മലയാളം

കോപത്തിന്റെ ഭാരം

ജൂൺ 13, 2024

പുരോഹിതനും വേദപാരംഗതനുമായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ ഓർമ്മത്തിരുനാൾ

ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ പത്താം ആഴ്ചയിലെ വ്യാഴാഴ്ചത്തെ വായനകൾ

വീഡിയോ

“നിങ്ങളുടെ പൂർവികരോട് ഇപ്രകാരം പറഞ്ഞിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ: നീ കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് വിധേയനാകും. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: തന്റെ സഹോദരനോടു കോപിക്കുന്നവൻ ന്യായവിധിക്ക് വിധേയനാകും. സഹോദരനെ റാക്കാ എന്നു വിളിക്കുന്നവൻ സൻഹെദ്രിനു മുമ്പിൽ ഉത്തരം പറയേണ്ടിവരും. ‘ഭോഷാ’ എന്നു വിളിക്കുന്നവൻ അഗ്നിനരകത്തിനു വിധേയനാകും.” മത്തായി 5:21–22

മുകളിൽ ഉദ്ധരിച്ച വചനഭാഗം, മറ്റൊരാൾക്കെതിരെ നാം ചെയ്യുന്ന പാപത്തിന്റെ, ഗൗരവം വർധിച്ചുവരുന്ന മൂന്ന് തലങ്ങൾ നമുക്കു കാണിച്ചുതരുന്നു. ഈ പാപങ്ങളെക്കുറിച്ചുള്ള പ്രബോധനങ്ങൾ പഴയനിയമത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത പുതിയ പ്രബോധനങ്ങളായിരുന്നു. ഈ പ്രബോധനത്തിലൂടെ, സമൂലമായ വിശുദ്ധിയിലേക്കും അയൽക്കാരനോടുള്ള സ്നേഹത്തിലേക്കുമുള്ള യേശുവിന്റെ വിളി വളരെ വ്യക്തമാകുന്നു.

പാപത്തിന്റെ ആദ്യത്തെ തലം ഉള്ളിൽ “കോപിക്കുക” എന്നതാണ്. മറ്റൊരാളോടുള്ള വെറുപ്പിന്റെ ആന്തരിക മനോഭാവമാണ് കോപമെന്ന പാപം. മറ്റൊരാളോടു കോപിക്കുന്നതിന്റെ ഫലമായി നിങ്ങൾ “ന്യായവിധിക്ക് വിധേയരാകും” എന്ന് യേശു പറയുന്നു. മറ്റൊരാളെ “റാക്കാ” എന്നു വിളിക്കുമ്പോഴാണ് പാപത്തിന്റെ രണ്ടാമത്തെ തലത്തിലെത്തുന്നത്. ഈ അരമായ വാക്ക് പരിഭാഷപ്പെടുത്തുക പ്രയാസമാണ്. എന്നാൽ മറ്റൊരാളോടുള്ള കോപം ഏതെങ്കിലും വിധത്തിൽ പ്രകടിപ്പിക്കുന്നത് അതിൽ ഉൾപ്പെടും. മറ്റൊരാൾ ബുദ്ധിയില്ലാത്തവനോ താണവനോ ആണെന്ന് അവഹേളനത്തോടെ പറയുന്ന രീതിയാണത്. യേശു ചൂണ്ടിക്കാണിക്കുന്ന പാപത്തിന്റെ മൂന്നാമത്തെ തലം മറ്റൊരാളെ “ഭോഷൻ” എന്നു വിളിക്കുന്നതാണ്. ഈ വാക്ക് റാക്കാ എന്നതിനെക്കാൾ ശക്തമായ പ്രയോഗമാണ്. ആ വ്യക്തി ധാർമ്മികമായ അർഥത്തിൽ വഴിതെറ്റിപ്പോയ ഒരു ആത്മാവാണെന്നു സൂചിപ്പിക്കുന്ന വാക്കുകളിലൂടെയുള്ള വിമർശനമാണത്. മറ്റൊരാളെ ധാർമ്മികമായി ശക്തമായി കുറ്റം വിധിക്കുന്ന ഒരു പ്രയോഗമാണിത്.

അപ്പോൾ, നിങ്ങൾ കോപത്തോട് പോരാടുന്നുണ്ടോ? ഈ പാപത്തിന്റെ എല്ലാ തലങ്ങളിൽനിന്നുമുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള യേശുവിന്റെ വിളി ഉന്നതമായ ഒന്നാണ്. ജീവിതത്തിൽ പലപ്പോഴും ഏതെങ്കിലും കാരണത്താൽ നമ്മുടെ കോപവികാരം ഇളകിയുയരുകയും ആ വികാരം പാപത്തിന്റെ ഈ തലങ്ങളിലൊന്നിലേക്കു നയിക്കുകയും ചെയ്യുന്നു. നമുക്കു കോപമുള്ള ഒരാളെ സാധ്യമായ ഏറ്റവും കടുത്ത രീതിയിൽ കുറ്റം വിധിക്കാൻ ആഗ്രഹിക്കുന്നത് ഒരു സാധാരണ പ്രലോഭനമാണ്.

യേശുവിന്റെ ഈ പുതിയ പ്രബോധനം മനസ്സിലാക്കി സ്വീകരിക്കുമ്പോൾ, അത് യഥാർഥത്തിൽ ഒരു ഭാരമല്ലെന്നു തിരിച്ചറിയേണ്ടത് പ്രധാനമാണ്. കോപത്തിനെതിരായ നമ്മുടെ കർത്താവിന്റെ ഈ നിയമങ്ങൾ നിഷേധാത്മകമാണെന്ന് ആദ്യം തോന്നിയേക്കാം. കാരണം, മറ്റൊരാളുടെ നേരെ പൊട്ടിത്തെറിക്കുന്നത് വ്യാജമായ ഒരു സംതൃപ്തി നൽകുന്നു; നമ്മുടെ കർത്താവിന്റെ ഈ കല്പനകൾ ഒരർഥത്തിൽ ആ സംതൃപ്തി നമ്മിൽനിന്ന് “കവർന്നെടുക്കുന്നു.” ക്രമരഹിതമായ കോപം അപ്രത്യക്ഷമാകുന്നതുവരെ ക്ഷമിക്കാനുള്ള ധാർമ്മിക കടമയെക്കുറിച്ചു ചിന്തിക്കുന്നത് മനസ്സിനെ തളർത്തിയേക്കാം. എന്നാൽ അത് മനസ്സിനെ തളർത്തുന്ന ഒന്നാണോ? നമ്മുടെ കർത്താവിന്റെ ഈ നിയമം ഒരു ഭാരമാണോ?

ഈ വചനഭാഗത്തിൽ യേശു നമ്മെ പഠിപ്പിക്കുന്നത് പലവിധത്തിലും മറ്റുള്ളവരുടെ നന്മയെക്കാൾ നമ്മുടെതന്നെ നന്മയ്ക്കുവേണ്ടിയാണ് എന്നതാണ് ആഴമേറിയ സത്യം. മറ്റൊരാളോടുള്ള നമ്മുടെ കോപം ഉള്ളിലൊതുങ്ങുന്നതോ വാക്കുകളിലൂടെയുള്ള വിമർശനമോ പൂർണമായ കുറ്റവിധിയോ ആയിക്കൊള്ളട്ടെ, നമുക്കു കോപമുള്ള ആ വ്യക്തിയെ അതു വേദനിപ്പിച്ചേക്കാം. എന്നാൽ കോപത്തിന്റെ ഈ രൂപങ്ങൾ അവരെക്കാൾ വളരെ കൂടുതൽ ദോഷം ചെയ്യുന്നത് നമുക്കുതന്നെയാണ്. നാം പുറമേ സന്തോഷഭാവം പ്രകടിപ്പിച്ചാലും, ഉള്ളിൽ മാത്രമാണെങ്കിൽപ്പോലും കോപം വച്ചുപുലർത്തുന്നത് നമ്മുടെ ആത്മാവിനും ദൈവത്തോട് ഐക്യപ്പെടാനുള്ള നമ്മുടെ കഴിവിനും വലിയ ദോഷം ചെയ്യുന്നു. അതുകൊണ്ട്, കോപത്തെക്കുറിച്ചുള്ള നമ്മുടെ കർത്താവിന്റെ ഈ പുതിയ നിയമമല്ല ഭാരം; കോപംതന്നെയാണ് കനത്ത ഭാരം. ആ ഭാരത്തിൽനിന്ന് നിങ്ങൾ സ്വതന്ത്രരാകണമെന്നാണ് യേശു ആഗ്രഹിക്കുന്നത്.

ഇന്ന് കോപമെന്ന പാപത്തെക്കുറിച്ചു ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾക്കു കോപമുള്ള വ്യക്തിയെയല്ല, നിങ്ങളുടെ ക്രമരഹിതമായ കോപത്തെയാണ് യഥാർഥ ശത്രുവായി കാണാൻ ശ്രമിക്കേണ്ടത്. ആത്മാവിന്റെ ഈ ശത്രുവിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കണമെന്നു നമ്മുടെ കർത്താവിനോടു പ്രാർഥിക്കുക. അവിടുന്ന് നൽകാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം തേടുക.

എന്റെ കരുണാമയനായ കർത്താവേ, ഞങ്ങളെ ഭാരപ്പെടുത്തുന്ന സകലതിൽനിന്നും പൂർണ്ണസ്വാതന്ത്ര്യത്തിലേക്ക് അങ്ങ് ഞങ്ങളെ വിളിക്കുന്നു. കോപം ഞങ്ങളെ ഭാരപ്പെടുത്തുന്നു. എന്റെ കോപം എന്റെമേൽ ചുമത്തുന്ന ഭാരം തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. ക്ഷമിച്ചും അനുരഞ്ജനപ്പെട്ടും യഥാർത്ഥ സ്വാതന്ത്ര്യം തേടാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ക്ഷമിക്കുന്നതുപോലെ, എന്നോടും ക്ഷമിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – പുരോഹിതനും വേദപാരംഗതനുമായ പാദുവായിലെ വിശുദ്ധ അന്തോണീസ്—ഓർമ്മത്തിരുനാൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: ഗിരിപ്രഭാഷണം, രചന: ഫ്രാ ആഞ്ചലിക്കോ, കടപ്പാട്: വിക്കിമീഡിയ കോമൺസ്