു. അവിടെനിന്ന്, നിങ്ങളുടെ ഉള്ളിലെ ആഗ്രഹം നിറവേറ്റാൻ നിങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം നിറവേറ്റുകയാണെന്ന് സ്വയം ഓർമിപ്പിക്കുക. യേശു പറയുന്നു: “നിങ്ങൾ എന്റെ നാമത്തിൽ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ അതു ചെയ്തുതരും.” യേശുവിന്റെ നാമത്തിൽ ചോദിക്കുക എന്നതിന്റെ അർഥം അവിടുത്തെ ഹിതം നിറവേറാൻ അപേക്ഷിക്കുക എന്നതാണ്. അവിടുന്ന് തിരഞ്ഞെടുക്കുന്ന ഏതുവിധത്തിലും തന്റെ രക്ഷാകരമായ കൃപ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ദൈവം നിങ്ങളെ ഉപയോഗിക്കണമെന്നു പ്രാർഥിക്കുക എന്നാണ് അതിനർഥം. ഈ കൃപയ്ക്കായി നിങ്ങൾ നമ്മുടെ കർത്താവിനോട് അപേക്ഷിച്ചാൽ അവിടുന്ന് അതു നൽകും.

ഈ രീതിയിലുള്ള പ്രാർഥനയ്ക്ക് എളിമയും സ്വന്തം ഇഷ്ടത്തോടുള്ള ആസക്തിയുടെ സമ്പൂർണമായ പരിത്യാഗവും ആവശ്യമാണ്. പുത്രൻ നമുക്കുവേണ്ടി പിതാവിനോട് ചോദിക്കുന്നത് മാത്രം നാമും പിതാവിനോട് ചോദിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. എന്നാൽ ഇത്തരമൊരു എളിയ പ്രാർഥനയുടെ പ്രതിഫലം, ദൈവം നമ്മിലൂടെ മറ്റുള്ളവർക്ക് തന്റെ കൃപയും കരുണയും നൽകും എന്നതാണ്. ഇതാണ് അവിടുത്തെ പരിപൂർണമായ ഹിതം.

ഇന്ന് ഈ ഉന്നതമായ വിളിയെക്കുറിച്ച് വിചിന്തനം ചെയ്യുക. നിങ്ങളുടെ ആത്മാവിൽ മഹത്ത്വത്തിനായുള്ള ആഗ്രഹത്തിലേക്കു നോക്കിക്കൊണ്ട് അങ്ങനെ ചെയ്യുക. തുടർന്ന്, നിങ്ങൾക്കു പൂർണതൃപ്തി നൽകാൻ കഴിയുന്ന ഏക കാര്യമായ ദൈവഹിതത്തോട് ആ ആഗ്രഹത്തെ ചേർത്തുവെക്കുക. എളിമയോടും സ്വന്തം ഇഷ്ടത്തോടുള്ള ആസക്തി ഉപേക്ഷിച്ചും ഈ ദാനത്തിനായി ദിവസവും പ്രാർഥിക്കുക. അപ്പോൾ ദൈവത്തിന് നിത്യമായ മഹത്ത്വം നൽകുന്ന പ്രവൃത്തികളുടെ ഉപകരണമായി നിങ്ങൾ മാറും. സ്വർഗത്തിൽ ഇത് നിങ്ങളുടെ നിത്യാനന്ദമായിരിക്കും.

പരിപാലകനായ കർത്താവേ, അങ്ങയുടെ ഹിതം പരിപൂർണവും മഹത്ത്വപൂർണവുമാണ്. എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ ഹിതം മനസ്സിലാക്കാനും എപ്പോഴും അതു തിരഞ്ഞെടുക്കാനും കഴിയേണ്ടതിന്, ഓരോ ദിവസവും അങ്ങയുടെ മുമ്പിൽ എന്നെത്തന്നെ എളിമപ്പെടുത്താൻ എന്നെ സഹായിക്കണമേ. എന്നിലൂടെ ആരെയെല്ലാം സ്പർശിക്കാൻ അങ്ങ് ആഗ്രഹിക്കുന്നുവോ, അവർക്കെല്ലാം അങ്ങയുടെ രക്ഷാകരമായ കൃപയുടെ ഉപകരണമായി ഞാൻ മാറട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: വിശുദ്ധ പത്രോസും വിശുദ്ധ യോഹന്നാനും മുടന്തനായ മനുഷ്യനെ സുഖപ്പെടുത്തുന്നു. രചന: നിക്കോളാസ് പൂസാൻ, വിക്കിമീഡിയ കോമൺസ് വഴി