മലയാളം

ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നു

2024 മേയ് 8
ഉയിർപ്പുകാലം ആറാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “എനിക്ക് ഇനിയും വളരെ കാര്യങ്ങൾ നിങ്ങളോടു പറയാനുണ്ട്. എന്നാൽ ഇപ്പോൾ അവ താങ്ങാൻ നിങ്ങൾക്കു കഴിയില്ല. എന്നാൽ സത്യത്തിന്റെ ആത്മാവ് വരുമ്പോൾ അവിടുന്ന് നിങ്ങളെ സമ്പൂർണ സത്യത്തിലേക്കു നയിക്കും.”  യോഹന്നാൻ 16:12–13

ഈ വചനഭാഗം ഇന്നും നമുക്കെല്ലാവർക്കും സത്യമായി നിലകൊള്ളുന്നു. സ്വർഗസ്ഥനായ പിതാവിന്റെ മനസ്സിൽനിന്ന് ഒഴുകിവരുന്ന, അത്യന്തം ആഴമേറിയതും അഗാധവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സത്യങ്ങൾ നമ്മുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ നമുക്കു വെളിപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ ഉൾക്കൊള്ളാൻ നമുക്കു കഴിയില്ല. പൂർണമായും കഴിയില്ല. ദൈവം വെളിപ്പെടുത്തുന്ന സകലത്തെയും കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം നിരന്തരം ആഴപ്പെടുത്തിക്കൊണ്ടായിരിക്കും നാം നിത്യത ചെലവഴിക്കുക. തുടർന്നുകൊണ്ടിരിക്കുന്നതും കൂടുതൽ ആഴങ്ങളിലേക്കു നയിക്കുന്നതുമായ ഈ കണ്ടെത്തലിന്റെ പ്രക്രിയ നമ്മെ നിരന്തരം ആഴമേറുന്ന ആനന്ദത്താൽ നിറയ്ക്കും. ഇതായിരിക്കും നമ്മുടെ സ്വർഗം; എന്നാൽ അത് ഇപ്പോൾത്തന്നെ ആരംഭിക്കണം.

ഒന്നാമതായി, ദൈവത്തിന് യഥാർഥത്തിൽ “നിങ്ങളോട് ഇനിയും വളരെ കാര്യങ്ങൾ പറയാനുണ്ട്” എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കൗതുകകരമെന്നു പറയട്ടെ, നിങ്ങൾക്ക് ഇനിയും എത്രയധികം കാര്യങ്ങൾ അറിയില്ലെന്നു തിരിച്ചറിയുന്നതുതന്നെ ഒരുതരം അറിവാണ്. ഇനിയും എത്രയോ കാര്യങ്ങൾ അറിയാനുണ്ടെന്നും, ദൈവത്തിന്റെ ജ്ഞാനം നിങ്ങളുടെ ഗ്രഹണശക്തിക്ക് അനന്തമായി അതീതമാണെന്നും, നിങ്ങളുടെ മനസ്സുമായി ദൈവത്തിന്റെ തിരുമനസ്സിനെ താരതമ്യം ചെയ്യാനാവില്ലെന്നും അറിയുന്നതുതന്നെ മനസ്സിലാക്കേണ്ട മനോഹരമായ ഒരു സത്യമാണ്. ഈ സത്യം നിങ്ങളെ വിനയാന്വിതരാക്കുകയും, ദൈവത്തെയും അവിടുന്നിലുള്ള ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും മഹത്ത്വത്തിന്റെയും അനന്തമായ ആഴത്തെയും ഓർത്ത് വിശുദ്ധമായ വിസ്മയാദരവുകൊണ്ട് നിങ്ങളെ നിറയ്ക്കുകയും വേണം. ഇത് അനിവാര്യമായ ആദ്യപടിയാണ്.

കൂടാതെ, “നിങ്ങൾക്ക് ഇപ്പോൾ അത് ഉൾക്കൊള്ളാൻ കഴിയില്ല” എന്നു പറയുന്നതുകൊണ്ട്, ദൈവം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന സത്യം കൂടുതൽ കൂടുതൽ ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമിക്കരുത് എന്നല്ല അർഥമാക്കുന്നത്. വാസ്തവത്തിൽ, അതൊരു ക്ഷണമാണ്; കാരണം, നിങ്ങൾക്കു കൂടുതൽ ഗ്രഹിക്കാൻ കഴിയുന്ന ഒരു കാലം വരുമെന്ന് അത് സൂചിപ്പിക്കുന്നു. ഇപ്പോഴും മറഞ്ഞിരിക്കുന്നതെല്ലാം വെളിപ്പെടുമെന്ന പ്രത്യാശയും പ്രതീക്ഷയും ഇത് ഒരിക്കൽക്കൂടി വളർത്തണം. ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും അറിവിലും വളരാൻ അനന്തനായ ദൈവത്തിന്റെ മുമ്പിലുള്ള എളിമ ആവശ്യമാണ്.

ജ്ഞാനത്തിലും ദൈവത്തെക്കുറിച്ചുള്ള അറിവിലുമുള്ള ഈ വളർച്ച എങ്ങനെയാണ് സംഭവിക്കുന്നത്? പരിശുദ്ധാത്മാവിന്റെ ശക്തിയാലും പ്രവർത്തനത്താലുമാണ് അത് സംഭവിക്കുന്നത്. “സത്യത്തിന്റെ ആത്മാവാണ്” “നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കുക.” എന്നാൽ ഈ പ്രസ്താവനപോലും ഇതൊരു തുടർപ്രക്രിയയാണെന്ന് ഒരിക്കൽക്കൂടി സൂചിപ്പിക്കുന്നു. നിങ്ങളെ “നയിക്കുന്നത്” പരിശുദ്ധാത്മാവാണ്. ഈ വഴിനടത്തൽ ഈ ജീവിതത്തിലുടനീളവും നിത്യതയിലും തുടരും.

നമ്മുടെ കർത്താവിന്റെ ഈ പ്രബോധനം ഒരു ചോദ്യമുയർത്തുന്നു: നിങ്ങൾ ഈ പ്രക്രിയ ആരംഭിച്ചിട്ടുണ്ടോ? സത്യത്തിലേക്ക് നിങ്ങളെ നയിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിച്ചുതുടങ്ങിയിട്ടുണ്ടോ? ദൈവത്തിന്റെതന്നെ ശക്തിയാലും പ്രവർത്തനത്താലും മാത്രം സാധ്യമാകുന്ന വിധത്തിൽ, പുതിയതും ആഴമുള്ളതുമായ രീതിയിൽ നിങ്ങൾ ദൈവത്തെ അറിഞ്ഞ വ്യക്തമായ നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?

ഈ അടിസ്ഥാന ചോദ്യങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. പരിശുദ്ധാത്മാവായ ദൈവം നിങ്ങളോടു വ്യക്തമായി സംസാരിച്ചിട്ടുണ്ടെങ്കിൽ, ആ സത്യത്തിനു മുമ്പിൽ സ്വയം എളിമപ്പെടുക. നിങ്ങൾക്ക് അറിയാത്ത എല്ലാ കാര്യങ്ങളെക്കുറിച്ചും കൂടുതൽ ജ്ഞാനവും അറിവും ലഭിക്കാൻ പ്രാർഥിക്കുക. നിങ്ങളുടെ ഗ്രഹണശക്തിക്ക് അതീതമായി ഇനിയും എത്രയോ കാര്യങ്ങളുണ്ടെന്ന ആശയം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, എളിമയോടെ നമ്മുടെ കർത്താവിലേക്കു തിരിയുക. അവിടുന്ന് നിങ്ങളോടു പറയാനാഗ്രഹിക്കുന്ന എല്ലാറ്റിനുമായി നിങ്ങളുടെ മനസ്സ് തുറക്കാൻ തുടങ്ങണമേയെന്ന് അവിടുത്തോടു യാചിക്കുക. നമ്മുടെ ദൈവത്തിന്റെ അനന്തമായ തിരുമനസ്സ് നിങ്ങൾ കണ്ടെത്തുകയും ഹൃദയപൂർവം സ്വീകരിക്കുകയും ചെയ്യുന്നതിനായി കാത്തിരിക്കുന്നു. ഇന്ന് ഈ പ്രക്രിയ ആരംഭിക്കുകയും എല്ലാ സത്യത്തിലേക്കും നിങ്ങളെ നയിക്കാൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുക.

എല്ലാ സത്യത്തിന്റെയും ദൈവമേ, അങ്ങും അങ്ങയുടെ ജ്ഞാനവും സ്നേഹവും മഹിമാപൂർണമായ എല്ലാ ഗുണങ്ങളും സ്വഭാവത്താൽ അനന്തവും എനിക്ക് പൂർണമായി ഗ്രഹിക്കാനാവാത്തവയുമാണ്. പ്രിയ കർത്താവേ, ഈ വിശുദ്ധ സത്യങ്ങൾക്കു മുമ്പിൽ ഞാൻ എന്നെത്തന്നെ താഴ്ത്തുമ്പോൾ, അങ്ങയുടെ കൃപയാൽ എന്റെ മനസ്സ് അങ്ങേക്കു കൂടുതൽ പൂർണമായി തുറക്കാൻ കഴിയേണ്ടതിന് സത്യത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനെ എനിക്കു നൽകണമേ. ആഴത്തിലുള്ള കണ്ടെത്തലിന്റെ ഈ പ്രക്രിയ വലിയ ആനന്ദം പകരുന്നതാകട്ടെ; എനിക്കത് നിത്യതയിലേക്കും തുടരുന്ന ഒരു പ്രക്രിയയായി മാറട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ മുഖ്യചിത്രം: Pixabay-യിൽ നിന്നുള്ള ഗെർഡ് ആൾട്ട്മാന്റെ സൃഷ്ടി

Advertisement