2024 മേയ് 2
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
മെത്രാനും വേദപാരംഗതനുമായ വിശുദ്ധ അത്തനാസിയൂസ്—ഓർമ്മ

“ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപ്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.” യോഹന്നാൻ 15:10
മുകളിൽ പറഞ്ഞ വാക്കുകൾക്കുശേഷം യേശു ഇപ്രകാരം പറഞ്ഞു: “എന്റെ സന്തോഷം നിങ്ങളിൽ ഉണ്ടായിരിക്കാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്.” ഈ രണ്ടു വാക്യങ്ങളും ചേർത്തുവായിക്കുമ്പോൾ, യേശുവിനോടുള്ള വിശുദ്ധമായ അനുസരണത്തെക്കുറിച്ചുള്ള അവിടുത്തെ പ്രബോധനത്തിന്റെ ഏകീകൃതമായ അർഥം മനസ്സിലാക്കാൻ നമുക്കു സഹായം ലഭിക്കുന്നു.
ആദ്യം, തന്റെ കൽപ്പനകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യേശു സംസാരിക്കുന്നു. ഈ പ്രസ്താവനയെ ഒറ്റപ്പെടുത്തി നോക്കുമ്പോൾ, ചിലർക്ക് അത് ഭാരമേൽപ്പിക്കുന്നതും സ്വേച്ഛാധിപത്യപരവും അടിച്ചമർത്തുന്നതും സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമായി തോന്നിയേക്കാം. എന്നാൽ അത് അങ്ങനെയാണോ? തുടർന്നു വായിക്കുമ്പോൾ ഉത്തരം വ്യക്തമായി കാണാം.
തന്റെ കൽപനകൾ പാലിക്കുന്നതിന്റെ ഫലമായി നാം “അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കും” എന്നാണ് യേശു അടുത്തതായി പഠിപ്പിക്കുന്നത്. താൻതന്നെ ചെയ്യാൻ സന്നദ്ധനാകാതിരുന്ന യാതൊന്നും നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്നില്ലെന്നും അവിടുന്ന് വിശദീകരിക്കുന്നു. പിതാവിന്റെ കൽപനകൾ പരിപൂർണമായി പാലിച്ചുകൊണ്ട് അവിടുന്ന് പിതാവിന്റെ തിരുഹിതം അനുസരിച്ചു. അതിനാൽ, അനുസരണയോടെ ജീവിക്കാൻ അവിടുന്ന് സ്വതന്ത്രമായി എടുത്ത തീരുമാനത്തിൽനിന്ന് ഉരുത്തിരിയുന്ന നിർദേശമായി അവിടുത്തെ കൽപനയെ നാം കേൾക്കണം. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെന്ന നിലയിൽ, അവിടുന്ന് തന്റെ മനുഷ്യസ്വഭാവത്തിൽ പിതാവിനെ പരിപൂർണമായി അനുസരിച്ചു. അതിന്റെ ഫലമായി, അവിടുന്ന് പിതാവിന്റെ സ്നേഹത്താൽ പരിപൂർണമായി നിറഞ്ഞവനായി നിലനിന്നു. എന്നാൽ അതു മാത്രമല്ല. യേശുവിന്റെ പരിപൂർണമായ അനുസരണം നാം അനുകരിക്കുമ്പോൾ, സന്തോഷവും “പൂർണമായി” അനുഭവിക്കാൻ കഴിയുന്നു.
നമ്മുടെ കർത്താവിന്റെ ഈ പ്രബോധനത്തിന്റെ വെളിച്ചത്തിൽ, ദൈവഹിതത്തോടുള്ള വിശുദ്ധമായ അനുസരണത്തെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? ഉദാഹരണത്തിന്, പത്തു കൽപ്പനകളിൽ ഓരോന്നും പരിഗണിക്കുക. അവ അചഞ്ചലമായി അനുസരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ? അവയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുന്നതിനുപകരം, അടിച്ചമർത്തുന്നതും അടിച്ചേൽപ്പിക്കപ്പെട്ടതുമായ നിയന്ത്രണങ്ങളായാണോ നിങ്ങൾ അവയെ അനുഭവിക്കുന്നത്? ശരിയായി മനസ്സിലാക്കുമ്പോൾ, പത്തു കൽപ്പനകളും ദൈവഹിതം നിർദേശിക്കുന്ന മറ്റെല്ലാ കാര്യങ്ങളും നമുക്ക് കൃത്യമായി ആവശ്യമുള്ളവയാണ്; അതിലുപരി, ജീവിതത്തിൽ നാം ആഴമായി ആഗ്രഹിക്കുന്നതും അവ തന്നെയാണ്. നാം ആഗ്രഹിക്കുന്നത് ആന്തരികമായ അരാജകത്വമല്ല, ക്രമമാണ്. ദുർബലതയല്ല, അഖണ്ഡതയാണ്. ദുഃഖമല്ല, സന്തോഷമാണ്. ദൈവത്തെ നഷ്ടപ്പെടുത്തുകയല്ല, ദൈവസ്നേഹവുമായി ഐക്യപ്പെടുകയാണ് നാം ആഗ്രഹിക്കുന്നത്. നാം ഇത്രയേറെ ആഴമായി ആഗ്രഹിക്കുന്ന ജീവിതത്തിലേക്കുള്ള വഴി, സകല കാര്യങ്ങളിലും ദൈവഹിതത്തിന്റെ കൽപ്പനകൾ അനുസരിക്കുക എന്നതാണ്.
വിശുദ്ധമായ അനുസരണത്തെക്കുറിച്ചു കേൾക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ ഉടനടി ഉണ്ടാകുന്ന പ്രതികരണത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. യേശുവിന്റെ ഈ പ്രബോധനത്തോട് ഏതെങ്കിലും വിധത്തിൽ നിങ്ങൾക്കു പ്രതിരോധം തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ തിരിച്ചറിയുന്നതിലുമധികം ഈ പ്രബോധനം നിങ്ങൾക്ക് ആവശ്യമുണ്ടെന്നതിന്റെ വ്യക്തമായ അടയാളമാണത്. സത്യത്തിന്റെ വെളിച്ചത്തിൽ അനുസരണത്തെ നോക്കിക്കാണാൻ ശ്രമിക്കുക. നിങ്ങളുടെ ആത്മാവ് അതിന്റെ ആഴങ്ങളിൽ അനുസരണത്തിനും അതു നൽകുന്ന ആന്തരിക ക്രമത്തിനും വേണ്ടി കൊതിക്കുന്നുവെന്നു കാണാൻ ശ്രമിക്കുക. അനുസരിക്കാൻ നിങ്ങൾ പ്രയാസപ്പെടുന്ന മേഖലകൾ പ്രത്യേകമായി പരിശോധിക്കുക. നമ്മുടെ കർത്താവിന്റെ ഓരോ കൽപനയും അചഞ്ചലമായി അനുസരിക്കാൻ വീണ്ടും ഉറച്ച പ്രതിജ്ഞയെടുക്കുക.
അനുസരണയുള്ള എന്റെ കർത്താവേ, സ്വർഗസ്ഥനായ അങ്ങയുടെ പിതാവിന്റെ തിരുഹിതം അങ്ങ് പരിപൂർണമായി അനുസരിച്ചു. ഈ അനുസരണത്തിലൂടെ, അങ്ങയുടെ മനുഷ്യസ്വഭാവത്തിൽ പിതാവിന്റെ സ്നേഹവും സന്തോഷവും പൂർണമായി അനുഭവിക്കുക മാത്രമല്ല, വിശുദ്ധിക്കായി ഒരു പരിപൂർണ മാതൃകയും ആദർശവും അങ്ങ് ഞങ്ങൾക്കു നൽകുകയും ചെയ്തു. എന്റെ ജീവിതത്തിൽ കൂടുതൽ അനുസരണം ആവശ്യമായ മേഖലകൾ കാണാൻ എന്നെ സഹായിക്കണമേ. അങ്ങനെ ഞാനും അങ്ങയുടെയും പിതാവിന്റെയും വിശുദ്ധജീവിതത്തിൽ പങ്കുചേരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ വിശുദ്ധ അത്തനേഷ്യസ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന തിരഞ്ഞെടുത്ത ചിത്രങ്ങൾ: flickr-ലെ ‘നിയമം പൂർത്തിയാക്കാൻ ഞാൻ വരുന്നു’




